ഒരാളുടെ മനസ്സിലേക്ക് അയാളിഷ്ടപ്പെടാതെയും അയാള്‍ക്ക് സ്വയം തടയാന്‍ കഴിയാതെയും നുഴഞ്ഞുകയറുന്നതോ പേടിപ്പെടുത്തുന്നതോ വെറുപ്പുളവാക്കുന്നതോ ആയ ചിന്തകളെയാണ് ഒബ്സഷന്‍സ് എന്നു പറയുന്നത്. ശരീരത്തില്‍ ചെളി, പൊടി, രോഗാണുക്കള്‍ ഉണ്ടോ എന്ന അമിതമായ പേടി, പ്രിയപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന ഭയം എന്നിവ സാധാരണയായി കാണപ്പെടുന്ന ഒബ്സഷന്‍സ് ആണ്. ഇതിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് രോഗിക്ക് ബോധമുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് രോഗിക്ക് പറയാന്‍ കഴിയുകയില്ല.
ഇത്തരത്തിലുള്ള ഒബ്സഷന്‍സ് ഉണ്ടാകുമ്പോള്‍ അതില്‍നിന്നുള്ള ഉത്കണ്ഠ ഒഴിവാക്കാനായി രോഗി ചെയ്യുന്ന പ്രവര്‍ത്തികളാണ് 'കംപല്‍ഷന്‍സ്' എന്നു പറയുന്നത്. ശരീരം വൃത്തിയായില്ലെന്നു തോന്നുന്ന ആള് വീണ്ടും വീണ്ടും കുളിക്കുന്നത്, ഗ്യാസ് അടച്ചോ എന്നു സംശയമുള്ളയാള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്നത് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അമിതമായ ശുചിത്വം, അമിത പരിശോധന, താന്‍ ആരെയെങ്കിലും ഉപദ്രവിച്ചുപോകുമോ എന്ന ഭയം, ആവര്‍ത്തിച്ചുള്ള എണ്ണല്‍, സാധനങ്ങള്‍ സംഭരിച്ചു വെക്കല്‍, കുറ്റബോധം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ലോക ജനസംഖ്യയില്‍ 2 മുതല്‍ 3 ശതമാനം വരെ ആളുകള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തും കൗമാരദശയിലുമാണ് അസുഖത്തിന്റെ ആരംഭം. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അസുഖം നേരത്തെ ആരംഭിക്കുന്നു. ക്ലോമിപ്രമിന്‍ (Clomipramin), എസ്.എസ്.ആര്.ഐ.എസ്. (SSRIS) എന്നീ ഔഷധങ്ങള്‍ കൂടാതെ ബിഹേവിയര്‍ തെറാപ്പിയും ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമാണ്. രോഗിയുടെ ചിന്തകള്‍, അനുഷ്ഠാന ക്രമങ്ങള്‍ അവയ്ക്ക് വേണ്ടിവരുന്ന സമയം, എത്ര പ്രാവശ്യം ചെയ്യേണ്ടിവരുന്നു എന്നിവ രോഗി കൃത്യമായി വിവരിച്ചെങ്കില്‍ മാത്രമേ ഡോക്ടര്‍ക്ക് സഹായിക്കാനാകൂ.