ഈ രോഗത്തിന്റെ പ്രധാന ലക്ഷണം നിസ്സാരപ്രശ്നങ്ങള്‍ക്കുപോലും ഉണ്ടാകുന്ന വല്ലാത്ത ഉത്കണ്ഠയും എപ്പോഴും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയുമാണ്. മുന്‍പു പറഞ്ഞ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് പുറമെ തളര്‍ച്ച, പെട്ടെന്ന് ദേഷ്യം, വയറിളക്കം, ഉറക്കക്കുറവ്, വലിഞ്ഞുമുറുകിയ മാംസപേശികള്‍, തുറിച്ച കണ്ണുകള്‍, അസ്വസ്ഥതയോടെയുള്ള നടത്തം, ഇരിപ്പുറക്കായ്ക എന്നിവയും ഇവര്‍ക്കുണ്ടാകാം.
നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്ത് ഇവര്‍ വേവലാതിപ്പെടും. നല്ലവണ്ണം പഠിച്ചാല്‍പോലും പരീക്ഷയ്ക്ക് ജയിക്കുമോ എന്ന പേടി, ഒരു യാത്ര പുറപ്പെട്ടാല്‍ ബസ്സ് കിട്ടുമോ എന്ന ആവലാതി എന്നിങ്ങനെ നൂറുകൂട്ടം ആശങ്കകള്‍ ഇവരെ മഥിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇത്തരം രോഗി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഏതു പ്രായത്തിലും ഈ അസുഖം ആരംഭിക്കാം. ഉത്കണ്ഠയോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം പലപ്പോഴും മറ്റു മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളെയാണ് ഇവര്‍ ആദ്യം കാണുക. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം അധികമായി രോഗിക്ക് നിത്യജീവിതം പോലും പ്രയാസമായിത്തീരും.