ചാതുര്‍വര്‍ണ്യം
കന്നുകാലികളെ മേച്ചും കായ്കനികള്‍ ഭക്ഷിച്ചും നാടോടികളായി അലഞ്ഞുതിരിഞ്ഞിരുന്ന ആര്യന്മാര്‍ ഇന്ത്യയിലെത്തിയപ്പോള്‍ സ്ഥിരതാമസമാക്കിയ, സ്വന്തമായി കൃഷിരീതികള്‍ വികസിപ്പിച്ചെടുത്ത ദ്രാവിഡജനതയെയാണ് അഭിമുഖീകരിച്ചത്. വളരെ പെട്ടെന്നു തന്നെ അവര്‍ ഈ കാര്‍ഷിക സംസ്‌കാരത്തോട് ഇണങ്ങിച്ചേരുകയും അത് ശാസ്ത്രീയമാക്കുകയും ചെയ്തു.

ആര്യന്മാരെ സംബന്ധിച്ചിടത്തോളം കൃഷി അത്യന്തം സര്‍ഗാത്മകമായ ഒരു കര്‍ത്തവ്യമായിത്തീര്‍ന്നു. വിത്ത് വിതയ്ക്കുന്നതിനു മുന്‍പും വിളവെടുപ്പിനു ശേഷവും ദേവതകളെ പ്രീതിപ്പെടുത്താനായി വിവിധ പൂജാവിധികളും വ്രതങ്ങളും യാഗങ്ങളുമൊക്കെ സാധാരണമായിരുന്നു. പ്രകൃതികോപങ്ങളില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും കൃഷിയേയും മനുഷ്യരേയും രക്ഷിക്കാനായി നിരന്തരമായി പൂജാവിധികളില്‍ ഏര്‍പ്പെടേണ്ടതുണ്ടായിരുന്നു. കാലക്രമേണ ഈ ആവശ്യങ്ങള്‍ക്കായി ഒരു പ്രത്യേകവിഭാഗത്തെത്തന്നെ ചുമതലപ്പെടുത്തി. ബ്രാഹ്മണര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
കൃഷിയും കന്നുകാലികളുമായിരുന്നു അന്നത്തെ സമ്പത്തിന്റെ അടിസ്ഥാനം. ഈ സമ്പത്തിന് കാവലാകുവാനും ശത്രുക്കളില്‍നിന്ന് ജീവന്‍ രക്ഷിക്കാനും സദാസമയവും ജാഗരൂകരായി ആയുധവുമായി തയ്യാറെടുത്തുനില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. കായികശേഷിയുള്ള ഒരു വിഭാഗത്തെ ഇതിനായി മാറ്റിനിര്‍ത്തി. ക്ഷത്രിയരെന്ന് ഈ വിഭാഗം അറിയപ്പെടാന്‍ തുടങ്ങി. കൃഷിചെയ്യാനും കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനുമായി വൈശ്യര്‍ എന്ന ഈ വിഭാഗത്തിന് രൂപം നല്‍കി. ഈ മൂന്നു വിഭാഗങ്ങള്‍ക്കും വേണ്ട ദാസ്യപ്പണിചെയ്യാന്‍ ശൂദ്രര്‍ എന്ന ഒരു വിഭാഗം സൃഷ്ടിക്കപ്പെട്ടു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഈ നാലുജാതിസമ്പ്രദായത്തെ ചാതുര്‍വര്‍ണ്യം എന്നു വിളിക്കാന്‍ തുടങ്ങി.

തയ്യാറാക്കിയത് സുരേന്ദ്രന്‍ ചീക്കിലോട്