കുന്നിന്‍ ചരിവുകളുടെ രാജ്ഞി!
ഇത്തവണ നമ്മുടെ യാത്ര മഹാബലേശ്വര്‍ എന്ന മനോഹരമായ സ്ഥലത്തേക്കാണ്. മഹാരാഷ്ട്രയിലെ 'സതാര' (satara) ജില്ലയിലാണ് 'കുന്നിന്‍ ചരിവുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന മഹാബലേശ്വര്‍. മുംബൈയില്‍ നിന്നും 252 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഹാബലേശ്വറിലെത്താം. പുണെയുടെ തെക്കുപടിഞ്ഞാറായി 120 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ട്രെയിന്‍ വഴിയും ബസ് വഴിയും ഇവിടെയെത്താം.

മഹാ, ബല, ഈശ്വര്‍ എന്നീ മൂന്നു സംസ്‌കൃത വാക്കുകള്‍ ചേര്‍ന്നാണ് മഹാബലേശ്വര്‍ എന്ന പേരുണ്ടായത്. ബോട്ടിങ്ങിനും കുതിരസവാരിക്കും പേരു
കേട്ട നാടുകൂടിയാണിത്. കവിതകളിലും മറ്റും കേട്ടിട്ടുള്ള 'ബുള്‍ ബുള്‍' പക്ഷികള്‍ ഇവിടുത്തെ കാടുകളില്‍ ധാരാളമായുണ്ട്!

സ്‌ട്രോബറിയുടെയും മള്‍ബറിയുടെയും കൃഷിയിടങ്ങളിലൂടെ നമുക്ക് യാത്ര തുടങ്ങാം. മഹാബലേശ്വറിലെ പ്രധാന മാര്‍ക്കറ്റില്‍നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ആര്‍തേഴ്‌സ് പോയിന്റിലാണ് നമ്മളിപ്പോള്‍. ഇവിടെ നിന്നാല്‍ ഡക്കാണ്‍, കൊങ്കണ്‍ എന്നീ പ്രദേശങ്ങള്‍ കാണാം
.
ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കുന്നാണ് കെയ്റ്റ്‌സ് പോയിന്റ്. അന്‍പത് മീറ്റര്‍ ഉയരത്തിലുള്ള ഒരു വലിയ കല്ലാണിത്. ഒരു ആനയുടെ തലപോലിരിക്കും ദൂരെ നിന്ന് കണ്ടാല്‍! കൃഷ്ണ വാലിയും ധോം ഡാമും ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

ഇനി ലോഡ്‌വിക് പോയിന്റിലേക്ക് പോകാം. മഹാബലേശ്വറില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഇത്. സിഡ്‌നി പോയിന്റ് എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. ഈ കുന്ന് ആദ്യം കയറിയ ബ്രിട്ടീഷ് ഓഫീസറായ ജനറല്‍ ലോഡ്‌വികിന്റെ ഓര്‍മയ്ക്കായാണ് ലോഡ്‌വിക് പോയിന്റ് എന്ന പേര് നല്‍കിയത്.
മഹാബലേശ്വറിലെ നീലത്താഴ്‌വരയാണ് ഹെലന്‍സ് പോയിന്റ്. ഇതിലൂടെ ഒഴുകുന്ന സോള്‍ഷി പുഴയിലെ വെള്ളച്ചാട്ടം കാണേണ്ടതുതന്നെ! ഇനി വില്‍സണ്‍ പോയിന്റ്, മുംബൈ പോയിന്റ്, ബാബിങ്ടണ്‍ പോയിന്റ് തുടങ്ങിയവ കണ്ടശേഷം കോന്നാട്ട് പീക്കിലേക്ക്.

മഹാബലേശ്വറിലെ പ്രധാന മാര്‍ക്കറ്റില്‍നിന്നും 7 കിലോമീറ്റര്‍ പോകണം ഇവിടേക്ക്. മനോഹരമായ സൂര്യോദയവും അസ്തമയവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.ഇനി വെണ്ണത്തടാകത്തിലൊരു ബോട്ടു യാത്രയ്ക്ക് പോയാലോ? ബോട്ടുയാത്ര മാത്രമല്ല, മീന്‍പിടിത്തത്തിനും സൗകര്യമുണ്ടിവിടെ. ഇവിടുത്തെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളാണ് ചിന്നമണ്‍, ലിംഗമല, ധോബി എന്നിവ. സഹ്യാദ്രിയിലെ അഞ്ച് കുന്നുകള്‍ ചേര്‍ന്ന പാഞ്ച്ഗനിയാണ് മറ്റൊരു കാഴ്ച. കൃഷ്ണ നദി ഒഴുകുന്നതിതിലൂടെയാണ്. കഴിഞ്ഞില്ല, പ്രധാന കാഴ്ചയായ മഹാബലേശ്വര്‍ ക്ഷേത്രംകൂടി സന്ദര്‍ശിച്ചേ നമുക്ക് മടങ്ങാനാവൂ.

സ്‌നേഹത്തോടെ പിക്കും നിക്കും