വെള്ളം കൊണ്ടൊരു വജ്രായുധം!

പകല്‍ കഴിഞ്ഞ് രാത്രിയാവാന്‍ തുടങ്ങുന്ന സമയമാണല്ലോ സന്ധ്യ. സന്ധ്യയാവുമ്പോഴേക്കും സൂര്യഭഗവാന്‍ ആകെ അസ്വസ്ഥനാകും. പകല്‍ മുഴുവന്‍ അദ്ദേഹം മുഖത്തണിഞ്ഞിരുന്ന പുഞ്ചിരി മങ്ങിപ്പോകും. കാരണമെന്തെന്നോ? സന്ധ്യാകാലത്താണ് മന്ദേഹന്മാര്‍ എന്നു പേരുള്ള ഉഗ്രമൂര്‍ത്തികളായ രാക്ഷസന്മാര്‍ സൂര്യനെ പിടിച്ചു വിഴുങ്ങാന്‍ വരുന്നത്!
ഇങ്ങനെ മന്ദേഹന്മാരുടെ വരവുമൂലം ആകെ കുഴപ്പത്തിലായ സൂര്യനെ ബ്രഹ്മാവ് രക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മന്ദേഹന്മാരെ ശപിച്ചു: ''എന്നും സന്ധ്യയ്ക്ക് സൂര്യദേവനുമായി നടക്കുന്ന യുദ്ധത്തില്‍ നിങ്ങള്‍ മരിച്ചുവീഴട്ടെ. ശ്രേഷ്ഠന്മാരായ ബ്രാഹ്മണര്‍ സന്ധ്യയ്ക്ക് ഓംകാരത്തോടുകൂടി ഗായത്രീമന്ത്രം ജപിക്കുമ്പോള്‍ മേല്‍പ്പോട്ടെറിയുന്ന വെള്ളം വജ്രായുധമായിത്തീര്‍ന്ന് നിങ്ങളെ നിഗ്രഹിക്കട്ടെ.''

അതോടെ എന്തുണ്ടായെന്നോ? ലോകത്തെമ്പാടുമുള്ള ബ്രാഹ്മണര്‍ സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ മന്ദേഹന്മാര്‍ ഓടിയൊളിക്കാന്‍ തുടങ്ങി. കാരണം, അവര്‍ സൂര്യനെ നോക്കി ജപിച്ചെറിയുന്ന ജലം വജ്രായുധത്തിന്റെ രൂപം പൂണ്ട് മന്ദേഹന്മാരുടെ കഴുത്ത് കണ്ടിക്കാന്‍ വേണ്ടി ആകാശത്തേക്ക് ചീറിച്ചെല്ലും! അങ്ങനെ മന്ദേഹന്മാര്‍ ഭസ്മമാവുകയും ചെയ്യും. പിറ്റേന്ന് രാവിലെ വീണ്ടും ജീവന്‍ തിരിച്ചുകിട്ടുന്ന മന്ദേഹന്മാര്‍ അന്നു സന്ധ്യയ്ക്കും ഇങ്ങനെ ഭസ്മമായിത്തീരും!
ഇങ്ങനെ, സൂര്യഭഗവാനെ സന്ധ്യകള്‍തോറും മന്ദേഹന്മാരുടെ പിടിയില്‍നിന്നും രക്ഷിക്കുന്ന ആ ദിവ്യായുധമാണ് ദൈനംദിന വജ്രായുധം എന്ന് അറിയപ്പെടുന്നത്.
NEXT