മതവും വിശ്വാസങ്ങളും


പ്രകൃതിപ്രതിഭാസങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ട ആര്യന്മാര്‍ ഭയത്തില്‍നിന്ന് മോചനം നേടാനായി പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി. ഇടി, മിന്നല്‍, അഗ്‌നി, ഭൂമി, ആകാശം എന്നിവയെയൊക്കെ പ്രതീകവത്കരിച്ചുകൊണ്ട് ഓരോരോ ദേവന്മാരെ ആരാധിക്കാന്‍ തുടങ്ങി. ഇന്ദ്രന്‍, രുദ്രന്‍, വായു, വരുണന്‍, ഉഷസ്, അശ്വനിദേവന്മാര്‍ എന്നിവര്‍ ഇത്തരത്തില്‍പ്പെട്ട ആരാധനാമൂര്‍ത്തികളായിരുന്നു. അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും അധിഷ്ഠിതമായിരുന്നു ആര്യന്മാരുടെ മതം. മന്ത്രോച്ചാരണങ്ങള്‍, പൂജാകര്‍മങ്ങള്‍, യാഗങ്ങള്‍, യജ്ഞങ്ങള്‍, ഹോമങ്ങള്‍, മുതലായവയ്ക്ക് മതാനുഷ്ഠാനങ്ങളില്‍ പ്രധാന പങ്ക് ഉണ്ടായിരുന്നു. യാഗഹോമാദികളെക്കുറിച്ചുള്ള വിവരണങ്ങള്‍ വേദങ്ങളില്‍ ധാരാളമായി കാണാം.
ഗ്വേദകാലഘട്ടത്തിനുശേഷമുള്ള ആര്യന്മാരുടെ മതാനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കാര്യമായ മാറ്റം കാണപ്പെടുന്നുണ്ട്. പൂജാദി കര്‍മങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്നു. മൃഗബലി സര്‍വസാധാരണമായി. മതാനുഷ്ഠാനമെന്ന നിലയില്‍ സന്ന്യാസത്തിന് പ്രാധാന്യം കൈവന്നു. 'വര്‍ണാശ്രമധര്‍മ'മനുസരിച്ച് മനുഷ്യജീവിതം ക്രമപ്പെടുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജീവിതത്തെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടു. പ്രകൃതിദൈവങ്ങള്‍ക്കു പുറമെ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, വിഷ്ണു, ശിവന്‍ തുടങ്ങിയ ദേവന്മാര്‍ ആരാധനാപാത്രങ്ങളായിമാറി.

തയ്യാറാക്കിയത് സുരേന്ദ്രന്‍ ചീക്കിലോട്‌