കാര്‍ഷിക ജനത
കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു ആര്യന്മാരുടെ മുഖ്യതൊഴില്‍. ഗോതമ്പും യവവുമായിരുന്നു പ്രധാന കൃഷി. പശു, കാള, ആട്, കുതിര, നായ മുതലായ മൃഗങ്ങളെ പരിപാലിച്ചിരുന്നു. കിണറുകളും കുളങ്ങളും കുഴിച്ച് ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുതിരകളെയും കാളകളെയും ഉപയോഗിച്ച് ഉഴുതുമറിച്ച മണ്ണിലായിരുന്നു കൃഷിയിറക്കിയിരുന്നത്. നെയ്ത്ത്, ചിത്രത്തയ്യല്, കൊത്തുപണി, വാസ്തുവിദ്യ, ശില്പകല എന്നിവയില്‍ അവര്‍ പ്രാവീണ്യം നേടിയിരുന്നു.
കന്നുകാലികളെയായിരുന്നു സമ്പത്തിന്റെ അളവുകോലായി കണക്കാക്കിയിരുന്നത്. പശുക്കള്‍ മോഷ്ടിക്കപ്പെടുന്നതാണ് വേദകാലത്ത് യുദ്ധങ്ങള്‍ക്ക് കാരണമായിത്തീര്ന്നിരുന്നത്. ശത്രുഗോത്രങ്ങളുടെ വൈക്കോല്‍ കൂനയ്ക്ക് തീയിടല്‍ അങ്ങനെ ഒരു യുദ്ധതന്ത്രമായിരുന്നു. കമ്പിളിയും പരുത്തിയും കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ചൂതുകളി, തേരോട്ടം, നൃത്തം, കുതിരപ്പന്തയം, നായാട്ട് തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യവിനോദങ്ങള്‍. സംഗീതപ്രിയരായിരുന്നു ആര്യന്മാര്. വീണ, ഓടക്കുഴല്‍ തുടങ്ങിയ പല സംഗിതോപകരണങ്ങളും ഉപയോഗിച്ചിരുന്നു.
തയ്യാറാക്കിയത് സുരേന്ദ്രന് ചീക്കിലോട്