ആര്യാവര്‍ത്തത്തിലെ ജനജീവിതം
ഭാരതത്തെ പൊതുവെ ആര്യാവര്‍ത്തം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഈ രാജ്യം മുഴുവന്‍ ഏതെങ്കിലും ഒരു രാജാവിന്റെ കീഴിലായിരുന്നില്ല. വ്യത്യസ്തമായ അനവധി ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിരിഞ്ഞുള്ള ഒരു ജീവിതമായിരുന്നു നിലവിലുണ്ടായിരുന്നത്. പരസ്പരം കലഹിച്ചും പൊതുശത്രുവിനെതിരെ ഒന്നിച്ചുമുള്ള ആര്യന്മാരുടെ ജീവിതത്തെപ്പറ്റി ഋഗ്വേദത്തില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. ഓരോ ഗോത്രത്തിനും ഓരോ രാജാവുണ്ടായിരുന്നു. ജനകീയ സദസ്സുകളായിരുന്നു രാജഭരണത്തെ നിയന്ത്രിച്ചിരുന്നത്. കുടുംബമായിരുന്നു ഏറ്റവും താഴെത്തട്ടിലുള്ള ഘടകം. അനേകം കുടുംബങ്ങള്‍ ചേര്‍ന്ന് ഗ്രാമവും ഗ്രാമങ്ങള്‍ ചേര്‍ന്ന് വിശവും വിശങ്ങള്‍ ചേര്‍ന്ന് ജനവും ജനങ്ങള്‍ ചേര്‍ന്ന് രാജ്യവും എന്നതായിരുന്നു അക്കാലത്തെ രാഷ്ട്രീയ ഘടന. ഓരോ വിഭാഗത്തിന്റെയും അധികാര പരിധിയില്‍ വരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് അതത് ഘടകത്തിലെ ജനകീയസഭകളായിരുന്നു. ജനപ്രതിനിധികളുമായി കൂടിയാലോചിച്ചായിരുന്നു രാജാവ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. നികുതി പിരിക്കുക, നീതിന്യായം നടപ്പാക്കുക, ശത്രുക്കളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നിവയായിരുന്നു രാജാവിന്റെ മുഖ്യ ചുമതലകള്‍. പുരോഹിതന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ഭരണത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. രാജാക്കന്മാരുടെ ഉപദേഷ്ടാക്കളായ നിരവധി രാജഗുരുക്കന്മാരെപ്പറ്റി വേദങ്ങളില്‍ പരാമര്‍ശമുണ്ട്.

തയ്യാറാക്കിയത് സുരേന്ദ്രന്‍ ചീക്കിലോട്‌