Home>Kids Health
FONT SIZE:AA

പ്രതിരോധകുത്തിവെപ്പുകള്‍ കൗമാരത്തില്‍

ചെറിയ പ്രായത്തില്‍ നല്‍കാവുന്ന പ്രതിരോധകുത്തിവെപ്പുകളേയുള്ളൂ എന്നാണ് സാധാരണ ജനങ്ങള്‍ കരുതുന്നത്. കൗമാരപ്രായക്കാലത്ത് എടുക്കേണ്ട പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ച് നാം പൊതുവെ അത്ര ബോധവാന്മാരല്ല.

പത്താം ക്ലാസിനുശേഷം, അല്ലെങ്കില്‍ പ്ലസ്ടുവിന് ശേഷം പഠനാവശ്യങ്ങള്‍ക്കായി വീടിനു പുറത്ത് താമസിക്കേണ്ടിവരുന്നത് ഇപ്പോള്‍ സാധാരണയാണ്. കേരളത്തിനു പുറത്ത് ഉപരിപഠനം നടത്തുന്ന കുട്ടികളും ധാരാളമുണ്ട്. പെട്ടെന്ന് വീട്ടില്‍നിന്നുള്ള ഭക്ഷണം മാറി, ഹോസ്റ്റലുകളില്‍നിന്നോ ഹോട്ടലുകളില്‍നിന്നോ പതിവായി ഭക്ഷണം കഴിക്കേണ്ടിവരുന്നു. പലപ്പോഴും ഇവ സുരക്ഷിതമല്ലാത്ത രീതിയില്‍ പാകം ചെയ്തതോ മാലിന്യങ്ങളോ രോഗാണുക്കളോ കലര്‍ന്നതാകാന്‍ സാധ്യത ഉള്ളതോ ആയിരിക്കാം. വയറിളക്കരോഗം, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇതു കാരണമാകാം.

ചില രോഗങ്ങളുടെ സ്വഭാവവും കാലക്രമത്തില്‍ മാറിവരുന്നതായി കണ്ടിട്ടുണ്ട്. അഞ്ചാംപനിയും ചിക്കന്‍പോക്‌സും മുമ്പ് ചെറിയ കുട്ടികളെയാണ് ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കൗമാരപ്രായക്കാരിലും ഈ അസുഖങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ചിക്കന്‍പോക്‌സ് കാരണം ഹോസ്റ്റലുകള്‍ അടച്ചിടുന്ന അവസ്ഥ ചിലപ്പോള്‍ ഉണ്ടാറാറുണ്ട്. അതുപോലെ വില്ലന്‍ചുമ പോലുള്ള അസുഖങ്ങളും ഇപ്പോള്‍ കൗമാരപ്രായക്കാരില്‍ കണ്ടുവരുന്നുണ്ട്.

ചിക്കന്‍പോക്‌സ്, മുണ്ടിനീര് തുടങ്ങിയ അസുഖങ്ങള്‍ മുതിര്‍ന്ന ആളുകളില്‍ വരുമ്പോള്‍ കൂടുതല്‍ കാഠിന്യമുള്ളതാകാനും പാര്‍ശ്വഫലങ്ങള്‍ ഉള്ളതാകാനും സാധ്യതയുണ്ട്.

ചിക്കന്‍പോക്‌സിനെതിരായുള്ള കുത്തിവെപ്പ് 13 വയസ്സിനു താഴെ ഒരു ഡോസും 13 വയസ്സിനു മുകളില്‍ രണ്ട് ഡോസും ആണ് നല്‍കേണ്ടത്. അതുപോലെ ടൈഫോയ്ഡിനെതിരായ കുത്തിവെപ്പ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കേണ്ടതുണ്ട്. 10 വയസ്സിലും 16 വയസ്സിലും ഒഠഡിഫ്ത്തീരിയ, ടെറ്റനസ്) കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്.

മുണ്ടിനീര്, അഞ്ചാംപനി (മീസില്‍സ്), റുബെല്ല (ജര്‍മന്‍ മീസില്‍സ്) എന്നീ അസുഖങ്ങള്‍ വരാതിരിക്കാനുള്ള കുത്തിവെപ്പാണ് എം.എം.ആര്‍. ഇത് ചെറിയ പ്രായത്തില്‍ എടുത്തില്ലെങ്കില്‍ കൗമാരപ്രായത്തില്‍ എടുക്കുന്നത്, ഈ രോഗങ്ങളെ തടയാന്‍ സഹായിക്കും.

റുബെല്ല (ജര്‍മന്‍ മീസില്‍സ്) എന്ന അസുഖത്തിന്റെ ലക്ഷണങ്ങള്‍ ചെറിയ തോതിലുള്ള പനി, ശരീരത്ത് തരിതരിപോലുള്ള പൊന്തലുകള്‍, കഴുത്തിന്റെ പിറകുവശത്ത് മുഴ എന്നിവയാണ്. ഇത് വലിയ കുഴപ്പമുണ്ടാക്കാതെ തനിയെ മാറുന്ന അസുഖമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഈ രോഗം ഉണ്ടായാല്‍ ജനിക്കുന്ന കുഞ്ഞിന് കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ഹൃദയരോഗങ്ങള്‍ , ബുദ്ധിമാന്ദ്യം എന്നിവയൊക്കെ ചേര്‍ന്ന കന്‍ജനിറ്റല്‍ റുബെല്ല സിന്‍ഡ്രോം എന്ന രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

രക്തത്തില്‍ക്കൂടിയും സുരക്ഷിതമല്ലാത്ത കുത്തിവെപ്പുകളില്‍ക്കൂടിയും ലൈംഗികബന്ധത്തില്‍ക്കൂടിയും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. ഇത് ലിവര്‍ കാന്‍സറിനു കാരണമാകാം. ഹെപ്പറ്റൈറ്റിസ്-ബിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ മുമ്പ് എടുത്തിട്ടില്ലെങ്കില്‍ കൗമാരപ്രായത്തില്‍ എടുക്കുന്നതാണ് നല്ലത്. അതുപോലെ സാധാരണ മഞ്ഞപ്പിത്തത്തിനെതിരായ കുത്തിവെപ്പ് (ഹെപ്പറ്റൈറ്റിസ് -എ വാക്‌സിന്‍) ഇപ്പോള്‍ ലഭ്യമാണ്. കേരളത്തിനു പുറത്ത്, അല്ലെങ്കില്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കൗമാരപ്രായക്കാര്‍ ഈ കുത്തിവെപ്പും എടുക്കുന്നത് മഞ്ഞപ്പിത്തം വരാതിരിക്കാന്‍ സഹായിക്കും.

ഡോ. ഗീത എം. ഗോവിന്ദരാജ്‌
Tags- Vaccination
Loading