
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ ടി.വി. കാണുന്നത് പൂര്‍ണമായും തടയണമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദേശിക്കുന്നു. രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് അനുവദനീയമായ സമയം ഒരു മണിക്കൂറാണ്.രണ്ടുവയസ്സുവരെ കുട്ടികളെ ടി.വി. കാണിക്കരുതെന്ന് പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. മസ്തിഷ്‌കത്തിന്റെ വികാസവുമായി ബന്ധപ്പെട്ട നിര്‍ണായക കാലഘട്ടമാണ് ഈ പ്രായം.
കളി, അന്വേഷിച്ച് കണ്ടെത്തല്‍, മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും അടുപ്പം സ്ഥാപിക്കല്‍ എന്നിവ കുട്ടികള്‍ ശീലിക്കേണ്ട പ്രായമാണിത്. ഇവയൊക്കെത്തന്നെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കളമൊരുക്കും.കുട്ടി വലുതാകുന്നതോടെ ടി.വി. അവന്റെ ദൈനംദിന പ്രവൃത്തികളുടെ നല്ലൊരുപങ്കും അപഹരിക്കുന്നു. വായന, പഠനം, കളി, കൂട്ടുകാരുമായുള്ള ചങ്ങാത്തം എന്നിവയ്ക്ക് സമയം തികയാതെ വരും. കൂടുതല്‍ സമയം ടി.വി. കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ വാര്‍ത്തകളും വിജ്ഞാനപരിപാടികളും ടി.വി.യില്‍ കാണുന്നത് ഗുണകരമാണ്. എന്നാല്‍, പലപ്പോഴും പരിപാടിയുടെ ഉള്ളടക്കവും സമയവും നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാറില്ല.
നാലുമണിക്കൂറിലേറെ ടി.വി.യുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. കുട്ടികള്‍ അക്രമസ്വഭാവം കാണിക്കുന്നതും ടി.വി.പരിപാടികളുടെ സ്വാധീനത്തിനാലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവ അനുകരിക്കാനുള്ള സാധ്യതയുമുണ്ട്. ടെലിവിഷന്‍ പരമ്പരകളിലെ കുറ്റകൃത്യ രംഗങ്ങളും സ്ത്രീവിരുദ്ധ ഉള്ളടക്കവും ആണ്‍കുട്ടികളെ വളരുന്ന ഘട്ടത്തില്‍ സ്വാധീനിക്കുമെന്ന് മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ട്ടൂണ്‍ ചാനലുകളിലെ ദ്രുത ചലനങ്ങള്‍ കണ്ണുകളെ ദോഷകരമായി ബാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
ടി.വി. അടിമത്തമുള്ള മാതാപിതാക്കള്‍ക്ക് കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. കുട്ടിയെ മറ്റൊരു മുറിയില്‍ പഠിക്കാനയച്ച് മറ്റുള്ളവര്‍ പരമ്പര കാണുന്നതില്‍ കാര്യമില്ല. മുതിര്‍ന്നവര്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുട്ടികള്‍ക്ക് കൃത്യമായ സമയം അനുവദിക്കുകയാണ് മറ്റൊരു മാര്‍ഗം. പഠിക്കാനും കളിക്കാനും സമയം നിശ്ചയിക്കുന്നതുപോലെ ടി.വി.കാണാനും സമയം നിശ്ചയിക്കണം. അധികസമയം ടി.വി. കാണുന്നതിന്റെ ദോഷം അവരെ ബോധ്യപ്പെടുത്തിവേണം ഇക്കാര്യം ചെയ്യാന്‍.