Home>Kids Health>Care
FONT SIZE:AA

ആവശ്യത്തിന് തൂക്കമുണ്ടോ

ഡോ.കെ.പി.ജയപ്രകാശ്‌

പ്രായത്തിനനുസരിച്ച് കുഞ്ഞിന് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം...

കുഞ്ഞിന്റെ കൈവളരുന്നോ കാല്‍വളരുന്നോ എന്ന് നോക്കിയിരിക്കാന്‍ അമ്മമാര്‍ക്കൊക്കെ എന്തൊരു സന്തോഷമാണ്. അവനാദ്യം പല്ല് മുളയ്ക്കുമ്പോള്‍, അവളാദ്യം പിച്ച വെക്കുമ്പോള്‍ അവര്‍ സ്വയം മറന്ന് ആഹ്ലാദിക്കും. പക്ഷേ, ഇതുമാത്രം പോര. കുഞ്ഞിന് പ്രായത്തിനനുസരിച്ച തൂക്കം, പൊക്കം, തലയുടെ വളര്‍ച്ച എന്നിവ ഉണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കണം. ആരോഗ്യവാനായ കുട്ടിയുടെ ലക്ഷണങ്ങളാണിവ.

പ്രായത്തിനനുസരിച്ച് കുഞ്ഞിന് തൂക്കം കൂടണം. ജനിക്കുമ്പോള്‍ ശരാശരി 2.800 കി.ഗ്രാം മുതല്‍ 3.500 കി.ഗ്രാം വരെയാണ് കുഞ്ഞിന്റെ തൂക്കം. ആദ്യ മൂന്ന് മാസത്തില്‍ തൂക്കത്തില്‍ 800-900 ഗ്രാമെങ്കിലും മാസംതോറും വര്‍ധിക്കണം. മൂന്നുമുതല്‍ ആറുമാസംവരെ 400-600 ഗ്രാം വരെ തൂക്കം കൂടണം.

ആറ്-ഒമ്പത് മാസത്തിലാവട്ടെ 300-450 ഗ്രാമും തുടര്‍ന്ന് ഒരു വയസ്സുവരെ 300 ഗ്രാമും കൂടണമെന്നാണ് കണക്ക്. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് പത്ത് കിലോയെങ്കിലും തൂക്കം വേണം. രണ്ട് വയസ്സില്‍ 12, മൂന്നില്‍ 14, നാലില്‍ 16 എന്നിങ്ങനെ അഞ്ചു വയസ്സാകുമ്പോഴേക്കും 18 കിലോയെങ്കിലും തൂക്കമെത്തണം. എന്നാല്‍ ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ തൂക്കം കുറവാകും. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണിയായിരിക്കുമ്പോള്‍ അസുഖമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തൂക്കം കുറയാം.

പ്രായത്തിനനുസരിച്ച് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം. പോഷകപ്രദമായ പച്ചക്കറി, പഴം, ധാന്യങ്ങള്‍ എന്നിവ നന്നായി കഴിപ്പിക്കണം. എന്തെങ്കിലും രോഗമുണ്ടോ എന്ന പരിശോധനയും പ്രധാനമാണ്.

പൊക്കത്തിലും കാര്യമുണ്ട്

തൂക്കമൊക്കെ കൃത്യമായി ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ഉയരം നോക്കാന്‍ പലരും മറന്നുപോകും. എന്നാല്‍ ഇതും വളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ്. ജനിക്കുമ്പോള്‍ 50 സെ.മീറ്റര്‍ ആവും കുഞ്ഞിന്റെ ഉയരം. അത് ഒരു വയസ്സാവുമ്പോഴേക്കും 75 സെന്റീമീറ്ററെങ്കിലും ആവണമെന്നാണ് കണക്ക്. രണ്ടു വയസ്സില്‍ 87 സെ.മീറ്ററും മൂന്ന് വയസ്സില്‍ 95 സെ.മീറ്ററും കുഞ്ഞിന് ഉയരമുണ്ടാവണം. നാല് വയസ്സെത്തുമ്പോള്‍ 101സെ.മീറ്റര്‍, അഞ്ചു വയസ്സാകുമ്പോള്‍ 107 സെ.മീറ്റര്‍ എന്നിങ്ങനെ കുഞ്ഞ് വളരുന്നു. രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കാലത്ത് വര്‍ഷംതോറും ആറു സെ.മീറ്ററെങ്കിലും ഉയരം കൂടണം. പൊക്കം പ്രായത്തിനനുസരിച്ചല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തലച്ചോറിന്റെ വളര്‍ച്ച ആദ്യ രണ്ടു വര്‍ഷമാണ് ഏറ്റവും വേഗത്തില്‍ നടക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ 33-35 സെ.മീറ്ററാണ് തലയുടെ വലിപ്പം. ആദ്യമൂന്നുമാസം കൊണ്ട് അത് 39 മുതല്‍ 41 സെ.മീറ്റര്‍ വരെ വര്‍ദ്ധിക്കണം. 9-14 മാസത്തില്‍ 45-47 സെ.മീറ്റര്‍ ആവും തലയുടെ വലിപ്പം.
Tags- Weight
Loading