Home>Kids Health>Care
FONT SIZE:AA

കുഞ്ഞുങ്ങള്‍ക്ക് പുതിയ വാക്‌സിനുകള്‍

ഡോ. കെ. സുധാകരന്‍, പ്രൊഫസര്‍, ശിശുരോഗ വിഭാഗം, മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍

സര്‍ക്കാര്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കിവരുന്ന പ്രതിരോധ കുത്തിവെപ്പ് വാക്‌സിനുകള്‍ക്കു പുറമെ നിരവധി പുതിയ വാക്‌സിനുകള്‍ ഇന്നുണ്ട്. സുരക്ഷിതവും ഫലപ്രദവും ആണെങ്കിലും താങ്ങാനാവാത്ത വില കാരണം ഈ വാക്‌സിനുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നു.

കുട്ടികള്‍ക്കുള്ള പുതിയ വാക്‌സിനുകളും അവയുടെ ഗുണങ്ങളും പരിശോധിക്കാം.

ഹിമോഫിലസ് ഇന്‍ഫ്ലവന്‍സ-ബി വാക്‌സിന്‍:
ഒരു വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ മാരകമായ രോഗങ്ങള്‍ക്ക് ഹിമോഫിലസ് ഇന്‍ഫ്ലവന്‍സ ബാക്ടീരിയ കാരണമാകാറുണ്ട്. ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, ചെവിയിലെ പഴുപ്പ്, തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌കജ്വരം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ട രോഗങ്ങളാണ്. ഇവയെ പ്രതിരോധിക്കുവാന്‍ ഹിബ് വാക്‌സിനു കഴിവുണ്ട്. ട്രിപ്പിളിന്റെ കൂടെ 6, 10, 14 ആഴ്ച പ്രായത്തില്‍ 3 ഡോസുകളും ഒന്നര വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസുമാണ് എടുക്കേണ്ടത്. ഒരു ഡോസ് വാക്‌സിന്റെ വില ഏകദേശം 350 മുതല്‍ 400 രൂപവരെയാണ്.

ചിക്കന്‍പോക്‌സ് വാക്‌സിന്‍: ചിക്കന്‍പോക്‌സ് അത്ര ഗുരുതരമായ ഒരു രോഗമല്ലെങ്കിലും ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സൈഫലിറ്റിസ് എന്നിവയ്ക്ക് കാരണമായേക്കാം. 13 വയസ്സില്‍ താഴെ ഒരു ഡോസും മറ്റുള്ളവര്‍ക്ക് 2 ഡോസുകളും (4-8 ആഴ്ചകളുടെ ഇടവേളയില്‍) ആവശ്യമാണ്. വില ഒരു ഡോസിന് ഏകദേശം 1250 രൂപ.

ഹെപ്പറ്റൈറ്റിസ്-എ വാക്‌സിന്‍: മഞ്ഞപ്പിത്തത്തിനെതിരെ വളരെ ഫലപ്രദമാണ് ഈ വാക്‌സിന്‍. 18 മാസത്തിനുമേലെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാം. ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് വേണ്ടത്.

ന്യൂമോകോക്കല്‍ വാക്‌സിന്‍: രക്തത്തെ ബാധിക്കുന്ന സിക്കിള്‍ സെല്‍ അനീമിയ, വൃക്കകളെ ബാധിക്കുന്ന നെഫ്രൊട്ടിക് സിന്‍ഡ്രോം തുടങ്ങിയ ഉള്ളവര്‍ക്കാണ് ഈ വാക്‌സന്‍ പ്രധാനമായും ആവശ്യം.

ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍: സൗജന്യമായി നല്‍കുന്ന കുത്തിവെപ്പാണിത്. വളരെ വേഗത്തില്‍ പകരുന്ന രോഗമാണ് ബി-മഞ്ഞപ്പിത്തം. ആദ്യത്തെ ഡോസ്, ജനിച്ച ഉടനേയും രണ്ടാമത്തേത് ഒരു മാസത്തിനുശേഷവും മൂന്നാമത്തേത് ആറു മാസം പ്രായമെത്തുമ്പോഴും കൊടുക്കുന്നതാണ് നല്ലത്. ഇത് സാധിക്കാതെ വരികയാണെങ്കില്‍ ആറാമത്തേയും പത്താമത്തേയും 14ാമത്തേയും ആഴ്ചകളില്‍ ട്രിപ്പിള്‍ വാക്‌സിനൊപ്പവും അല്ലെങ്കില്‍ ജനിച്ച ഉടനെ, ആറാമത്തെ ആഴ്ചയിലും 14ാം ആഴ്ചയിലും ഇത് നല്‍കാം.

എം.എം.ആര്‍.വാക്‌സിന്‍: മുണ്ടിനീര്, അഞ്ചാംപനി, ജര്‍മ്മന്‍ മീസില്‍സ് എന്നിവക്കെതിരെ ഫലപ്രദമായ വാക്‌സിനാണിത്. ഒമ്പതാംമാസത്തില്‍ മീസില്‍സ് വാക്‌സിന്‍ എടുത്ത കുട്ടി, 15ാം മാസത്തില്‍ ബൂസ്റ്റര്‍ ഡോസായി എം.എം.ആര്‍. വാക്‌സിനെടുക്കുന്നത് നല്ലതാണ്.
ഗര്‍ഭിണികള്‍ക്ക് ജര്‍മ്മന്‍ മീസില്‍സ് പിടിപെടുകയാണെങ്കില്‍ മാരകങ്ങളായ അംഗവൈകല്യങ്ങള്‍ ഗര്‍ഭസ്ഥശിശുവിന് സംഭവിച്ചേക്കാം. അതുകൊണ്ട് എം.എം.ആര്‍. വാക്‌സിന്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

ജര്‍മ്മന്‍ മീസില്‍സിനെതിരെ മാത്രമായി റുബെല്ലാ വാക്‌സിന്‍ ലഭ്യമാണ്. കൗമാരപ്രായക്കാര്‍ക്കും വിവാഹത്തിനു മുമ്പ് സ്ത്രീകള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിച്ചേക്കാവുന്ന അണുബാധയില്‍നിന്നും രക്ഷനേടാം.
ടൈഫോയ്ഡ് വാക്‌സിന്‍: 2 ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ച ഇടവിട്ട്- സംരക്ഷണം 3 വര്‍ഷത്തേക്ക്. ശുദ്ധജല ലഭ്യത കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്കും പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനുമൊക്കെ ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുന്നവര്‍ക്കും വളരെ ഫലപ്രദമായ വാക്‌സിന്‍. വില 250 രൂപ.
Tags- New vaccines
Loading