കൗമാരത്തിലും യൗവനത്തിലുമൊക്കെ തലമുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തലയിലെ താരന് അഥവാ താരണം തന്നെയാണ്. തലയിലെ ചര്‍മത്തില്‍ നേര്‍ത്ത ശല്ക്കങ്ങളും രോമകൂപത്തിനു ചുറ്റും ചുവപ്പും ചൊറിച്ചിലുമായാണ് ഡാന്‍ഡ്രഫ് (dandruff) എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ രോഗത്തിന്റെ തുടക്കം. ചികിത്സിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രോഗമായതുകൊണ്ട് ഇതുമൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ താല്ക്കാലികമാണ്. രോമകൂപത്തോടു ചേര്‍ന്നുള്ള ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യവും ഒരു പ്രത്യേകതരം പൂപ്പല്‍ (ഫംഗസ്) ബാധയും ഇതിനു കാരണങ്ങളായി പറയപ്പെടുന്നു.
ഫംഗസ് ബാധ എന്നു പറഞ്ഞതുകൊണ്ട് ഇത് പുഴുക്കടിയാണ് എന്നു വിവക്ഷയില്ല. പക്ഷേ, തലയിലുണ്ടാകുന്ന ചില പൂപ്പല്‍ രോഗങ്ങള്‍ അഥവാ പുഴുക്കടി (ടീനിയ കാപ്പിറ്റിസ്) മുടികൊഴിച്ചില്‍ ഉണ്ടാക്കാമെന്നത് സത്യം. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍, വളരെ അപൂര്‍വമാണ്. ഇങ്ങനെയുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ ഒരു പ്രത്യേകത അത് വൃത്താകൃതിയില്‍ കൊഴിയുന്നു എന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാമെങ്കിലും മൊത്തത്തില്‍ അവയെ 'അലോപേഷ്യാ ഏറിയാറ്റ' എന്നു വിളിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അലോപേഷ്യാ ഏറിയാറ്റാ (alopecia areata) ഉണ്ടാക്കുന്ന പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് തലയിലെ പുഴുക്കടി.