മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനു കാരണമാകാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന 'ട്രൈക്കോട്ടിലോമേനിയ' എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്.
ഗുരുതരമായ പല രോഗങ്ങളുടെയും പ്രാരംഭലക്ഷണം മുടികൊഴിച്ചിലാകാമെങ്കിലും അത്തരം രോഗത്തിന്റെ മറ്റു സൂചനകളോ തലയില്‍ മറ്റു രോഗങ്ങളുടെ ലക്ഷണമോ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കില്‍ മുടികൊഴിച്ചിലുണ്ടോ എന്ന് രോഗിയോട് ചോദിക്കാതിരിക്കുന്നതാവും ഉത്തമം; പ്രത്യേകിച്ച് സ്ത്രീകളോട്. കാരണം മുടികൊഴിച്ചിലുണ്ടോ എന്ന് ചോദിച്ചാല്‍ 'ഹേയ്, ഇല്ല' എന്ന് ഉടനുത്തരം തരുന്ന ഒരു വനിതയെയും കണ്ടിട്ടില്ല. പനങ്കുലപോലെ മുടി ഉണ്ടായിരുന്നെന്നും എല്ലാം കൊഴിഞ്ഞ് 'ദേ ഇപ്പോള്‍ ഇത്രമാത്രമേ ഉള്ളൂ' എന്ന് പറഞ്ഞ് എലിവാലു പോലത്തെ മുടി എടുത്തു കാണിക്കുന്നവരാണ് ഏറെയും.
ഒരു പരിധിവരെ ഇതു ശരിയാകാം. പക്ഷേ, ഒരു രോഗമോ രോഗലക്ഷണമോ ആയി കരുതാന്‍ തക്കവിധം പ്രശ്നം രൂക്ഷമാണോ എന്നു വിലയിരുത്തുകയാണ് പ്രധാനം. ഭൂരിപക്ഷം പേരിലും ഇത് സംഭവിക്കാറില്ല. അത് രോഗിയെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ ഡോക്ടറും അദ്ദേഹത്തിന്റെ ചികിത്സയും വിജയിച്ചു എന്നു കരുതാം.
ഗീത വടക്കേ ഇന്ത്യക്കാരിയാണ്. ഐ.പി.എസ്. ഓഫീസറുടെ യുവതിയായ വീട്ടമ്മ. രണ്ടുവര്‍ഷമായി മുടികൊഴിച്ചില്‍ വല്ലാതെ അലട്ടുന്നത്രെ. വടക്കും തെക്കുമുള്ള പല ഡോക്ടര്‍മാരും ചികിത്സിച്ചു. ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍ നേരേ വെല്ലൂര്‍ക്ക് വണ്ടികയറി. ഒട്ടേറെ ടെസ്റ്റുകള്‍ ചെയ്തു. പലതും ചെലവേറിയ ഹോര്‍മോണ്‍ പഠനങ്ങളായിരുന്നു. പക്ഷേ, മുടികൊഴിച്ചില്‍ മാത്രം കുറഞ്ഞില്ല. ഈ കറക്കമെല്ലാം കഴിഞ്ഞാണ് അവര്‍ എന്റെയടുത്തെത്തിയത്. ഉപചാരവാക്കുകളും പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ അവര്‍ പ്രശ്നത്തിന്റെ ഭാണ്ഡമഴിച്ചു.
ചികിത്സയുടെ ഫയല്‍ തന്നു. അത് തുറക്കുംമുന്‍പ് അവരുടെ തലമുടി പരിശോധിച്ചു. നിതംബം വരെ നീളുന്ന മുടി. കനത്തില്‍ മെടഞ്ഞിട്ടിരിക്കുന്നു. കൃത്രിമമുടി ഉപയോഗിച്ചിട്ടില്ല. ഘടനയും ബലവും തൃപ്തികരം. ടെസ്റ്റുകളില്‍ അപാകമില്ല. ഒരു ദിവസം ശരാശരി എത്ര മുടി കൊഴിയുമെന്ന് ചോദിച്ചതും അവര്‍ കുറെ പ്ലാസ്റ്റിക് കവറുകള്‍ മേശപ്പുറത്ത് വെച്ചു. ഓരോന്നിലും നിറയെ മുടി. ഓരോ ദിവസത്തെ കളക്ഷന്‍. കവര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കവര്‍ നിറഞ്ഞിരുന്നത് മുടിയുടെ എണ്ണം കൊണ്ടല്ല; നീളം കൊണ്ടായിരുന്നു. സൗമ്യഭാവത്തില്‍ പകുതി കളിയും ബാക്കി കാര്യവുമായി അവരോടു പറഞ്ഞു.
''താങ്കളുടെ രോഗം സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ.്..'' അമ്പരപ്പോടെ അവര്‍ മുഖത്തേക്കു നോക്കി. ''...കാരണം നിങ്ങള്‍ക്ക് മുടികൊഴിച്ചിലെന്ന രോഗമില്ല.'' എന്നിട്ട് ശ്രീനിവാസന്സ്റ്റൈലില് ഒന്നു ചിരിച്ചു. അവര്‍ നന്ദി പറഞ്ഞു പുറത്തിറങ്ങി. മിക്കവാറും മറ്റൊരു ഡോക്ടറുടെ മുന്നില്‍ അവര്‍ എത്തിയിട്ടുണ്ടാകും.