ഏറ്റവും വ്യാപകമായി പടര്‍ന്നുപിടിക്കുന്ന ഒരു പനിയാണ് ഫ്ലവെന്നു വിളിക്കുന്ന സാധാരണ വൈറല്‍ ഫീവര്‍. മഴക്കാലത്ത് വ്യാപകമാകുന്ന വൈറല്‍ ഫീവര്‍ കുട്ടികളില്‍ സാധാരണയാണ്. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകള്‍. ചെറിയ പനി, തലവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കിരുകിരുപ്പ്, തുമ്മല്‍, തൊണ്ടവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
അതിശക്തമായ പനിയും പേശീവേദനയുമൊന്നും നിരുപദ്രവകാരിയായ ഈ ജലദോഷപ്പനിക്കില്ലെന്ന കാര്യം ശ്രദ്ധേയമാണ്. രോഗബാധിതനായ ഒരു വ്യക്തിയില്‍നിന്ന് വായുവിലൂടെ രോഗാണുകള്‍ മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു. സാധാരണഗതിയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍കൊണ്ട് പനി പൂര്‍ണമായു,ം അപ്രത്യക്ഷമാകുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍
പനിയുടെ പ്രതിരോധംശുചിതത്വത്തിലൂടെ ഇപ്പോള്‍ വ്യാപകമായിരിക്കുന്ന പല പനികളും പരത്തുന്നത് കൊതുകുകളും എലികളുമടങ്ങിയ ക്ഷുദ്രജീവികളാണെന്നിരിക്കേ, പരിസരശുചിത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രതിരോധ നടപടികളില്‍കൂടി മാത്രമേ ഇവയെ ശാശ്വതമായി നിര്‍മാര്‍ജനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
വീടിന്റെയും മറ്റും പരിസരങ്ങളില്‍ കിടക്കുന്ന ഒഴിഞ്ഞ പാട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട ഇവ നീക്കം ചെയ്യുക.
ടെറസ്സിലും ചെടിച്ചട്ടികളിലും മറ്റും ശേഖരിച്ചിരിക്കുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക.
വീടിനുചുറ്റും വളരുന്ന ചെടികളും പുല്ലുമൊക്കെ വെട്ടി ചെറുതാക്കണം. പകല്‍സമയത്ത് കൊതുകുകള്‍ ചെടികളിലാണ് വിശ്രമിക്കുന്നത്.
വെള്ളക്കെട്ടുകള്‍ക്ക് മീതെ ഡീസല്‍, മണ്ണെണ്ണ ഇവ തളിച്ചാല്‍ കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാം.
വാട്ടര്‍ടാങ്കുകള്‍ വല ഉപയോഗിച്ച് മൂടണം.
ആഴ്ചയിലൊരിക്കലെങ്കിലും പാത്രങ്ങളിലും പാട്ടകളിലും മറ്റും ശേഖരിച്ചിരിക്കുന്ന വെള്ളം ഒഴുക്കിക്കളയണം.
മാസത്തിലൊരിക്കല്‍ വീടിനകത്തും പുറത്തും ഡി.ഡി.ടി., പൈറിത്രം ഇവ ഉപയോഗിച്ച് സ്പ്രേ ചെയ്യണം.
വീടിന്റെ പരിസരം ഈര്‍പ്പരഹിതമായും വൃത്തിയായും സൂക്ഷിക്കണം.
കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതെയിരിക്കുവാന് ജനലും വെന്റിലേഷനുമൊക്കെ വലകൊണ്ടു മൂടണം.
കൊതുകു കടിയേല്ക്കാതെയിരിക്കുവാനായി കൊതുകുവല ഉപയോഗിക്കണം.
കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുമായി ബന്ധമുണ്ടാകരുത്.
ജോലിക്കുശേഷം കൈകാലുകള്‍ ശുദ്ധജലമുപയോഗിച്ച് വൃത്തിയാക്കണം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനുപയോഗിക്കുക.
പരിസരത്തുള്ള ചപ്പുചവറുകള്‍, അനാവശ്യസാധനങ്ങള്‍ ഇവ നശിപ്പിച്ച് എലികള്‍ പെരുകുന്നത് തടയുക.
പനിബാധിച്ചാല്‍ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടുക