Home>Diseases>Chikungunya
FONT SIZE:AA

പ്രതിരോധ പ്രവര്‍ത്തനം

മാരകമായ ഈ രോഗത്തിനെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പരിസരശുചീകരണവും കൊതുകുനിയന്ത്രണവുമാണ് പരമപ്രധാനം. ജനങ്ങള്‍ ഒന്നടങ്കം ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൊതുകുനിയന്ത്രണം സാധ്യമാകൂ. കൊതുകുകളെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പ്രാധാന്യം നല്‍കേണ്ടത് കൂത്താടികളെ നശിപ്പിക്കുന്നതിനാണ്. മൂന്നു മാര്‍ഗങ്ങളാണ് കൊതുകുകളെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്നത്.

1. പരിസരശുചീകരണം

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റും പറമ്പിലും ചിരട്ട, ചെറിയ പാത്രങ്ങള്‍ ഇലകള്‍ എന്നിവയിലെല്ലാം മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കും. ഇത്തരത്തിലുള്ള വെള്ളക്കെട്ട് ഒഴിവാക്കണം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബിന്റെ ഇടയ്ക്കും വശങ്ങളിലും ഉള്ള വിടവ് സിമന്റ് ചെയ്ത് അടയ്ക്കണം. ടാങ്കില്‍നിന്ന് വായു പുറത്തു കടക്കാന്‍ സ്ഥാപിച്ചിട്ടുള്ള കുഴലിന്റെ മുകളറ്റം കൊതുകുവല ഉപയോഗിച്ചു മൂടണം. വീടിനു ചുറ്റുമുള്ള കാടുകള്‍ നശിപ്പിക്കണം.


ജലസംഭരണികള്‍ മൂടിവെക്കണം. കെട്ടിടങ്ങളുടെയും വീടിന്റെയും വാര്‍പ്പിനു മുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. റോഡരികില്‍ കാണുന്ന ടിന്ന്, ടയര്‍, ചിരട്ട തുടങ്ങിയവയിലും വെള്ളക്കെട്ട് ഇല്ലാതാക്കണം. മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്ന പാത്രങ്ങള്‍ നിത്യവും കഴുകി വൃത്തിയാക്കണം.

2. രാസവസ്തു പ്രയോഗം

ഒഴുക്കിവിടാന്‍ പറ്റാത്ത ചാലുകളിലും മറ്റുമുള്ള വെള്ളക്കെട്ടുകളില്‍ ഏതെങ്കിലും എണ്ണ ഒഴിക്കണം. വെള്ളത്തിനു മുകളില്‍ എണ്ണ പടരുന്നതില്‍ കൂത്താടികള്‍ക്ക് വായു കിട്ടാതാവും അവ നശിക്കാനിടയാവുകയും ചെയ്തും. മാലത്തിയോണ്‍, അബേറ്റ് ബേറ്റക്‌സ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരു തവണയെങ്കിലും സ്‌പ്രേചെയ്യണം. ഡി.ഡി.ടി, ബി.എച്ച്.സി. എന്നിവയും സ്‌പ്രേചെയ്യാന്‍ ഉപയോഗിക്കാം. മാലത്തിയോണ്‍ ഉപയോഗിച്ച് ഫോഗിങ് നടത്തുന്നതും പകര്‍ച്ച വ്യാധികളുടെ വ്യാപന സമയത്ത് ഫലപ്രദമാണ്.

3. എതിര്‍ ജീവി പ്രയോഗം

ഒരു ജീവിയെ ഉപയോഗിച്ച് മറ്റൊന്നിനെ ഇല്ലാതാക്കുന്ന രീതിയാണ് എതിര്‍ ജീവി പ്രയോഗം. ഗപ്പി, ഗംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ ഉപയോഗിച്ച് ഇതിന്റെ കൂത്താടികളെ ഇല്ലാതാക്കാന്‍ കഴിയും.

ചിക്കുന്‍ ഗുനിയ മരണകാരണമാകുന്ന ഒന്നല്ല. എന്നാല്‍ ഈ പനി മറ്റുരോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും അപകടകാരിയായി മാറും.

ചുരുക്കത്തില്‍ പരിസരശുചീകരണം ഒന്നുകൊണ്ടുമാത്രം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്ന ഒരു രോഗമാണ് ചിക്കുന്‍ ഗുനിയ പനി. കൊതുകുകള്‍ക്ക് പെരുകാനുള്ള അവസരം ഇല്ലാതാക്കുന്നതോടെ ചിക്കുന്‍ ഗുനിയയെയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും.

Tags- Chikungunya
Loading