
ആസ്തമപുരാണങ്ങളില് വളരെ വര്‍ണാഭമായത് സെന്റ് ആന്‍ഡ്രൂസിലെ ആര്‍ച്ച്ബിഷപ്പ് ഹാമില്‍ട്ടന്റെ കഥയാണ്. കടുത്ത ആസ്തമാരോഗത്താല് വലഞ്ഞ ബിഷപ്പിനെ ചികിത്സിക്കാന്‍ പ്രഗത്ഭനായ കാര്‍ഡാനോ എത്തുന്നു. കഠിനമായ വ്യായാമമുറകളും പ്രത്യേക ആഹാരക്രമവുമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. ബിഷപ്പിന്റെ തൂവല്ക്കിടക്കയും തുകല്‍ തലയിണയും കാര്‍ഡാനോ ന ശിപ്പിക്കുകയും അതുവഴി ബിഷപ്പ് രോഗവിമുക്തനാകുകയും ചെയ്തു! അങ്ങനെ ചരിത്രത്തിലാദ്യമായി പരിസ്ഥിതിഘടകങ്ങള്‍ ആസ്ത്മയുണ്ടാക്കുന്നുവെന്നും അവയുടെ നിയന്ത്രണം ആസ്തമാചികിത്സയുടെ അനിവാര്യഘടകമാണെന്നും ബോധ്യപ്പെട്ടു.
എന്താണ് ആസ്തമ
ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരവസ്ഥയാണ് ആസ്തമ. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നു, ചുമയുണ്ടാക്കുന്നു. ശ്വാസനാളികള്‍ സാമാന്യത്തിലേറെ ചുരുങ്ങുന്നതുകൊണ്ടാണിത്. ഇതിനു പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്.
ആദ്യം വായുനാളികളുടെ ചുവരുകളിലെ മാംസപേശികള്‍, മുറുകി, ഉള്ളിലുള്ള സ്ഥലം കുറയുന്നു. കുറഞ്ഞ അളവിലെ വായു കടന്നുപോകൂ. അങ്ങനെ രോഗിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമമുണ്ടാക്കുന്നു.
രണ്ടാമതായി, എന്നാല്‍ അതിലും പ്രധാനമായി, വായുനാളികളുടെ പാളികള്‍ നീരുവന്നു വീര്‍ക്കുന്നു, ഉള്ളിലെ സ്ഥലം വീണ്ടും കുറയുന്നു. മാത്രമല്ല, വായുനാളികള്‍ക്ക് പ്രേരണാഘടകങ്ങള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ടാണ് രോഗി ഇടയ്ക്കിടെ ചുമയ്ക്കുന്നത്.
മൂന്നാമതായി, അസ്വസ്ഥതമൂലം വായുനാളികള്‍ അമിതമായ അളവില്‍ കഫം ഉല്പാദിപ്പിക്കുന്നു. അങ്ങനെ കഫക്കെട്ട് ഉണ്ടാക്കുന്നു.
ആസ്തമ സര്‍വസാധാരണമാണ്. ഇത് ഏതു പ്രായത്തിലും വരാം. സ്ത്രീയോ പുരുഷനോ വൃദ്ധരോ ചെറുപ്പകാരോ എന്നു വേണ്ട, വര് ഗരാഷ്ട്രഭേദമന്യേ ഏവര്‍ക്കും ഇതുണ്ടാകാം. ആസ്തമ പാരമ്പര്യരോഗമാണെങ്കിലും പലപ്പോഴും ഇത് ഏറെ തലമുറകള്‍ക്കും ഭീഷണിയാകുന്നില്ല. അതുപോലെ, കുടുംബത്തില്‍ എല്ലാവരേയും ബാധിക്കുന്നുമില്ല. ആസ്തമാബാധിതരായ കുട്ടികളില്‍ 50-70 ശതമാനം ഭാവിയില്‍ അതില്‍നിന്ന് മുക്തരാകുകയും ചെയ്യന്നു.