
സ്വന്തം ശരീരം ശത്രുവായി മാറുകയും പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ് ആമവാതം (റുമാറ്റോയിഡ് ആര്‍െ്രെതറ്റിസ്). ഇത്തരം പ്രതിരോധ വൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. രോഗകാരണം ഇന്നും അജ്ഞാതം; ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ആമവാതം പിടികൂടിയാല്‍ കഠിനവേദന അനുഭവിക്കേണ്ടിവരുന്ന രോഗികള്‍, സന്ധികള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം പലപ്പോഴും വികലാംഗരായി മാറുകയും ചെയ്യുന്നു. വേദനസംഹാരികളും പ്രതിരോധ സംവിധാനം അമര്‍ച്ച ചെയ്യുന്ന ഔഷധങ്ങളും മാത്രമാണ് ഇപ്പോള്‍ ആശ്രയമായിട്ടുള്ളത്.
ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. ശരീര പ്രതിരോധ സംവിധാനത്തെ രോഗത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ് പ്രൊഫ. ജോണ്‍ ഐസക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌കരിച്ചിരിക്കുന്നത്. അതുവഴി ശരീരത്തെ ആക്രമിക്കുന്നത് പ്രതിരോധ സംവിധാനം അവസാനിപ്പിക്കുകയും രോഗം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നു.
പ്രതിരോധ സംവിധാനത്തിലെ മുഖ്യകണ്ണികളായ രക്തത്തിലെ ശ്വേതരക്താണുക്കളുടെ മാതൃകയെ, സ്റ്റിറോയിഡുകളും വിറ്റാമിനുകളുമടങ്ങിയ മിശ്രിതം കൊണ്ട് പരുവപ്പെടുത്തുകയാണ് പുതിയ സങ്കേതത്തില്‍ ചെയ്യുക. ഈ പ്രക്രിയയില്‍ 'ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍' എന്ന സവിശേഷയിനം പ്രതിരോധ കോശങ്ങളെ 'സഹിഷ്ണുതാപരമായ' നിലയിലേക്ക് എത്തിക്കും, എന്നിട്ട് ആ കോശങ്ങളെ രോഗിയുടെ സന്ധികളില്‍ കുത്തിവെക്കും. പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.
പരീക്ഷണം വിജയിച്ചാല്‍ ആമവാതം ബാധിച്ച് നരകിക്കുന്ന രോഗികള്‍ക്ക് അത് വളരെ ആശ്വാസമേകുമെന്ന്, ആര്‍െ്രെതറ്റിസ് റിസര്‍ച്ച് കാംപെയിനിലെ പ്രൊഫ. അലന്‍ സില്‍മാന്‍ അഭിപ്രായപ്പെടുന്നു. ആമവാത ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റമായിരിക്കും അത് അദ്ദേഹം പറയുന്നു. ഓരോ രോഗിക്കും ഈ ഔഷധം വെവ്വേറെ തയ്യാറാക്കേണ്ടി വരുമെന്നതിനാല്‍, പ്രത്യേക ലബോറട്ടറി സംവിധാനങ്ങളും വിദഗ്ധരുമൊക്കെ വേണ്ടിവരും. അതിനാല്‍, ചികിത്സ താരതമ്യേന ചെലവേറിയതായിരിക്കുമെന്ന് പ്രൊഫ. അലന്‍ മുന്നറിയിപ്പു നല്‍കുന്നു.
പുതിയ ചികിത്സ വിജയിച്ചാല്‍, ടൈപ്പ് ഒന്ന് പ്രമേഹം പോലുള്ള മറ്റു പ്രതിരോധ വൈകല്യ രോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്താനും അത് വഴി തുറന്നേക്കും.