ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം
യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ മനസ്സില്‍ എത്തുന്നത് 'അക്കൗണ്ട് തുറക്കുക' എന്ന മണിപ്രവാളമാണ്.
തേങ്ങ, റബര്‍ ഇത്യാദി നാണ്യവിളകളുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് വില കൂടുമോ കുറയുമോ എന്ന ഒരു ആശങ്കയേയുള്ളൂ. ഉത്പാദനം കൂടുന്നതും കുറയുന്നതും ആരും ചര്‍ച്ച ചെയ്യാറില്ല. അതുപോലെ ബി.ജെ.പിയുടെ കാര്യത്തിലും ഒരേയൊരു ചിന്ത മാത്രം. അക്കൗണ്ട് തുറക്കുമോ ഇല്ലയോ? അക്കൗണ്ടും ബി.ജെ.പിയും തമ്മിലുള്ള ഈ താത്വികചാര്‍ച്ച കാരണമാണ് യുവറോണര്‍, മോദിയുടെ 'ജന്‍ധന്‍ അക്കൗണ്ട്' പരിപാടി കേരളത്തില്‍ത്തന്നെ ആദ്യം ലക്ഷ്യം കണ്ടതെന്നും പറയപ്പെടുന്നു.
എന്റെ കക്ഷികള്‍ അക്കൗണ്ട് തുറക്കില്ലെന്ന് തീര്‍ത്തും പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ സ്വരം മാറ്റിയിരിക്കുന്നു, യുവറോണര്‍. 'തുറക്കും
തുറക്കാതിരിക്കില്ല' എന്ന നിലയിലെത്താന്‍ അവര്‍ നിര്‍ബന്ധിതരായത് എന്റെ കക്ഷികളുടെ ധീരനേതൃത്വം ഒന്നുകൊണ്ടു മാത്രമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിലുണ്ടാവണം. അല്ലാതെ, ഈ നേട്ടമെല്ലാം വര്‍ഷാവര്‍ഷം ജന്‍മാഷ്ടമിക്ക് ഉറിയിടിച്ച് ഉണ്ടാക്കിയതാണെന്ന്് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം പരോപകാരാര്‍ത്ഥം ഈ പാര്‍ട്ടിയെ ഇത്രയും കാലം ഇവിടെ നിലനിര്‍ത്തിയ നേതൃകേസരികളുടെ വിലയിടിക്കാനുള്ള ഗൂഢാലോചന മാത്രമാണ്.
യുവറോണര്‍, ഒന്നാലോചിക്കണം. ഈ ഉറിയടിയും അക്കൗണ്ട് തുറക്കലും തമ്മില്‍ എന്തെങ്കിലും ശാസ്ത്രീയ ബന്ധമുണ്ടോ? എന്റെ കക്ഷികള്‍ ഇത്രകാലം അടിച്ച ഉറികളുടെ എണ്ണമെടുത്താല്‍ കേരളത്തില്‍ ഇതുവരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുംകൂടി കിട്ടിയ വോട്ടിന്റെ എത്രയോ ഇരട്ടിവരും. അക്കൗണ്ട് തുറക്കാന്‍ ഇതാണ് മാനദണ്ഡമെങ്കില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ കറണ്ട് അക്കൗണ്ട് കാണേണ്ടതല്ലേ. എന്നാലോ, സീറോ ബാലന്‍സ് അക്കൗണ്ട് പോലും തുടങ്ങാനായില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ഉറിയടിച്ച് അമ്മാവന്‍മാരെ വളര്‍ത്താമെന്ന് ബാലസംഘക്കാര്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതിനെ ബാലിശസംഘം എന്ന് വിളിക്കേണ്ടിവരും. യുവറോണര്‍, കംസന്റെ കഥയാണ് ഓര്‍മവരുന്നത്.
ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തില്‍ ഒരു തീര്‍പ്പിലെത്തണം. ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം.
സഖാക്കന്‍മാരോട് ഒരു ഉപദേശമുണ്ട്. പിള്ളാരെ ഇപ്പോഴേ കൃഷ്ണനെ കാണിച്ചാല്‍ ഭാവിയില്‍ മാര്‍ക്‌സിന് ഉറിയടിക്കാന്‍ ആളുണ്ടാവില്ല. 'യോഗാനന്തരം റെഡ് വാളണ്ടിയേഴ്‌സിന്റെ ഉറിയടി ഉണ്ടായിരിക്കുന്നതാണ് ' എന്ന് പാര്‍ട്ടി നോട്ടീസില്‍ കാണുന്ന കാലം ഒന്നാലോചിച്ചുനോക്കൂ. അതോടെ തീര്‍ന്നു ഉറിയടിയുടെ കാല്പനിക ഭംഗി. ഉറിയടി പാര്‍ട്ടി പരിപാടി ആയി മാറുന്നതോടെ ഹനുമാന്‍സേനയുടെ മാതൃകയില്‍ പാര്‍ട്ടിക്ക് ഉറിയടി സേന വേണ്ടിവരും.
പിന്നെ, കണ്ണൂര്‍ കേന്ദ്രമാക്കി ഉറിയടി പരിശീലന അക്കാദമിക്ക് ആവശ്യമുയരും. അതിന് ചെയര്‍മാന്‍ വേണം. അംഗങ്ങള്‍ വേണം. ഉറിവാങ്ങാന്‍ ജപ്പാനീന്ന് ലോണെടുക്കാമെന്ന് വയ്ക്കാം. അല്ലെങ്കില്‍ മധുരമനോജ്ഞ ചൈനയില്‍നിന്ന് വിലക്കുറഞ്ഞ ഉറിവരും. എന്നാലും ശമ്പളം കൊടുക്കേണ്ടത് സര്‍ക്കാരല്ലേ?
ക്ഷമിക്കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെങ്കില്‍ക്കൂടിയും മനസ്സ് ഉറിയിലേക്ക് ചാടിപ്പോയി. എന്റെ കക്ഷി ഒരിക്കലും അക്കൗണ്ട് തുറക്കില്ലെന്നാണ് ഇപ്പോള്‍ കളിച്ചുകുളങ്ങരയിലെ ജ്യോത്സര്‍ പറയുന്നത്. ജ്യോത്സന്‍മാരായാലും എന്തെങ്കിലും സ്ഥിരതവേണ്ടേ, യുവറോണര്‍. എന്റെ കക്ഷികളുടെ കേന്ദ്രബാങ്കില്‍ സ്വിസ് അക്കൗണ്ട് തുറക്കാന്‍ പറ്റില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടാവും. അതാണ് യുറോണര്‍, ഈ വെള്ളാപ്പള്ളി വള്ളം മാറിചവിട്ടുന്നത്. അരുവിയിലെ കല്ലിലും കണ്ണാടിയിലും നവോത്ഥാനത്തിന്റെ അക്കൗണ്ട് തുറന്ന ഗുരുദേവന് ജാതി സര്‍ട്ടിഫിക്കറ്റ് എഴുതുന്ന പണി ആരാണ് യുവറോണര്‍, ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? പഞ്ചായത്തില്‍പ്പോലും ഉറിയടിച്ചിട്ടില്ലാത്ത മകനെ കേന്ദ്രത്തില്‍ മന്ത്രിയാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായിട്ടാണ് കേള്‍വി.
ബുദ്ധിവേണം, യുവറോണര്‍ ബുദ്ധി! പഞ്ചായത്ത് കാണാത്ത നേതാക്കന്‍മാര്‍ എന്റെ കക്ഷിയിലും ഉണ്ട്. ഇതുവരെ അക്കൗണ്ട് തുറക്കാന്‍ പറ്റാത്ത അവരെന്താ ചെയ്തത്? കഴക്കൂട്ടം-കളിയിക്കാവിള പാതയോരത്ത് ഒരു ശിലാഫലകത്തില്‍ അക്കൗണ്ട് തുറന്നു. സര്‍ക്കാരിന്റെ പരിപാടിയില്‍ കേന്ദ്രമന്ത്രിയുടെ പേരിന് തൊട്ടുതാഴെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പേരും കൊത്തിവെപ്പിച്ചു. നിയമസഭയിലെ വ്യാഘ്രങ്ങളായ ശിവന്‍കുട്ടി, എം.എ. വാഹീദ്, ജമീലാ പ്രകാശ് എന്നിവരൊക്കെ ഈ സര്‍ക്കാതിര പുലിക്ക് താഴെ. എവിടെയെങ്കിലും ഒരു അക്കൗണ്ട് തുറക്കാന്‍ പത്തു നാല്‍പ്പതുവര്‍ഷമായി നോക്കിനടക്കുന്നു. ഇനിയും കാത്തിരിക്കുന്നതെങ്ങനെ യുവറോണര്‍, ഫലകത്തിലെങ്കില്‍ ഫലകത്തില്‍. എന്തിനും ഒരു തുടക്കം വേണ്ട? വിരിയട്ടെ, എല്ലാ ഫലകങ്ങളിലും താമര. നിയമസഭയില്‍ താണ്ഡവമാടിയിട്ടും കടിച്ചിട്ടും പിടിച്ചിട്ടും നാട്ടുകാരുടെ പണംകൊണ്ടുള്ള വെയിറ്റിങ് ഷെഡില്‍ 'താന്‍ വഹ' എന്നെഴുതിവെപ്പിച്ചിട്ടും എന്ത് കാര്യം? അതെല്ലാം ജനം മറന്നുപോവും. ഫലകത്തില്‍ പേരുള്ളവര്‍ അശോക ചക്രവര്‍ത്തിയെപ്പോലെ ചരിത്രമുള്ളിടത്തോളം ഓര്‍മിക്കപ്പെടും. ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയാണ് വേണ്ടത്.
മേലില്‍ എല്ലാ ഫലകങ്ങളിലും കേന്ദ്രമന്ത്രിമാരുടെ പേരിന് താഴെ എന്റെ കക്ഷികളുടെ പേര് വയ്ക്കാവുന്നതേയുള്ളൂ. പക്ഷെ, ഒരു കാര്യം. ഫലകങ്ങള്‍ക്ക് ഉയരം കൂടാതെ നോക്കണം. നമ്മുടെ നാട്ടില്‍ ഇത്തരം ഫലകങ്ങള്‍ ചില ജീവികള്‍ അവയുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അവയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
നോട്ട് ദ പോയിന്റ്: വേദങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെയാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് - മന്ത്രി രമേശ് ചെന്നിത്തല.
തൃശ്ശൂരിലെ ഐ ഗ്രൂപ്പിന്റെ കാര്യം അതിലെന്താ പറയുന്നത്?