മുതലാളിമാര്‍ വഴിയാണ് സോഷ്യലിസം നടപ്പാവുന്നതെന്ന സത്യം ഇടതുമുന്നണിയെ ബോധ്യപ്പെടുത്താന്‍ ഇനി മിസ്റ്റര്‍ കാറല്‍ മാര്‍ക്‌സ് കല്ലറ തുറന്ന് പുറത്ത് വരേണ്ടിവരുമോ? യുവര്‍ ഓണര്‍...മുതലാളിമാരുടെ, കറക്ടായിപ്പറഞ്ഞാല്‍ ശതകോടീശ്വരന്‍മാരുടെ മുകളില്‍ ഒരു
പാര്‍ട്ടിപ്പരുന്തും പറക്കില്ല. എറണാകുളത്തെ മാളിലെ പ്രവേശനോത്സവത്തിന് മിസ്റ്റര്‍ അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും പീപ്പിയും ലോലിപ്പോപ്പുമായി കളിവണ്ടിയില്‍ ലൂ..ലൂ...പാടിപ്പോയ ആ ഓമനക്കാഴ്ച ഓര്‍മയില്ലേ. കേരളം കൊതിക്കുന്ന രാഷ്ട്രീയാതീതമായ വികസനൈക്യത്തിന്റെ പുളകോദ്ഗമന ദൃശ്യമായിരുന്നു അതെന്ന് ബഹുമാനപ്പെട്ട കോടതി ഓര്‍ക്കണം.
പക്ഷെ, എന്നും ഇതൊക്കെ കാണാന്‍ മലയാളിക്ക് ഭാഗ്യമില്ലാതെപോയി. ഇടപ്പള്ളിത്തോട് ശാന്തമായി ഒഴുകാഞ്ഞിട്ടല്ല. പിന്നെയെന്താണ് കാരണമെന്ന് അറിയില്ല. മറുനാടന്‍ മുതലാളിമാര്‍ നിനവില്‍ വരുമ്പോള്‍ നമ്മുടെ ചില സഖാക്കള്‍ക്ക് പതിവായി ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍. പെറ്റി ബ്വൂര്‍ഷ്വാസിയുമായുള്ള വിശാലസഖ്യം സാര്‍വദേശീയ മുതലാളിത്തത്തെ ചെറുക്കാന്‍ ആന്തരികമായി സ്വയം ശ്രമിക്കുന്നതാണോ എന്നുമറിയില്ല. മലയാളി മുതലാളിമാരുടെ മുന്നിലേ ഇവര്‍ പരസ്യമായി കവാത്ത് മറക്കാറുള്ളൂ. യുവര്‍ ഓണര്‍..വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി താങ്ങിതടുക്കിട്ട് കൊണ്ടുവന്ന ഗുജറാത്തുകാരനായ ശതകോടീശ്വരന്‍, എന്റെ കക്ഷി മിസ്റ്റര്‍ അദാനിയോട് ഇവരിപ്പോള്‍ കാണിക്കുന്ന ഈ വെറുപ്പ് ഫെഡറലിസത്തിന്റെ സ്പിരിറ്റിന് എതിരാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധവും.
ബാങ്കുകളുടെ പണത്തില്‍ ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിങ്ങനെ ഷഡ്കര്‍മങ്ങളും ചെയ്ത് പുരാണങ്ങളില്‍പ്പറയുന്ന പോലെ അലൗകികശക്തിയായ മോദിയുടെ മേല്‍ അശ്വാരുഢയന്ത്രം ജപിച്ചുകെട്ടി വശ്യപ്പെടുത്തി വളര്‍ന്നുവന്ന പൂമരമാണ് യുവര്‍ ഓണര്‍, എന്റെ കക്ഷി. വെറും പത്തിരുപത് വര്‍ഷംകൊണ്ട് 51,000 കോടി ആസ്തിയുള്ള വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത അഭിനവ ചക്രവര്‍ത്തി. ഒറ്റവര്‍ഷംകൊണ്ട് ആസ്തിയില്‍ 19,000 കോടി രൂപ കയറ്റാന്‍ കഴിഞ്ഞ ഇന്ത്യന്‍ കാഷ്ട്രിക് മാന്ത്രികന്‍. മൂന്ന് പതിറ്റാണ്ടുമുമ്പ് വെറും പ്ലാസ്റ്റിക് പൊടി ഇറക്കുമതിയില്‍ തുടങ്ങി പിന്നീട് രാജ്യത്ത് ഏറ്റവും വലിയ സ്വകാര്യ തുറമുഖക്കമ്പനിയുണ്ടാക്കി പണക്കാരെയെല്ലാം തവിടുപൊടിയാക്കുന്ന പാവപ്പെട്ട കോടീശ്വരന്‍! യുവര്‍ ഓണര്‍...ഇത്തരം കോടീശ്വരന്‍മാരെ ബഹുമാനിക്കാനുള്ള ഒരു സംസ്‌കാരം ഇന്നാട്ടില്‍ ഉണ്ടാകേണ്ടതുണ്ട്. പണമുണ്ടാക്കുന്നത് ഇത്രയ്ക്ക് വലിയ കുറ്റമാണോ? അല്ല. ആയിരുന്നെങ്കില്‍ മിസ്റ്റര്‍ അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കുള്ള യാത്രയില്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ ആണെന്ന് സഖാക്കള്‍ പറയുമായിരുന്നല്ലോ.
ഇത്രയും ഉയരത്തില്‍ നില്‍ക്കുമ്പോഴും...യുവര്‍ ഓണര്‍.. എന്ത് വിനയമാണ് എന്റെ കക്ഷി അവികസിത കുക്ഷികളോട് കാട്ടുന്നത്! വിഴിഞ്ഞത്തൊരു തുറമുഖം പണിതുതായോ എന്നപേക്ഷിച്ച് ഉമ്മന്‍ചാണ്ടി കാല്‍ക്കല്‍ വീണപ്പോള്‍ പരണത്തുവെച്ച ടെണ്ടര്‍ അദ്ദേഹം വീണ്ടും പൊടിതട്ടിയെടുത്തില്ലേ?
തുറമുഖം കെട്ടിപ്പൊക്കി, അന്താരാഷ്ട്ര കപ്പല്‍ച്ചാലിലൂടെ പോവുന്ന കപ്പലുകളെയെല്ലാം നല്ല ചാളപോലും കിട്ടാത്ത വിഴിഞ്ഞത്ത് കൊണ്ടുവന്ന്, ഈ കണ്ടെയ്‌നറുകളില്‍ വരുന്ന വികസനമെല്ലാം മലയാളിക്ക് വാരിക്കോരി കൊടുക്കാന്‍ അദ്ദേഹം ചോദിച്ചതോ 40 വര്‍ഷത്തെ ലൈസന്‍സും വെറും 1635 കോടിയും! ഇതില്‍ ഉമ്മന്‍ചാണ്ടിജിയും മാണിജിയും കൊടുക്കേണ്ടത് വെറും പാതി. മറുപാതി കൊടുക്കാന്‍ ജയ്റ്റ്‌ലിജിയും ഗഡ്കരിജിയും എന്നേ തയ്യാര്‍.
ബ്രാണ്ടി ഫയലില്‍ ഒപ്പിടാന്‍ ഒരു മന്ത്രിക്ക് അമ്പിളി സാക്ഷിയായി അഞ്ചുകോടി കിട്ടുന്ന ഇന്നാട്ടില്‍ അറനൂറ്റാണ്ടുകാലം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ സംപ്രേഷണ നിലയം നടത്താന്‍ എന്റെ കക്ഷി ചോദിച്ചത് വലിയ തുകയായിപ്പോയത്രെ.
നാണമില്ലല്ലോ ഇത് പറയാന്‍. മുല്ലപ്പെരിയാര്‍ ഒരു യുഗാബ്ദത്തേക്ക് പാട്ടത്തിന് കൊടുത്തവരുടെ പിന്‍മുറക്കാര്‍ക്കും 40 വര്‍ഷത്തെക്കുറിച്ച് ആലോചിക്കാനേവയ്യ. 30 ശതമാനം ഭൂമിയില്‍ എന്റെ കക്ഷി റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുമെന്നാണ് മറ്റൊരാക്ഷേപം. സ്മാര്‍്ട്‌സിറ്റിയില്‍ എത്രയാണ്...യുവര്‍ ഓണര്‍ റിയല്‍ എസ്റ്റേറ്റ്? പൊതുമേഖലാ പരിണയന്‍ വി.എസിന്റെ സ്മാര്‍ട്‌സിറ്റി കരാറുകണ്ട് നവലിബറല്‍ ഗായകന്‍ ഉമ്മന്‍ചാണ്ടിപോലും കരഞ്ഞുപോയില്ലേ. അന്നിവര്‍ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടിയുടെ പരിദേവനങ്ങളെ കഴുതക്കാമത്തോട് ഉപമിച്ചത് ബഹുമാനപ്പെട്ട ഈ കോടതി ഓര്‍ക്കുന്നുണ്ടാവും. വേമ്പനാട്ട് കായലില്‍ നല്ല എളമരത്തിന്റെ
തൂണുകളില്‍ സ്‌കൈസിറ്റി കെട്ടിപ്പടുക്കാന്‍ ഒരു യശോറാമിനെയുംകൊണ്ട് ഇവരില്‍ ചിലര്‍ നടന്നില്ലേ. ആറന്‍മുള വിമാനത്താവളത്തിന് സൂത്രത്തില്‍ അനുമതി ഒപ്പിച്ചില്ലേ..അതെല്ലാം ഈ കോടതിയുടെ മുന്നിലെ രേഖകളിലുണ്ട്.
എന്റെ കക്ഷി 'മുന്ദ്ര'യെന്ന പേരില്‍ തുറമുഖ കച്ചവടം നടത്തിയ കാലത്ത് ഇതേ ഇടതുമുന്നണിക്കാര്‍ പരവതാനി വിരിച്ച് ഇദ്ദേഹത്തെ വിഴിഞ്ഞത്തേക്ക് ആനയിച്ചിരുന്നല്ലോ. ഇപ്പോള്‍ അദാനിയെന്ന തല്‍സ്വരൂപത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്തിനാണീ തൊട്ടുകൂടായ്മ? അന്നും അദാനി മോദിയുടെ സൃഹൃത്തായിരുന്നു യുവര്‍ഓണര്‍, ഗോധ്രയിലെ വംശീയ കൊലപാതകങ്ങളില്‍ ലോകത്തിന് മുന്നില്‍ ഗുജറാത്തും മോദിയും നാണംകെട്ടുനിന്നപ്പോള്‍ 15,000 കോടി പമ്പ് ചെയ്തിറക്കി ഗുജറാത്തിനെ ഈ മഹാനുഭാവന്‍ വൈബ്രന്റാക്കിയത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ലേ. അന്ന് അദാനിയെ കേരളത്തിലെത്തിക്കാതെ ഇടതുപക്ഷത്തെ രക്ഷിച്ചത് സാക്ഷാല്‍ മിസ്റ്റര്‍ ചിദംബരമായിരുന്നല്ലോ. ആഭ്യന്ത്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹം മുന്ദ്രയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചില്ലായിരുന്നെങ്കില്‍ വിഴിഞ്ഞത്ത് എന്നേ കപ്പലു വന്നേനെ. ഇന്ന് അഴിമതിയില്‍ക്കുഴഞ്ഞുകിടക്കുന്ന യു.ഡി.എഫ്
സര്‍ക്കാരിനെ വൈബ്രന്റാക്കനും എന്റെകക്ഷിയുടെ പമ്പിങ് ധാരാളം മതിയാവും...യുവര്‍ ഓണര്‍.
ടെണ്ടറും പൊട്ടിച്ച്, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും തീരുമാനിച്ച് ദിവസങ്ങളെത്രയോ കഴിഞ്ഞാണ് യുവര്‍ ഓണര്‍ ...ഈ പ്രതിപക്ഷം കരാര്‍ ഡീറ്റെയില്‍സ് തപ്പിത്തുടങ്ങിയത്. അതുവരെ ഇവരെന്തേ മിണ്ടിയില്ല. തുറമുഖം അദാനിക്ക് കൊടുത്താല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പറയുന്നു. ഹോ എന്തൊരു തമാശ! ഭാവിയില്‍ ഭീകരവാദികള്‍ കണ്ടെയ്‌നറിലല്ലേ വരാന്‍പോവുന്നത്. മിസ്റ്റര്‍ യെച്ചൂരിയും ഇതാവര്‍ത്തിക്കുന്നത് കേട്ടു. കേരളക്കാര്യങ്ങള്‍ വി.എസിനോട് ചോദിച്ചാണ് യെച്ചൂരി മനസ്സിലാക്കുന്നത് എന്നതിന് ഇനിയും തെളിവ് വേണോ? കടല്‍ത്തീരത്തെക്കുറിച്ചോ തീരത്തെക്കുറിച്ചോ അവിടത്തെ പാവങ്ങളെപ്പറ്റിയോ നമ്മുടെ പച്ചക്കോടതിക്കുള്ള കണ്‍സേണ്‍പോലും ഈ ചുവപ്പന്‍മാര്‍ക്കില്ലല്ലോ. യുവര്‍ ഓണര്‍, മത്സ്യത്തൊഴിലാളികളും തൊഴിലാളികളല്ലേ?
യുവര്‍ ഓണര്‍...ഈ അറിവില്ലാപ്പൈതങ്ങളുടെ ജല്പനങ്ങള്‍ നിര്‍ത്താന്‍ ഈ കോടതി ഉത്തരവിടണം. ഇതുവരെ നടന്നതൊക്കെ പൊറുക്കാന്‍ എന്റ കക്ഷി തയ്യാറാണ്. ഇതൊക്കെക്കണ്ട് സമവായമില്ലെന്ന് പറഞ്ഞ് അദ്ദേഹം വിഴിഞ്ഞത്തേക്ക് വരാതിരിക്കില്ല. വായകളൊന്നും ഒരിക്കലും സമമാവില്ലെന്ന് എന്റെ കക്ഷിക്ക് നന്നായി അറിയാം. ഏതുവായയും കാലക്രമേണ അടഞ്ഞുകൊള്ളും. പോര്‍ട്ടിന്റെ ഉത്ഘാടനത്തിന് തേങ്ങയടിക്കാന്‍ വരേണ്ടവരാണ് ഇവര്‍. യുവര്‍ ഓണര്‍...വിഴിഞ്ഞത്ത് ഒരു തുറമുഖമില്ലാതെ ഇനി ഒരു നിമിഷംപോലും മലയാളിക്ക് ജീവിക്കാനാവില്ല. ഇതുവരെ കഴിഞ്ഞപോലല്ല. കൈയിലുള്ള കണ്ടെയ്‌നറുകള്‍ ഇനിയും കയറ്റി അയക്കാനാവാതെവന്നാല്‍...ഹോ! അതോര്‍ക്കാന്‍വയ്യ. പോര്‍ട്ടിനായി അവര്‍ എന്തും തരാന്‍ തയ്യാറാണ്. ആദ്യത്തെ കണ്ടെയനര്‍വെച്ച് അദാനി വിഴിഞ്ഞത്തെ അളന്നെടുത്തോട്ടെ എന്നാണവര്‍ പറയുന്നത്. രണ്ടാമത്തെ കണ്ടെയ്‌നറിന് തിരുവനന്തപുരം ജില്ല. മൂന്നാമത്തെ കണ്ടെയ്‌നറിന് കേരളം മുഴുവനായിക്കോട്ടെ.
നോട്ട് ദ പോയിന്റ്: കാനായി കുഞ്ഞിരാമന്‍ കോട്ടയത്തുണ്ടാക്കിയ ശില്പം ഉദ്ഘാടനം ചെയ്തിട്ടും കാണാന്‍ പോകാഞ്ഞത് എല്ലാവരുടെയും അറ്റന്‍ഷന്‍ തന്നിലായിപ്പോകുമെന്ന് ഭയന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മലമ്പുഴ യക്ഷിയെ വെല്ലുന്ന പുതുപ്പള്ളി യക്ഷന്‍. ആരും നോക്കിപ്പോവും!