SPECIAL NEWS
  Jun 27, 2015
ആറാട്ട് മുണ്ടന്‍: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍
അഡ്വ. ശനിയന്‍
ബഹുമാനപ്പെട്ട കോടതിയുടെ മുന്നില്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാനുണ്ട്. എന്റെ കക്ഷി ഇന്നേവരെ ഒരു താമാശ പറഞ്ഞതായോ അത് കേട്ട് കേരളത്തില്‍ ആരെങ്കിലും ചിരിച്ചതായോ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ എതിര്‍കക്ഷി അങ്ങനെയല്ല. കേരളത്തില്‍ ഇന്ന് ജിവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ കൊമേഡിയനാണ് മിസ്റ്റര്‍ അച്യുതാനന്ദന്‍



യുവര്‍ ഓണര്‍, ഏതു മുണ്ടനും ആറാട്ട് മുണ്ടനാണെന്ന് പറയുന്നത് മിന്നുന്നതെല്ലാം പൊന്നാണെന്നു പറയുന്നതുപോലെ അടിസ്ഥാന രഹിതമാണ്. ആറാട്ട് മുണ്ടനെന്നത് ചരിത്രപരമായ സംഗതിയാണ്. അതൊരു ജൈവാവസ്ഥയല്ല, വിധികല്പിതവുമല്ല. ഭരണപരമായ ഒരു നിയോഗം. ഒരുതരം ഉപകരണാവസ്ഥ.

നമുക്ക് തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് കണ്ണോടിക്കാം. ആറാട്ടിന് എഴുന്നള്ളുന്ന ആജാനുബാഹുവും ഐശ്വര്യറാവുമാരുമായ രാജാക്കന്‍മാര്‍ക്ക് കണ്ണേറു തട്ടാതിരിക്കാന്‍ ഘോഷയാത്രയുടെ മുന്നില്‍ ആളുകളെ ചിരിപ്പിച്ച് കടന്നുപോവുന്ന ശമ്പളമുള്ള കുള്ളന്‍മാരുണ്ടായിരുന്നു അന്നാട്ടില്‍. ഇവരായിരുന്നു ആറാട്ടുമുണ്ടന്‍മാര്‍. ഈ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന നോക്കുകുത്തികളായിരുന്നു.

ഒമ്പതുവര്‍ഷം നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന, യുദ്ധക്കൊതിയന്‍മാരായ അയല്‍ക്കാരെ വെറുപ്പിച്ച എന്റെ കക്ഷി മിസ്റ്റര്‍ ആന്റണി പൊക്കമില്ലായ്മയുടെ പൊക്കത്തിലാണന്നത് നേര്. എന്നുവെച്ച് അദ്ദേഹം മേപ്പടി ആറാട്ടുമുണ്ടനാവുന്നില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്.

ഒന്നാമതായി യുവര്‍ ഓണര്‍... അദ്ദേഹം രാജാവിന്റെ ശമ്പളക്കാരനല്ല. രാജാവിനുതുല്യനായ മന്ത്രിയായിരുന്നവനാണ്. 'ഭൂപോ വാ സചിവ' എന്നാണല്ലോ പ്രമാണം. രാജാവായില്ലെങ്കില്‍ മന്ത്രി. ഇന്നത്തെക്കാലത്ത് രണ്ടും ഒന്നും തന്നെ. മിസ്റ്റര്‍ അച്യുതാനന്ദന്‍ എന്റെ കക്ഷിയെ ഇങ്ങനെ ആക്ഷേപിക്കാനിടയായ സാഹചര്യം കൂടി പരിശോധിക്കണം. നാട്ടുരാജപ്രമുഖനായ ഉമ്മന്‍ചാണ്ടി കണ്ണേറു തടയാനല്ല, തനിക്ക് ഇതിനകം കിട്ടിയ ടണ്‍കണക്കിന് കണ്ണേറിന്റെ ദോഷം തീര്‍ക്കാന്‍ മിസ്റ്റര്‍ ആന്റണിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നുവേണം കരുതാന്‍.

മിസ്റ്റര്‍ പിണറായി വിജയനും കൂട്ടരും പാര്‍ട്ടിക്കുണ്ടാക്കിയ വലതുപക്ഷ വ്യതിയാനത്തിന്റെ ദോഷം തീര്‍ക്കാന്‍ മിസ്റ്റര്‍ അച്യുതാനന്ദന്റെ കാലുപിടിച്ച് അരുവിക്കരയിലെത്തിച്ചില്ലേ ചിലര്‍. സെയിം പ്രോസസ്.

യുവര്‍ഓണര്‍...ഇവിടെയാണ് എന്റെ രണ്ടാമത്തെ പോയിന്റ്. ഇരുവരും ചെയ്യുന്നത് ഒരേ പണിയാണെങ്കില്‍ അല്പം പൊക്കകുറവിന്റെ പേരില്‍ എന്റെ കക്ഷിയെ ഇങ്ങനെ അപമാനിക്കാമോ? ഇതേ ന്യായം പ്രയോഗിച്ചാല്‍ മിസ്റ്റര്‍ അച്യുതാനന്ദനും ആശയാടിസ്ഥാനത്തില്‍ ആറാട്ടുമുണ്ടന്‍ തന്നെയല്ലേ? പക്ഷെ, ഭൗതികാടിസ്ഥാനത്തില്‍ അത്ര മുണ്ടനല്ലാത്തതിനാല്‍ 'ആറാട്ടുപൊക്കന്‍' എന്ന് വൈരുധ്യാഷ്ഠിത നാമകരണം സ്വീകരിക്കേണ്ടിവരുമെന്ന് മാത്രം.

രണ്ടുപേരും രണ്ടുപാര്‍ട്ടിയിലാണെങ്കിലും ഒരേ റാങ്കിലാണ്. 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' എന്നതാണ് ഇന്ത്യാമഹാരാജ്യത്തിലെ പ്രതിരോധമന്ത്രിയായിരിക്കെ എന്റെ കക്ഷി സ്വീകരിച്ച ദര്‍ശനം. അത് എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ഈ കോടതി നിര്‍ദ്ദേശിക്കുകയും ഇരുവര്‍ക്കും ഒരേ പെന്‍ഷന്‍ കിട്ടുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

ബഹുമാനപ്പെട്ട കോടതിയുടെ മുന്നില്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാനുണ്ട്. എന്റെ കക്ഷി ഇന്നേവരെ ഒരു താമാശ പറഞ്ഞതായോ അത് കേട്ട് കേരളത്തില്‍ ആരെങ്കിലും ചിരിച്ചതായോ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ എതിര്‍കക്ഷി അങ്ങനെയല്ല. കേരളത്തില്‍ ഇന്ന് ജിവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ കൊമേഡിയനാണ് മിസ്റ്റര്‍ അച്യുതാനന്ദന്‍. അദ്ദേഹം വാ തുറന്നാല്‍ ജനം ചിരിച്ചു കണ്ണുതള്ളിപ്പോവും. അപ്പോള്‍ പ്രകടനപരമായി വിലയിരുത്തിയാലും എന്റെ കക്ഷിക്ക് ആറാട്ടുമുണ്ടന്റെ പണിയറിയില്ല. മിസ്റ്റര്‍ അച്യുതാനന്ദന്‍ ബാല്യത്തില്‍ കുറച്ചുനാള്‍ തുണിക്കടയില്‍ പണിയെടുത്തതായി കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം യുവര്‍ ഓണര്‍..അദ്ദേഹത്തിന് അളവുകളോട് ഈ മമത.

അഴിമതിയുടെ ഘോഷയാത്രയ്ക്ക് മുന്നേ നടക്കുന്നുവെന്നതാണ് എന്റെ കക്ഷിയെ ആറാട്ടുമുണ്ടെന്ന് അധിക്ഷേപിക്കാന്‍ കണ്ടെത്തിയിരിക്കുന്ന ന്യായം. യുവര്‍ ഓണര്‍...അങ്ങനെയാണെങ്കില്‍ത്തന്നെ എന്റെ കക്ഷി അരുവിക്കര തിരഞ്ഞെടുപ്പുകാലത്ത് തുടങ്ങിയതല്ല ഈ ശീലം. അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നകാലത്ത് എന്തെല്ലാം അഴിമതികളാണ് നമ്മള്‍ കേട്ടത്. അഗസ്റ്റ് വെറ്റ്‌ലാന്‍ഡ് ചോപ്പറുകളിലും ടട്രാ ട്രക്കുകളിലും ഇടപാടുകളിലെ നാറ്റക്കഥകള്‍ പാറിപ്പറന്നില്ലേ. ആദര്‍ശത്തില്‍ കുംഭകോണമില്ലാത്ത ഇദ്ദേഹത്തിന്റെ കാലത്തല്ലേ ആദര്‍ശ് ഫ് ളാറ്റില്‍ കുംഭകോണം നടന്നത്. അന്നും ഇതുപോലെ എന്റെ കക്ഷി ഘോഷയാത്രയക്ക് മുന്നേ തന്നെ നടക്കുകയായിരുന്നില്ലേ.

പിന്നെ അദ്ദേഹം രണ്ടാമനായി നടന്ന യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കുംഭമേളയാണല്ലോ നടന്നത്. യുവര്‍ ഓണര്‍, അന്നൊന്നും എന്റെ കക്ഷിയെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം ഇവരാരും ഉന്നയിച്ചിരുന്നില്ല. സാര്‍വത്രിക അഴിമതിയെന്ന ആശയത്തോടാണ് യുവര്‍ ഓണര്‍, എന്റെ കക്ഷിക്ക് എതിര്‍പ്പ്. അല്ലാതെ അന്നന്നുകാണുന്ന അഴിമതിക്കെതിരെ നിലകൊണ്ട് സമയം കളഞ്ഞാല്‍ അഴിമിതിയില്ലാത്ത ഭാവി ഉറപ്പാക്കാനാവില്ലെന്ന മഹത്തായ ദര്‍ശനമാണ് മിസ്റ്റര്‍ ആന്റണിയുടെ കൈമുതല്‍. അത് മനസ്സിലാക്കാന്‍ അഴിമതിയെന്ന് കേട്ടാല്‍ കോടതിയിലേക്ക് ഓടുന്നവര്‍ക്ക് കഴിയില്ല, യുവര്‍ ഓണര്‍.

എന്റെ കക്ഷി നാടിനുവേണ്ടി എന്തുചെയ്തുവെന്നാണ് എതിര്‍കക്ഷിയുടെ ചോദ്യം. മിസ്റ്റര്‍ ആന്റണിയുടെ വലിപ്പം മനസ്സിലാകാത്തതുകൊണ്ടാണ് യുവര്‍ ഓണര്‍, ഈ ചോദ്യം. ഒമ്പതുവര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നിട്ടും ഒരായുധംപോലും വാങ്ങാത്ത അദ്ദേഹത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിക്കുകയല്ലേ വേണ്ടത്?

എതിര്‍കക്ഷിയുടെ ഈ പരാമര്‍ശം ഉണ്ടാക്കിയ ഒരു സാമൂഹ്യപ്രശ്‌നത്തിലേക്ക് കൂടി ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇതോടെ കേരളത്തിലെ ന്യൂനപക്ഷംവരുന്ന പൊക്കംകുറഞ്ഞവര്‍ സങ്കടത്തിലാണ്. അവരെല്ലാം ആറാട്ട് മുണ്ടന്‍മാരാണെന്ന ഒരു ധാരണ പരന്നിട്ടുണ്ട്. അതുകൊണ്ട് ദാരിദ്ര്യമളക്കാന്‍ ദാരിദ്ര്യരേഖ എന്നതുപോലെ ആറാട്ടുമുണ്ടനും ഒരു മാനദണ്ഡം നിശ്ചയിക്കണം. ആറാട്ടുമുണ്ടന്‍ ലൈന്‍ (എ.എം.എല്‍). ഈ ലൈനിന് താഴെവരുന്നവരെ മാത്രമേ ആറാട്ടുമുണ്ടനായി പരിഗണിക്കാവൂ.

യുവര്‍ ഓണര്‍, മുണ്ടന്‍ എന്നത് അവഹേളനപരമായ ഒരു പദമാണ്. ഈ കേസ്സിന് അടിസ്ഥാനമായ പദമായതുകൊണ്ടാണ് ഞാനും അതുതന്നെ പ്രയോഗിക്കാന്‍ നിര്‍ബന്ധിതമായത്. ഇതിന് പൊളിറ്റിക്കലി കറക്ടായ ഒന്നോ അധിലധികമോ പദങ്ങള്‍കൂടി ഈ കോടതി നിര്‍ദ്ദേശിക്കണം. ശാരീരികാനുപാതത്തില്‍ വെല്ലുവിളി നേരിടുന്നവര്‍, ഉയരത്തില്‍ ഭിന്നശേഷിയുള്ളവര്‍... എന്നിങ്ങനെ ചില പദങ്ങള്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കട്ടെ. അവഹേളനം മാറ്റിയെടുത്തില്ലെങ്കില്‍ ആജാനുബാഹുക്കളല്ലാത്തവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ മടിക്കുന്ന കാലംവരും. കേരളരാഷ്ട്രീയം സുരേഷ് ഗോപിമാരെക്കൊണ്ട് നിറയും. ആറാട്ടുപൊക്കന്‍മാരെ മുട്ടി നടക്കാനാവാത്ത സ്ഥിതിയാവും.

നോട്ട് ദ പോയിന്റ് -
ലളിത് മോദിയുമായുള്ള ബന്ധം. മോദി സര്‍ക്കാര്‍ വെട്ടില്‍.
മോദി മോദിയേന ശാന്തി.
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -