യുവറോണര്‍, എന്റെ കക്ഷിയുടെ അനുഭവം ബഹുമാനപ്പെട്ട ഈ കോടതി കേള്‍ക്കണം. കഴിഞ്ഞ കുറെക്കാലമായി കോത്താഴം ഗ്രാമപ്പഞ്ചായത്തിലെ വികേന്ദ്രീകൃത ജനകീയാസൂത്രണത്തിന്റെ സുഖശീതള അന്തരീക്ഷം ആസ്വദിച്ച് കഴിയുകയായിരുന്നു അദ്ദേഹം. ഒരു ദിവസം പത്രം നോക്കിയപ്പോള്‍, കോത്താഴത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. മേലേ കോത്താഴവും കീഴെ കോത്താഴവും. 'കോണ്ടം തിയറി' കോത്താഴത്ത് എത്തിയിട്ടില്ലാത്തതിനാല്‍ 2011 ലെ കാനേഷുമാരിയില്‍ ഇവിടത്തെ ജനസംഖ്യ വന്‍തോതില്‍ കൂടിയെന്നും അതിനാല്‍ വിഭജനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞതായും വായിച്ചു.
ഇതില്‍ എന്റെ കക്ഷി ഉള്‍പ്പെടുന്ന മേലേ കോത്താഴത്തെ, വരാനിരിക്കുന്ന പോത്തുംകുഴി മുന്‍സിപ്പാലിറ്റിയിലേക്ക് ചേര്‍ത്തു. കീഴെ കോത്താഴത്തെ സ്വതന്ത്ര റിപ്പബ്ലിക്കായി നിലനിര്‍ത്തി. ചില വീടുകളുടെ വരാന്ത മേലേ കോത്താഴത്തും അടുക്കള കീഴെ കോത്താഴത്തും ആയിപ്പോയത് അബദ്ധമല്ല, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അടുത്തഘട്ടമാണെന്നും മന്ത്രി പറഞ്ഞു. എന്നിട്ടും പിന്നെ കാണുന്നത് കീഴെ കേത്താഴം ഉള്‍പ്പടെയുള്ള ന്യൂജനറേഷന്‍ ഗ്രാമപ്പഞ്ചായത്തുകളെ കോടതി തട്ടിക്കളയുന്നതാണ്.
പോത്തുംകുഴി മുന്‍സിപ്പാലിറ്റിയിലോ, ഇനിയും പാല് കാച്ചിയിട്ടില്ല. വാര്‍ഡ് കളം വരച്ചിട്ടുമില്ല. ഇതൊക്കെ ഉണ്ടാവുമോയെന്ന് സര്‍ക്കാരിനുതന്നെ സംശയവുമാണ്. മുന്‍സിപ്പാലിറ്റിയില്‍ പെട്ടുപോയതുകൊണ്ട് എന്റെ കക്ഷിയുടെ ബ്ലോക്കും ഇപ്പോള്‍ ബ്ലോക്ക്ഡ് ആണത്രെ. ഇനി ബഹുമാനപ്പെട്ട കോടതി പറയണം. എന്റെ കക്ഷി ഏത് തദ്ദേശ സ്ഥാപനത്തിലാണ്? അദ്ദേഹത്തിന്റെ പഞ്ചായത്ത്, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി എന്നിവ വ്യക്തമാക്കാന്‍ ബഹു മന്ത്രിമാരായ കെ.സി.ജോസഫിനും ഡോ.എം.കെ.മുനീറിനും മഞ്ഞളാംകുഴി അലി അവര്‍കള്‍ക്കും ബഹുമാനപ്പെട്ട കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കണം. അല്ലെങ്കില്‍ എന്റെ കക്ഷിയെ കോത്താഴത്ത് തന്നെ സ്‌റ്റേചെയ്യാന്‍ അനുവദിക്കണം.
യുവറോണര്‍, വാര്‍ഡ് വിഭജനത്തിലെ തോന്ന്യാസം കാരണം ഇങ്ങനെ ഏത് കോത്താഴത്തിലാണെന്ന് അറിയാത്ത ലക്ഷക്കണക്കിന് ജനം അനുഭവിക്കുന്ന അസ്തിത്വത്തിന്റെ അസ്‌കിത ബഹുമാനപ്പെട്ട കോടതി മനസ്സിലാക്കണം. അതിവേഗം ബഹുദൂരം ഓടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ അവസാനവര്‍ഷം കാലിന്നടിയിലെ മണ്ണ് ചോര്‍ത്തി ജനത്തെ ഇങ്ങനെ ഷല്‍ഗവ്യത്തിലാക്കുമെന്ന് വിചാരിച്ചില്ല.
നമ്മുടെ ചരിത്രം വിഭജനങ്ങളുടേത് കൂടിയാണ് എന്നത് മറന്നിട്ടല്ല, യുവറോണര്‍ ഇങ്ങനെ പറയുന്നത്. രാജാക്കന്‍മാരുടെ കാലത്ത് പടയോട്ടങ്ങളിലൂടെ വെട്ടിപ്പിടിക്കലും കൂട്ടിച്ചേര്‍ക്കലും വെട്ടിമുറിക്കലും ഒക്കെയായിരുന്നു പ്രധാന കലാപരിപാടികള്‍. സംഗതി തദ്ദേശ ഭരണമായിരുന്നെങ്കിലും അന്നതിനെ ഡീ ലിമിറ്റേഷന്‍ എന്നൊന്നും ആരും വിളിച്ചില്ലെന്നേയുള്ളൂ. പിന്നെ, ബംഗാള്‍ വിഭജനം, ഇന്ത്യാവിഭജനം എന്നിങ്ങനെ എന്തെല്ലാം വിഭജനങ്ങള്‍! ഇതിനൊക്കെ ശേഷം കേരളത്തിലെ വാര്‍ഡ് വിഭജനംപോലെ ഇത്രയും ലോകശ്രദ്ധ നേടിയ വേറൊരു വിഭജനമുണ്ടോ? വാര്‍ഡുകളൊക്കെ ചോരയൊലിച്ച് നില്‍ക്കുകയല്ലേ! പഞ്ചായത്തുകളില്‍നിന്ന് ഇല്ലാത്ത പഞ്ചായത്തുകളിലക്ക്, അവിടെ നിന്ന് ഇനിയും തുറന്നിട്ടില്ലാത്ത മുന്‍സിപ്പാലിറ്റിയിലേക്ക്, അവിടെനിന്ന് പണിതീരാത്ത കോര്‍പ്പറേഷനിലേക്ക് വോട്ടര്‍മാര്‍ പലായനം ചെയ്യുന്നു. ഈ അഭയാര്‍ത്ഥി പ്രവാഹമാണോ, യുവറോണര്‍, ഈ സര്‍ക്കാര്‍ മിഷന്‍ 676 ലൂടെ നാട്ടുകാര്‍ക്ക് നല്‍കിയ സംഭാവന?
തദ്ദേശസ്വയംഭരണത്തില്‍ വിഭജനം ഇപ്പോള്‍ തുടങ്ങിയതല്ല. ഈ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ വകുപ്പ് മൂന്നായി വെട്ടിമുറിച്ചില്ലേ. സംഗതി കുളമാകുന്നതിന്റെ ലക്ഷണം അന്നുതന്നെ ഒത്തതാണ്. ബ്ലോക്കിനൊരു മന്ത്രി. പഞ്ചായത്തിനൊരു മന്ത്രി. നഗരത്തിനൊരു മന്ത്രി. അഞ്ചാംമന്ത്രിക്ക് വകുപ്പ് കിട്ടാന്‍ തദ്ദേശഭരണത്തിന്റെ നെഞ്ചുകീറുകയായിരുന്നല്ലോ ഉത്തമമാര്‍ഗമായി കണ്ടത്. മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും തദ്ദേശവഞ്ചി തിരുനക്കരത്തന്നെ.
ബ്ലോക്ക് മന്ത്രിക്ക് എല്ലാം മതിയായ ലക്ഷണമാണ്. അദ്ദേഹം വാ തുറക്കുന്നില്ല. നഗര-ഗ്രാമ മന്ത്രിമാര്‍ വെട്ടിമുറിച്ചും ഒട്ടിച്ചും വെട്ടിപ്പിടിക്കാന്‍ പെടാപ്പാട് പെടുന്നു. സിംഗിള്‍ ബെഞ്ച് എതിരെ വിധിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ക്കൊണ്ടുപോയി ഉടന്‍ ശരിയാക്കിക്കളയുമെന്നായി. എല്ലാം നമ്മള്‍ വിചാരിക്കുമ്പോലെ നടക്കുമെന്ന തോന്നലിന് തിരിച്ചടിയായി ഡിവിഷന്‍ ബെഞ്ചും കൈവിട്ടപ്പോള്‍, കോടതിയില്‍ തോറ്റതിന് കമ്മീഷണറോട് കയര്‍ക്കുയാണ് യുവറോണര്‍...
വിധി സര്‍ക്കാരിന് എതിരെങ്കില്‍ ജഡ്ജി വന്നവഴി അന്വേഷിക്കുകയാണ് ഈ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രധാന ഹോബി. ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അവന്റെ ഭൂതകാലം അന്വേഷിക്കാന്‍ ഡിറ്റക്ടീവുകളെ വിട്ടുകളയും. മുന്‍ ജില്ലാ ജഡ്ജിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജാംബവാന്റെ കാലത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നാണ് ഈ മന്ത്രിമാരുടെ പാര്‍ട്ടിയായ മുസ്ലീംലീഗിന്റെ നേതാവ് പറയുന്നത്. അതും സി.പി.എം പിന്തുണച്ചത് മഹാ അപരാധമായിപ്പോയത്രെ. ആണെങ്കിലെന്ത്? ഇ.എം.എസിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പിന്നീട് സുപ്രീംകോടതിയിലെ ജഡ്ജി ആയില്ലേ. അദ്ദേഹത്തിന്റെ ചരിത്ര പ്രാധാന്യമുള്ള വിധികളെല്ലാം വന്നവഴി മനസ്സില്‍വെച്ചാണെന്ന് ഇവര്‍ പറയുമോ? ഇന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടില്ലേ? ഘടകകക്ഷികള്‍ പരിഭവം പറഞ്ഞാല്‍ മുണ്ടഴിച്ച് തലയില്‍ക്കെട്ടി ആങ്ങള ചെമയുന്ന മുഖ്യമന്ത്രിയെക്കുറിച്ച് എന്തുപറയാന്‍, യുവറോണര്‍...
'പ്രേമം' സിനിമയിലെ പ്രയോഗത്തെ അനുകരിച്ചാല്‍ ഡി.ജി.പിക്ക് ഇഷ്ടമാവില്ലെന്ന് അറിയാം. എന്നാലും വാര്‍ഡ് വിഭജനം 'കോണ്ട്ര'യായെന്ന് പറയാതിരിക്കാനാവില്ല, യുവറോണര്‍.....ഇനിയെങ്കിലും മുസ്ലീം ലീഗ് മൈന്‍ഡ്‌സെറ്റ് മാറ്റണം. ഈ പാര്‍ട്ടിയുടെ നിത്യഹരിത നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മൈന്‍ഡ്‌സെറ്റ് എന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്തത് എന്ന കാര്യം ബഹുമാനപ്പെട്ട കോടതിക്കും അറിവുള്ളതാണല്ലോ. അദ്ദേഹത്തിന്റെ ആഹ്വാനം നിരന്തരം കേട്ട് ജനങ്ങളെല്ലാം മൈന്‍ഡ്‌സെറ്റ് മാറ്റി. എന്തിന്, വി.എസ്.അച്യുതാനന്ദന്‍ പോലും അദാനി തൊട്ടപ്പോള്‍ നാണംകൊണ്ട് കൂമ്പിപ്പോയില്ലേ. എന്നിട്ടും ആ പാര്‍ട്ടിയുടെ മൈന്‍ഡ്‌സെറ്റ് മാറിയിട്ടില്ല. അല്ലെങ്കില്‍ മലപ്പുറത്തെ യോഗത്തിന്റെ പേരില്‍ വിഴിഞ്ഞം തുറമുഖക്കരാര്‍ ഒപ്പിടല്‍ അവര്‍ ബഹിഷ്‌കരിക്കുമോ? വിഴിഞ്ഞവും സ്മാര്‍ട് സിറ്റിപോലെ ഒരു വികസന പദ്ധതിയാണ് എന്നാണല്ലോ ജനത്തോട് പറഞ്ഞിരിക്കുന്നത്.
എന്തായാലും വാര്‍ഡ് വിഭജന കോലാഹലംകൊണ്ട് പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായ ഒരു നേട്ടമുണ്ടായി. അടുത്തകാലത്തൊന്നും അവര്‍ പറഞ്ഞത് ഇത്രത്തോളം ശരിയായിട്ടില്ല. പേടിക്കാനില്ല. തങ്ങളുടെ വിശ്വാസ്യത തങ്ങള്‍ക്കുതന്നെ തകര്‍ക്കണമെന്ന് വാശിയുള്ള കൂട്ടത്തിലാണ് അവര്‍. ആര്‍.ബാലകൃഷ്ണപിള്ള, പി.സി.ജോര്‍ജ് തുടങ്ങി ആരുമായും കൂട്ടുകൂടുന്ന ഒരു കാളികൂളി സംഘമായിട്ടായിരിക്കും ഇത്തവണ സി.പി.എം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് യുവറോണര്‍..
നോട്ട് ദ പോയിന്റ്: കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ആദ്യം തളിച്ച ഹെലികോപ്റ്ററില്‍ ഞാനും ഉണ്ടായിരുന്നു-മന്ത്രി കെ.ബാബു.
അങ്ങനെവരട്ടെ, പണ്ടേ, 'കീട' ത്തിന്റെ ആളാണല്ലേ.