യുവറോണര്‍, ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്നാണല്ലോ, ലാലിസത്തിന്റെ അടിസ്ഥാന പ്രമാണം. ഉയരം കൂടുന്തോറും നമ്മുടെ നാട്ടില്‍ വേറൊന്നുകൂടി സംഭവിക്കുന്നുണ്ട്. കൃഷിയുടെ നിര്‍വചനം മാറും. ഇടനാട്ടിലും തീരപ്രദേശത്തും നമ്മള്‍ കാണുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പാര്‍ട്ടിയാപ്പീസുകള്‍ ആതുരാലയ അറവുശാലകള്‍, വിദ്യാഭ്യാസ മാളുകള്‍, ആത്മീയ കൊള്ളസങ്കേതങ്ങള്‍ എന്നിവയെല്ലാം മലനാട്ടില്‍ എത്തുമ്പോള്‍ കൃഷിയാണ് യുവറോണര്‍, കൃഷി!
ഇമ്മാതിരി ഏര്‍പ്പാടുകളുടെ മൊത്തക്കച്ചവടക്കാരെല്ലാം അവിടെ കൃഷിക്കാരായാണ് യുവറോണര്‍, അറിയപ്പെടുന്നത്. കൈയേറിയതും കൈവശമാക്കിയതുമായ ഭൂമികളില്‍ വിലസുന്ന ഈ ബകാസുരന്‍മാര്‍ക്കെല്ലാം നേരത്തോട് നേരം പട്ടയവും പടച്ചോറും എത്തിക്കുന്നതും ഇവര്‍ക്ക് പനിപരത്തുന്ന ഗാഡ്ഗില്‍ കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതും ഭരണകൂടങ്ങളുടെയും ഈ കൂടാരത്തിലെത്താന്‍
കാത്തിരിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും കടമയാവുന്നു യുവറോണര്‍...
പണ്ടൊരു കുമാരന് കപിലവസ്തുവിലെ ബോധിമരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ജ്ഞാനോദയം ഉണ്ടായത് യുവറോണര്‍, അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. ആശയാകുന്ന പാശമതിങ്കേന്ന് ജനത്തെ ഊരിയെടുക്കാന്‍ ആ കുമാരന്‍ കൊട്ടാരം വിട്ടിറങ്ങി. അതുപോലെയാണ് പാശവകുപ്പ് കൈയിലുള്ള എന്റെ കക്ഷിക്ക് കോന്നിമരച്ചോട്ടിലെ മന്ത്രിക്കസേരയില്‍ ഇരുന്നപ്പോള്‍ ഉണ്ടായ ഭൂതോദയം. ഭൂമിയില്ലാത്തതാണ് ഈ ഭൂമിയിലെ എല്ലാ ദു:ഖത്തിനും കാരണം. ഭൂമിയില്ലാത്ത എല്ലാ ദരിദ്രവാസികള്‍ക്കും എത്രയും
വേഗം ഭൂമിയൊപ്പിച്ചുനല്‍കുക തന്റെ ദൗത്യമാക്കിയെടുത്തു യുവറോണര്‍ അദ്ദേഹം. ഇതിനായി തന്റെ കുറെ സെന്റുകള്‍ ത്യജിക്കുകയും
'ഭൂമിയില്ലാത്തവരില്ലാത്ത കേരളമില്ലാത്ത ഭൂഗോളം' പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു.
പാവപ്പെട്ടവര്‍ക്ക് വിനോദസഞ്ചാരത്തിന് കൂടി അവസരമൊരുക്കുന്ന ഒരു നൂതന പദ്ധതിയാണ് യുവറോണര്‍ ഇത്. ഈ പദ്ധതിയില്‍ ഭൂമിക്ക് അപേക്ഷിക്കുന്ന തിരുവനന്തപുരത്തുകാരനായ ഒരു പാവപ്പെട്ടവന് അങ്ങ് കാസര്‍കോട്ടായിരിക്കും മൂന്ന് സെന്റ് കിട്ടുക. അങ്കവും കാണാം താളിയുമൊടിക്കാം എന്നു പറഞ്ഞപോലെ ഭൂമിയും കിട്ടും നാടും കാണാം. എന്നാല്‍ പണക്കാര്‍ക്കോ, എവിടെ കൈയേറിയോ
അവിടത്തന്നെ ഭൂമി കിട്ടും. അവര്‍ക്ക് സൗജന്യ വിനോദസഞ്ചാരം അനുവദിച്ചിട്ടില്ല.
ഈ പദ്ധതി അങ്ങനെ മുന്നേറുന്ന വേളയിലാണ് യുവറോണര്‍, മറ്റൊരു ദു:ഖം എന്റെ കക്ഷിയുടെ മനസ്സിലെത്തുന്നത്. ഭൂമിയുണ്ടായിട്ടും അതിന്റെ രേഖയില്ലാത്തവന്റെ ദു:ഖം. പട്ടയോ ഇല്ലാത്ത ഇന്നാട്ടില്‍ പട്ടയമില്ലാത്തത് ഇരട്ടി ദു:ഖമാണ് യുവറോണര്‍....അത് ഒഴിവാക്കിയേ തീരൂ. അതുകൊണ്ടാണ് എന്റെ കക്ഷി ഉപാധിരഹിത പട്ടയമെന്ന ആശയം മുന്നോട്ടുവെച്ചത്. ഇന്ന് കൈയേറിയാല്‍ നാളെ പട്ടയം.
മനുഷ്യദു:ഖം മനസ്സിലാകാത്ത ഏതോ കുബുദ്ധി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന് 2005 എന്നൊരു കാലപരിധി എന്റെ കക്ഷി
നിശ്ചയിച്ചുപോയി. ഈ മഹനീയ ആശയം പുറംലോകമറിഞ്ഞ് അമേരിക്കയോ മറ്റോ കോപ്പിയടിച്ചാലോ എന്ന് പേടിച്ചുമാത്രമാണ് യുവറോണര്‍, അദ്ദേഹം ഇതൊരു പത്രസമ്മേളനം വിളിച്ച് പറയാത്തതും കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കാത്തതും.
നിയമത്തെ നിയമത്തിന്റെ വഴിക്കും കൈയേറ്റത്തെ കയ്യേറ്റത്തിന്റെ വഴിക്കും വിടുന്ന മുഖ്യന്റെ സകല പിന്തുണയും എന്റെ
കക്ഷിക്കുണ്ട്. സ്വന്തം കക്ഷികള്‍ക്കുവേണ്ടിമാത്രം ഇളവ് ആവശ്യപ്പെട്ട ചില സഹപ്രവര്‍ത്തകരും എല്ലാവരെയും ഒരുപോലെ തലോടുന്ന എന്റെ കക്ഷിയുടെ ഉദാരമനസ്‌കത കണ്ട് ഞെട്ടിപ്പോയി. മലയോരത്ത് ചെന്നാല്‍ ബിഷപ്പിന്റെ ചെലവില്‍ക്കഴിയുന്ന ഇടതുപക്ഷത്തിന്റെ നിശബ്ദ പ്രോത്സാഹനവും എന്റെ കക്ഷിക്കുണ്ട്. അല്ലെങ്കില്‍പ്പിന്നെ 65 ദിവസമായിട്ടും അദ്ദേഹമിറക്കിയ വിജ്ഞാപനം അവര്‍ കാണാതിരിക്കുമോ?
ഇത്രയും മനുഷ്യസ്‌നേഹിയായ, ആരുമെതിര്‍ക്കാത്ത എന്റെ കക്ഷിയെ വേട്ടയാടാന്‍ ആരാണ് യുവറോണര്‍ ഈ സതീശനും പ്രതാപനും? കാടും നിലവും സംരക്ഷിക്കാന്‍ സര്‍ക്കാരിന് വേണ്ടാത്ത അധികാരം ഇവര്‍ക്ക് ആരാണ് കൊടുത്തിരിക്കുന്നത്? ഇവരെന്താ സമാന്തരസര്‍ക്കാരാണോ? അവസരം നോക്കാതെ കുസൃതികള്‍ ഒപ്പിക്കുന്ന ഇവര്‍ കേരള രാഷ്ട്രീയത്തില്‍ ബോബനും മോളിയും കളിക്കുകയാണ്.
നാട്ടില്‍ കൊതുകു പെരുകാതിരിക്കാന്‍ നെല്‍വയലും നീര്‍ത്തടവും നികത്തുന്ന നിയമമുണ്ടാക്കിയാല്‍ അതിന് ഇവര്‍ സമ്മതിക്കില്ല.
ഉപഗ്രഹം വെച്ച് പടംപിടിച്ച് നെല്‍വയലുകളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കണമത്രെ. ഉപഗ്രഹം തന്നെ മുക്കാന്‍ ശേഷിയുള്ളവരോടാണ് ഇവരുടെ തമാശക്കളി. പശ്ചിമഘട്ടത്തിലെ കൃഷി സംരക്ഷിക്കാന്‍ അവിടെ വനമേ ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാലോ? അതിനും ഇവര്‍ സമ്മതിക്കില്ല. കേരളത്തിന്റെ ഭാവിക്ക് അപകടകാരികളായ ഇവരുടെ പ്രവര്‍ത്തനം ഇവിടെ നിരോധിക്കാനും വേണ്ടിവന്നാല്‍
നാടുകടത്താനും കോടതി തയ്യാറാകണം യുവറോണര്‍... പ്രകാശം പരത്തുന്ന തീരുമാനവുമായി മുന്നോട്ടുപോകാന്‍ എന്റെ കക്ഷിക്ക് ഉപാധിരഹിത സാഹചര്യവും ബഹുമാനപ്പെട്ട കോടതി ഉറപ്പാക്കണം.
നോട്ട് ദ പോയിന്റ്: സി.പി.എം കാന്തപുരം വിഭാഗവുമായി അടുക്കുന്നുവാര്‍ത്ത.
തിരുകേശത്തില്‍ എന്താണാവോ പുതിയ അടവുനയം?