SPECIAL NEWS
  Jul 18, 2015
കെ.ആര്‍.ഗൗരി ലയിക്കട്ടെ...

ബഹുമാനപ്പെട്ട കോടതിയുടെ സമ്മതത്തോടെ ഞാനിവിടെ പാരായണം ചെയ്യാന്‍ പോകുന്നത് ചുള്ളിക്കാട്ടെ ഒരു യുവകവി എഴുതിയ ഏതാനുംവരികളാണ്. '' മതി ഗൗരിയമ്മേ ,കൊടി താഴെവയ്ക്കാം/ ഒരു പട്ടുടക്കാം/ മുടിക്കെട്ടഴിക്കാം/ ഉടവാളെടുക്കാം/ കൊടുങ്ങല്ലൂര്‍ ചെന്നാല്‍ ഒരു കാവു തീണ്ടാം.' യുവറോണര്‍, തൊണ്ണൂറുകളില്‍ എന്റെ കക്ഷി സഖാവ് ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയപ്പോള്‍ ഇവിടത്തെ ചില ക്ഷുഭിത യൗവ്വനങ്ങള്‍ ഈ വരികള്‍ ഏറ്റുപാടിയിരുന്നു. എന്നാല്‍ ഇവരൊന്നും ആഗ്രഹിച്ചതുപോലെ എന്റെ കക്ഷി കൊടി താഴെവെച്ചില്ല. കലി തുള്ളി കൊടുങ്ങല്ലൂരെ അരാഷ്ട്രീയക്കാവില്‍ പോയില്ല. ഇടയ്‌ക്കൊന്ന് തളര്‍ന്നതും കരഞ്ഞതും വേറൊരു കൊടിപിടിച്ചതും സത്യം. അവരിതാ, സി.പി.എമ്മിന്റെ കാവ് തീണ്ടാന്‍ കോടിയേരിയുടെ കൈ പിടിച്ച് വീണ്ടും എത്തുന്നു.


യുവറോണര്‍, ഇങ്ങനെയും ചില സൈന്യങ്ങള്‍ ഉണ്ടെന്നവാദം തള്ളിക്കളയുന്നില്ല. അവര്‍ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തും. ആയുധങ്ങളെല്ലാം പാഴാക്കും. നില്‍ക്കക്കള്ളിയില്ലാതെ, ഒടുവില്‍ പഴകിയ ആയുധങ്ങളെ ആശ്രയിക്കും. എന്റെ കക്ഷി സഖാവ് ഗൗരിയമ്മയെ ലയിപ്പിക്കാന്‍ ഇപ്പോള്‍ സി.പി.എം തീരുമാനിച്ചത് കാണുമ്പോള്‍ അതാണ് ഓര്‍മവരുന്നതെന്ന് ചിലര്‍ പറയുന്നത് ശരിയല്ല. അവരുടെ ത്യാഗവും പാരമ്പര്യവുമൊന്നും തിരിച്ചറിയാനാകാതെ പോയവര്‍ പാപപരിഹാരാര്‍ത്ഥം അത് തിരിച്ചറിയുന്നു എന്നുമാത്രം കരുതിയാല്‍ മതി. ഇതൊന്നും മനസ്സിലാകാത്ത മൊയന്തന്‍മാര്‍ എന്തിന് തിരിച്ചുകൊണ്ടുവരണമെന്ന ചോദ്യം ഇപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ബംഗാളദേശത്ത്് സോമനാഥ ചാറ്റര്‍ജിയെ ലയിപ്പിക്കാനുള്ള ശ്രമത്തേയും ഇങ്ങനെവേണം കാണാന്‍. യുവറോണര്‍. പക്ഷെ, അവിടെ ഒരു പ്രശ്‌നമുണ്ട്. ലായനി നേര്‍ത്ത് നേര്‍ത്ത് പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന പരുവത്തിലാണ്. അതിനാല്‍ ലയനം ഇത്തിരിവൈകുമെന്ന് മാത്രം.

സ്വന്തം വെറ്ററന്‍സിനെ വെട്ടാന്‍ ഈ പാര്‍ട്ടി മുന്നിലാണ് യുവറോണര്‍...എത്രയോ ഉദാഹരണങ്ങള്‍. വേട്ടയാടുമ്പോള്‍ ഇവരുടെ സംഭാവനകളൊന്നും കണക്കിലെടുക്കില്ല. വിത്തെടുത്ത് കുത്താറാവുമ്പോഴാണ് വീണ്ടും കാരണോന്മാരെ ഓര്‍മവരുന്നത്. അവസാനം ഇവര്‍ പശ്ചാത്തപിക്കും. പക്ഷെ അപ്പോഴേക്കും വൈകിപ്പോകും. ഒരിക്കല്‍ പുറത്താക്കിയ നൃപന്‍ ചക്രവര്‍ത്തിയെ വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയത് ഓര്‍മയുണ്ടോ. താന്‍ വീണ്ടും പാര്‍ട്ടി അംഗമാണെന്ന്് അറിയുകപോലെ ചെയ്യാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. കേരളത്തിലും പരിഹാരക്രിയ തുടങ്ങിയിട്ടുണ്ട്. എം.വി.രാഘവന്റെ കാര്യത്തില്‍ ഇതിന് കൊതിച്ചെങ്കിലും നടന്നില്ല. ഓര്‍മശേഷി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ഇവര്‍ തിരിച്ചെടുത്തേനെ. പാര്‍ട്ടിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പോളിസിയുടെ ഭാഗമായി 90 കഴിഞ്ഞവര്‍ക്കെല്ലാം നല്ലകാലമാണ് യുവറോണര്‍. മിസ്റ്റര്‍ അച്യുതാനന്ദന് ഇനി പേടിക്കാനൊന്നും ഇല്ലെന്നാണോ ഇതില്‍നിന്ന് ജനം മനസ്സിലാക്കേണ്ടത്? പുറത്താക്കി 20 വര്‍ഷം കഴിഞ്ഞ് തിരിച്ചെടുക്കുക എന്ന നയം പ്രയോഗിക്കാന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇനി സമയമില്ല. അല്ലെങ്കില്‍ അദ്ദേഹം ഗാലപ്പഗോസിലെ ആമയാവണം.
അല്ല, ഒന്നു ചോദിക്കാനുണ്ട്. കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നേരത്തേ മനസ്സിലാക്കിയ സി.പി.ഐ ക്കാര്‍ പുനരേകീകരണം എന്നുപറഞ്ഞ് വന്നപ്പോള്‍ മിസ്റ്റര്‍ പിണറായി വിജയന്‍ എന്താ പറഞ്ഞത്? പിളര്‍പ്പിന് ആധാരമായ കാരണങ്ങള്‍ പരിഹരിക്കണമെന്ന്. അതേ തത്വം ഇവിടെ പാലിച്ചാല്‍ സഖാവ് ഗൗരിയമ്മയുമായി പിളരാന്‍ ഇടയായ കാരണങ്ങളെല്ലാം പരിഹരിച്ചോ? അതോ കാലം എല്ലാം പരിഹരിക്കുമെന്ന വിധിവാദത്തില്‍ വിപ്ലവ പാര്‍ട്ടിയും ആണ്ടുപോയോ? എന്തായിരുന്നു പിളര്‍പ്പിന് കാരണം? പാര്‍ട്ടി പിളര്‍ന്നതുപോലെ ജനകീയ ജനാധിപത്യവും ദേശീയ ജനാധിപത്യവും തമ്മിലുള്ള ഏറ്റമുട്ടലില്ല ഗൗരിയമ്മയെ തള്ളിയത്. 1987 ലെ തിരഞ്ഞെടുപ്പ് കാലത്ത് ''കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിക്കട്ടെ'' എന്ന് സി.പി.എം വിളിച്ചത് അന്ന് ഇവിടെ ഉണ്ടായിരുന്ന എല്ലാരും കേട്ടതാണ്. ജയിച്ചുകഴിഞ്ഞപ്പോഴോ, അങ്ങനെ വിളിച്ചിട്ടേയില്ല എന്നായി. പാലം കടന്നിട്ട് കൂരായണ ചൊല്ലിയപ്പോള്‍ രണ്ടുണ്ടായി നഷ്ടം. ഗൗരി മുഖ്യമന്ത്രിയായതുമില്ല. മണ്ഡരി കേറി കേരളം കേരരഹിതമാവുകയും ചെയ്തു. അന്ന് ചതിച്ചത് ഒരു തിരുമേനിയാണ്. അതുകൊണ്ടല്ലേ യുവറോണര്‍ , ചുള്ളിക്കാട്ടെ കവി ഇങ്ങനെയും പാടിയത് 'ഫലിതത്തിനെന്നും തിരുമേനി നല്ലൂ, കലഹത്തിനെന്നും അടിയാത്തി പോരും.'' എന്തായാലും എന്റെ കക്ഷി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അടിച്ചുതളിക്കാരിയായിട്ടാവില്ല തിരിച്ചുവരവെന്ന്്. നന്നായി. മിക്കവാറും ക്ഷണിതാവാകാനാണ് സാധ്യത. അതൊരു വലിയ പോസ്റ്റാണെന്ന് മി. പിണറായി അരുവിക്കര തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തമാക്കിയതാണല്ലോ.

എന്റെ കക്ഷി ആത്മകഥയുടെ ആമുഖത്തിലെഴുതിയത് ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിലുണ്ടാവും. 'കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടവര്‍ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന തത്വം. പിന്നെ എന്റെ കാര്യം അവര്‍ക്ക് ക്ഷമിക്കുവാന്‍ പറ്റുമോ? '' എങ്കിലും പാര്‍ട്ടി ക്ഷമിച്ചിരിക്കുന്നു ,യുവറോണര്‍. പിളര്‍പ്പിനാധാരമായ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെ തന്നെ 20 വര്‍ഷം പാര്‍ട്ടി തനിക്കുനേരെ നടത്തിയ ഭരണിപ്പാട്ട് എന്റെ കക്ഷിയും ക്ഷമിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇതൊരു തുടക്കമായി കരുതി സി.പി.ഐ യെക്കൂടി ലയിപ്പിക്കാനോ അല്ലെങ്കില്‍ സി.പി.ഐയില്‍ ലയിക്കാനോ അനുവദിച്ചൂടെ?

മി.കാനം രാജേന്ദ്രന്‍ പറഞ്ഞത് ശരിയാണ്, യുവറോണര്‍. 1964 ല്‍ സി.പി.ഐ വിട്ടവരാണ് ഇപ്പോഴത്തെ സി.പി.എമ്മുകാര്‍. അപ്പോള്‍ ലായനി പദവി അവര്‍ക്ക് തന്നെ കിട്ടണം.അങ്ങോട്ടായലും ഇങ്ങോട്ടായാലും ഇനിയും ഈ ലയനത്തെ തടയുന്നത് നീതിക്കും ന്യായത്തിനും നിരക്കുന്നതല്ല. യുവറോണര്‍, ഇപ്പോള്‍ ഇവര്‍ തമ്മിലുള്ള ഏക തര്‍ക്കം മതനിരപേക്ഷത എന്നത് ന്യൂനപക്ഷ പ്രീണനമാണോ അല്ലയോ എന്നത് മാത്രമാണ്. മത നിരപേക്ഷ ഭൂരിപക്ഷ പ്രീണനമാണ് ഇരുവരുടെയും മനസ്സിലിരിപ്പ്. അതുകൊണ്ട് ഇവര്‍ക്ക് ഒന്നാകാവുന്നതേയുള്ളൂ. ശേഷിക്കുന്ന പ്രശനങ്ങള്‍ ഒരു പ്ലീനം കൊണ്ട് പരിഹരിക്കാവുന്നത് മാത്രം.

ഇനിയെങ്കിലും യോജിച്ചാല്‍ ,യുവറോണര്‍ ,ഇവര്‍ക്ക് ലേശം മെച്ചാന്‍ കിട്ടാന്‍ സാധ്യത കാണുന്നുണ്ട്. അല്ലെങ്കില്‍ കാര്യം പോക്കാണെന്ന് തോന്നുന്നു. പണ്ടൊക്കെ, ലാസ്റ്റ് ബസ് വീണ്ടും വീണ്ടും വരുമായിരുന്നു. ഇനി അങ്ങനെയല്ല. 2016 ലെ ലാസ്റ്റ് ബസ് പോയാല്‍ പോയതുതന്നെ. അത് കിട്ടിയില്ലെങ്കില്‍ ഏതെങ്കിലും പ്രമുഖ പ്രാന്തന്‍മാരുടെ ബൈഠക്കില്‍ച്ചെന്ന് കുറുവടി വീശി ഭൂരിപക്ഷ പ്രീണനം നടത്തേണ്ടിവരും. ഒന്നും ചെയ്യാതെ ഇവരിങ്ങനെ പകച്ചുനില്‍ക്കുന്നത് ,ഹോ എന്തൊരു ബോറ്്!

നോട്ട് ദ പോയിന്റ്
അച്ചേ ദിന്‍ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് അമിത് ഷാ.
ആറ് ദശവര്‍ഷം കാത്തവന് ഇനിയൊരു കല്‍നൂറ്റാണ്ട് വലിയ കാര്യമോ?
 




Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -