SPECIAL NEWS
  Jul 25, 2015
ശുംഭനോ വെറും സൃഗാലനോ..
അഡ്വ. ശനിയന്‍

യുവറോണര്‍, മുമ്പൊരു സഖാവ് ജഡ്ജിയെ ശുംഭനെന്ന് വിളിച്ചതിന് ബഹുമാനപ്പെട്ട കോടതി നാലാഴ്ച തടവിന് ശിക്ഷിച്ചു. അങ്ങേരോ, അതിന് നാടുനീളെ സ്വീകരണം വാങ്ങി. എന്താണ് യുവറോണര്‍, ശുംഭന്റെ അര്‍ത്ഥം? ശ്രീകണ്‌ഠേശ്വരം മിസറ്റര്‍ ജി.പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ.

യുവറോണര്‍, എന്റെ കൈയിലുള്ളത് എന്‍.ബി.എസിന്റെ ഇരുപത്തിരണ്ടാം പതിപ്പ്. പേജ് 1663. ഇടതുവശത്തെ അഞ്ചാമത്തെ എന്‍ട്രിയാണ് ശുംഭന്‍ എന്ന പദം. ശുംഭന്റെ സംസ്‌കൃത മൂലം ശുംഭ. എന്നുവെച്ചാല്‍ പ്രകാശിക്കുന്നത്. ശുംഭനോ ഒരു അസുരന്‍. നിശുംഭന്റെ സഹോദരന്‍. തപസ്സ് ചെയ്ത് ശിവനെ സമണ്‍ചെയ്ത് ദേവന്‍മാരെക്കാള്‍ ധനവും ബലവും നേടി. എങ്കിലും കൈയിലിരിപ്പ് മോശമായതിനാല്‍ ശുംഭനെയും നിശുംഭനെയും ദുര്‍ഗയ്ക്ക് നിഗ്രഹിക്കേണ്ടിവന്നു. എന്‍ട്രിയുടെ അവസാനം മൂഢന്‍, ഭോഷന്‍ എന്നൊക്കെ വേറെയും ചില അര്‍ത്ഥങ്ങള്‍ ഇതിന് കൊടുത്തിട്ടുണ്ടെന്നേയുള്ളൂ. താന്‍ അദ്യത്തെ അര്‍ത്ഥമാണ് ഉദ്ദേശിച്ചതെന്ന് ജയരാജന്‍ സഖാവ് പറഞ്ഞെങ്കിലും ബഹുമാനപ്പെട്ട കോടതി സംസ്‌കൃതമൂലമൊന്നും നോക്കിയില്ല. ഒടുവിലത്തെ അര്‍ത്ഥങ്ങളേ പരിഗണിച്ചുള്ളൂ.

എന്റെ കക്ഷി മിനിസ്റ്റര്‍ മിസ്റ്റര്‍ കെ.സി.ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറുക്കനെന്നോ മറ്റോ പോസ്റ്റിയത് ഇതിന് സമാനമാണെന്ന വാദവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സംസ്‌കൃതത്തില്‍ ഈ ജീവി സൃഗാലന്‍ എന്നറിയപ്പെടും. ശുംഭനെക്കാള്‍ സൃഗാലനാണ് കുഴപ്പം പിടിച്ചത് എന്നാണ് ഇവരുടെ വാദം. യുവറോണര്‍. മേല്‍പ്പറഞ്ഞ ശബ്ദതാരാവലി, പേജ് 630. എന്‍ട്രി പത്ത്. കുറുക്കന് എന്തെല്ലാം അര്‍ത്ഥങ്ങള്‍? കുറുനരി, ഊളന്‍, ക്രോഷ്ടാവ്, ഗോമായു, ലോമാശം, വഞ്ചകന്‍, സൃഗാലന്‍..അങ്ങനെ എന്തെല്ലാം.

ബഹുമാനപ്പെട്ട കോടതി ഇനിപ്പറയുന്നത് പ്രത്യേകം നോട്ട് ചെയ്യണം. ഇതേപേജില്‍ പതിനൊന്നാം എന്‍ട്രിയായി മറ്റൊരു കുറുക്കനുണ്ട്. അര്‍ത്ഥമെന്തെന്നോ കുറുക്കുന്നവന്‍, പാനിയുണ്ടാക്കുന്നവന്‍. എന്റെ കക്ഷി ഉദ്ദേശിച്ചത് അതാണ് സാര്‍...അത് മാത്രം. നീതി കുറുക്കുന്നവനാണ് ജഡ്ജി. ന്യായത്തിന്റെ പാനി ഉണ്ടാക്കി നീതിദേവതയുടെ ദാഹം ശമിപ്പിക്കുന്നവന്‍. ശുംഭന്റെ കാര്യത്തില്‍ അവസാന അര്‍ത്ഥങ്ങള്‍ പരിഗണിച്ചപോലെ കുറുക്കന്റെ കാര്യത്തിലും ഈ അവസാന അര്‍ത്ഥങ്ങള്‍ മാത്രം പരിഗണിക്കാന്‍ ബഹുമാനപ്പെട്ട കോടതി തയ്യാറാവണം.

ഇതേ ശബ്ദതാരാവലിയില്‍ പേജ് 1733 ല്‍ വലതുവശത്തെ എട്ടാം എന്‍ട്രിയായി സൃഗാലന്‍ എന്ന സംസ്‌കൃത പദമുണ്ട്. അര്‍ത്ഥം കുറുക്കന്‍. ചോര കുടിക്കുന്നവന്‍ എന്ന് വിശദീകരണം. ഏതൊരു ജഡ്ജിയും നീതിക്കുവേണ്ടി നിലപാട് എടുക്കുമ്പോള്‍ എന്താണ് യുവറോണര്‍, സംഭവിക്കുന്നത്? അനീതിയെ സംഹരിച്ച് അതിന്റെ ചോര കുടിക്കുകയല്ലേ? എന്റെ കക്ഷി ജഡ്ജിയെ പുകഴ്ത്തുകയായിരുന്നു എന്നതിന് ഇനിയും തെളിവ് വേണോ?

ബഹുമാനപ്പെട്ട കോടതി ഒരു കാര്യം മനസ്സിലാക്കണം. എന്റെ കക്ഷി ഇന്നാട്ടിലെ സാംസ്‌കാരിക മന്ത്രിയാണ്. സംസ്‌കാരത്തിന് നിരക്കാത്തതൊന്നും അദ്ദേഹം പറയില്ല. ചെയ്യുകയുമില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഏത് വാക്കിനും സാംസ്‌കാരികമായ അര്‍ത്ഥതലം ഉണ്ടാവുകയും ചെയ്യും. ഇനി കാട്ടുജന്തുവായ കുറുക്കനെയാണ് ഉദ്ദേശിച്ചതെന്ന് കരുതുക. എന്താണ് യുവറോണര്‍, കുറുക്കന്റെ സാംസ്‌കാരിക ബൗദ്ധിക വിവക്ഷകള്‍? മിത്തുകളില്‍ ഇതുപോലെ ബുദ്ധിമാനായ വേറൊരു ജീവിയെ കണ്ടെത്താനാവുമോ? പഞ്ചതന്ത്രത്തിലെ സൂപ്പര്‍സ്റ്റാറല്ലേ യുവറോണര്‍, ഈ കുറുക്കന്‍. ഭാരതീയ സാംസ്‌കാരിക സാഹിത്യചരിത്രത്തിലെ ഏക ബുദ്ധിജീവി!

ശുംഭനെന്ന് വിളിച്ച സഖാവ് മഹാപാരാധം ചെയ്‌തെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞപോലെ, ഈ മന്ത്രി കുറ്റംചെയ്‌തെന്ന് സഖാക്കന്‍മാര്‍ പറയുമെന്ന് തോന്നുന്നില്ല, യുവറോണര്‍...മിസ്റ്റര്‍ എം.എ.ബേബിയുടെ പ്രസംഗമൊക്കെ കേള്‍ക്കുന്ന ഇവര്‍ ശബ്ദതാരാവലി പതിവായി നോക്കുന്നവരാണ്. ഇവര്‍ക്ക് ആ അബദ്ധം പറ്റില്ല.

കുളത്തോട് കലഹിച്ച് ശൗചിക്കാതെ പോകുന്ന പോലെയാണ് കോടതിയോട് കലഹിച്ച് അഴിമതി തുടരുന്നതെന്ന് ചിലര്‍ പറയുന്നുണ്ട്. ഈ കലഹം പണ്ട് പി.സി.ജോര്‍ജിന്റെ പണിയായിരുന്നല്ലോ. ഇപ്പോള്‍ പി.സിയുടെ പണി ഒ.സിയും കെ.സിയും ഏറ്റെടുത്തോ എന്ന് ചോദിക്കുന്നവരുണ്ട്. പണിയൊന്നും ഇല്ലാതിരിക്കുന്ന പി.സിക്ക് ഇക്കാര്യത്തില്‍ പരിഭവമുണ്ടെങ്കില്‍ അത് നോക്കുകൂലി കൊടുത്ത് പരിഹരിക്കാവുന്നതേയുള്ളൂ, യുവറോണര്‍.

അതല്ല, ഇനി മാപ്പുപറഞ്ഞാല്‍ പ്രശ്‌നം തീരുമെങ്കില്‍ എന്റെ കക്ഷി അതിനും തയ്യാറാവും യുവറോണര്‍... ഒരു പാട് മാപ്പ് പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഗിന്നസ് ബുക്കില്‍ ഇതിന് വകുപ്പില്ലാത്തതിനാല്‍ റിക്കാര്‍ഡിട്ടില്ല എന്നേയുള്ളൂ. ലോക മലയാളസമ്മേളനത്തിന് സി.വി.രാമന്‍ പിള്ളക്കു പകരം സി.വി.രാമന്റെ പടം വെച്ചത് ഓര്‍മയില്ലേ? അന്ന് മാപ്പു പറച്ചില്‍ വിനോദമാക്കി മാപ്പു വകുപ്പിന്റെ മന്ത്രിയായി അദ്ദേഹം. 'സെല്ലുലോയിഡ്' സിനിമയില്‍ കെ.കരുണാകരനെ അപമാനിച്ചെന്നുപറഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചത് ഓര്‍മയില്ലേ? സിനിമ കാണാതെ നടത്തിയ ഈ പരാമര്‍ശവും ഒരനിഷ്ടവും കൂടാതെ പിന്‍വലിക്കാന്‍ വിശാലമനസ്‌കത കാട്ടി. അബദ്ധമോ, സുബദ്ധമോ എന്നതിലല്ല, യുവറോണര്‍ എന്റെ കക്ഷിയുടെ നോട്ടം. സര്‍ക്കാരിനെ കാക്കുക തന്റെ നാക്കിന്റെ നിയോഗമായി തിരിച്ചറിഞ്ഞ പ്രതിഭയാണ് അദ്ദേഹം. ഈ മാപ്പിന്റെ തോഴന് മാപ്പു നല്‍കിയാല്‍ ബഹുമാനപ്പെട്ട കോടതിയുടെ ഗ്രാഫ് ഉയരുകയേ ഉള്ളൂ.

പിന്നെ ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലം കൂടി ബഹുമാനപ്പെട്ട കോടതി വിലയിരുത്തണം. മുഖ്യമന്ത്രിയെ ഏതാണ്ട് അഴിമതിക്കാരനായി ചിത്രീകരിച്ചുവെന്നാണല്ലോ ആരോപണം. എന്താണ് യുവറോണര്‍ അഴിമതി? അത് വെറും ആപേക്ഷികം മാത്രം. ചതുരംഗം കളിക്കുമ്പോള്‍ എന്താ ചെയ്യുക? നമ്മള്‍ ഒരു കാലാളിനെ ഇറക്കുമ്പോള്‍ എതിരാളി വേറൊരു കാലാളിനെ ഇറക്കും. അതുപോലെ അവര്‍ ഒരു അഴിമതി ഇറക്കുമ്പോള്‍ നമ്മള്‍ വേറൊരു അഴിമതി ഇറക്കിക്കൊടുക്കണം. അത്രതന്നെ.

ഒരര്‍ത്ഥത്തില്‍ പെരുന്തച്ചന്റെ കുളംപോലെയാണ് അഴിമതി. അത് നോക്കുന്നവരുടെ കണ്ണിലാണ്. കോണ്‍ഗ്രസിന് വ്യാപം അഴിമതിയാണെങ്കില്‍ ബി.ജെ.പിക്ക് അത് അഴിമതിയല്ല. ലളിത് ഗേറ്റ് കോണ്‍ഗ്രസിന് അഴിമതിയാവുമ്പോള്‍ സരിതാ ഗേറ്റ് അവര്‍ക്ക് അഴിമതിയല്ല. ഇനി സി.പി.എമ്മിനാണെങ്കിലോ വ്യാപവും സോളാറും ഒരുമിച്ചുവന്നാല്‍ അവര്‍ കെണിയില്‍പ്പെട്ടതുതന്നെ. സോളാറിനെ കണ്ടില്ലെന്ന് നടിച്ചാല്‍ നാട്ടില്‍ നഷ്ടം. വ്യാപത്തെ എതിര്‍ത്തില്ലെങ്കിലോ, മതേതര പ്രതിച്ഛായ വ്യാപകമായി തകരും. ഹിന്ദുവര്‍ഗീയ ഫാഷിസത്തെ എതിര്‍ക്കാന്‍ സോളാറിനെ അനുകൂലിക്കേണ്ട ഗതികേടിലാണ് യുവറോണര്‍ അവര്‍ എത്തിപ്പെട്ടിരിക്കുന്നത്. ഏത് വഴിക്ക് നോക്കിയാലും ലാഭം എന്റെ കക്ഷികള്‍ക്ക് തന്നെ.

എന്റെ കക്ഷിയുടെ സര്‍ക്കാര്‍ നടത്തിയ ബാര്‍, സോളാര്‍ അഴിമതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമെന്ന് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. അതെത്രയും വേഗം ചര്‍ച്ചയ്‌ക്കെടുക്കണം. വ്യാപത്തില്‍ എത്ര മനുഷ്യരാണ് യുവറോണര്‍ കൊല്ലപ്പെട്ടത്? എന്റെ കക്ഷികളുടെ സോളാറിലോ? ആര്‍ക്കും ജലദോഷം പോലും ഉണ്ടായില്ല. പലരും സുഖത്തിന്റെ പരകോടിയില്‍ എത്തുകയും ചെയ്തു. യുവറോണര്‍, കാലം മാറുമ്പോള്‍ അഴിമതിയുടെ രീതിയും മാറണം. ഒരു തുള്ളി ചോരപോലും ചിന്താതെ, ഖജനാവിന് ഒരു രൂപയുടെ നഷ്ടംപോലും ഉണ്ടാക്കാതെ, ഒരു തെളിവുപോലും ശേഷിക്കാതെ എങ്ങനെ അഴിമതി നടത്താമെന്ന് ഈ ചര്‍ച്ചയിലൂടെ രാഷ്ട്രത്തിന് ബോധ്യപ്പെടട്ടെ. ചോര ചിന്താത്ത, അഹിംസാത്മകമായ ഈ അഴിമതിയുടെ വിജയകഥ രാജ്യമറിയാന്‍, പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിജീ അങ്ങാണ് മുന്‍കൈ എടുക്കേണ്ടത്.

നോട്ട് ദ പോയന്റ്:
കോളനി വാഴ്ചയ്ക്ക് ബ്രിട്ടന്‍ ഇന്ത്യയ്ക്ക് നഷ്ട പരിഹാരം നല്‍കണം-ശശി തരൂര്‍
തരൂരിന് വിയര്‍പ്പിന്റെ ഓഹരി കൊടുക്കാന്‍ മറക്കരുതേ.
 

Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -