SPECIAL NEWS
  Jul 04, 2015
മേക്ക് ഇന്‍ കണ്ണൂര്‍: ഒരു പത്തിനപരിപാടി
അഡ്വ. ശനിയന്‍

അരുവിക്കരിലെ ഘോഷയാത്രയില്‍ ആറാട്ട് മുണ്ടന്റെ ഫ് ളോട്ടിന് ഒന്നാം സമ്മാനം കിട്ടിയല്ലോ. ഇതിന് എന്റെ കക്ഷികളായ അവിടത്തെ പാവപ്പെട്ട വോട്ടര്‍മാരെ ഇങ്ങനെ അധിക്ഷേപിക്കണോ, യുവറോണര്‍?

അവരുടെ വിതണ്ഡവാദങ്ങള്‍ പൊളിക്കാന്‍ ഈയുള്ളവന്റെ ആവശ്യമൊന്നുമില്ല. യു.ഡി.എഫ് ജനത്തെ മദ്യം കൊടുത്ത് മയക്കി എന്നാണല്ലോ ആദ്യവാദം.

യുവറോണര്‍, ഭാര്യാമര്‍ദ്ദിനി, പുല്ലുമാന്തി എന്നൊക്കെ മദ്യങ്ങളുള്ളതായി കേട്ടിട്ടുണ്ട്. അടിച്ചാല്‍ കൈപ്പത്തിക്ക് മാത്രം വോട്ടിട്ടുപോവുന്ന 'കൈപ്പത്തീല്‍ക്കുത്തി'യും ഇറങ്ങിയിട്ടുണ്ടോ? അരുവിക്കരയില്‍ 60 ശതമാനവും സര്‍ക്കാരിനെതിരെ വോട്ടുചെയ്തതിനാല്‍ ധാര്‍മികമായി ജയിച്ചെന്നാണല്ലോ പ്രതിപക്ഷം പറയുന്നത്. അതും ഇവിടത്തെ ജനം ലക്കുകെട്ട് ചെയ്തതാണോ എന്നറിയണം. ഒരു വായില്‍ ഇതുരണ്ടും പറയുന്നത് തികഞ്ഞ വൈരുധ്യവാദമല്ലേ യുവറോണര്‍?

അരുവിക്കരയില്‍ പത്രങ്ങള്‍ക്ക് പ്രചാരമില്ല, അവര്‍ വാര്‍ത്താചാനലുകള്‍ കാണുന്നില്ല, അതുകൊണ്ട് ലോകവിവരമില്ല എന്നൊക്കെ പിന്നെയും വാദങ്ങള്‍. 1957 ല്‍ ലോകത്ത് ആദ്യമായി അധികാരം ബാലറ്റില്‍പ്പൊതിഞ്ഞ് സഖാക്കന്‍മാര്‍ക്ക് നല്‍കുമ്പോള്‍ എത്രയായിരുന്നു യുവറോണര്‍, കേരളത്തില്‍ പത്രങ്ങളുടെ പ്രാചാരം? അന്ന് ചാനലുകള്‍ ഉണ്ടായിരുന്നോ? 90 കഴിഞ്ഞ അമ്മിണിയമ്മച്ചിക്ക് എഴുതാന്‍ പത്താംതരം തുല്യതാപരീക്ഷ ഉണ്ടായിരുന്നോ? അന്നും അജ്ഞതകൊണ്ടാണോ യുവറോണര്‍, ഇന്നാട്ടുകാര്‍ സഖാക്കന്‍മാരെ വരിച്ചത്?

2011 ലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് മിസ്റ്റര്‍ രാജേട്ടന്‍ നേമത്ത് രണ്ടാംസ്ഥാനത്ത് എത്തിയല്ലോ. അവിടെനിന്ന് ജയിച്ച സഖാവ് ശിവന്‍കുട്ടിയെ പേടിച്ചാവും മതേതരത്വം നേമത്തൂന്ന് ഇനിയും ഓടിപ്പോകാത്തത്. ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിക്കോട്ടെ. സി.പി.എം തോല്‍ക്കാതിരിക്കണം. ഇതാണോ യുവറോണര്‍, മതേതരത്വത്തിന്റെ പുതിയ നിര്‍വചനം?

അടുത്ത തിരഞ്ഞെടുപ്പിലും മിസ്റ്റര്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജയിച്ചുപോയാല്‍ മലയാളികളെ ഇവര്‍ അപമാനിച്ച് കൊല്ലും .അതിന് വഴിവയ്ക്കാന്‍ പാടില്ല യുവറോണര്‍...ഇവര്‍ തോല്‍ക്കാതിരിക്കാന്‍ ഒരു പത്തിനപരിപാടി ഇവിടെ സജസ്റ്റ് ചെയ്യട്ടെ.

1. വേലിക്കകത്താശാന്റെ മിമിക്രി പണ്ടേപോലെ ഫലിക്കുന്നില്ല. അങ്ങേര്‍ക്കിനി ഒരു ബുക്കിങും നല്‍കരുത്. ക്ഷണിതാവായിപ്പോലും കലാകാരന്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തരുത്.

2. പകലന്തിയോളം അടിത്തട്ടില്‍ രാഷ്ട്രീയജോലി ചെയ്ത് ശീലമുള്ള, 'നാവടക്കൂ, പണിയെടുക്കൂ' എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരു പ്രതിക്രിയാവാദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണം.

3. ശരീരഭാഷ മാറ്റിയെടുക്കാന്‍ നേതാക്കളെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കണം. സര്‍ജറി താങ്ങാന്‍ പറ്റാത്തവര്‍ക്കായി ദുര്‍ഗുണപരിഹാര പാഠശാല തുടങ്ങണം.

4. സി.പി.ഐ. വിട്ടുവരുന്ന എല്ലാ പേയ്‌മെന്റ് നായന്‍മാരെയും സി.പി.എം. ജില്ലാക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. അവര്‍ക്കെല്ലാം സീറ്റും നല്‍കണം. അപ്പോള്‍ ചവിട്ടാതെ തന്നെ സി.പി.ഐ കൊഴിഞ്ഞുപോയ്‌ക്കൊള്ളും. വിജയവും ഉറപ്പാവും.

5. പഴയ അടുപ്പുകൂട്ടല്‍ സമരംപോലെ സംസ്ഥാനത്തെ എല്ലാ കലുങ്കുകള്‍ക്കടിയിലും പാറമടകളിലും ഒരേസമയം 'ബോംബ് കുഴയ്ക്കല്‍ സമരം' നടത്തണം. അത്യുഗ്രശേഷിയുള്ള നാടന്‍ബോംബു നിര്‍മാണത്തിനായി 'മേക് ഇന്‍ കണ്ണൂര്‍' നടപ്പാക്കണം. ഇതിനുള്ള സ്റ്റാര്‍ട്ടപ്പ് സംഭരംഭങ്ങളില്‍ രത്തന്‍ ടാറ്റ മാതൃകയില്‍ പാര്‍ട്ടിക്ക് തന്നെ നിക്ഷേപം നടത്താം.

6. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ആര്‍.ബാലകൃഷ്ണപിള്ള, പി.സി.ജോര്‍ജ്, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം. സരിത പെരുംകള്ളിയാണെന്ന് എല്ലാ യോഗത്തിലും ഗണേഷിനെക്കൊണ്ട് പ്രസംഗിപ്പിക്കണം. എത്ര നിര്‍ബന്ധിച്ചാലും പ്രേംനസീര്‍ ഷീലയെ വിളിച്ചപോലെ 'കൊച്ചുകള്ളി' എന്നേ ഗണേഷ് പറയൂ. അത് അനുവദിക്കരുത്.

7. നിയമസഭയില്‍ ചെയ്തതുപോലെ പാലായില്‍പ്പോയി മാണിസാറിന്റെ വീട് അടിച്ചുനിരത്താന്‍ ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ തുടങ്ങിയവര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. സാറിന്റെ വോട്ടെണ്ണല്‍ യന്ത്രം നിലത്തടിച്ച് പൊട്ടിക്കണം. കോഴപ്പണം പൊക്കി റബര്‍ വിലസ്ഥിരതാഫണ്ടിന് നല്‍കണം.

8. അദാനി ആദിയായ കോര്‍പ്പറേറ്റുകള്‍ പൊതുമുതല്‍ കൈയടക്കുന്നതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേറ്റുകളുടെ കീഴില്‍ പണിയെടുക്കുന്ന എല്ലാ മക്കളെയും തിരികെ വിളിക്കണം. അവര്‍ക്കെല്ലാം തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കണം. ലളിത ജീവിതം ഉറപ്പാക്കാന്‍ മക്കളുടെ രണ്ട് ഹാര്‍ലി ഡേവിസണ്‍ ബൈക്കിലൊന്ന് നിര്‍ധന യുവാക്കള്‍ക്ക് ദാനംചെയ്യണം.

9. ചവറെടുപ്പ് പാര്‍ട്ടി പരിപാടിയാക്കണം. യു.ഡി.എഫിനെ ജയിപ്പിക്കുന്ന മണ്ഡലത്തില്‍ നിന്ന് ചവറെടുക്കില്ലെന്ന് ഭീഷണിപ്പെടുത്തണം. പട്ടിപിടിത്തവും പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പ്ലീനം വിളിക്കണം.

10. തിരഞ്ഞെടുപ്പ് ദിവസം കണിച്ചുകുളങ്ങര അന്ത്യോഖ്യയുടെ കൈമുത്താന്‍ വിപ്ലവ ശുക്രനക്ഷത്രം മമ്മൂട്ടിയുടെ കാള്‍ഷീറ്റ് എങ്ങനെയെങ്കിലും സംഘടിപ്പിക്കണം.

യുവറോണര്‍, പാവപ്പെട്ട അരുവിക്കരയിലെ വോട്ടര്‍മാര്‍ക്കുവേണ്ടി ഒരഭ്യര്‍ത്ഥന കൂടി. അവരിപ്പോള്‍ ഒരു എം.എല്‍.എയെ പ്രസവിച്ചതേയുള്ളൂ. രണ്ടുമാസം കഴിഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് .അപ്പോള്‍ വാര്‍ഡ് മെംബര്‍മാരെ കൂട്ടത്തോടെ പ്രസവിക്കണം. എട്ടാംമാസത്തില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ്. മാസംതികയാതെ വീണ്ടും എം.എല്‍.എയെ പ്രസവിക്കണം. ഇതിനെല്ലാം പഴിയും കേള്‍ക്കണം. ഒരു ജനതയെ ഇങ്ങനെ പീഡിപ്പിക്കാമോ യുവറോണര്‍...ജനാധിപത്യത്തിന്റെ നിരന്തര പേറ്റുനോവില്‍നിന്ന് ഇവര്‍ക്കൊരു ഇടവേളവേണം.

അരുവിക്കരക്കാര്‍ കഴിഞ്ഞ കുറെ ദിവസം കണ്ടതെന്താണ് യുവറോണര്‍... രാവിലെ കണ്ണുതിരിമ്മി നോക്കുമ്പോള്‍ പിന്നാമ്പുറത്ത് ഒന്നാം സഖാവ് അടിത്തട്ടിലൂടെ നിശബ്ദമായി ഊളിയിടുന്നു. കപ്പയുണ്ടോ ഇച്ചിരി ചമ്മന്തിയെടുക്കാന്‍ എന്നുചോദിച്ച് സാക്ഷാല്‍ മുഖ്യമന്ത്രി വന്ന് തലയും ചൊറിഞ്ഞ് നില്‍ക്കുന്നു. ചെകുത്തനെപ്പേടിച്ച് ആണ്ടില്‍ രണ്ടുതവണ കടലില്‍ച്ചാടാന്‍ ഇവരെ നിര്‍ബന്ധിക്കരുതേ, യുവറോണര്‍..

നോട്ട് ദ പോയന്റ്:
തെരുവ് നായ്ക്കളെക്കൊല്ലാന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ യോഗം.
ഈ വിപ്പ് നായ്ക്കള്‍ക്കും ബാധകമോ?
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -