SPECIAL NEWS
  Aug 15, 2015
സ്വാതന്ത്ര്യം, മോദി മോഡല്‍
അഡ്വ.ശനിയന്‍

യുവറോണര്‍, കഴിഞ്ഞ 69 വര്‍ഷമായി സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രിമാര്‍ രാജ്യത്തിന് സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നു. ചര്‍വിത ചര്‍വണം. ഇതിലൊരു പുതുമ വരുത്താന്‍ എന്റെ കക്ഷിക്ക് മാത്രമാണ് സാധിക്കുന്നത്. സ്വാതന്ത്ര്യദിന സന്ദേശത്തിനായി ജനങ്ങളില്‍ നിന്ന് ആശയംതേടുന്നത് നല്ലൊരു ആശയമാണ്. ആശയങ്ങള്‍ വറ്റിയതുകൊണ്ടല്ല, ക്രൗഡ്പുള്ളറായ എന്റെ കക്ഷി ഈ ക്രൗഡ്‌സോഴ്‌സിങ് നടത്തുന്നത്. 'മന്‍ കീ ബാത്തി'ന്റെ അടുത്ത ഘട്ടമാണ് യുവറോണര്‍ ഈ 'ജന്‍ കീ ബാത്ത്'. പത്തുവര്‍ഷം ഒരു മിണ്ടാപ്രാണിയായ പ്രധാനമന്ത്രിയെ സഹിച്ച ഈ രാജ്യത്തിന് ഇങ്ങനെ പലതരം ബാത്തിന്റെ സദ്യതന്നെ ഒരുങ്ങുന്നത് എത്ര നന്നായി യുവറോണര്‍...സ്വാതന്ത്ര്യസമര കാലത്തിന് ശേഷം രാജ്യം ഇത്രയേറെ പ്രസംഗങ്ങള്‍ ഒരുമിച്ചു കേള്‍ക്കുന്നതും ഇതാദ്യമല്ലേ.

യുവറോണര്‍ , ഈ കോടതി പിരിയുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സ്വാതന്ത്ര്യദിന സന്ദേശം ചെങ്കോട്ടയില്‍ നിന്ന് ഒഴുകിപ്പരന്നുകഴിയും. എന്നാലും ചില ആശയങ്ങള്‍ മുന്നോട്ടുവെയ്‌ക്കേണ്ടത് ഇന്നാട്ടിലെ ഓരോ പൗരന്റെയും കടമയാകുന്നു. ഇത്തവണ അല്ലെങ്കില്‍ അടുത്തതവണ അദ്ദേഹം ഇത് പരിഗണിക്കാതിരിക്കില്ല. അല്പം വൈകിയാലും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് നാട്ടിനൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും.

നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ ആദ്യമായി നല്‍കാനുള്ള സജഷന്‍ ഇതാണ് യുവറോണര്‍... പ്രധാനമന്ത്രിയെക്കുറിച്ച് ന്യൂജനറേഷന്‍ പിള്ളാര്‍ക്കുള്ള ഏകപരാതി അദ്ദേഹത്തെ നാട്ടില്‍ കാണാറേയില്ല എന്നതാണ്. ഇതിന് ഒരേയൊരു പരിഹാരമേ നിര്‍ദ്ദേശിക്കാനുള്ളൂ. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവപോലുള്ള ദേശീയ ദിനങ്ങള്‍ മാസത്തില്‍ ഒന്നെങ്കിലും തീര്‍ച്ചയായും ഉറപ്പാക്കണം. കൂടുതല്‍ അവധികള്‍ കിട്ടാനാണ് ഈ നിര്‍ദ്ദേശമെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിന് വിദേശത്തെ ആരാധകരുടെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കാനും ഈ ദിവസങ്ങളിലെങ്കിലും ഈ രാജ്യത്ത് തങ്ങാനും ഇതല്ലാതെ വേറൊരു മാര്‍ഗം കാണുന്നില്ല. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ജന്‍ കീ ബാത്ത് നടത്താന്‍ ഇതുവഴി കൂടുതല്‍ ദിവസങ്ങള്‍ കിട്ടുകയുംചെയ്യും.

ഇങ്ങനെ പുതിയ ദേശീയദിനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നല്ലൊരു ചുവടുവയ്പായിരുന്നു യുവറോണര്‍..ലോകം മുഴുവന്‍ ശവാസനത്തിലാണ്ടുപോയ യോഗാദിനം. വാഗ്ചാതുരിക്കുപുറമെ, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ മെയ് വഴക്കം കൂടി ലോകത്തെ കാണിക്കാന്‍ യോഗാദിനം കൊണ്ട് കഴിഞ്ഞു. ബാബാ രാംദേവ് രാംലീലാ മൈതാനത്തില്‍ നടത്തിയ ബെല്ലിഡാന്‍സ് കഴിഞ്ഞാല്‍ ലോകം ശ്രദ്ധിച്ച പുണ്യപുരാണ ഭാരതീയ കലാപ്രകടനം ഇതായിരുന്നു യുവറോണര്‍... ഇത്തരത്തില്‍ മനസ്സും ശരീരവും ഇഴചേരുന്ന ദിനാചരണങ്ങള്‍ ആസൂത്രണം ചെയ്യുന്നതാവും ലോക ശ്രദ്ധ പിടിച്ചുപറ്റാനും നല്ലത്.

ഉദാഹരണത്തിന് വര്‍ഷത്തിലൊരു ദിവസം ഗോമാതാ ദിനമായി ആദരിക്കാം. അന്ന് രാജ്യത്തെ തിരഞ്ഞെടുത്ത പശുക്കളെ ഇന്ത്യാഗേറ്റില്‍ കൊണ്ടുകെട്ടാം. വയ്ക്ക് അവിടെ പുല്ലും വെള്ളവും നല്‍കാം. പ്രധാനമന്ത്രി നേരിട്ട് അന്ന് ഗോക്കളെ മേയ്ക്കട്ടെ. പശുക്കളുടെ പുണ്യം ലോകം അറിയട്ടെ. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഗ്‌ഡേവാറുടെ ചരമദിനമാണല്ലോ യോഗ ദിനമായി ഐക്യരാഷ്ട്ര സംഘടനപോലും യാദൃശ്ചികമായി കൊണ്ടാടിപ്പോയത്. ഇതിന് മുമ്പ് ഐക്യരാഷ്ട്ര സംഘടനയെ പറ്റിച്ചത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്.

ജനങ്ങളുടെ നിവേദനങ്ങള്‍ കൈയും കാലുംകൊണ്ട് ഒരുമിച്ച് വാങ്ങുന്നതാണ് നല്ല ഭരണമെന്ന് ഈ സംഘടനയെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം അവാര്‍ഡ് അടിച്ചുമാറ്റിയില്ലേ. ഹെഗ്‌ഡേവാര്‍ജീയുടെ ജന്‍മദിനം വേറൊരു ദേശീയ ദിനമാക്കാം. ഗോള്‍വര്‍ക്കറുടെ ചരമദിനമോ, ജന്‍മദിനമോ മറ്റൊന്നിനായി പരിഗണിക്കാം. എന്തിന് ഗോഡ്‌സെയ്ക്ക് നിത്യ സ്മാരകമായി അദ്ദേഹത്തിന്റെ ജന്‍മദിനമോ ചരമദിനമോ ഒറ്റയ്‌ക്കോ കൂട്ടായോ ദേശീയ ദിനങ്ങളാക്കാം. അദ്ദേഹം ഗാന്ധിജിയെ വെടിവെച്ചുകൊന്ന ദിനം ഇപ്പോള്‍ത്തന്നെ രക്തസാക്ഷി ദിനമാണല്ലോ.

കഴിഞ്ഞ ആഗസ്ത് 15 ന് ചെങ്കോട്ടയിലെ ആദ്യപ്രസംഗത്തില്‍ മോദി ഒരു കാര്യംകൂടി പറഞ്ഞിരുന്നു യുവറോണര്‍... പഴയ വീട് പുതുക്കാന്‍ ഒരുപാട് പണം ചെലവാകും. എത്ര പുതുക്കിയാലും സംതൃപ്തിയും കിട്ടില്ല. അതുകൊണ്ട് പഴയതെല്ലാം ഇടിച്ചുപൊളിച്ചിട്ട് പുതിയത് നിര്‍മിക്കുന്നതാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ച് നല്ലത്. ശരിയാണ്. അതിനാല്‍ ബാബറി മസ്ജിദ് തകര്‍ത്ത ദിവസം ഇത്തരത്തിലുള്ള രാഷ്ട്രപുനര്‍ നിര്‍മാണത്തിനുള്ള ദേശീയദിനമായി പ്രഖ്യാപിക്കാം.

ഇത്തരം ദിവസങ്ങളിലൊഴികെ എല്ലായിപ്പോഴും പ്രധാനമന്ത്രി വിദേശത്തായിരിക്കട്ടെ. രാജ്യത്തിന്റെ വികസനം ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞതായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്നത് കേട്ടു. ഈ നിരീക്ഷണം സത്യാണ് യുവറോണര്‍ .എന്നുവെച്ച് അദ്ദേഹം ഗ്രാമങ്ങളിലേക്ക് ധൃതിപിടിച്ച് ഇറങ്ങുകയൊന്നും വേണ്ട. ഇനിയും ഒരുപാട് സമയമുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ പത്തുവര്‍ഷം കഴിഞ്ഞും ഇതുപോലെതന്നെ ഉണ്ടാവും. പക്ഷെ, ലോക രാഷ്ട്രങ്ങളുടെ കാര്യം അങ്ങനെയല്ല. അവ പെട്ടെന്ന് മാറിപ്പോകും. ഇപ്പോള്‍ക്കണ്ടില്ലെങ്കില്‍ പലതും ഈ ഭൂമുഖത്ത് തന്നെ ഉണ്ടായെന്നുവരില്ല. അതുകൊണ്ട് അതൊക്കെ കാണുകയും അവിടങ്ങളില്‍ കഥാപ്രസംഗം നടത്തുകയുമാവണം യുവറോണര്‍, എന്റെ കക്ഷിയുടെ മുന്‍ഗണന.

ഗ്രാമീണ ഭാരതത്തിന്റെ വികസനത്തിന് എന്തെല്ലാം കുറുക്കുവഴികളുണ്ട്. ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്താല്‍ അവരതങ്ങ് വികസിപ്പിച്ചോളും. അല്ലെങ്കില്‍ വല്ല പോസ്‌കോയ്‌ക്കോ മറ്റോ ഖനനത്തിന് കൊടുത്താല്‍ അവര്‍ തോണ്ടി മാന്തി അശ്രീകരങ്ങളായ ഗ്രാമങ്ങളെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കും. ഇതിനൊക്കവേണം നമ്മള്‍ ശ്രമിക്കേണ്ടത്.

ഇനിയുമുണ്ട് യുവറോണര്‍ സജഷന്‍സ്. പിന്നിട്ടവര്‍ഷം ഗ്രാസ് റൂട്ട് ലെവലിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ പദ്ധതി ഘര്‍വാപ്പസിയാണ്. ഇതിന് ഭരണഘടനാ സാധുത നല്‍കണം. ഇത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പരിപാടിയാക്കണം. ദളിത് െ്രെകസ്തവ കോര്‍പ്പറേഷന്‍ എന്നൊക്കെ പറയുന്നപോലെ ഇവരുടെ ക്ഷേമത്തിനും സ്വയംതൊഴിലിനും വേണ്ടി വാപ്പസി ഹിന്ദു കോര്‍പ്പറേഷന്‍ രൂപവത്കരിക്കണം. ഇനിയും മടങ്ങാത്തവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിക്കണം.

രൂപയുടെ വില എത്രതവണയാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ ഇങ്ങനെ കാറ്റുപിടിക്കാന്‍ അനുവദിച്ചുകൂടാ. പദ്ധതിയേതര വരുമാനത്തിനായി ഒരു പ്രധാനപ്പെട്ട സജഷന്‍ മുന്നോട്ടുവെയ്ക്കുന്നു. അഹൈന്ദവര്‍ക്ക് സെസ് ഏര്‍പ്പെടുത്തുക. സെസ് തരാന്‍ വയ്യാത്തവര്‍ പാകിസ്ഥാനിലേക്കോ മറ്റോ പോട്ടെ. ഇനി എന്തെങ്കിലും ജീവകാരുണ്യ പരിപാടിയാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ അതിനുമുണ്ട് ഒരു സജഷന്‍. രാഹുല്‍ ഗാന്ധിയെന്ന പാവപ്പെട്ട യുവാവിനെ രാജ്യം ദത്തെടുക്കണം. കുറിപ്പില്ലാതെ പ്രസംഗിക്കാന്‍ കഴിയുന്ന ഒരു നേതാവായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ഒരു പരിശീലനം നല്‍കണം. പരീക്ഷയ്ക്കായി രാഹുല്‍ സോണിയയോട് ചോദിക്കേണ്ട പത്തുചോദ്യങ്ങള്‍ സുഷമാ സ്വരാജിനെവിട്ട് തയ്യാര്‍ ചെയ്യണം.

യുവറോണര്‍, മഹാഭാരതം സീരിയലില്‍ ധര്‍മപുത്രരായി അഭിനയിച്ചയാള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവി ആയതിന്റെ പുകില് ഇനിയും തീര്‍ന്നില്ല. പുരാണ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ സിനിമാലോകത്ത് മാത്രമായി തളച്ചിടരുത്. ശ്രീകൃഷ്ണനായി അഭിനയിച്ചയാള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും കിട്ടിയതായി കാണുന്നില്ല. അടുത്തതവണ അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചാലോ? ദക്ഷിണേന്ത്യയില്‍ പുരാണ കഥാപാത്രങ്ങളായി നിറഞ്ഞാടിയ ഒട്ടേറെ ബാലെ കലാകാരന്‍മാര്‍ അവശരായി കഴിയുന്നു. അവരില്‍ എണീറ്റ് നില്‍ക്കാന്‍ പറ്റുന്നവരെയൊക്കെ ഏതെങ്കിലും സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവരണം.

യുവറോണര്‍... ഇന്ത്യയിങ്ങനെ ഒരു പുണ്യപുരാണ സീരിയലായി ഇനിയുള്ള വര്‍ഷങ്ങളില്‍ തകര്‍ത്തോടട്ടെ.

നോട്ട് ദ പോയിന്റ്: പിണറായി അരുവിക്കരയില്‍ പ്രസംഗിക്കണമായിരുന്നുസി.പി.എം ആദ്യം ബ്രാന്‍ഡിയെ സംശയിച്ചു. ഇപ്പോഴിതാ സഖാവിനെയും.
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -