മൈക്കിനുമുന്നില്‍ നിവര്‍ന്നുനിന്ന് തല പുറകിലേക്ക് അല്പം ചരിച്ച് മേലേക്ക് നോക്കി മുഖം പരമാവധി വക്രീകരിച്ച് ശ്വാസം പിടിച്ച് ആസനം...ആ...സനം..ആ...സനം.....എന്നിങ്ങനെ മൂന്നുവട്ടം നീട്ടിവിളിച്ചുകൂവാം. ഇത് 'അച്യുതവദന വക്രാസനം' എന്നറിയപ്പെടും. ആള്‍ക്കൂട്ടത്തില്‍ രണ്ടുകൈയിലും വായിലും ഫയലുമായി നിന്ന് ആയിരം, അയ്യായിരം , പതിനായിരം എന്നിങ്ങനെ സംഖ്യകള്‍ രേഖപ്പെടുത്തുന്നത് 'സമ്പര്‍ക്ക ഉമ്മാസനം' അഥവാ 'ഫയല്‍ വേലായുധാസനം.' അങ്ങനെ ആസനങ്ങളുടെ ആവനാഴി ഒഴിയുന്നില്ല, യുവര്‍ ഓണര്‍
യുവര്‍ ഓണര്‍...സര്‍വശക്തനും ശത്രുദോഷപീഡകളില്‍ അചഞ്ചലനായി മരുവുന്നവനുമായ എന്റെ കക്ഷിയെപ്പറ്റി ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ ചില 'ക്ലൂ' മാത്രം നല്‍കുകയാണ്. അദ്ദേഹം പിണങ്ങാനുണ്ട്, പരിണയിക്കാനില്ല. റാലിയിലില്ല, എന്നാല്‍ റായിയിലുണ്ട്. അദ്ദേഹമിപ്പോള്‍ അടവിയിലല്ല, അരുവിയിലാണ്. എന്നാല്‍ വെള്ളത്തിലല്ല, കരയിലുമാണ്. അവിടെ കുടിയേറിപ്പാര്‍ത്തതൊന്നുമല്ല. ധ്യാനത്തിനുവന്നതാണ്. വിപസന ധ്യാനമല്ല. മുമ്പാരും കേട്ടിട്ടില്ലാത്ത ഒരുതരം വിലക്ഷണ ധ്യാനം. ഇന്നേവരെ ഒരു നേതാവും ചെയ്തിട്ടില്ലാത്തവിധം തിരഞ്ഞെടുപ്പ് സ്വരൂപത്തെ മാത്രം മുന്നില്‍ക്കണ്ടുള്ള കര്‍മോത്സുക ധ്യാനം. വോട്ടെടുപ്പ് നാളെയാണ്, നാളെ... എന്നമട്ടില്‍ മുന്‍കൂട്ടിയുള്ള മൗനപ്രചാരണം.
യുവര്‍ഓണര്‍, യോഗയുടെ കാലമായതുകൊണ്ട് പറയുകയാണ്. ഈ യോഗധ്യാന കിടുപിടികള്‍ പലതരമുണ്ട്. അതില്‍ ധ്യാനം പ്രധാനമായും രണ്ടുതരമാണെന്ന് കാണുന്നു. സഗുണ ധ്യാനവും നിര്‍ഗുണ ധ്യാനവും. സഗുണമെന്നാല്‍ മൂര്‍ത്തമാണ്. അതായത് കോണ്‍ക്രീറ്റ്. നിര്‍ഗുണം അമൂര്‍ത്തവും. അബ്‌സ്ട്രാക്ട്. നമ്മള്‍ ഭഗവാന്റെ പീലിത്തിരുമുടി ഉള്‍പ്പടെയുള്ള രൂപത്തെ മനസ്സില്‍ക്കണ്ട് ധ്യാനിച്ചാല്‍ അത് സഗുണ ധ്യാനം. അതല്ലാതെ, അകലെയെങ്ങോ ഉള്ള അമൂര്‍ത്ത ചൈതന്യത്തെ ധ്യാനിച്ചാല്‍ അത് നിര്‍ഗുണ ധ്യാനം.
പത്മാസനത്തിലിരിക്കുക. എന്നിട്ട് കണ്ണടച്ച് ഏതെങ്കിലും പ്രാപഞ്ചിക രൂപങ്ങളെ വിചാരിക്കുക. അത് സൂര്യനാവാം, ചന്ദ്രനാവാം, നദിയാവാം. അരുവിക്കരയില്‍ ഇരിക്കുമ്പോള്‍ അരുവിയെപ്പറ്റിയാവാം. ഈ നദി സഹ്യപര്‍വത സാനുക്കളില്‍ നിന്ന് ഉത്ഭവിച്ച് പനയ്‌ക്കോട് വഴി ക്ലിഫ്ഹൗസിലേക്ക് ഒഴുകുന്നുവെന്നും അടുത്ത മേയില്‍ ഇത് അവിടെ എത്തുമെന്നും വിചാരിക്കാം. എന്നിട്ട് കണ്ണടച്ച് ആ അനര്‍ഗള പ്രവാഹത്തിന്റെ കുളിര്‍ധാരയെ ധ്യാനിക്കാം. ഇത് സഗുണ ധ്യാനം.
ഇനി കടുത്ത ഹഠയോഗികള്‍ക്ക് നിര്‍ഗുണ ധ്യാനമാകാം. ഇക്കാണുന്ന സര്‍വ ചരാചരങ്ങള്‍ക്കും പിന്നില്‍ നിത്യനിയന്താതാവായ അച്യുതാനന്ദന്‍ എന്ന അബസ്്ട്രാക്ട് പ്രതിഭ വിലസുവെന്ന് വിചാരിച്ച് ധ്യാനിക്കാം. ഈ ധ്യാനത്തിന് പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ കണ്ണടയ്‌ക്കേണ്ടതില്ല. കണ്ണുതുറന്ന് തന്നെയിരിക്കണം. ധ്യാനത്തിന്റെ അവസാനം അച്യുതനല്ല, താന്‍തന്നെ ബ്രഹ്മനെന്ന് മനോമുകുരത്തില്‍ തെളിയും. ധ്യാനം കടുത്താല്‍ ഒന്നും മിണ്ടാനാകാത്ത അവസ്ഥയുണ്ടാവും. 'ധ്യാനമൂകന്‍' എന്നാണ് ഇത്തരക്കാര്‍ അറിയപ്പെടുക. മിണ്ടാട്ടമേ ഉണ്ടാവില്ല. ധ്യാനം തന്നെ ധ്യാനം. ഇതിനിടെ കൈയിലെ കമണ്ഡലു ആരെങ്കിലും അടിച്ചുമാറ്റിയാല്‍പ്പോലും അറിയില്ല, യുവര്‍ ഓണര്‍...
ഇതുകളെ ഇനി ആസനങ്ങളുടെ ആശയപരിസരത്തെ അടിസ്ഥാനമാക്കിയും ചിന്തിക്കാം. യുവര്‍ ഓണര്‍..എന്റെ കക്ഷി ഭാരതീയ യോഗ ഭണ്ഡാരത്തിന് സംഭാവന ചെയ്തിരിക്കുന്ന ഈ ആസനം 'മൂകഹഠ വിജയാസനം' എന്നറിയപ്പെടും. 'അച്യുത മുക്ത മോഹാസനം' എന്നും ചിലദിക്കില്‍ ഇതിന് പേരുണ്ട്. ഇന്റര്‍നാഷണല്‍ യോഗ ഡേ പ്രമാണിച്ച് ഇത്തരത്തില്‍ ആര്‍ക്കും പുതിയ യോഗമുറകള്‍ സംഭാവന ചെയ്യാവുന്നതേയുള്ളൂ, യുവര്‍ ഓണര്‍. മൈക്കിനുമുന്നില്‍ നിവര്‍ന്നുനിന്ന് തല പുറകിലേക്ക് അല്പം ചരിച്ച് മേലേക്ക് നോക്കി മുഖം പരമാവധി വക്രീകരിച്ച് ശ്വാസം പിടിച്ച് ആസനം...ആ...സനം..ആ...സനം.....എന്നിങ്ങനെ മൂന്നുവട്ടം നീട്ടിവിളിച്ചുകൂവാം. ഇത് 'അച്യുതവദന വക്രാസനം' എന്നറിയപ്പെടും. ആള്‍ക്കൂട്ടത്തില്‍ രണ്ടുകൈയിലും വായിലും ഫയലുമായി നിന്ന് ആയിരം, അയ്യായിരം , പതിനായിരം എന്നിങ്ങനെ സംഖ്യകള്‍ രേഖപ്പെടുത്തുന്നത് 'സമ്പര്‍ക്ക ഉമ്മാസനം' അഥവാ 'ഫയല്‍ വേലായുധാസനം.' അങ്ങനെ ആസനങ്ങളുടെ ആവനാഴി ഒഴിയുന്നില്ല, യുവര്‍ ഓണര്‍.
അതല്ല പോയന്റ്. ഐക്യരാഷ്ട്ര സംഘടനപോലും സര്‍ട്ടിഫൈ ചെയ്ത, ഭാരതീയ ദര്‍ശനപ്രകാരം ധ്യാനമൂകനാവാനുള്ള എന്റെ കക്ഷിയുടെ അവകാശം, യുവര്‍ ഓണര്‍, എന്തിനിവര്‍ മുടക്കണം? അദ്ദേഹം തിരഞ്ഞെടുപ്പ് പ്രാചാരണത്തിനിറങ്ങിയിട്ട് യോഗങ്ങളില്‍ സംസാരിക്കുന്നില്ല പോലും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ടോ, യോഗങ്ങളില്‍ സംസാരിക്കാത്തവരെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന്? ഭരണഘടനയിലുണ്ടോ, പീനല്‍കോഡിലുണ്ടോ, എന്തിന് 800 തികഞ്ഞ മാഗ്‌നാകാര്‍ട്ടയിലുണ്ടോ?
യുവര്‍ ഓണര്‍, ധ്യാനമൂകനായ എന്റെ കക്ഷിയുടെ വായ കുത്തിത്തുറക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ തികഞ്ഞ മാധ്യമരാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാവുന്നത് ഇവിടെയാണ്. അദ്ദേഹം മണ്‍വെട്ടിയെ മണ്‍വെട്ടിയെന്ന് വിളിക്കുന്നവനാണ്. അതുകൊണ്ടാണല്ലോ, ഇന്നലെവരെ കൂടെനിന്ന സഖാവ് രായ്ക്കുരാമാനം കൂറുമാറിയപ്പോള്‍ പരനാറിയെന്ന് വിളിച്ചത്. എന്താ തെറ്റ്? അതുകൊണ്ടാണോ യുവര്‍ ഓണര്‍.. ബേബി സഖാവിന് വോട്ടുകുറഞ്ഞത്. ആണെന്നു വിശ്വസിക്കാനാവില്ല. ഈയിടെയായി മലയാളിക്കൊരു സ്വഭാവമുണ്ട്. മത്സരിക്കാന്‍ ഈ വിഭാഗത്തില്‍പ്പെട്ടവരുണ്ടെങ്കില്‍ വോട്ട് അയാള്‍ക്കുതന്നെ. അങ്ങനെയില്ലെങ്കിലേ മറ്റ് ഓപ്ഷന്‍ നോക്കൂ. എന്റെ കക്ഷി 'ലോ, ലയാള്‍' പരനാറിയെന്ന് പറഞ്ഞപ്പോള്‍ ജനമങ്ങ് വിശ്വസിച്ചുപോയി. അതുപോലെ അരുവിക്കരയിലും അദ്ദേഹം 'പരനാറി പരാമര്‍ശനാസനം' നടത്തുമെന്ന് വിചാരിച്ചാണ് ചിലരിങ്ങനെ നിരന്തരം ശല്യം ചെയ്യുന്നത്. ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തില്‍ ഇടപെട്ട് മൗനിയാകാനുള്ള എന്റെ കക്ഷിയുടെ മൗലികാവകാശം ഉറപ്പാക്കണം. ഇങ്ങനെ പോയാല്‍ എന്റെ കക്ഷി വൈരാഗിയാകുമെന്നും ഭാവിയില്‍ 'മന്‍മോഹനാസന' ത്തില്‍ ആയിപ്പോകുമെന്നും ആശങ്കപ്പെടുന്ന ചിലരുണ്ട് . അതൊരിക്കലും ഉണ്ടാകില്ലെന്ന് യുവര്‍ ഓണര്‍....ഞാനീ ബഹുമാനപ്പെട്ട കോടതിക്ക് ഉറപ്പുതരുന്നു.
അരുവിക്കരയില്‍ എന്തെല്ലാം തിരഞ്ഞെടുപ്പ് വിഷയങ്ങളുണ്ട്, യുവര്‍ ഓണര്‍...അവിടത്തെ കമലമ്മയമ്മച്ചി മില്‍മാ പാലിന് 55 പൈസ വിലകൂട്ടി വാങ്ങുന്ന അത്യപരാധം ഒരു ചാനല്‍ പുറത്തുകൊണ്ടുവന്നില്ലേ? ഇവിടെ വീട്ടമ്മമാരുണ്ടാക്കുന്ന കൈമുറുക്കിന് പിരിമുറുക്കം അല്പം കൂട്ടിയാല്‍ അന്താരാഷ്ട്ര വിപണി അരുവിക്കരയിലെത്തില്ലേ? ആര്യനാട് ജംഗ്ഷനിലെ സഹദേവന്റെ തട്ടുകടയിലെ കോഴിത്തോരന് ലേശം ഉപ്പു കുറവല്ലേ? ഇരുപത്തിയഞ്ചാം തീയതി കഴിഞ്ഞാല്‍ ഇവിടത്തെ കപ്പയും കാന്താരിയും രാഷ്ട്രീയകേരളം മറന്നുപോവില്ലേ? എന്തിന് സരിതാംബയക്ക് തമ്പാനൂര്‍-തൃക്കാക്കര വഴി മുഖ്യമന്ത്രി കോടികള്‍ ദുരിതാശ്വാസം കൊടുത്ത കഥയും ഇപ്പോള്‍ നാട്ടില്‍പ്പാട്ടല്ലേ? ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനുപകരം എന്റെ കക്ഷിയുടെ വായ തുറപ്പിക്കാനാണ് ശ്രമമെങ്കില്‍ അവസാനം ഉണ്ണിക്കൃഷ്ണന്റെ വായടപ്പിക്കാന്‍ യശോദ നെട്ടോടമോടിയ സ്ഥിതിയാവുമെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.
നോട്ട് ദ പോയിന്റ് - ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ വിഷം തുപ്പുന്ന വര്‍ഗീയവാദി: വെള്ളാപ്പള്ളി.
ഇങ്ങനെ പറയാമോ? ആത്മാവിന്റെ അയല്‍ക്കാര്‍ തമ്മില്‍ ഒരു പരസ്പരധാരണയൊക്കെ വേണ്ടേ.