SPECIAL NEWS
  Sep 01, 2015
അക്കോബോയിലെ കൊളോസ്റ്റമിയും, വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങളും
ഡോ.സന്തോഷ് കുമാര്‍ എസ് എസ്‌
തെക്കന്‍ സുഡാനില്‍ സേവനത്തിന് പോയ മലയാളി ഡോക്ടര്‍ക്ക് തോക്കിന്‍മുനയില്‍ കഴിയേണ്ടി വന്നതിന്റെ അനുഭവക്കുറിപ്പ്


അക്കോബോ നദിക്കരയില്‍


അക്കോബോ ലോകത്തിന്റെ അങ്ങേ അറ്റത്താണ്. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിന്റേയും എത്തിയോപ്പിയയുടേയും മായുന്ന അതിരുകളില്‍ എവിടെയോ തളച്ചിടപെട്ട ഒരു അജ്ഞാതഭൂമി. ഇവിടേക്ക് റോഡുകളോ നടപ്പാതകളോ പോലും ഇല്ല. ഉറവ വറ്റാതെ ഒഴുകുന്ന അക്കോബോ നദി മാത്രമാണ് ജീവന്റെ കച്ചിതുരുമ്പ്. പട്ടിണിയും യുദ്ധവും ഇവിടത്തെ മുഖമുദ്രയാണ്. എവിടെ തിരിഞ്ഞാലും എ കെ 47 ഉം കൊക്കോകോളയും സുലഭം!

2013 ലെ രൂക്ഷമായ ആഭ്യന്തിര കലാഹം നടക്കുമ്പോള്‍ ആന്റണി വില്ല്യംസിന് 18 വയസ്സ്. എ കെ 47 ഉം പിടിച്ചുകൊണ്ട് അവന്‍ പോച്ചാലയിലെ വിപ്ലവഭൂമിയില്‍ വിമിതരോട് പടപൊരുതുമ്പോഴാണ്, അവന്റെ ഭാഗദേയം ഉറപ്പിച്ച വേടിയുണ്ട അവനിലൂടെ കയറി ഇറങ്ങിയത്. ഏതോ വിമിതപോരാളിയുടെ മറ്റൊരു എ കെ 47 നില്‍ നിന്ന് അലക്ഷ്യമായി പറന്നുയര്‍ന്ന്, പെട്ടന്ന് അതിന്റെ സഞ്ചാരപഥത്തിലെത്തിയ ആന്റണി വില്ല്യംസിന്റെ ചന്തിയും തുളച്ച് ,വന്‍കുടലിന്റെ ഒരു ഭാഗവും, ഗുദദ്വാര പേശികളും, ഒരു വൃഷണവും പറിച്ചെടുത്താണ് അതെങ്ങോ പോയ് മറഞ്ഞത്.

അക്കോബോയിലെ ആസ്പത്രി വാര്‍ഡ്


പോച്ചാലയില്‍നിന്ന് തലച്ചുമടായി ആന്റണിയെ അക്കോബൊയിലെ ആശുപത്രിയിലെത്തിച്ചു. റെഡ്‌ക്രോസിന്റെ ജനറല്‍ സര്‍ജന്‍ മുറിവു പരിശോധിക്കുമ്പോഴേക്കും, രക്തവും മലവും തളം കെട്ടി നിന്ന് മാരകമായ അണുബാധ തുടങ്ങിയിരുന്നു. വന്‍കുടലും, ഗുദദ്വാരത്തിന്റെ മസ്സിലുകളും ഇല്ലാത്തതുകൊണ്ട്കൊളോസ്റ്റമി മാത്രമാണ് വഴിയെന്ന് സര്‍ജന്‍ ആന്റണിയുടെ ബന്ധുക്കളോട് പറഞ്ഞു.അവരത് സമ്മതിക്കയും, സമ്മതപത്രത്തില്‍ ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. (മുറിഞ്ഞുപോയ വന്‍കുടലിന്റെ ഭാഗം വയറ്റിലൂടെ പുറത്തെടുത്ത്, അതുവഴി മല വിസ്സര്‍ജനം നടത്തിക്കുന്ന പ്രക്രിയയാണ് കൊളോസ്റ്റമി). അങ്ങനെ ആന്റണി വില്ല്യംസ് മരിച്ചില്ല. ഒരു ജീവന് സാധ്യമായ എല്ലാ നൂലിഴത്തുമ്പിലൂടെയും തൂങ്ങി അനിര്‍വചനീയമായ പ്രത്യാശയോടെ നിലനില്‍ക്കുന്ന ജീവന്റെ അപൂര്‍വ്വമായ നേര്‍കാഴ്ച്ച. മാസങ്ങളുടെ ചികില്‍സ കൊണ്ട് അണുബാധ കുറഞ്ഞു.

ചന്തിയിലെ വെടുയുണ്ട പാടുകള്‍ പതുക്കെ ഉണങ്ങി തുടങ്ങി. താല്കാലികമായി ഡിസ്ചാര്‍ജ് മേടിച്ച് നാട്ടിലെത്തിയപ്പോഴാണ് ആന്റണി ഞെട്ടിയത്. വയറ്റിലൂടെ മല വിസര്‍ജനം നടത്തുന്നകാമുകനെ കണ്ട് കുഴഞ്ഞു വീണ്, പ്രണയം അവസാനിപ്പിച്ച കാമുകിയാണ് ആദ്യം ഞെട്ടിച്ചത്. പിന്നെ അത്ഭുതജീവിയെപ്പോലെ തന്നെ നോക്കുന്ന നാട്ടുകാര്‍. എനിക്കൊരു കുഴപ്പവുമില്ല എന്ന് പറയുമ്പോഴും എന്തോ കുഴപ്പമുണ്ടെന്ന മട്ടില്‍ തന്നെ നോക്കുന്ന കൂട്ടുകാര്‍, എത്ര പശുകളെ കൊടുത്താലും കല്യാണം കഴിക്കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടികള്‍. അങ്ങനെ ആന്റണി വില്ല്യംസ് അക്കോബോയുടെ തീരാ വേദനയായി മാറുകയായിരുന്നു.

തോക്കിന്റെ സംസ്‌ക്കാരം


അക്കോബൊയില്‍ വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങള്‍ മരണത്തിലോ, നഷ്ടപ്പെടുന്ന കൈകാലുകളിലോ, ജീവച്ഛവങ്ങളിലോ മാത്രമേ അവസാനിച്ചിരുന്നുള്ളൂ. വയറ്റിലൂടെ കൊളോസ്റ്റമി ബാഗിലേക്ക് മലവിസര്‍ജനം നടത്തുന്ന 18 വയസുകാരനായ രാജ്യസ്‌നേഹിയെ അവര്‍ക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു. ആശുപത്രിയില്‍ വന്ന ഒരോ സര്‍ജനോടും അവര്‍ പലവുരു ആവശ്യപെട്ടു, മലദ്വാരം പഴയ സ്ഥാനത്ത് വച്ചുപിടിപ്പിക്കാന്‍. അത് നടക്കുന്ന സംഗതിയല്ലെന്ന് എല്ലാ സര്‍ജന്മാരും പറഞ്ഞു.

ഉഗാണ്ടയില്‍ നിന്നുവന്ന ഡോ. ജോണ്‍സണ്‍, ആന്റണിയുടെ പഴയ കേസ് ഷീറ്റുകളൊന്നും നോക്കിയില്ല. സാധാരണ ഒരു കോളോസ്റ്റമി ആകുമെന്നു കരുതി, താന്‍ അതൊക്കെ തിരികെ യഥാസ്ഥാനത്ത് വച്ചുപിടിപ്പിക്കാമെന്ന് ബന്ധുക്കളോട് പറഞ്ഞു. ഒപ്പറേഷന്‍ തിയറ്ററില്‍ കയറ്റി പരിശോധിച്ചപ്പോഴാണ്. സംഗതി കുഴപ്പമാണെന്ന് മനസിലായത്. വയറ്റിലൂടെ തന്നെ കൊളോസ്റ്റമി വച്ചുപിടിപ്പിച്ച് അദ്ദേഹം പുറത്ത് വന്നു. എന്നിട്ടദ്ദേഹം ബന്ധുക്കളെ വിളിച്ചൊരു കാര്യവും പറഞ്ഞു. ഇത് കുറച്ച് കൊബ്ലിക്കേറ്റഡ് ആയ കേസാണ്. നാളെ ഇന്ത്യയില്‍നിന്ന് ഒരു പ്രൊഫസര്‍ വരുന്നുണ്ട്. അദ്ദേഹം ഈ സര്‍ജറി ആന്റണിക്കുവേണ്ടി ചെയ്തു തരും.

അക്കോബോയിലെ കാഴ്ചകള്‍


ഖാര്‍ത്തൂമില്‍നിന്ന് ചരക്ക് കൊണ്ടുപോരുന്ന ഹെലികോപ്ടറില്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ച് ഞാന്‍ അക്കോബോയിലെ ചെളി നിറഞ്ഞ ഹെലിപാഡിലിറങ്ങുമ്പോള്‍, എന്നെ സ്വീകരിക്കാന്‍ ഡോ. ജോണ്‍സണ്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ആസ്പത്രിയിലെ അത്യാവശ്യം ചില കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഞാന്‍ വന്ന ഹെലികോപ്ടറില്‍ തന്നെ അദ്ദേഹം ഖാര്‍ത്തൂമിലേക്ക് തിരികെ പോയി. ആന്റണി വില്ല്യമിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

അടുത്ത ദിവസം റൗണ്ട്‌സ് എടുക്കാനായി ഞാന്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സ് നടത്തുന്ന അക്കോബോ കൗണ്ടി ആശുപത്രിയിലെത്തി. സര്‍ജിക്കല്‍ വാര്‍ഡ് നിറഞ്ഞ് കവിഞ്ഞിരുന്നു. മിക്കവരും മാസങ്ങളായി അവിടെ ചികില്‍സയില്‍ ഉണ്ടായിരുന്നവരായിരുന്നു. വാര്‍ഡില്‍ എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന ആന്റണിയെ കണ്ടെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. എല്ലുകള്‍ നന്നാക്കുന്ന ഓര്‍ത്തോപീഡിക് സര്‍ജന് കൊളോസ്റ്റമിയിലെന്ത് കാര്യം. കൊളോസ്റ്റമി കെയര്‍ നല്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ എല്ലൊടിഞ്ഞവരുടെ കാര്യംനോക്കി. ഓരോ ദിവസവും ഓരോ ആള്‍ ആന്റണിയെ കുറിച്ച് എന്നോട് അന്വേഷിക്കാന്‍ തുടങ്ങി. ആശുപത്രി സൂപ്രണ്ട് മുതല്‍ ഞങ്ങളുടെ ടീം മാനേജര്‍ വരെ ചൊദിച്ചപ്പോഴാണ് ഇതിലെന്തോ പന്തികേടുണ്ടെന്ന് എനിക്ക് തൊന്നിത്തുടങ്ങിയത്. പഴയ കേസ്ഷീറ്റുകള്‍ പരിശോധിച്ചപ്പോള്‍ കാര്യം പിടികിട്ടി. പക്ഷെ അപ്പോഴും ഡോ. ജോണ്‍സണ്‍ വച്ചിട്ടു പോയ പാര എനിക്ക് മനസിലായില്ല. ഉണങ്ങാത്ത വെടിയുണ്ട പാടുകളില്‍ തൊലിവെച്ച് പിടിപ്പിക്കാന്‍ ആന്റണിയെഒപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. സമ്മതപത്രം ഒപ്പിടാന്‍ വന്ന ആന്റണിയുടെ സഹോദരന്‍ വളരെ ഗൗരവത്തിലായിരുന്നു. എന്താണ് ചെയ്യാന്‍ പൊകുന്നതെന്ന് ചോദിച്ചു. തൊലി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ആണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ക്രുദ്ധനായി.

നോക്കൂ ഡോക്ടര്‍ നിങ്ങള്‍ ആന്റണിയുടെ മലദ്വാരം യഥാസ്ഥാനത്ത് മാറ്റി സ്ഥാപിക്കുമെന്ന്ഡോ ജോണ്‍സണ്‍ പറഞ്ഞിരുന്നല്ലോ, എന്നിട്ട് നിങ്ങളെന്താണ് അത് ചെയ്യാത്തത്. ആന്റണിക്ക് ആ ശസ്ത്രക്രിയ അല്ലാതെ വേറെ ഒന്നും വേണ്ട.

കൊളോസ്റ്റമി പഴയ രീതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വളരെ കാര്യകാരണ സഹിതം പറയാന്‍ തുടങ്ങി.

ലേഖകന്‍ ഉള്‍പ്പെട്ട സംഘം അക്കോബോയില്‍


എനിക്കിതൊന്നും കേള്‍ക്കണ്ടാ എന്നു പറഞ്ഞ് ആന്റണിയുടെ ചേട്ടന്‍ വളരെ ക്രുദ്ധനായി നിലത്ത് ആഞ്ഞ് ചവിട്ടി ഇറങ്ങിപ്പോയി. തൊലിവെച്ച് പിടിപ്പികാനുള്ള ശസ്ത്രക്രിയ ചെയ്യാതെ ഞാന്‍ ആന്റണിയെ വാര്‍ഡിലേക്കയച്ചു. അന്ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകാനൊരുങ്ങിയ ഞങ്ങളെ പത്ത് പതിനഞ്ച് തോക്കുധാരികള്‍ വളഞ്ഞു. അവര്‍ തോക്ക് ചൂണ്ടി പറഞ്ഞു.

ഡോക്ടര്‍... ആന്റണിയുടെ മലദ്വാരം യഥാസ്ഥാനത്ത് താങ്കള്‍ തിരിച്ച് വെച്ചുപിടിപ്പിക്കുമെന്ന് ജോണ്‍സണ്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് വരുന്ന താങ്കള്‍ക്ക് അതു ചെയ്യാനറിയാമെന്ന് ഞങ്ങള്‍ക്കറിയാം. താങ്കള്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അതു ചെയ്യാതെ താങ്കള്‍ ഇവിടുന്ന് ഇന്ത്യയിലേക്ക് പോകില്ല - അവര്‍ വളരെ ശാന്തരായിട്ടായിരുന്നു അത് പറഞ്ഞതെങ്കിലും അതിന്റെ പൊരുള്‍ ചാട്ടുള്ളിപോലെ എന്റെ നെഞ്ചിലേക്ക് കയറി. ഞാനൊരു ഊരാക്കുടുക്കിലാണ് അകപെട്ടിരിക്കുന്നതെന്ന് മനസിലായി.

അക്കോബോയിലെ കാഴ്ചകള്‍


എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ ഞങ്ങള്‍ ഒരു ടീം മീറ്റിംങ്ങ് നടത്തി. അവിടേക്ക് അക്കോബോയിലെ ആരോഗ്യവകുപ്പ് മന്ത്രിയും, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും കടന്നുവന്നു. അവരും വളരെ ഗൗരവമായി പറഞ്ഞു. ഡോക്ടര്‍.. നാടാകെ ആന്റണി വില്ല്യംസ് ആളിപടര്‍ന്നിരിക്കയാണ്. എല്ലാവരും ചര്‍ച്ചചെയ്യുന്നത് ആന്റണിയുടെ കൊളോസ്റ്റമിയെ കുറിച്ചും സ്ഥാനംതെറ്റിയ മലദ്വാരത്തെ കുറിച്ചും മാത്രം. പള്ളികളില്‍ ആന്റണിയുടെ ശസ്ത്രക്രിയ വിജയിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനകളും നടക്കുന്നു. നിങ്ങള്‍ക്ക് തിരിച്ച് പോകണമെങ്കില്‍ എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്തി ആന്റണിയുടെ മലദ്വാരം യഥാസ്ഥാനത്ത് ഫിറ്റ് ചെയ്യണം. നിങ്ങള്‍ക്ക് മുന്‍പില്‍ വേറെ വഴികളൊന്നുമില്ല.

ഞാനൊരു എല്ലു രോഗ വിദഗ്ധനാണെന്നും, കൊളോസ്റ്റമിയെക്കുറിച്ച് എനികൊന്നുമറിയില്ലെന്നും അവരോട് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ലെന്ന് മാത്രമല്ല, അപ്പോള്‍ തന്നെ തോക്കെടുത്ത് ഞങ്ങളെയെല്ലാവരേയും തട്ടി കളയാനും മതി! ഇനി ഇതു വൈദ്യശാസ്ത്രത്തിന് സാധ്യമല്ലാത്ത കാര്യമാണെന്ന് വാദിച്ച് നോക്കിയിട്ടും കാര്യമില്ല. ഡോ.ജോണ്‍സണ്‍ ആ വഴിയും അടച്ചിട്ടാണ് പോയിരിക്കുന്നത്. അവസാനം ഇതെല്ലാം ഞങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അറിയിച്ചു. അക്കോബോയിലെ പരമോന്നത ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചു.രാജ്യത്തെ ഐക്യരാഷ്ട്രസഭയുടെഉന്നത ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ടതു മൂലം ഗവര്‍ണര്‍ ഒരു മീറ്റിങ്ങിന് സമ്മതിച്ചു. ഗവര്‍ണ്ണറുടെ ആപ്പീസിലെത്തി അദ്ദേഹത്തെ കണ്ടപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അദ്ദേഹത്തിനും കാര്യങ്ങള്‍ വ്യക്തമായി അറിയാം. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടതു കൊണ്ടുമാത്രം ഞാന്‍ ഒരു വിപുലമായ മീറ്റിങ്ങ് വിളിക്കാം. അവിടെ നമുക്ക് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് പറഞ്ഞു.

ലേഖകന്‍ അക്കോബോയില്‍


അങ്ങനെ ഒരു തിങ്കളാഴ്ച്ച ദിവസം, ആശുപത്രിയില്‍ വന്ന രോഗികളെയെല്ലാം കാത്തുനിര്‍ത്തിയിട്ട്, ഞങ്ങളെല്ലാവരും ഗവര്‍ണ്ണറുടെ ആപ്പീസിലേക്ക് തിരിച്ചു. രണ്ടു മുറികളുള്ള ഓല മേഞ്ഞ ഒരു വീടായിരുന്നു അത്. അതിന്റെ മുറ്റത്തെ മരത്തണലില്‍ എല്ലാവരുമുണ്ട്. പട്ടാളമേധാവികള്‍, വിവിധ മന്ത്രിമാര്‍, അന്റണിയുടെ കുടുംബം, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി അക്കോബോയിലെ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്. ചര്‍ച്ച വീക്ഷിക്കാനുമുണ്ട് ഏറെ ജനങ്ങള്‍. ഗവര്‍ണ്ണര്‍ യോഗം തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തിയ പ്രൊഫസ്സറുടെ അഭിപ്രായം കേള്‍ക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. എല്ലാവരും പ്രസംഗത്തില്‍ അത് ഊന്നി ഊന്നി പറഞ്ഞു. എല്ലാവരും ഒരുവട്ടം സംസാരിച്ച് എന്റെ ഊഴമെത്തി. ഞാന്‍ രണ്ടും കല്‍പ്പിച്ച് ജീവന്‍ മരണ പോരാട്ടത്തിന് ഒരുങ്ങി.അവിടെ ഇരുന്ന ബ്ലാക്ക്‌ബോര്‍ഡില്‍ ഗുദദ്വാരത്തിന്റേയും അതിലെ പേശികളുടേയും പടം വരച്ചു, പിന്നെ അതിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സിരാബന്ധങ്ങളും മറ്റും പ്രതിപാദിച്ചുകൊണ്ട് നടന്ന ഒരു മണിക്കൂര്‍ നീണ്ട ക്ലാസിനൊടുവില്‍ ഞാന്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം ലഭിക്കണമെന്നില്ല. മനുഷ്യശരീരത്തില്‍ വളരെ പ്രധാനപെട്ടതും, സങ്കീര്‍ണ്ണമായതുമായ ഒരു ഭാഗമാണ് ഗുദദ്വാരവും അതിനു ചുറ്റുമുള്ള വിവിധ തരം പേശികളും. അതൊക്കെ മാറ്റിവെയ്ക്കാന്‍ വേണ്ടി മാത്രം ആധുനികശാസ്ത്രം വളര്‍ന്നിട്ടില്ല. വന്‍കുടലില്‍ ക്യാന്‍സര്‍ ബാധിച്ച ലക്ഷോപലക്ഷം ജനങ്ങള്‍ ലോകമെമ്പാടും കൊളോസ്റ്റമി ബാഗുമായി ശിഷ്ടജീവതം ജീവിക്കുന്നുണ്ടെന്നും പറഞ്ഞു.

എന്റെ പ്രസംഗമൊന്നും ഏറ്റില്ല. ആരോഗ്യമന്ത്രി എണീറ്റ് നിന്ന് ഡോ.ജോണ്‍സണ്‍ നടത്തിയ വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞതോടെ ഞങ്ങളുടെ സ്ഥിതി വഷളായി. അന്തരീക്ഷം കലുഷിതമാവുകയാണ്. കേണല്‍ ജോഷുവ മൊറീറ്റോ എണീറ്റ് നിന്നു. 15 വയസ്സ് മുതല്‍ പല യുദ്ധങ്ങളില്‍ പങ്കെടുത്ത് എഴുപത്തിനാലം വയസിലും യുദ്ധം തുടരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശാന്തവും, ഗാംഭീര്യം നിറഞ്ഞതുമായിരുന്നു.

അക്കോബോ നദി


പ്രിയപെട്ട സുഹൃത്തുക്കളേ, എനിക്ക് പറയാനുള്ളത് ഏഴ് വര്‍ഷം മുന്‍മ്പുള്ള ഒരു കഥയാണ്. അന്ന് ഞങ്ങള്‍ ഖാര്‍ത്തൂമില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ നമ്മുടെ ജനറല്‍ റെയ്‌നോള്‍ടിന് വെടിയേറ്റു.അദ്ദേഹത്തിന്റെ വലതു കയ്യുടെ മുട്ടിന് മുകളിലൂടെവളരെ ചെറിയമുറിവുണ്ടാക്കി ആ വെടിയുണ്ട അവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഖാര്‍ത്തൂമിലെ സര്‍ജന്മാര്‍ പറഞ്ഞത് കൈ മുട്ടിന് മുകളില്‍വെച്ച് മുറിച്ചുകളയണമെന്നാണ്. ചെറുപ്പകാരനായ ജനറലിന്റെ കൈ മുറിക്കാന്‍ ഞങ്ങളാരും തയ്യാറായിരുന്നില്ല. പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഞങ്ങള്‍ അദ്ദേഹത്തെലണ്ടനിലെത്തിച്ചു. അവിടെ അവര്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും, രണ്ടാഴച്ച കഴിഞ്ഞപ്പോള്‍ അവരും പറഞ്ഞു കൈ മുറിച്ച് കളയണമെന്ന്. വളരെ ചിലവേറിയ ലണ്ടനിലെ ചികില്‍സ ഞങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. കയ്യില്‍ പണമില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ജനറലിനെ വീണ്ടും ഖാര്‍ത്തൂമിലേക്ക് കൊണ്ടുവരേണ്ടി വന്നു. അവിടെ കൈ മുറിച്ച് കളയണമെന്ന് പറഞ്ഞ സര്‍ജന്മാര്‍ തന്നെ അത് ചെയ്തുതന്നു.

കേണല്‍ ജോഷുവ മൊറീറ്റൊ തന്റെ പ്രസംഗം ഇങ്ങനെയാണ് അവസാനിപ്പിച്ചത് -

വെടിയുണ്ടകളുടെ സഞ്ചാരപഥങ്ങള്‍ നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അത് ഒരു ജീവതം കൊണ്ട് പറക്കും. മറ്റ് ചിലപ്പോള്‍ ആസഞ്ചാരപഥങ്ങളുടെ നേരിയ വ്യതിയാനം അത്ഭുതകരമായി ജീവിതം അവശേഷിപ്പിക്കുകയും ചെയ്യും. ഇതിനിടയില്‍ ചില ജീവിതങ്ങളെ ജീവച്ഛവങ്ങളാക്കി മാറ്റുവാനും അവയ്ക്ക് കഴിയും. ഏതായാലും വെടിയുണ്ടകള്‍ മനുഷ്യ ജീവിതത്തില്‍ മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിക്കും. ആ മുറിപ്പാടുകളോട് സമരസപ്പെടാനല്ലാതെ കലഹിച്ചിട്ട് കാര്യമില്ല.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
(ചിത്രങ്ങള്‍: ലേഖകന്‍)

(തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകന്‍, 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' ദക്ഷിണേഷ്യന്‍ മേഖലാ സെക്രട്ടറിയാണ്).
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -