
ബെംഗളൂരു: ധാര്‍വാഡില്‍ ഞായറാഴ്ച അജ്ഞാതരുടെ വെടിയേറ്റുമരിച്ച കന്നഡ എഴുത്തുകാരന്‍ പ്രൊഫ. എം.എം. കല്‍ബുര്‍ഗി നിലപാടുകളില്‍ സ്ഥൈര്യം പുലര്‍ത്തുകയും ഭീഷണികള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
ഇടതുചിന്താഗതിക്കാരനും യുക്തിവാദിയുമായിരുന്ന കല്‍ബുര്‍ഗി തന്റെ അഭിപ്രായങ്ങള്‍ സമൂഹവുമായി നിര്‍ഭയം പങ്കുവെച്ചിരുന്നു. വിഗ്രഹാരാധനയെ എതിര്‍ത്ത് കല്‍ബുര്‍ഗി നടത്തിയ പ്രസ്താവനകള്‍ തീവ്രഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പിനിടയാക്കി. സംസ്ഥാനവ്യാപകമായി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും അദ്ദേഹം അഭിപ്രായത്തില്‍ ഉറച്ചുനിന്നു. പലഭാഗങ്ങളില്‍നിന്ന് ഭീഷണിയുയര്‍ന്നപ്പോള്‍ ധാര്‍വാഡിലെ കല്യാണ്‍നഗറിലെ വീട്ടില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതാവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് പോലീസ് സംരക്ഷണം പിന്‍വലിച്ചതെന്ന് ബന്ധുവായ നാഗരാജ് എസ്. തിഗാഡി പറഞ്ഞു.
'ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് രണ്ടുപേര്‍ വാതിലില്‍ മുട്ടിയത്. കല്‍ബര്‍ഗിയുടെ ഭാര്യ വാതില്‍ തുറന്നപ്പോള്‍, പ്രൊഫസര്‍ എവിടെയെന്ന് ചോദിച്ചു. ഇതുകേട്ട് വാതിലിനടുത്തേക്ക് കല്‍ബുര്‍ഗി വന്നപ്പോള്‍ നെറ്റിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പുറത്തുനിര്‍ത്തിയിട്ട ബൈക്കില്‍കയറി അക്രമികള്‍ ഉടന്‍ രക്ഷപ്പെടുകയും ചെയ്തു' -തിഗാഡി പറഞ്ഞു.
അന്തരിച്ച ജ്ഞാനപീഠജേതാവ് യു.ആര്‍. അനന്തമൂര്‍ത്തിയുടെ നിലപാടുകളെ കല്‍ബുര്‍ഗി അനുകൂലിച്ചിരുന്നു. അനന്തമൂര്‍ത്തി 1996-ല്‍ പ്രസിദ്ധീകരിച്ച 'ബെട്ടാലെ പൂജെ യാകെ കഡാഡു' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് കല്‍ബുര്‍ഗി വിഗ്രഹാരാധനയെ വിമര്‍ശിച്ചതിന് ഹൈന്ദവസംഘടനാ പ്രവര്‍ത്തകന്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതിന് പോലീസില്‍ പരാതിനല്‍കിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, നിലപാടില്‍ മാറ്റംവരുത്താന്‍ അദ്ദേഹം തയ്യാറായില്ല. വിവിധസംഘടനകള്‍ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കല്‍ബുര്‍ഗിയുടെ വീടിനുനേരേയും ആക്രമണമുണ്ടായി.
സംസ്ഥാനത്തെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ സാഹിത്യകാരന്‍ വെടിയേറ്റുമരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല.
മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മാര്‍ജനസമിതി അധ്യക്ഷനായിരുന്ന ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ 2013 ആഗസ്തിലും സി.പി.ഐ. നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാര കഴിഞ്ഞ ഫിബ്രവരിയില്‍ പുണെയിലും കൊല്ലപ്പെട്ടതിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് കല്‍ബുര്‍ഗിയുടെ കൊലപാതകം.