ശ്രീനാരായണ ഗുരുവിനെ പൂര്‍ണമായി അറിയാനുള്ള ശ്രമമാണ് ആരംഭിക്കേണ്ടത്
മനുഷ്യന്‍ എത്രമാത്രം അടിമയായിരുന്നോ അത്രമാത്രം അടിമയായിരുന്നു ഈശ്വരനും. മനുഷ്യനെ സ്വതന്ത്രമാക്കുന്നതോടൊപ്പം ഈശ്വരനെയും ഗുരു സ്വതന്ത്രനാക്കിശ്രീനാരായണ ഗുരു ആരാണ് എന്ന ചോദ്യത്തിന് അനേകം ഉത്തരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗുരുവിന്റെ വൈവിധ്യമാര്‍ന്ന പ്രവൃത്തിമണ്ഡലത്തെ തങ്ങള്‍ക്കനുയോജ്യമായരീതിയില്‍ വിഭജിച്ചെടുത്ത് ഇതാണ് ഗുരു, ഇതല്ല ഗുരു എന്നിങ്ങനെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഗുരു ഒരു ഹിന്ദുസന്ന്യാസിയല്ലെന്ന് ഒരു വാദം, ഗുരു സാമൂഹിക പരിഷ്‌കര്‍ത്താവാണ് എന്ന് തീര്‍ച്ചപ്പെടുത്തല്‍, നായാടിമുതല്‍ നമ്പൂതിരി വരെയുള്ളവരെ ഐക്യപ്പെടുത്തിയ മഹാത്മാവ് എന്ന് ഒരു അഭിമാനം, ഒരു പ്രത്യേക വിഭാഗക്കാരുടെ ആത്മീയഗുരു എന്ന അറിവുകേട്... വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുവിന്റെ പ്രശസ്തമായ വചനം ഇവിടെ സ്മരിക്കട്ടെ. അതായത് ശ്രീനാരായണ ഗുരുവിനെ പൂര്‍ണമായി അറിയാനുള്ള ശ്രമമാണ് ആരംഭിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായി അനീതികള്‍ സഹിച്ച് ജാതിവ്യവസ്ഥകള്‍മൂലം നരകയാതനകള്‍ അനുഭവിച്ച ഒരു ജനതയെ കാരുണ്യത്തിന്റെ പ്രവാഹമായിവന്ന് കരകയറ്റിയ ഗുരുവിനെ ഈശ്വരനായി പ്രതിഷ്ഠിച്ച് പൂജചെയ്തവന്‍, അക്കാലത്ത് ഗുരുവിന്റെ മഹത്തായ ദര്‍ശനത്തെക്കുറിച്ച് അന്വേഷിക്കാനൊന്നും തുനിഞ്ഞില്ല എന്നതാണ് സത്യം.
'ആരായുകിലന്ധത്വ മൊഴിച്ചാദിമഹസ്സിന്‍
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്ന്'
എന്ന് കുമാരനാശാന്‍ ഗുരുവിനെ നിര്‍വചിച്ചിട്ടുണ്ട്. ഗുരുവാണ് ദൈവം എന്ന് സമര്‍ഥിച്ചിട്ടുണ്ട്. ആദിമഹസ്സിന്‍ നേരാം വഴി കാട്ടിയതെങ്ങനെയെന്ന കാര്യമാണ് വിസ്തരിച്ച് മനസ്സിലാക്കേണ്ടത്. ഗുരുവുമായി സംസര്‍ഗപ്പെട്ടുനിന്ന ആശാനെപ്പോലുള്ള മഹാത്മാക്കള്‍ അതറിഞ്ഞിരുന്നെങ്കിലും മഹാഭൂരിപക്ഷം പേരും രക്ഷകനോടുള്ള ഭക്തിയില്‍ നിര്‍വൃതികൊണ്ടു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തുടങ്ങിയ കാലം പിന്നീടുണ്ടായെങ്കിലും സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിര്‍വചനത്തിന് പ്രചാരം സിദ്ധിച്ചിരുന്നു. ഇന്നിപ്പോള്‍ ഗുരുവിന്റെ ഏതാനം കൃതികളെങ്കിലും അറിയാനും പഠിക്കാനും ശ്രമിച്ചുതുടങ്ങിയപ്പോഴാണ് ആത്മാവിന്റെ മേരുതുല്യഭാവം അറിഞ്ഞുതുടങ്ങിയത്. ആത്മീയരംഗത്തുള്ളവരെയും കവികളെയും സാഹിത്യകാരന്മാരെയും വിസ്മയിപ്പിച്ചുകൊണ്ട് ആ ജ്ഞാനസമുദ്രം പ്രകാശത്തിന്റെ തിരമാലകളിളക്കി മുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അപ്പോഴാണ് യഥാര്‍ഥ ശ്രീനാരായണന്‍ ആരാണ് എന്ന് ബോധ്യപ്പെടുന്നത്. ലേഖനത്തില്‍ ആദ്യം പറഞ്ഞ കള്ളികളിലൊന്നും ഒതുങ്ങുന്നതല്ല ഗുരുവിന്റെ പ്രഭാവം.
മനുഷ്യനെ സ്വതന്ത്രനാക്കുന്നതോടൊപ്പം ഈശ്വരനെയും ഗുരു സ്വതന്ത്രനാക്കി. മനുഷ്യന്‍ എത്രമാത്രം അടിമയായിരുന്നോ അത്രമാത്രം അടിമയായിരുന്നു ഈശ്വരനും. എന്താണ് അതിനായി ഗുരു ചെയ്തത്? അദ്ദേഹം ഉപനിഷത്തിലേക്കും നമ്മുടെ ശാസ്ത്രങ്ങളിലേക്കും തന്നെയാണ് പോയത്. ഞാനാര്? ഈശ്വരനാര്? എന്ന അറിവാണ് ഒരുവന് വെളിച്ചം നല്‍കുന്നത്. ഈ അറിവിലേക്ക് ഉണര്‍ത്തുന്ന കര്‍മമാണ് ഗുരു നിര്‍വഹിച്ചത്. ഇവിടെയാണ് സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിര്‍വചനം അസ്വീകാര്യമാകുന്നത്. സമൂഹത്തെ പരിഷ്‌കരിക്കുന്നതിലുപരി ഗുരു ചെയ്തത് മനുഷ്യനെ പൂര്‍ണപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ്. പരിവര്‍ത്തനവും പരിഷ്‌കാരവും രണ്ടും രണ്ടാണ്. പരിഷ്‌കാരത്തിന് മരണമുണ്ട്. പരിവര്‍ത്തനത്തിന് മരണമില്ല. നാരായണ ഗുരുദേവന്റെ ദര്‍ശനം എങ്ങനെ കേരളത്തില്‍ വേരോടി എന്നതും പില്‍ക്കാലത്ത് ആ ദര്‍ശനത്തിന്റെ ആഴത്തിലുള്ള സ്വാധീനം ഏതൊക്കെ പ്രകാരത്തില്‍ ഇവിടെ സന്നിവേശിച്ചിരുന്നു എന്നതുമൊക്കെ മനസ്സിലായാല്‍ ആ പരിവര്‍ത്തനത്തിന്റെ ശക്തി ബോധ്യമാവും. കേരളത്തില്‍ കമ്യൂണിസത്തിന് വളരാന്‍പോലും ഗുരുവിന്റെ ദര്‍ശനം വളരെ സഹായിച്ചിട്ടുണ്ട്.
ഗുരു ദൈവത്തെ പരിചയപ്പെടുത്തുന്നത് നോക്കുക
'നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ'
സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും
സൃഷ്ടിക്കുള്ള സാമഗ്രിയും നീതന്നെയാണെന്നു പറയുമ്പോള്‍ നീ അല്ലാതെ യാതൊന്നും ഈ പ്രപഞ്ചത്തിലില്ല 'ഈശാവാസ്യമിദംസര്‍വം' എന്ന മഹത്തായ തത്ത്വമാണ് വിളംബരം ചെയ്യുന്നത്. നായാടിക്കും നമ്പൂതിരിക്കും മാത്രമല്ല 'ഒരുപീഡ എറുമ്പിനും വരുത്തരുതെന്ന' കാരുണ്യമാണ് പുലരുന്നത്.
അറിവില്ലായ്മയില്‍നിന്ന് രൂപംകൊണ്ട ജാതിമത വര്‍ഗീയതയുടെയും വിഭാഗീയതയുടെയും ഇടുങ്ങിയ തമോഗര്‍ത്തങ്ങളില്‍നിന്ന് പ്രകാശപൂര്‍ണമായ സത്യത്തിന്റെ ആഴമേറും ആഴിയിലേക്ക് ആഴ്ന്നിറങ്ങാന്‍ പഠിപ്പിക്കുകയും അതിലൂടെ ഒരുവന്റെ സ്വത്വബോധത്തിലെ തലമുണര്‍ത്തി അറിവിന്റെ പാരമ്യതയില്‍ അവനെ എത്തിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.
മനുഷ്യപുരോഗതിക്കും സാമൂഹിക മുന്നേറ്റങ്ങള്‍ക്കും തടസ്സമായിനിന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തെറിയാന്‍ ഗുരുവിന്റെ ആഹ്വാനംകൊണ്ട് അന്നത്തെ തലമുറയ്ക്ക് സാധിച്ചിരുന്നു. ആരാധനയുടെയും ആചാരമര്യാദയുടെയും പേരില്‍ നടത്തിയിരുന്ന അപരിഷ്‌കൃതങ്ങളായ ചടങ്ങുകളും ധനം വ്യയംചെയ്തുള്ള ഘോഷങ്ങളും സന്ദര്‍ഭത്തില്‍ത്തന്നെ കടന്നുചെന്ന് നിര്‍ത്തിവെപ്പിക്കാന്‍ ഗുരുവിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ശക്തമായ തിരിച്ചുവരുവുണ്ടായിരിക്കുന്നു. ജാതിമത സ്പര്‍ധ കാന്‍സര്‍പോലെ ആധുനിക മലയാളിയെ കാര്‍ന്നുതിന്നുന്നു.
ശ്രീനാരായണ ദര്‍ശനത്തിന്റെ പ്രസക്തി കേരളം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ പലപ്രകാരത്തില്‍, ഓരോരുത്തര്‍ക്കും അനുകൂലമായ വിധത്തില്‍ നിര്‍വചിക്കുമ്പോള്‍ ഒന്നോര്‍ക്കാം. ആ ശ്രേണിയില്‍ ഗുരുവിന്റെ ആശയം അവര്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? എല്ലാ വര്‍ണങ്ങളും സമ്മേളിക്കുന്ന പ്രകാശമായിരുന്നു ഗുരു. കേരളത്തിന്റെ പ്രകാശഗോപുരം. മലയാളിയുടെ അറിവിന്റെ സമസ്തമേഖലയിലും ആ പ്രകാശം പരന്നിരുന്നു.