യുവറോണര്‍, മാനസാന്തര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വര്‍ഗശത്രുക്കള്‍ പരിഹസിച്ചാലും എന്റെ കക്ഷി കുലുങ്ങില്ല. ഇനിമേല്‍ മാനസാന്തരത്തിനുള്ള ഒരവസരവും അവര്‍ പാഴാക്കുകയുമില്ല. കുമ്പസാരക്കൂട്ടില്‍ നിന്ന് ഇറങ്ങാന്‍ അവര്‍ക്ക് നേരമില്ല. മാത്രമല്ല, അടുത്ത പ്ലീനത്തിനുമുമ്പ് പലവഴിക്കുള്ള മാനസാന്തര സാധ്യതകള്‍ കണ്ടുപിടിക്കാനും നടപ്പാക്കാനും ഒരു പാര്‍ട്ടിക്കമ്മീഷനെ തന്നെ പ്രഖ്യാപിക്കാനിരിക്കുകയാണ് എന്റെ കക്ഷിയെന്ന കാര്യവും അറിയിച്ചോട്ടെ.
താമരശ്ശേരി ചുരത്തിലെ ഒരു ബിഷപ്പിനെ അന്നത്തെ സെക്രട്ടറി സഖാവ് പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചിരുന്നല്ലോ. അടുത്ത സീനില്‍ നമ്മള്‍ കണ്ടതെന്താ? അതേ ബിഷപ്പിന്റെ അരമനയില്‍ ബ്രേക്ഫാസ്റ്റ് വാരിവാരിത്തിന്നുന്ന ഇതേ നേതാവിന്റെ ക്ലോസപ്പ്. വോട്ടിന് വിശന്നാല്‍ ഏത് നികൃഷ്ടജീവിയില്‍നിന്നും ആഹാരം വാങ്ങിക്കഴിക്കുന്നതില്‍ എന്താണ് യുവറോണര്‍ തെറ്റ്? പിന്നീട് ഇടുക്കിച്ചുരത്തില്‍ വേറൊരു ബിഷപ്പിന്റെ സ്ഥാനാര്‍ത്ഥിയെ തോളിലേറ്റി നടന്ന് പ്രയാശ്ചിത്തവുംചെയ്തു യുവറോണര്‍, ഈ പാവങ്ങള്‍.
മുസ്ലീംസമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതപരിഹാരമായി തിരുകേശപ്പള്ളി സ്ഥാപിക്കാന്‍ കാന്തപുരം നടന്നല്ലോ. അന്ന് തിരുകേശത്തെ ബോഡിവേസ്റ്റ് എന്ന് പരിഹസിച്ചെങ്കിലെന്താ. ഇന്ന് രണ്ട് എം.എല്‍.എ. മാരെയല്ലേ കാന്തപുരത്തിന്റെ ഇടവും വലവുമായി വിട്ടിരിക്കുന്നത്. മാത്രമല്ല, അരിവാള്‍ സുന്നികളുമായുള്ള സഖ്യംമൂലം അരിവാള്‍ പാര്‍ട്ടിക്കുണ്ടാവുന്ന നവോന്‍മേഷത്തെക്കുറിച്ച് സീതാറാം യെച്ചൂരിയെ ബോധ്യപ്പെടുത്താനും കേരളനേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു. ഈ നീക്കം പാര്‍ട്ടിക്ക് അരിവാള്‍ രോഗം ഉണ്ടാക്കുമെന്ന മുന്നറിയിപ്പോടെ അച്യുതാനന്ദന്‍ പാരവച്ചിട്ടുപോലും യെച്ചൂരി കാന്തപുരത്തിന്റെ തത്വസംഹിതകളില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ഫാനായിക്കഴിഞ്ഞിരിക്കുന്നു.
ഇനിയും എത്രയോ മാനസാന്തരങ്ങള്‍! പി.സി.ജോര്‍ജിനെ കേരളത്തിന്റെ നാണക്കേട് എന്ന വിശേഷിപ്പിച്ചവര്‍ ജോര്‍ജിന്റെ സെക്യുലര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പാര്‍ട്ടിയുടെ സെക്യുലറിസത്തിന് അടിവരയിടുന്നു. അരുവിക്കരയില്‍ പഴികേട്ടിട്ടും ആര്‍.ബാലകൃഷ്ണപിള്ളയെ ഇനിയും കൈവിടാത്തത് അശരണരോടുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധത ഒന്നുകൊണ്ട് മാത്രമാണ്, യുവറോണര്‍. പരനാറിയെന്ന് പാര്‍ട്ടിക്ക് ഉറപ്പുള്ള പ്രേമചന്ദ്രന്റെ ആര്‍.എസ്.പിക്ക് പിന്നാലെ നടക്കുന്നത് ചന്ദ്രചൂഢന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ മുടിചൂടാമന്നന്‍ ആയതുകൊണ്ട് മാത്രമാണ്.
ഒരു കാലത്ത് 'ജനശക്തി' എന്ന് പ്രതിവിപ്ലവ പ്രസിദ്ധീകരണം ഒരുനോക്ക് കാണുന്നതുതന്നെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായിരുന്നു. ജനശക്തിയുടെ കടലാസില്‍ ഉണക്കമീന്‍ പൊതിഞ്ഞുവാങ്ങി എന്ന ഒറ്റ കുറ്റത്തിന് നടപടിക്ക് വിധേയരായ സഖാക്കന്‍മാര്‍പോലും കേരളത്തിലുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കണ്ണൂരിലെ ഒരു സഹകരണബാങ്കില്‍ ജനശക്തിയുടെ എഴുത്തുകൂലി ചെക്ക് മാറാന്‍ ചെന്ന ഒരു സഖാവിന് പാര്‍ട്ടിപത്രത്തിലെ പണിപ്പോയിക്കിട്ടിയത് പരമാര്‍ത്ഥം. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു ബൗദ്ധിക സഖാവിന്റെ മകനായിട്ടുപോലും ഈ ചെക്കുകേസ്സില്‍ പാര്‍ട്ടി അദ്ദേഹത്തിന് മാപ്പുകൊടുത്തില്ല. ഇന്ന് ഈ ജനശക്തിയെ എന്റെ കക്ഷി മാനസാന്തരത്തിന്റെ മുഖപത്രമാക്കി മാറ്റിയിരിക്കുന്നു. കുമ്പസാരത്തിന്റെ പ്രത്യേക ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പാര്‍ട്ടി ഇതുവരെ ചീത്തവിളിച്ചവര്‍ക്കും ഇനി വിളിക്കാനിരിക്കുന്നവര്‍ക്കുമായി ജനശക്തിയില്‍ പിഴമൂളിയിരിക്കുന്നു.
പാര്‍ട്ടിശത്രുക്കളുടെ ജിഹ്വയായ ജനശക്തിയില്‍പ്പോലും കുമ്പസാരക്കൂട് സ്ഥാപിക്കാനായതാണ്, യുവറോണര്‍ എന്റെ കക്ഷിയുടെ മഹത്വം.
ആകെ ഒരു മാനസാന്തരശ്രമത്തില്‍ മാത്രമാണ് എന്റെ കക്ഷി പരാജയപ്പെട്ടുപോയത്. പാര്‍ട്ടിയും ഗൗരിയമ്മയും പരസ്പരം കുമ്പസരിച്ച് കാര്യങ്ങളെല്ലാം തീര്‍പ്പാക്കിയെങ്കിലും തിരിച്ചുവരവ് ശരിയായില്ല. സ്വത്ത് തര്‍ക്കമാണെന്നൊക്കെ എന്റെ കക്ഷി പുറമേ പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യം ബഹുമാനപ്പെട്ട ഈ കോടതിയെങ്കിലും മനസ്സിലാക്കണം. പ്രായക്കൂടുതല്‍ കാരണം അച്യുതാനന്ദനെപ്പോലും പ്രത്യേക ക്ഷണിതാവാക്കാന്‍ നിര്‍ബന്ധിതമായ പാര്‍ട്ടിയാണിത്. അപ്പോള്‍ അച്യുതാനന്ദനെക്കാള്‍ രണ്ടോണം കൂടുതലുണ്ട ഗൗരിയമ്മയെ എങ്ങനെ സംസ്ഥാനക്കമ്മിറ്റിയിലെടുക്കും, യുവറോണര്‍? എന്റെ കക്ഷിക്ക് കാലം അടിച്ചേല്‍പ്പിച്ച ഈ നിസ്സഹായതയെക്കുറിച്ച് കൂക്കുവിളിക്കുന്നവര്‍ എന്തറിയുന്നു!
കോണ്‍ഗ്രസും ബി.ജെ.പിയുമായി വിഘടിച്ചുനില്‍ക്കുന്ന ആരുമായും കൂട്ടുകൂടാന്‍ കേന്ദ്രകമ്മിറ്റി എന്റെ കക്ഷിക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പട്ടേലുമാര്‍ കേരളത്തിലില്ല. അല്ലെങ്കില്‍ അവരുമായും ചങ്ങാത്തം കൂടുമായിരുന്നു. പട്ടേലിന്റെ ചാര്‍ച്ചക്കാരായി കേരളത്തിലുള്ളത് പാവപ്പെട്ട നായന്‍മാരാണ്. പ്രായം കൂടുതലാണെങ്കിലും അവരുടെ ഹാര്‍ദിക് പട്ടേലായ ജി.സുകുമാരന്‍ നായരാകട്ടെ, ഇപ്പോള്‍ ഗാന്ധിമാര്‍ഗത്തിലാണ്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും പ്രകടിപ്പിച്ചുകഴിഞ്ഞ അദ്ദേഹത്തില്‍ ഇനിയും എന്റെ കക്ഷിക്ക് ഒരു പ്രതീക്ഷയും ഇല്ല. മകന്റെ കല്യാണക്കുറിയില്‍പ്പോലും തന്റെ സ്ഥാനപ്പേര് സുകുമാരന്‍ നായര്‍ വെച്ചില്ലെന്നാണ്, യുവറോണര്‍ പത്രത്തില്‍ക്കണ്ടത്. ഇതുവഴി ഒരുപാടുപേരുടെ പത്രാസാണ് യുവറോണര്‍ അദ്ദേഹം തട്ടിത്തെറിപ്പിച്ചത്. ജനറല്‍ സെക്രട്ടറിപോലും സ്ഥാനപ്പേര് വയ്ക്കാത്ത സ്ഥിതിക്ക് ഇനിയാരെങ്കിലും കരയോഗം, പ്രതിനിധി സഭ, നായകസഭ തുടങ്ങിയ എണ്ണമറ്റ സഭകളിലെ ഭാരവാഹിത്വവാലുകള്‍ താളിയോലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. നായന്‍മാര്‍ക്ക് ബുദ്ധിയില്ലെന്ന്, യുവറോണര്‍, ആരാണ് പറഞ്ഞത്?
ഈ മാനസാന്തരങ്ങളൊക്കെ പാര്‍ട്ടിക്ക് പുറത്തുമാത്രമാണ്. ഉള്‍പാര്‍ട്ടി മാനസാന്തരത്തിനായി ഭരണഘടനയില്‍ വെള്ളംചേര്‍ക്കാന്‍ എന്റെ കക്ഷി ഒരിക്കലും തയ്യാറല്ല. വോട്ടുകിട്ടാന്‍ അണ്ഡകടാഹംമുഴുവന്‍ ഒത്തുതീര്‍പ്പുകളുമായി പായുന്നതിനെക്കാള്‍ എളുപ്പമായിട്ടും അച്യുതാനന്ദനുമായി പൊരുത്തപ്പെടാത്തത് അതുകൊണ്ട് മാത്രമാണ്, യുവറോണര്‍...
നോട്ട് ദ പോയന്റ്: ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മധ്യവര്‍ഗക്കാരെ ആകര്‍ഷിക്കുന്നത് മാര്‍ക്‌സിയന്‍ രീതിയല്ല - സി.പി.എം സംഘടനാരേഖ.
അതെയതെ. അമ്പത്തൊന്ന് വെട്ടുവെട്ടി ആവുന്നത്രയാളുകളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതാണ് യഥാര്‍ത്ഥ മാര്‍ക്‌സിയന്‍ സമീപനം.