അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍- 6
അന്യസംസ്ഥാനങ്ങളിലാണ് ടിജികള്‍ കൂടുതലുമെന്ന് വിധിയെഴുതിയ മലയാളികള്‍ മനസ്സിലാക്കാത്ത ഒരു കാര്യം അവിടങ്ങളിലെ ടിജി ജനസംഖ്യയിലെ ഒരു വലിയശതമാനം മലയാളികളാണെന്നതാണ്..സാമൂഹികനീതിവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 25000 ടിജികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്നത് അസാധ്യമാണെന്ന തിരിച്ചറിവിലും അവിടങ്ങളില്‍ ടിജികള്‍ക്ക് സ്വീകാര്യത കൂടുതലാണെന്ന ഉത്തമബോധ്യത്താലുമാണ് കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ഒരു വലിയശതമാനം ടിജികള്‍ പലായനംചെയ്യുന്നത്..കൂടാതെ ചികിത്സാച്ചെലവേറിയ ലിംഗമാറ്റശസ്ത്രക്രിയകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നതും പലായനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.

2008നും 2013നുമിടയില്‍ കേരളത്തില്‍നിന്ന്് 400നും 500നും ഇടയില്‍ ടിജികള്‍ തമിഴ്‌നാട്ടിലെത്തിയിട്ടുണ്ടാകുമെന്നാണ് സാമൂഹികപ്രവര്‍ത്തകയും ടിജിയുമായ കല്‍ക്കി പറയുന്നത്. ബാംഗ്ലൂരിലേക്ക് കുടിയേറിയ മലയാളി ടിജികള്‍ ആയിരത്തിലധികം വരുമെന്ന് സംഗമയുടെ മുന്‍ഡയറക്ടര്‍ ഗുരുകിരണും പറയുന്നു. സര്‍ക്കാറിന്റെ പക്കല്‍ ഇത്തരം പലായനങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
ശസ്ത്രക്രിയയിലൂടെ പുതുസ്വത്വം തേടി
പരിപൂര്‍ണമായി പെണ്ണായിത്തീരാനും ആണായിത്തീരാനും ആഗ്രഹിച്ചവര്‍ക്ക്്് വലിയൊരാശ്വാസമാണ് എസ്.ആര്‍.എസ് (സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറി). കേരളത്തില്‍ നിലവില്‍ ചിലയിടങ്ങളിലെങ്കിലും ശസ്ത്രക്രിയ സംവിധാനങ്ങളുണ്ടെങ്കിലും തങ്ങള്‍ തിരിച്ചറിയപ്പെടുമോ എന്ന ഭയവും ഇത്തരക്കാരോടുള്ള മലയാളികളുടെ നീചമായ സമീപനവും മൂലം ബഹുഭൂരിപക്ഷം പേരും കേരളത്തിന് പുറത്താണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്.
തമിഴ്‌നാട് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാടാണ് ഇക്കാര്യത്തില്‍ എടുത്തത്. ലിംഗമാറ്റശസ്ത്രക്രിയകള്‍മാത്രമല്ല ഹോര്‍മോണ്‍ചികിത്സയും ലേസര്‍ ട്രീറ്റ്‌മെന്റും എല്ലാം ടിജികള്‍ക്ക് സൗജന്യമാണിവിടെ....
തമന്നയെന്ന പേര് സ്വീകരിച്ച കോഴിക്കോട് സ്വദേശി സഹപാഠികളുടെ 'ചാന്ത് പൊട്ടേ' വിളി കാരണമാണ് കേരളം വിടാന്‍ തീരുമാനിച്ചത്.. തമിഴ്‌നാട്ടിലെ കോളേജിലെ അപേക്ഷാഫോമില്‍ സ്ത്രീപുരുഷന്‍ എന്നതിനു പുറമെ ടിജി എന്ന കോളം കൂടിയുള്ളതുകൊണ്ട്് ടിജി വ്യക്തിത്വത്തോടു കൂടിയാണ് ചേര്‍ന്നത്. ടിജികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ സംവരണം കൂടുതല്‍ അനുഗ്രഹമായി....കോളേജില്‍ സാരിയും ചുരിദാറുമിട്ടാണ് തമന്ന നടക്കുന്നത്....ഇന്ന് ശസ്ത്രക്രിയ നടത്തി പൂര്‍ണസ്ത്രീയായി മാറി...ലിംഗമാറ്റശസ്ത്രക്രിയയോടൊപ്പം സ്തനങ്ങളും വെച്ചുപിടിപ്പിച്ചു... തന്നെ പെണ്ണിന്റെ വേഷംകെട്ടി നടക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരിക്കലും കേരളം വിട്ടുപോകില്ലായിരുന്നെന്നും ശസ്ത്രക്രിയ എന്ന വെല്ലുവിളി ഏറ്റെടുക്കില്ലായിരുന്നെന്നും തമന്ന പറയുന്നു ...
ലിംഗമാറ്റശസ്ത്രക്രിയയ്ക്കുള്ള കടമ്പകളും അതിന് വേണ്ടിവരുന്ന ചെലവും പുനരധിവാസവും നമ്മുടെ നാട്ടില്‍ വലിയ വെല്ലുവിളികളാണ്. ഹോര്‍മോണ്‍ ചികിത്സകള്‍, ശാരീരികഅവയവങ്ങള്‍ മുറിച്ചുമാറ്റല്‍, എതിര്‍ലിംഗത്തിന്റെ അവയവങ്ങള്‍ പ്ലാസ്റ്റിക്‌സര്‍ജറിവഴി സൃഷ്ടിക്കല്‍ എന്നിങ്ങനെ പലഘട്ടങ്ങള്‍. ഓരോ ഘട്ടത്തിലും സമൂഹത്തില്‍ പൊരുത്തപ്പെട്ടുപോകുവാനുള്ള പ്രതിസന്ധികള്‍ ധാരാളമാണെന്ന് കൊച്ചി മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റലിലെ മാനസികാരോഗ്യവിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ പറയുന്നു.
വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും പലരും എസ്.ആര്‍.എസ്സിന് വിധേയരാവുന്നത് പരിപൂര്‍ണപുരുഷനോ സ്ത്രീയോ ആയാലേ സമൂഹത്തില്‍ സ്വീകാര്യത ലഭിക്കൂ എന്ന് ഭയന്നിട്ടാണ്. 377ാം വകുപ്പ് കുറ്റകരമല്ലാതാക്കുകയും സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുകയും ആണിനും പെണ്ണിനും അപ്പുറമുള്ള അവസ്ഥകളെ സമൂഹം അംഗീകരിക്കുന്ന സാഹചര്യവും വരുമ്പോള്‍ എസ്. ആര്‍.എസിനുള്ള സാധ്യത കുറയുമെന്നാണ് മേഖലയില്‍ പഠനം നടത്തുന്ന പലരും പറയുന്നത്.
സ്വത്തവകാശം നഷ്ടപ്പെടുന്നവര്‍
ഒരുതുണ്ട് ഭൂമിപോലും നല്‍കാതെ ഏട്ടന്‍മാര്‍ സ്വത്തെല്ലാം കൈവശപ്പെടുത്തുകയാണെന്ന വാര്‍ത്തയറിഞ്ഞിട്ടും വയനാട് കല്പറ്റ സ്വദേശി ഷാലു(പുതിയ പേര്) പ്രതികരിച്ചത് അവരെന്നെ അംഗീകരിച്ചാല്‍ മതി. സ്വത്തൊന്നും തനിക്ക് വേണ്ട എന്നാണ്. സ്വന്തം നാടും വീടും അംഗീകരിക്കാന്‍ തയ്യാറാകാത്തതില്‍ മനംമടുത്ത് ഷാലു രണ്ടു തവണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വീട്ടിലെത്തിയപ്പോള്‍ വടിയെടുത്തടിച്ചാണ് സഹോദരങ്ങള്‍ ഇറക്കിവിട്ടത്. മുടി ബലമായി മുറിച്ചുകൊണ്ടായിരുന്നു ഓണത്തിന് ചേച്ചിയുടെ ഭര്‍ത്താവിന്റെ സ്വീകരണം. ഒടുവില്‍ സ്വന്തം നാട്ടില്‍ ഇനി തനിക്കിടം കിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ ബെംഗളൂരുവിനെ സ്വന്തം നാടായി കണ്ടുതുടങ്ങി. ലൈംഗികന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മലയാളികളെപ്പോലെ യാഥാസ്ഥിതികരല്ല കന്നടക്കാര്‍ എന്നാണ് ഷാലുവിന്റെ പക്ഷം. കര്‍ണാടകസ്വദേശിയായ ഒരാളുടെ ഭാര്യയായി ഷാലു ജീവിക്കുന്നത് അതിനുള്ള തെളിവാണ്. അമ്മയ്ക്കപകരം സ്‌നേഹിക്കാന്‍ ഇന്ന് അമ്മായിയമ്മയുണ്ട്്.
ടിജിയായതിന്റെ പേരില്‍ തങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ ലഭിക്കാതെപോകുന്നവരാണ് ഇവരില്‍ ബഹുഭൂരിഭാഗവും. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ടിജിക്കനുകൂലമല്ല. ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ സ്ത്രീയോ പുരുഷനോ ആണ് അവകാശി എന്ന നിര്‍വചനത്തില്‍പ്പെടുന്നത്. മരിച്ച വ്യക്തിയുടെ കുട്ടികള്‍ എന്നതില്‍ ആണിനെയും പെണ്ണിനെയും ഉള്‍പ്പെടുത്താം എന്നാണ് കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഇവിടെയാണ് തമിഴ്‌നാട്ടിലുള്ളതുപോലുള്ള ടിജികള്‍ക്കായുള്ള നിയമസേവനസഹായത്തിന്റെ പ്രാധാന്യമെന്ന് സാമൂഹ്യപ്രവര്‍ത്തകയും അഡ്വക്കറ്റുമായ സീനരോജഗോപാല്‍ പറയുന്നു. സ്വന്തമായി കേസ് വാദിക്കാനുള്ള വിദ്യാഭ്യാസമുള്ളവരോ സ്വന്തം അവകാശത്തെ ക്കുറിച്ച് ബോധമുള്ളവരോ സംഘടിതരോ അല്ല ബഹുഭൂരിഭാഗം പേരും എന്നുള്ളതുകൊണ്ടുതന്നെ വഞ്ചനയ്ക്കിരയാകുവാനുള്ള സാധ്യത ഏറെയാണ്. പുതിയ ബില്ലിലെ നിര്‍ദേശങ്ങളായ ദേശീയ സംസ്ഥാനകമ്മീഷനുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വൈകുന്നത് ഇവരോടുള്ള വലിയ നീതിനിഷേധമാകും.
ലോകാരോഗ്യസംഘടനയുടെ ചില നിര്‍ദേശങ്ങള്‍
ട്രാന്‍സ് ജെന്‍ഡറുകള്‍ക്കിടയിലും എം.എസ്. എമ്മിനിടയിലും എയ്ഡ്‌സ് ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യസംഘടന (World Health Organisation) നടത്തിയ പഠനപ്രകാരം ഇടത്തരം വരുമാന രാജ്യങ്ങളില്‍ പുരുഷസ്വവര്‍ഗരതിക്കാര്‍ക്കിടയിലെ എച്ച്.ഐ.വി സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ്. ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളടങ്ങുന്ന എം.എസ്. എമ്മുകാര്‍ക്കിടയിലെ എച്ച്.ഐ.വി ബാധിതര്‍ 7.3 ശതമാനമാണ്. സ്വവര്‍ഗരതിക്കാര്‍ക്ക് മുന്‍കരുതലുകള്‍ എടുത്ത് സുരക്ഷിത ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഒട്ടുമിക്ക രാഷ്ട്രങ്ങളും സമൂഹവും നല്‍കുന്നില്ല. മിക്ക രാഷ്ട്രങ്ങളും ഭിന്ന ലൈംഗികതയെ ക്രിമിനല്‍വത്കരിക്കുന്നതും എം. എസ്.എം ഗ്രൂപ്പിനെയും ടിജിയെയും എച്ച്്.ഐ.വി ബാധിതരാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് WHO നിരീക്ഷിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശമാനദണ്ഡങ്ങള്‍ അനുസരിച്ച് antidiscrimination and protective laws ഇവര്‍ക്കായി സര്‍ക്കാറുകള്‍ കൊണ്ടുവരണമെന്നും അതിലൂടെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയ്ക്കാമെന്നും പറയുന്നു.
സ്വവര്‍ഗാനുരാഗത്തെ കുറ്റകരമാക്കുന്നത് ഇവര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് തടസ്സവുമാകുന്നുവെന്ന് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ മുന്‍നിര്‍ത്തിയാണ് ണഒഛ നിരീക്ഷിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ഒരു രോഗമല്ല സാധാരണമായ ഒരവസ്ഥയാണ് എന്ന തിരിച്ചറിവാണ് സമൂഹത്തിനാദ്യം ഉണ്ടാവേണ്ടത്..... ഈ തിരിച്ചറിവ് നല്‍കാന്‍ പോലീസുകാര്‍ക്കും അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ബോധവത്കരണം നടത്തേണ്ട ആവശ്യകതയും എത്രത്തോളം പ്രധാനമാണെന്ന് ഇവരുടെ കഥകള്‍ നമ്മോട് പറയുന്നു.
ആവശ്യമായ മാറ്റങ്ങള്‍
എല്ലാ മേഖലകളിലും പുരുഷന്‍, സ്ത്രീ വിഭാഗങ്ങള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തണം
പിന്നാക്കവിഭാഗമെന്ന പരിഗണനയില്‍ സമീപ സംസ്ഥാനങ്ങള്‍ ചെയ്തപോലെ വിദ്യാഭ്യാസ സംവരണം
പാഠ്യപദ്ധതിയിലൂടെ ഈ വിഭാഗങ്ങളെ കുറിച്ചുള്ള അറിവ് നല്‍കല്‍
ലൈംഗികത്തൊഴിലിലേക്ക് എത്തപ്പെട്ട അനേകം തൊഴില്‍രഹിതര്‍ക്ക് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ചെയ്തപോലെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നലിംഗവ്യക്തിത്വങ്ങള്‍ക്ക് തൊഴില്‍സംവരണം
റേഷന്‍ കാര്‍ഡും പെന്‍ഷനും
പൊതുമൂത്രപ്പുരകളില്‍ ടിജിയെ ഉള്‍പ്പെടുത്തല്‍
മൂന്നാംലിംഗം എന്നതിനു പകരം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദോപയോഗം
സര്‍ക്കാര്‍വകുപ്പുകളില്‍ പ്രത്യേക പദ്ധതികള്‍(ആരോഗ്യപദ്ധതി, ഭവനപദ്ധതി, വിദ്യാഭ്യാസപദ്ധതി)
പൊതുഗതാഗതമാര്‍ഗങ്ങളില്‍ പരിഗണന
ആസ്പത്രികളിലെ സൗജന്യസേവനം, സൗജന്യ കൗണ്‍സലിങ് കേന്ദ്രങ്ങള്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പോലീസിനും ബോധവത്കരണം
നിയമപരിഷ്‌കരണങ്ങള്‍
നിര്‍ബന്ധിതവിവാഹം, നിര്‍ബന്ധിത എസ്.ആര്‍. എസ് സര്‍ജറി എന്നിവ നിയമവിരുദ്ധമായി പരിഗണിക്കണം
ലൈംഗികപീഡനം, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നിവയുടെ നിര്‍വചനത്തില്‍ ടിജിയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.പി.സി സെക്ഷന്‍ 374, 375, 377 എന്നിവയുടെ പരിഷ്‌കരണം
പോലീസ് െ്രെകം റെക്കോഡ്‌സില്‍ ഇവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ രേഖീകരണം
നല്ല ജീവിതം ഉറപ്പുവരുത്താന്‍ ക്ഷേമബോര്‍ഡിന്റെയോ കമ്മീഷന്റെയോ രൂപവത്കരണം.
സ്വത്തവകാശം നഷ്ടപ്പെടുന്ന, പീഡനങ്ങള്‍ക്ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഇരയാവുന്ന ടിജികള്‍ക്കായി പ്രത്യേക നിയമ സഹായ സംവിധാനം.
(അവസാനിച്ചു)