
ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ലൈംഗികതയെക്കുറിച്ച് സമൂഹത്തിന് ഒരുപാട് തെറ്റിദ്ധാരണകളും മുന്‍വിധികളുമുണ്ട്. തങ്ങളെ ഒരിക്കലും വീട്ടുകാരോ സമൂഹമോ അംഗീകരിക്കില്ലെന്ന ഭയത്താലും ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം കഴിയാന്‍ സാധിക്കാതെ വരുന്നതിന്റെ നിരാശയിലും ഇവരില്‍ പലരും ജീവനൊടുക്കുകയാണ്. ഉറ്റവരും ഉടയവരും ഇല്ലാത്തതിന്റെ പേരില്‍ കണക്കില്‍ ചേര്‍ക്കപ്പെടാത്ത ഒട്ടേറെ മരണക്കഥകള്‍ ഇവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാല്‍ കേള്‍ക്കാം. അഭിമാനക്ഷതം ഭയന്നും ടിജിയാണെന്ന് പുറത്തറിയുമെന്ന ഭയംമൂലവും വീട്ടുകാരാരും കേസിനുപിന്നാലെ പോവാത്തതാണെന്നുമാത്രം.
377ാം വകുപ്പ് കുറ്റകരമല്ലാതാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിവിധിയെ സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതിവിധി വലിയ തിരിച്ചടിയാണ് എല്‍.ജി.ബി.ടി സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്ര്യത്തിന് വരുത്തിയത്. ഒരേ ലൈംഗികവ്യക്തിത്വമുള്ള രണ്ടുപേര്‍ തമ്മിലുള്ള ബന്ധം ഐ.പി.സി. പ്രകാരം ഇന്നും ക്രിമിനല്‍ക്കുറ്റമാണ്. അത് കുറ്റകരമല്ലാതാക്കുകയോ ഇത്തരക്കാര്‍ക്ക് മൂന്നാംലിംഗപദവി കൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് കൂടുതല്‍ വ്യക്തതവരുത്തുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. യു.എസ്സും യു.കെ.യും ഉള്‍പ്പെടെ ലോകത്ത് 18 രാഷ്ട്രങ്ങള്‍ ഇതിനകംതന്നെ സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കിയിട്ടുണ്ട്.
കേരളത്തിലെ ടിജികളില്‍ 35 ശതമാനംപേരും ഒരു തവണയെങ്കിലും ആത്മഹത്യശ്രമം നടത്തിയവരാണ്. ഇവരില്‍ 96 ശതമാനം വിഷാദഭാവമുള്ളവരാണെന്നാണ് സംഗമ സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വിദ്യാഭ്യാസനിഷേധം, തൊഴിലില്ലായ്മ, വീട്ടുകാരാലും നാട്ടുകാരാലും തിരസ്‌കരിക്കപ്പെടുന്ന അവസ്ഥ, അവനവന്റെ സ്വത്വവുമായുള്ള ആത്മസംഘര്‍ഷങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട് ഈ ജീവിതനൈരാശ്യത്തിന് പിന്നില്‍. സ്വന്തം ലൈംഗികതയില്‍ തീരുമാനമെടുക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ വിധികൂടി വരുമ്പോള്‍ ആത്മഹത്യകളും മരണങ്ങളും വിഷാദരോഗികളും ഇതിനേക്കാള്‍ അധികമാകും.
ടിജികള്‍ക്കിടയിലുള്ള അസ്വാഭാവിക മരണങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും അത് വളരെ കൂടുതലാണെന്നാണ് 'സംഗമ'യുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ അനില്‍ അര്‍ജുന്‍ പറയുന്നത്. 2008നും 2013നുമിടയില്‍ 37 ട്രാന്‍സ് ജെന്‍ഡറുകള്‍ ആത്മഹത്യചെയ്‌തെന്ന അനൗദ്യോഗികകണക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പക്കലുണ്ട്.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും അവഗണനമൂലവും നിര്‍ബന്ധിതവിവാഹംമൂലവും ആത്മഹത്യചെയ്തവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ഒരു ഹെട്രോസെക്ഷ്വലിന് സാധിക്കുന്നതുപോലെ എതിര്‍ലിംഗവുമായുള്ള ലൈംഗികബന്ധം ഇവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്നാണ് ഈ ആത്മഹത്യക്കണക്കുകള്‍ വ്യക്തമാക്കുന്നത്.
വീട്ടുകാരുടെ നിര്‍ബന്ധംമൂലമാണ് സുകുമാരന്‍ എന്ന യുവാവ് വിവാഹത്തിന് തയ്യാറായത്. എന്നാല്‍, ആദ്യരാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ച് ഒച്ചവെച്ച് കരയുകയാണ് ആ പാവം ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഒരു ഭര്‍ത്താവാകാന്‍ മനസ്സ് ഒരിക്കലും പാകപ്പെട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ കടുത്ത വിഷാദരോഗത്തിന് അടിമയായിത്തീരുകയായിരുന്നു അയാള്‍. ഒരാണിനെ കല്യാണംകഴിച്ച് ഭാര്യയെപ്പോലെ ജീവിക്കാന്‍ ആഗ്രഹിച്ച സുകുമാരനെ അഞ്ചുവര്‍ഷത്തോളം വിഷാദരോഗത്തിന് ചികിത്സിച്ചു. മറ്റൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്നതുകൊണ്ടുതന്നെ സുകുമാരന്റെ മരണം ആത്മഹത്യയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ ഇന്നും കരുതുന്നത്.
സ്വയം ജീവന്‍ ത്യജിച്ച സ്വവര്‍ഗപ്രണയിനികളുടെ എണ്ണവും തീരേ കുറവല്ല. 1991 മുതല്‍ 2001 വരെയുള്ള പത്തുവര്‍ഷത്തെ പത്രവാര്‍ത്തകളില്‍നിന്ന് കേരളത്തില്‍ 31 പെണ്‍കുട്ടികള്‍ പരസ്പരപ്രണയവുമായി സമൂഹത്തില്‍ അതിജീവിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്തതായി 'സഹയാത്രിക' സംഘം നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ഒരു ടിജി മരിച്ചതായോ ആത്മഹത്യചെയ്തതായോ ഉള്ള പ്രശ്‌നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കണമെങ്കില്‍ ആദ്യം അങ്ങനെയൊരു വിഭാഗമുണ്ടെന്ന കൃത്യമായ രേഖ സര്‍ക്കാറിലുണ്ടാവുകയും അവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയുമാണ് വേണ്ടതെന്ന് മനുഷ്യാവകാശകമ്മീഷന്‍ ചീഫ് ഇന്‍െവസ്റ്റിഗേറ്റീവ് ഓഫീസര്‍ ഡി.ഐ.ജി. എസ്. ശ്രീജിത്ത് പറയുന്നു.
സര്‍ക്കാറിന്റെ കീഴിലുള്ള മനശ്ശാസ്ത്ര ക്ലിനിക്കുകളിലെ സൗജന്യസേവനംവഴി ഇവര്‍ക്കിടയിലെ ആത്മഹത്യനിരക്ക് ഒരു ചെറുശതമാനമെങ്കിലും കുറയ്ക്കാനാകും. ടിജി വ്യക്തിത്വമുള്ളവര്‍ക്ക് ഇത്തരം ക്ലിനിക്കുകളില്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ലോകത്തിലെ ഒട്ടേറെ രാഷ്ട്രങ്ങള്‍ സൗജന്യ കൗണ്‍സലിങ്ങിലൂടെയും ആരോഗ്യപദ്ധതികളിലൂടെയും ടിജികളുടെ മാനസിക, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.