
പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടിത്തരാമെന്നുപറഞ്ഞ് മാത്യു എന്ന പതിന്നാലുകാരനെ ലൈംഗികമായി ഉപയോഗിച്ചത് സ്വന്തം അധ്യാപകനാണ്. പലതവണ വഴങ്ങിക്കൊടുക്കാത്തതിന് ക്ലാസില്‍നിന്ന് പുറത്താക്കപ്പെടലും മാനസികപീഡനങ്ങളും പതിവായി. തന്റെ സ്‌െ്രെതണഭാവംമൂലം ചെറുപ്പത്തിലേ നേരിടേണ്ടിവന്ന പരിഹാസങ്ങള്‍ അധ്യാപകനെതിരെയുള്ള പരാതിയില്‍നിന്ന് അവനെ ഓരോ തവണയും പിന്തിരിപ്പിച്ചു. അധ്യാപകന്റെ ശാരീരികപീഡനം ഒരു വശത്ത്, സഹപാഠികളുടെയും കുടുംബത്തിന്റെയും മാനസികപീഢനം മറു വശത്ത്. ഒടുവില്‍ പത്താം ക്ലാസ്സോടുകൂടി പഠനം ഉപേക്ഷിച്ചു. സമ്പൂര്‍ണ സാക്ഷരമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍(ആണ്‍ പെണ്‍ നിര്‍വചനങ്ങളില്‍പ്പെടാത്ത വ്യത്യസ്ത വിഭാഗം) സമൂഹത്തിന്റെ പ്രതിനിധിയാണ് മാത്യു.
ഭിന്ന ലിംഗക്കാരായ വിദ്യാര്‍ഥികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന് സഹപാഠികളുടെ കളിയാക്കലുകള്‍ മാത്രമല്ല അധ്യാപകരുടെ അപക്വമായ കാഴ്ചപ്പാടുകളും ഹേതുവായിട്ടുണ്ട്. വിദ്യാലയങ്ങള്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടുള്ള, അപകര്‍ഷതാബോധം കൂട്ടുന്ന ഇടങ്ങളാകുമ്പോള്‍ പഠനം പാതിവഴിയിലുപേക്ഷിച്ച് അവര്‍ പടിയിറങ്ങുകയാണ്. വിദ്യാഭ്യാസം വളരെ ചെറുപ്പത്തിലേ നിഷേധിക്കപ്പെട്ട്് പൊതുഇടത്തില്‍ നിന്നകലുന്ന ഓരോ ഭിന്നലിംഗക്കാരും നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്കാണ് എത്തിപ്പെടുന്നത്. ഇത്തരം ദുരിതാവസ്ഥകളില്‍ നിന്ന് ഇവര്‍ക്ക് മോചനം നേടണമെങ്കില്‍ ഇവരോടുള്ള മലയാളികളുടെ മനോഭാവം മാറിയേ തീരൂ. അതു തുടങ്ങേണ്ടതാവട്ടെ വിദ്യാലയങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമാണ്.
മാത്യു ഭിന്നലൈംഗിക വ്യക്തിത്വത്തിനുടമയാണെന്ന് സ്വന്തം അച്ഛനമ്മമാര്‍ക്ക് പോലും ഇന്നുമറിയില്ല. തന്നില്‍ പ്രകടമായ പെണ്ണിന്റെ ശാരീരികചേഷ്ടകള്‍ പോലും വീട്ടുകാരെ അസ്വസ്ഥരാക്കുന്ന സ്ഥിതിക്ക് താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന സത്യമറിഞ്ഞാല്‍ വീട്ടില്‍ നിന്ന് എന്നേ പുറത്തായേനെ എന്നാണ് മാത്യു പറയുന്നത്. സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് കേരളത്തിലെ 4000 ടി.ജി.(ട്രാന്‍സ് ജെന്‍ഡര്‍)കളില്‍ നടത്തിയ പഠനത്തില്‍ 2000ത്തിലധികം പേരുടെയും ലൈംഗികവ്യക്തിത്വം സ്വന്തം വീട്ടുകാര്‍ക്കുപോലും അറിയില്ലെന്നാണ് വ്യക്തമായത്. ഞെട്ടിക്കുന്ന വസ്തുതയാണിത്. ടി.ജി.കളെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ അറിവില്ലായ്മ, ഭയം, ഇത് മാറ്റിയെടുക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ എന്നിവയെല്ലാമാണ് സ്വന്തം ലൈംഗിക സ്വത്വം വെളിപ്പെടുത്തുന്നതിന് ഇവര്‍ക്ക് തടസ്സമാകുന്നത്.
അഞ്ചു വയസ്സുമുതലേ നോട്ടത്തിലും നടത്തത്തിലും ചിരിയിലുമെല്ലാം സ്‌െ്രെതണ ഭാവമായിരുന്നു പയ്യന്നൂരുകാരന്‍ വിനുവിന്(പേര് യഥാര്‍ഥമല്ല). ഇത് ആദ്യമായി തിരിച്ചറിഞ്ഞത് അവന്റെ സ്‌കൂളിലെ പ്രധാനാധ്യാപകനാണ്. അവന് വേണ്ട സംരക്ഷണവും ആത്മവിശ്വാസവും നല്‍കേണ്ട ഈ പ്രധാനാധ്യാപകന്‍ അവനെ ലൈംഗികമായി ഉപയോഗിച്ചു. ഇത് അവന്‍ പഠനം അവസാനിപ്പിക്കുന്നതുവരെ വര്‍ഷങ്ങളോളം തുടരുകയും ചെയ്തു. മാത്രമല്ല മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും പുച്ഛവും പരിഹാസവും കലര്‍ന്ന പെരുമാറ്റം പഠനത്തിനോടും സ്‌കൂളിനോടും വിരക്തി തോന്നാനും പത്താം ക്ലാസ്സോടെ പഠനം അവസാനിപ്പിക്കാനും കാരണമായി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്വേഷിച്ചുചെന്നപ്പോള്‍ തെരുവിലെ ലൈംഗികത്തൊഴിലാളികളുടെ കൂട്ടത്തില്‍ വിനുവിനെ കണ്ടു.
കേരളത്തിലെ ആകെയുള്ള ടി. ജി.കളില്‍ പകുതിയോളം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായിട്ടില്ല. 55 ശതമാനം മാത്രമേ പത്താം ക്ലാസ്സ് പൂര്‍ത്തീകരിച്ചിട്ടുള്ളൂ. പ്ലസ്ടു വരെ എത്തുന്നവരാവട്ടെ 19 ശതമാനം മാത്രവും. ഒരു നല്ല ജോലി നേടുന്നതിന് അടിസ്ഥാന വിദ്യാഭ്യാസക്കുറവ് ഇവര്‍ക്ക് തടസ്സമാകുന്നു. ഇത്തരത്തില്‍ വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോയവരില്‍ 100 ശതമാനവും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവജ്ഞയോടെയുള്ള പെരുമാറ്റം മൂലമാണെന്ന് സര്‍വേയില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. കൂലിപ്പണിയിലേക്കോ വ്യാപാര സ്ഥാപനങ്ങളില്‍ സെയില്‍സിലേക്കോ തിരിഞ്ഞാല്‍ ഇവരുടെ ഭിന്ന ലിംഗ സ്വഭാവസവിശേഷതകളും ചേഷ്ടകളും മുന്നോട്ടുള്ള പോക്കിന് തടയിടുന്നു. സ്ത്രീ ശബ്ദമുള്ള, സ്ത്രീകളുടെ ശാരീരിക ചേഷ്ടയുള്ള പുരുഷന് എത്രപേര്‍ ദിവസക്കൂലിക്കെങ്കിലും ജോലി നല്‍കും. കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന പൗരുഷം, വ്യക്തിത്വം എന്നിവയെല്ലാം ഇത്തരമൊരു വിഭാഗത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയില്ലായ്മയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്ന് ഇവരുടെ ജീവിത ദുരിതങ്ങള്‍ വരച്ചു കാട്ടുന്നു.
ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണത്തിനായി കഴിഞ്ഞ ഏപ്രില്‍ 24നാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ലോക്‌സഭ കൂടി പാസാക്കിയാല്‍ ഇത് നിയമമാകും. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി ബോര്‍ഡ് രൂപവത്കരിക്കുമെന്ന് മന്ത്രി എം.കെ. മുനീര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമപരമായ പരിഗണനകള്‍ എത്രത്തോളമുണ്ടെങ്കിലും മലയാളികളുടെ സാമൂഹികബോധം ഈ വിഭാഗത്തെ ഇനിയും അംഗീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് അപരിചിതമായതെല്ലാം അസത്യവും നേര്‍വഴിക്കല്ലാത്തതുമാണെന്ന മലയാളിയുടെ മിഥ്യാബോധമാണ് വിദ്യാഭ്യാസം നേടുന്നതില്‍ ഇവര്‍ക്ക് വിലങ്ങുതടിയാവുന്നത്.
പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ 'ആണ്‍' 'പെണ്‍' എന്നതിന് പുറമേ ടി.ജി. എന്ന കോളംകൂടി ഉണ്ടായിരുന്നെങ്കില്‍ അതേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂവെന്നാണ് ഭൂരിഭാഗം ടി.ജി.കളും പറയുന്നത്. അത്തരം ഒരു കോളം ഉണ്ടെങ്കില്‍ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ്ങും ശ്രദ്ധയും നല്‍കി ഇവരുടെ ജീവിത ദുരിതത്തിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാം.
പെണ്‍ശരീരത്തില്‍ ആണിന്റെ മനസ്സുള്ള ട്രാന്‍സ് മെന്നും ആണ്‍ ശരീരത്തില്‍ പെണ്ണിന്റെ മനസ്സുള്ള ട്രാന്‍സ് വുമണും രോഗാവസ്ഥയല്ലെന്ന്് ജനം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡാന്‍സ് ടീച്ചര്‍, ഒമ്പത്, ചാന്ത് പൊട്ട്, നപുംസകം എന്നിങ്ങനെയുള്ള പരിഹാസപ്പേരുകള്‍ ചാര്‍ത്തപ്പെട്ട് മുഖ്യധാരയില്‍നിന്ന് അകന്നു കഴിയുകയാണ് ഇവരുള്‍പ്പെടുന്ന എല്‍. ജി.ബി.ടി.(lesbian, gay, bisexual, t ransgender) സമൂഹം. ഇവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ നിയമ പരിരക്ഷയോടൊപ്പം തന്നെ സമൂഹത്തിന് ബോധവത്കരണവും ട്രാന്‍സ് ജെന്‍ഡറുകളെകുറിച്ചുള്ള അടിസ്ഥാനവിദ്യാഭ്യാസം വിദ്യാലയങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും വേണം. എന്നാലേ ജെന്‍ഡര്‍ സാക്ഷരത (gender education) പൊതു സമൂഹത്തിന് കൈവരിക്കാന്‍ സാധിക്കൂ. അതിനായി അധ്യാപകര്‍ക്കാണ് ഈ വിഷയത്തില്‍ ആദ്യം ബോധവത്കരണം നല്‍കേണ്ടത്. അധ്യാപകരുടെ മനോഭാവത്തിന് മാറ്റമുണ്ടായാല്‍ കൊഴിഞ്ഞുപോക്കിന് ഒരു പരിധിവരെ തടയിടാനാകും.
വ്യത്യസ്ത ലൈംഗികവ്യക്തിത്വമുള്ളവരെ സര്‍ക്കാര്‍ രേഖകളില്‍ ആണെന്നോ പെണ്ണെന്നോ ചേര്‍ക്കുന്ന രീതി അവസാനിപ്പിച്ച് പകരം എം.എക്‌സ്. എന്ന് ചേര്‍ക്കുമെന്ന മന്ത്രി മുനീറിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇത് സ്‌കൂള്‍ തലം മുതല്‍ നടപ്പിലാക്കിയാല്‍ മാത്രമേ അര്‍ഹിക്കുന്ന ഗുണം ഈ വിഭാഗത്തിലേക്ക് എത്തുകയുള്ളൂ. കര്‍ണാടകവും തമിഴ്‌നാടും ടി.ജി. എന്ന പ്രത്യേകകോളം തിരെഞ്ഞടുക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ഇതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സംവരണവും ഉറപ്പുവരുത്തിയതിനാല്‍ അവിടെ കല്‍ക്കിയെപ്പോലെയും ലിവിങ് സ്‌മൈല്‍ വിദ്യയെപ്പോലെയും ഗ്ലാഡിയെപ്പോലെയുമുള്ള പ്രതിഭകളായ ടി.ജി.കള്‍ മുഖ്യധാരയിലെത്തി. സ്‌കൂളുകളില്‍ നിന്നുതന്നെ ഇവര്‍ തിരിച്ചറിയപ്പെട്ടു തുടങ്ങിയാല്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് അധ്യാപകരുടെ പ്രത്യേക പരിഗണനയും സ്‌കോളര്‍ഷിപ്പും നല്‍കി മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇവരുടെ പഠനവഴി സുഗമമാക്കാന്‍ സാധിക്കും.