രണ്ടു അബ്ദുള്‍ കലാമുമാരുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. ഭൂമിയില്‍ കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തിയ കലാമാണ് ആദ്യത്തേത്. ആകാശത്തോളം ഉയരത്തില്‍ എടുത്തുയര്‍ത്തി മാധ്യമങ്ങള്‍ പ്രതിഷ്ഠിച്ച കലാമാണ് രണ്ടാമന്‍. മാധ്യമങ്ങളുടെ പുകഴ്ത്തലുകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന കലാമാണത്. ഈ വശങ്ങള്‍ കൂടി ശരിയായ കാഴ്ചപ്പാടില്‍ പ്രതിഷ്ഠിക്കപ്പെടുമ്പൊഴെ കലാമിനോട് നമ്മള്‍ നീതി ചെയ്യുകയുള്ളൂ
അവുള്‍ പക്കിര്‍ ജൈനുലബ്ദിന്‍ അബ്ദുള്‍ കലാം എന്ന എ പി ജെ അബ്ദുള്‍ കലാമിനെക്കുറിച്ച് പറയുമ്പോള്‍ ഭൂമിയും ആകാശവും സവിശേഷമായ രണ്ട് പ്രതീകങ്ങളാണ്. രണ്ടു കലാമുമാരുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥശങ്കയുണ്ടാവുമെന്നു തോന്നുന്നില്ല. ഭൂമിയില്‍ കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തിയ കലാമാണ് ആദ്യത്തേത്. ആകാശത്തോളം ഉയരത്തില്‍ എടുത്തുയര്‍ത്തി മാധ്യമങ്ങള്‍ പ്രതിഷ്ഠിച്ച കലാമാണ് രണ്ടാമന്‍.
മരണം ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നു പറയാറുണ്ട്. മരണത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. പണക്കാരനെയും യാചകനെയും പണ്ഡിതനെയും പാമരനെയും മരണം ഒരുപോലെ കീഴടക്കുന്നു. ഒരാള്‍ ചെയ്യുന്ന നന്മകള്‍ അയാളുടെ മരണത്തോടെ കുഴിയിലടക്കപ്പെടുമെന്നും എന്നാല്‍ അയാളുടെ തിന്മകള്‍ മരണത്തിനു ശേഷവും ജീവിക്കുമെന്നും ജൂലിയസ് സീസര്‍ എന്ന വിശ്വോത്തര നാടകത്തില്‍ വില്ല്യം ഷേക്‌സ്പിയര്‍ മാര്‍ക്ക് ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്.
ബ്രൂട്ടസിന്റെയും കൂട്ടരുടെയും ഗൂഢാലോചനക്കിരയായി വധിക്കപ്പെടുന്ന ജൂലിയസ് സീസറുടെ പ്രതിച്ഛായ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ മാര്‍ക്ക് ആന്റണിക്ക് പ്രസംഗകലയിലെ സമസ്ത അടവുകളും പ്രയോഗിക്കേണ്ടി വരുന്നുണ്ട്. പക്‌ഷേ, ഇവിടെ അബ്ദുള്‍ കലാമിന്റെ പ്രതിച്ഛായ ആകാശത്തോളം വളര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ 2015 ജൂലായ് 30 ന് രാമേശ്വരത്തെ ജനാവലിക്കിടയില്‍ നില്‍ക്കാന്‍ ഷേക്‌സ്പിയറുമുണ്ടായിരുന്നെങ്കില്‍ തന്റെ പ്രസിദ്ധമായ സംഭാഷണം അദ്ദേഹം തിരുത്തുമായിരുന്നുവെന്നതില്‍ സംശയമില്ല.
അബ്ദുള്‍ കലാമിന്റെ കാലുകള്‍ ഭൂമിയില്‍ ഉറപ്പിക്കപ്പട്ടതായിരുന്നു. കടന്നു വന്ന വഴികള്‍ കലാം ഒരിക്കലും മറന്നില്ല. രാമേശ്വരത്തെയും തുമ്പയിലെയും സാധാരണക്കാരെ രാഷ്ട്രപതി ഭവന്റെ വിശാലമായ കോട്ടകൊത്തളങ്ങളില്‍ വെച്ചും കലാം ഓര്‍ത്തു. ജനങ്ങളുമായി വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്താനും കലാമിനു കഴിഞ്ഞു. ഈ ബന്ധത്തിന്റെ പ്രതിഫലനമാണ് കലാമിന്റെ സംസ്‌കാര വേളയില്‍ രാമേശ്വരത്ത് കണ്ടത്. പതിനായിരങ്ങളാണ് കലാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാമേശ്വരത്തെത്തിയത്. ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ കലാമിനെ അവസാനമായൊന്നു കാണുന്നതിന് മണിക്കൂറുകള്‍ ക്ഷമയോടെ കാത്തു നിന്നു.
കലാമിന്റെ വിയോഗത്തിലുള്ള ദുഃഖം കൃത്രിമമായിരുന്നില്ല. ചെന്നൈയിലെ പട്ടിണപ്പാക്കത്ത് കടല്‍തീരത്തുള്ള ഒരു കുടിലില്‍ ഒട്ടിച്ചിട്ടുള്ള കലാമിന്റെ ഫോട്ടോയുടെ ചിത്രം പത്രങ്ങളിലുണ്ടായിരുന്നു. കലാമിന്റെ ഛായാചിത്രങ്ങള്‍ പതിച്ചിട്ടുള്ള നിരവധി ഓട്ടോറിക്ഷകള്‍ തമിഴകത്തെയും കേരളത്തിലെയും നിരത്തുകളില്‍ കാണാമായിരുന്നു. ബന്തിനു പോലും അടയാത്ത കടകളും പെട്രോള്‍ പമ്പുകളുമൊക്കെ കലാമിനോടുള്ള ആദര സൂചകമായി ജൂലായ് 30 ന് കുറച്ചു നേരത്തേക്കെങ്കിലും അടഞ്ഞുകിടന്നു. ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല ഈ പ്രതികരണമുണ്ടായത്. തങ്ങളില്‍ ഒരാള്‍ ഈ ഭൂമിയില്‍ നിന്നും വിട്ടുപോയിരിക്കുന്നുവെന്ന അവബോധത്തിന്റെ വെളിച്ചത്തില്‍ ജനങ്ങള്‍ സ്വമേധയാ ചെയ്ത കര്‍മ്മമാണിത്. അടുത്ത കാലത്തെങ്ങും ഒരു വ്യക്തിയുടേയും നേതാവിന്റെയും മരണത്തില്‍ ഒരു സമൂഹവും ഇതുപോലെ ഒന്നടങ്കം വേദനിച്ചിട്ടില്ല. ആസേതുഹിമാചലം ജനങ്ങള്‍ കലാമിന്റെ ഓര്‍മ്മയില്‍ ശിരസ്സു കുനിച്ചു.
രാമേശ്വരത്ത് ജൂലായ് 30 ന് കലാമിന്റെ സംസ്‌കാരം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ ഒരു പത്രപ്രവര്‍ത്തകന്‍ വിസ്മയത്തോടെയാണ് സംസ്‌കാര വേളയില്‍ ജനക്കൂട്ടം പുലര്‍ത്തിയ അച്ചടക്കത്തെക്കുറിച്ചെഴുതിയത്. പ്രധാനമന്ത്രി അടക്കുമുള്ള വി ഐ പികള്‍ പങ്കെടുത്ത സംസ്‌കാര ചടങ്ങില്‍ ഇത്രയും വലിയ ജനക്കൂട്ടം വെല്ലുവിളിയാവുമോ എന്ന് പോലിസിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആരുടെ സംസ്‌കാരത്തിനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന കൃത്യമായ ബോധത്തോടെയാണ് ജനക്കൂട്ടം പെരുമാറിയതെന്നാണ് ആ ലേഖകന്‍ എഴുതിയത്.
സമകാലിക ഇന്ത്യയില്‍ യുവജനങ്ങളെ ഇത്രയധികം സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു വ്യക്തിത്വമുണ്ടായിട്ടില്ല. തിരിച്ചടികള്‍ക്കും പ്രതിസന്ധികള്‍ക്കുമപ്പുറത്ത് പ്രതിക്ഷകളുടെ ഉറവകള്‍ ഒരിക്കലും വറ്റാത്ത നവ സമൂഹത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും സദാ പറഞ്ഞുകൊണ്ട് കലാം യുവാക്കളെ പ്രചോദിപ്പിച്ചു. കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നതിനും വ്യത്യസ്തമായി ചിന്തിക്കുന്നതിനും കലാം അവരെ പ്രേരിപ്പിച്ചു. ദോഷൈകദൃക്കുകള്‍ കൂടി വരുന്ന ഒരു കാലത്ത് കലാം തീര്‍ച്ചയായും വേറിട്ടു നിന്ന സാന്നിദ്ധ്യമായിരുന്നു.
ഇനിയിപ്പോള്‍ നമുക്ക് കലാം രണ്ടാമനിലേക്ക് വരാം. മാധ്യമങ്ങളുടെ പുകഴ്ത്തലുകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന കലാമാണത്. ഈ വശങ്ങള്‍ കൂടി ശരിയായ കാഴ്ചപ്പാടില്‍ പ്രതിഷ്ഠിക്കപ്പെടുമ്പൊഴെ കലാമിനോട് നമ്മള്‍ നീതി ചെയ്യുകയുള്ളൂ. 2002 ജൂലായ് 25നാണ് കലാം രാഷ്ട്രപതിയായി ചുമതലയേറ്റത്. അതിനും മൂന്നു മാസം മുമ്പാണ് ഇന്ത്യയെ നടുക്കിയ ഗുജറാത്ത് കലാപമുണ്ടായത്. വിവിധ മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഒരു പോലെയാണ് ഇന്ത്യന്‍ ഭരണഘടന കാണുന്നത്. പക്‌ഷേ, ഗുജറാത്ത് കലാപം ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന ഈ അടിസ്ഥാന പ്രമാണത്തിന്റെ ലംഘനമായിരുന്നു. ഒരേസമയം ഭരണഘടനയുടെ സംരക്ഷകനും ദാസനുമാണ് രാഷ്ട്രപതി. ഇത്രയും സുപ്രധാനമായൊരു സ്ഥാനത്തേക്ക് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കാന്‍ കലാമിന് മടിയുണ്ടായില്ലെന്നത് ജനാധിപത്യ വിശ്വാസികള്‍ അമ്പരപ്പോടെയാണ് കണ്ടത്.
രാഷ്ട്രപതിയായ ശേഷം കലാം ഗുജറാത്ത് സന്ദര്‍ശിച്ചു. കലാപത്തിനിരയായവര്‍ കഴിഞ്ഞിരുന്ന ക്യാമ്പുകളിലെ കാഴ്ച തന്റെ മനസ്സുലച്ചതായി പിന്നീടദ്ദേഹം എഴുതിയിട്ടുണ്ട്. പക്‌ഷേ, കലാപത്തിനിരയായവര്‍ക്ക് നീതി കിട്ടുന്നതില്‍ അദ്ദേഹം എന്തുമാത്രം താല്‍പര്യമെടുത്തു എന്ന ചോദ്യം ബാക്കിയാണ്.
അതിനും മുമ്പ് 1998 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ടാം പൊക്രാന്‍ അണുവിസ്‌ഫോടനം വിജയമായെന്നു പ്രകീര്‍ത്തിച്ചതിനും കലാം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ ആണവ പരീക്ഷണം 50, 60 ശതമാനം മാത്രമേ വിജയിച്ചുള്ളുവെന്നാണ് ആണവശാസ്ത്രജ്ഞനായ കെ.സന്താനം പറഞ്ഞത്. ഹോമി സെത്‌നയെയും പി.കെ.അയ്യങ്കാരെയും പോലുള്ള ആണവശാസ്ത്രജ്ഞര്‍ സന്താനത്തിനെ പിന്തുണയ്ക്കുകയും ചെയ്തു. കലാം ഒരു ആണവശാസ്ത്രജ്ഞനല്ലെന്നും ഒരു ടെക്‌നൊക്രാറ്റ് മാത്രമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ പിന്നീട് പ്രഫുല്‍ ബിദ്വായിയെ പോലുള്ളവര്‍ ഉയര്‍ത്തിയതിനു പിന്നിലും ഈ പശ്ചാത്തലമുണ്ടായിരുന്നു.
രുദ്രവീണ വായിക്കുന്ന, തിരുക്കുറള്‍ ഉദ്ധരിക്കുന്ന, ഉറുദു അറിയാത്ത മുസ്ലിം എന്ന വിശേഷണവും മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കലാമിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഭാരതീയ സംസ്‌കാരം സ്വാശീകരിച്ച മുസ്ലിം എന്നാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം കലാമിനെ വിശേഷിപ്പിച്ചത്. ഭാരതീയ സംസ്‌കാരം എന്നാല്‍ ഒരു സവിശേഷ മതത്തിന്റെ സംസ്‌കാരം എന്ന ധാരണയില്‍ നിന്നാണ് ഇത്തരം നിലപാടുകള്‍ ഉരുത്തിരിയുന്നത്. ബുദ്ധമതവും ജൈനമതവും മതമില്ലായ്മയും ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയിലുണ്ട് എന്ന യാഥാര്‍ത്ഥ്യം മറന്നുപോവുന്നതു കൊണ്ടു കൂടിയാണിത്.
കലാമിനു നേര്‍ക്കുയര്‍ന്നിട്ടുള്ള വലിയ വിമര്‍ശനങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ പ്രതിച്ഛായ ബി ജെ പി കൃത്യമായി മുതലെടുത്തു എന്നതാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ ചോദ്യം ചെയ്യുന്ന ഒരു നീക്കവും കലാമില്‍ നിന്നുണ്ടായില്ല എന്ന നിരീക്ഷണവും ശ്രദ്ധേയമാണ്.
കൂടംകുളം ആണവ നിലയത്തിനനുകൂലമായി കലാം സ്വീകരിച്ച നിലപാടും നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കൂടംകുളം ആണവനിലയം ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്ന നിലാപാടായിരുന്നു കലാമിന്റേത്. ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിനു ശേഷവും ഈ നിലപാടില്‍ നിന്നും അദ്ദേഹം പിന്മാറിയില്ല. ആണവ നിലയത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന കൂടംകുളത്തെയും പരിസരങ്ങളിലെയും പ്രക്‌ഷോഭകാരികള്‍ കലാമിന്റെ നിലപാടില്‍ നിരാശരായിരുന്നു.
ഈ വിമര്‍ശങ്ങള്‍ പക്ഷേ, കലാമിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നില്ല. ഒരു ജനതയുടെ ഹൃദയത്തെ തൊടാനാവുക എന്നത് അനിതരസാധാരണമായ കാര്യമാണ്. രാഷ്ട്രപതി സ്ഥാനത്തുനിന്ന് മാറിയതിനു ശേഷം കലാമിന്റെ ജനപ്രീതി കൂടിയതേ ഉള്ളൂ. ആദ്യ രാഷ്്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദ് അടക്കം എത്രയോ പ്രഗത്ഭരായ രാഷ്ട്രപതിമാരെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്‌ഷേ, ജനങ്ങള്‍ സ്വന്തം രാഷ്ട്രപതിയായി ഏറ്റെടുത്ത ഒരേയൊരാളേ ഉണ്ടായിട്ടുള്ളൂ. ജനങ്ങള്‍ക്കും കലാമിനുമിടയിലുള്ള ബന്ധത്തിന്റെ കണ്ണി അത്രമാത്രം ശക്തവും തീവ്രവുമായിരുന്നു. മരണമുയര്‍ത്തുന്ന തിരശ്ശീലയ്ക്കും മുകളിലേക്ക് കലാമിനെ ഉയര്‍ത്തുന്നതും ഈ ജനകീയത തന്നെയാണ്.