SPECIAL NEWS
  Aug 04, 2015
ബുദ്ധിജീവികളുടെ അഴിമതി
സി.ആര്‍. പരമേശ്വരന്‍
കെ.പി. രാമനുണ്ണി തുടക്കമിട്ട ഇസ്‌ലാമികസംവാദത്തില്‍ ടി.ടി. ശ്രീകുമാറിന്റെ പ്രതികരണം (14.7.2015) വായിച്ചു. ശ്രീകുമാര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടിപറയുന്നതിലുമെളുപ്പം അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെയും ചിന്താശൈലിയുടെ സവിശേഷതകളെയുംകുറിച്ച് മനസ്സിലാക്കുന്നതാണ്. ചരിത്രനിരപേക്ഷനായി ഒരു മുസ്‌ലിം ഇല്ലാത്തതുപോലെതന്നെ ദേശനിരപേക്ഷനായും ഒരു മുസ്‌ലിം ഇല്ല. സൗദിഅറേബ്യയിലെ മുസ്‌ലിമല്ല പലസ്തീനിലും ബോസ്‌നിയയിലും ഉള്ളത്. ഇറാഖിലെയും സിറിയയിലെയും ഇറാനിലെയും തുര്‍ക്കിയിലെയും മുസ്‌ലിങ്ങള്‍ പരസ്പരം വ്യത്യസ്തരാണ്. പശ്ചിമേഷ്യയില്‍ തമ്മില്‍ത്തമ്മില്‍ യുദ്ധക്കൊലപാതകങ്ങള്‍ നടത്തുന്ന ഇസ്‌ലാമിലെ അവാന്തരവിഭാഗങ്ങളുടെ അവസ്ഥകള്‍ ജീവിതവും മരണവുംപോലെ വ്യത്യസ്തമാണ്.

ഇന്ത്യയില്‍ത്തന്നെ നരോദപാട്യയിലെയും ഹാഷിംപുരയിലെയും നെല്ലിയിലെയും ഭീവണ്ടിയിലെയും മുസ്‌ലിമല്ല മലപ്പുറത്തും ഹൈദരാബാദിലും മാല്‍ഡയിലുമുള്ളത്. അതുപോലെ മോദിയുടെ ഹിന്ദുവല്ല പാകിസ്താനിലെയും ബംഗ്‌ളാദേശിലെയും ഹിന്ദുന്യൂനപക്ഷം. ആത്യന്തികമായി, അധികാരംതന്നെയാണ് പ്രശ്‌നം. ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും മാര്‍ക്‌സിസ്റ്റായാലും അധികാരമുണ്ടെങ്കില്‍ തങ്ങളുടെ സ്വാധീനമേഖലകളില്‍ ഘടനാപരവും അല്ലാത്തതുമായ ഹിംസ അഴിച്ചുവിടുന്നു; സ്വാധീനമില്ലാത്തിടത്ത് പ്രതിരോധത്തിലാവുന്നു. മനുഷ്യചരിത്രത്തോളം പഴക്കമുള്ള, ക്രൂരമായ, പ്രാഥമികമായ ഈ അധികാരബലതന്ത്രത്തില്‍ വിള്ളലുകള്‍വീഴ്ത്താനാണ് മാനവികതയുള്ള ബുദ്ധിജീവികള്‍ ശ്രമിക്കേണ്ടത്.

അതിനുപകരം നമ്മുടെ ബുദ്ധിജീവികള്‍ ചെയ്യുന്നത്, ദേശനിരപേക്ഷനായ ഒരു മുസ്‌ലിമിനെ അവതരിപ്പിച്ച്, താരതമ്യേന മതസൗഹാര്‍ദംപുലരുന്ന കേരളത്തെ വിഭാഗീയമാക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ശക്തികളെ തുണയ്ക്കുകയാണ്. ഇതേ സംവാദത്തില്‍ എം.എന്‍. കാരശ്ശേരിയുടെ കുറിപ്പില്‍ ബുദ്ധിജീവികള്‍ക്കിടയിലെ ഒരു പ്രവണതയെക്കുറിച്ചു പരാമര്‍ശമുണ്ട്: ''നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പുലര്‍ന്നുവരുന്ന മതേതരത്വത്തിന്റെ ഒരു മാതൃക അങ്ങേയറ്റം അപകടകരമാണ്. താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് വര്‍ഗീയതയും അന്യസമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് മതേതരത്വവും എന്നതാണ് ആ സിദ്ധാന്തം! ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്‌സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, ഗവേഷകരുണ്ട്, അധ്യാപകരുണ്ട്, പൗരാവകാശപ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്... പതുക്കെപ്പതുക്കെ രൂപംകൊണ്ടുവരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍മതി.''

സ്ഥാനമാനങ്ങളെയും സൗജന്യങ്ങളെയുംകുറിച്ച് ഞാന്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. പക്ഷേ, നമ്മുടെ സമൂഹം സ്വായത്തമാക്കിയ നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിക്കുന്ന അപകടകരമായ ഈ ബുദ്ധിജീവിപ്രവണതയില്‍ ധാര്‍മികമായ അഴിമതി തീര്‍ച്ചയായുമുണ്ട്. മറ്റു മതസ്ഥരനുഭവിക്കാത്ത ഒരു ചൂഷണവും സവിശേഷമായി കേരളത്തിലെ മുസ്‌ലിങ്ങളനുഭവിക്കുന്നില്ല. തുല്യമായ രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും അനുഭവിക്കുന്ന കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കു പിന്നാലെ നടന്ന് 'നിങ്ങളാകെ കുഴപ്പത്തിലാണ് കോയാ, നിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് കോയാ' എന്നാര്‍ത്തുവിളിച്ച് രക്ഷകരായി അവതരിക്കുന്ന ഹിന്ദുക്രിസ്ത്യന്‍ നാമധാരികളായ ബുദ്ധിജീവികള്‍ ഉദ്ദേശ്യശുദ്ധിയുള്ളവരാണെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ മതത്തിനുള്ളിലെ യാഥാസ്ഥിതികത്വത്തില്‍നിന്ന് മോചനം കാംക്ഷിക്കുന്ന ലിബറലുകളോ സാധാരണക്കാരോ സ്ത്രീകളോ ആയ ലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ ദ്രോഹിക്കുകയാണിവര്‍ ചെയ്യുന്നത്.

ഈ പ്രവണതയുടെ ബുദ്ധിമാനായ ഒരു പ്രതിനിധി ടി.ടി. ശ്രീകുമാറാണ്. നാമൊക്കെ ആദരിക്കുന്ന ചരിത്രവ്യക്തിത്വമാണല്ലോ ഇ.എം.എസ്സിന്റേത്. ശ്രീകുമാറിനെ വായിക്കുമ്പോഴൊക്കെ എനിക്കു തോന്നാറുള്ളത്, ഇ.എം.എസ്സിന്റെ ഔരസപുത്രനെ നാം തിരയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലല്ല, മറിച്ച് അദ്ദേഹത്തിന്റെ വിമര്‍ശകന്‍പോലുമായ ടി.ടി.ശ്രീകുമാറിലാണെന്നാണ്. ഇ.എം.എസ്സില്‍ നാം കാണുന്ന സ്വല്പം കൗടില്യം കലര്‍ന്ന ആ മിടുക്ക് ആനുപാതികമായിട്ടാണെങ്കിലും നാം പിന്നീടു കാണുന്നത് ഈ പണ്ഡിതനിലാണ്. സത്യമൂല്യത്തിനെ ചവിട്ടിയരച്ച് മുമ്പോട്ടുവരുന്ന ഈ മിടുക്കിനോട് എനിക്കു ബഹുമാനമില്ല. പരാമൃഷ്ടമായ ശ്രീകുമാറിന്റെ കുറിപ്പിലെ ഈ വാചകങ്ങള്‍ നോക്കൂ:

''ഇസ്‌ലാമായ ഒരാളെ അങ്ങനെ പറയുന്നതുപോലും വര്‍ഗീയമാണ് എന്നുവരുന്നതിലെ ഭീകരമായ ഹിന്ദുപൊതുബോധം നടുക്കുന്നതാണ്. ഇസ്‌ലാമായ ഒരാള്‍ ചീത്തയാണെന്നേ പറയാവൂ. അപ്പോള്‍ ഒരു കുഴപ്പവുമില്ല.''


ഈ വരികളില്‍ ഇ.എം.എസ്. പുനര്‍ജനിക്കുന്നു. ഈ വാക്യങ്ങളിലെ ആശയങ്ങളൊന്നും രാമനുണ്ണിയുടെ വിമര്‍ശകരാരും ചര്‍ച്ചയില്‍ പറഞ്ഞിട്ടുള്ളതല്ല; പറയാനുമിടയില്ല. അവര്‍ പറയാത്തത് അവരുടെ വായില്‍ നിക്ഷേപിച്ച് അവയ്ക്കു മറുപടിപറഞ്ഞ് വിജയശ്രീലാളിതനാകുന്ന ഇ.എം.എസ്. തന്ത്രമാണ് ശ്രീകുമാര്‍ പരീക്ഷിക്കുന്നത്. കടലുണ്ടിയിലെ അബ്ദുറഹ്മാന്‍ മതാനുയായി എന്നനിലയ്ക്കല്ല മനുഷ്യനെന്നനിലയ്ക്കാണ് നന്മചെയ്തതെന്നും നാം കണ്ണുതുറന്നാല്‍ കാണാവുന്നതുപോലെ, മതം നന്മചെയ്യുന്നതുമാത്രമല്ല അതിലേറെ തിന്മ ചെയ്യുന്നതും സഹാനുഭൂതിയില്ലാത്തതുമാണെന്നും അതിനാല്‍ അബ്ദുറഹ്മാന്റെ ത്യാഗത്തെ മതത്തിന്റെ കണക്കിലുള്‍പ്പെടുത്താത്തതാണ് യുക്തിസഹമെന്നും മാത്രമാണ് രാമനുണ്ണിയുടെ വിമര്‍ശകര്‍ പറഞ്ഞത്. ഇതിനെ തന്റേതായ രീതിയില്‍ ശ്രീകുമാര്‍ വികലീകരിക്കുന്നു, ഊതിവീര്‍പ്പിക്കുന്നു, വ്യാജവ്യാഖ്യാനങ്ങള്‍ നല്‍കുന്നു.

%'പൊതുബോധം മാത്രമല്ല സാമാന്യബോധംപോലും എപ്പോഴും തെറ്റാണ്; അതിനാല്‍ അതിനെ ഞെട്ടിക്കുന്ന ഒരു അപഭ്രംശം അവതരിപ്പിച്ചുകളയാം' എന്ന മലയാളി ഉത്തരാധുനികബുദ്ധി ശ്രീകുമാര്‍ എഴുതുമ്പോഴൊക്കെ പ്രവര്‍ത്തിക്കുന്നതു കാണാം. ഡല്‍ഹിയില്‍ 'നിര്‍ഭയ'സംഭവത്തോടു ബന്ധപ്പെട്ടുനടന്ന പ്രക്ഷോഭത്തെ വസ്തുതകള്‍പോലും മനസ്സിലാക്കാതെ ഉപരിവര്‍ഗപ്രക്ഷോഭമായി വ്യാഖ്യാനിച്ചപ്പോഴും താനൊരു പരിസ്ഥിതിവാദികൂടിയായിരുന്നിട്ടും ലേഖനമെഴുതി അക്രമാസക്തരായ ഗാഡ്ഗില്‍വിരുദ്ധരെ തുണച്ചപ്പോഴും അത്യപൂര്‍വമായിമാത്രം നല്ലതുചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഡോ. ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ അനുകരണീയമായ ഒരു ശുചീകരണപ്രസ്ഥാനമാരംഭിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചപ്പോഴുമെല്ലാം ശ്രീകുമാര്‍ ഇങ്ങനെ സാമാന്യബോധത്തെ ഞെട്ടിക്കുകയായിരുന്നു.

തീര്‍ച്ചയായും ശ്രീകുമാറിനെപ്പോലുള്ള ഉത്തരാധുനികര്‍ എപ്പോഴും ആ പഴയ സംസ്‌കൃതശ്ലോകത്തെ ഓര്‍മയില്‍ കൊണ്ടുവരും:
'ഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേനകേനപ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേല്‍
(കുടം പൊട്ടിച്ചോ വസ്ത്രം കീറിപ്പറിച്ചോ അമ്മയെ തല്ലിയോ എന്തെങ്കിലുമൊക്കെവിധത്തില്‍ ആളുകള്‍ പ്രശസ്തരാകുന്നു.)
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -