SPECIAL NEWS
  Aug 01, 2015
കാതിലെ പൂട യോഗ്യതയല്ല
അഡ്വ. ശനിയന്‍

നമ്പൂതിരി മുതല്‍ നായാടിവരെ, നരേന്ദ്ര മോദിക്കും അമിത് ഷാജിക്കും
മലയാളത്തില്‍ മുദ്രാവാക്യം വിളിക്കുന്ന കാലം സ്വപ്‌നം കാണുന്ന എന്റെ
കക്ഷി മിസ്റ്റര്‍ വെള്ളാപ്പള്ളി നടേശന്‍ ഒരു കാര്യം അസന്നിഗ്ധമായി
തെളിയിച്ചിരിക്കുന്നു. യുവറോണര്‍, ഭൂരിപക്ഷത്തിന്റെ മൊത്തക്കച്ചവടത്തിന്
'കാതിലെ പൂട' ഇനിമേലൊരു യോഗ്യതയല്ല.

യുവറോണര്‍, ജാതി അടിസ്ഥാനത്തിലുള്ള ഒരു വികേന്ദ്രീകൃത ആസൂത്രണത്തിലേക്ക്
കേരളം മടങ്ങിയ കാര്യം ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയില്‍ ഉണ്ടാവുമല്ലോ.
ഇതുകണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിക്കാനുള്ള ബുദ്ധിശൂന്യതയൊന്നും
ഇവിടയുള്ളവര്‍ക്കോ, വരത്തന്‍മാരായ സ്വാമിമാര്‍ക്കോ ഇനി ഉണ്ടാകില്ലെന്ന്
ഉറപ്പുള്ളതിനാല്‍ സാമ്പത്തിക രാഷ്ട്രീയരംഗങ്ങളില്‍ ഇതൊരു ഉത്തമ വികസന
മാതൃകയായി ഔദ്യോഗികമായി അംഗീകരിക്കാന്‍ വൈകിക്കൂടാത്തതാകുന്നു.

അനാരോഗ്യ വകുപ്പ്, വിദ്യാഭ്യാസ കച്ചവട വകുപ്പ്, മരാമത്ത് വെട്ടിപ്പ്
വകുപ്പ് എന്നിങ്ങനെ വകുപ്പ് തിരിച്ചാണല്ലോ യുവറോണര്‍, ഇന്നാട്ടിലെ ഭരണം.
എല്ലാ വകുപ്പുകള്‍ക്കും വര്‍ഷാവര്‍ഷം എത്ര കൊടുത്താലും ഇവിടത്തെ ജാതികളും
സമുദായങ്ങളും 'ഇവിടെയൊന്നും കിട്ടിയില്ലേ' എന്ന്
നിലവിളിച്ചുകൊണ്ടിരിക്കും. നമ്മുടെ കീശയില്‍ തുട്ടിടാത്ത ഭരണം ഭരണമാണോ
എന്ന് ചോദിച്ച് സമുദാചാര്യന്‍മാര്‍ വാളെടുക്കും. ഇങ്ങനെ ജാതികളെയും
വകുപ്പുകളെയും ഒരുമിച്ച് തൃപ്തിപ്പെടുത്തുന്നത് കാരണമാണ് യുവറോണര്‍,
കേരളം കടക്കെണിയില്‍പ്പെടുന്നത്. ഇതിലും നല്ലത് ഉള്ളത് ജാതികള്‍ക്കായി
നീക്കിവെക്കുന്നതല്ലേ?

ബജറ്റ് തന്നെ ഈയടിസ്ഥാനത്തില്‍ പൊളിച്ചെഴുതണമെന്നാണ് യുവറോണര്‍,
നിര്‍ദ്ദേശിക്കാനുള്ളത്. നായര്‍ക്കിത്ര, ക്രിസ്ത്യാനിക്കിത്ര,
മുസ്ലീമിനിത്ര, ഈഴവര്‍ക്കിത്ര, വെള്ളാളര്‍ക്കിത്ര എന്നിങ്ങനെ പോട്ടെ.
അപ്പോഴേ ബജറ്റിനൊക്കെ പ്രസക്തി വരൂ. പിന്നെയാരും ഇതിന്റെ അവതരണമൊന്നും
തടയാന്‍ വരില്ല. അസംബ്ലിയില്‍ നായര്‍ എം.എല്‍.എ മാര്‍ ചേര്‍ന്നിരുന്ന്
നായര്‍ ധനാഭ്യര്‍ത്ഥന പാസ്സാക്കണം. ഈഴവര്‍ മാത്രമിരുന്ന് ഈഴവ
ധനാഭ്യര്‍ത്ഥനയും. അതല്ല, ഇവര്‍ തമ്മില്‍ ഐക്യപ്പെട്ടാല്‍ ഇരുവരുടെയും
ധനാഭ്യര്‍ത്ഥനകള്‍ ഒരുമിച്ച് ചര്‍ച്ചചെയ്യാം.

എല്ലാ ജില്ലയിലും മെഡിക്കല്‍കോളേജ് എന്നൊക്കെ പ്രകടനപത്രികയില്‍
എഴുതുന്നതിന് പകരം എല്ലാ സമുദായങ്ങള്‍ക്കും മെഡിക്കല്‍ കോളേജ്
എന്നെഴുതാം. കോളേജുകളില്ലാത്ത എല്ലാ പഞ്ചായത്തിലും കോളേജ് എന്നതിന് പകരം
എല്ലാ താലൂക്കിലും എല്ലാ ജാതികള്‍ക്കും കോളേജ് എന്നെഴുതാം. സര്‍ക്കാര്‍
പാര്‍ട്ടി ഏകോപന സമിതി എന്ന മാതൃകയില്‍ എല്ലാ ജാതിമത
സമുദായക്കോമരങ്ങളുടെയും ഏകോപന സമിതിയുണ്ടാക്കണം. ഇതിന് കോമരസഭ എന്നോ
മറ്റോ പേരിടാം.

നമ്മുടെ ജാതികള്‍ അവരവര്‍ക്കായി ചെയ്ത നവോത്ഥാനക്കുമ്മി സ്‌കൂളുകളില്‍
പാഠ്യവിഷയമാക്കണം. കേരളത്തില്‍ ഇമ്മാതിരി പാഠങ്ങള്‍ക്ക് ഒരു പഞ്ഞവും
വരില്ല. ആകെ എല്ലാരുംകൂടി ഒരുമിച്ച് ചെയ്തിട്ടുള്ള ഒറ്റക്കാര്യമേയുള്ളൂ.
അത് വിമോചനസമരമാണ്. അമേരിക്കന്‍ പണംകൊണ്ട് നടന്ന ഒരഭ്യാസമാകയാല്‍
നമുക്കതിനെ കണ്ടില്ലെന്ന് നടിക്കാം. അപ്പോള്‍ ബ്രാഹ്മണന്റെ
വെഞ്ചെരിക്കാത്ത ഹൃദയം ക്രിസ്ത്യാനിയില്‍ തുടിക്കുന്നതോ എന്ന്
ഫെയ്‌സ്ബുക്ക് നോക്കുന്ന ചില ധിക്കാരികള്‍ ചോദിക്കും. അവരെയൊക്കെ
പരീക്ഷകളില്‍ തോല്‍പ്പിച്ചടുക്കണം. ചരിത്രത്തിന്റെ ഇരുള്‍ക്കിണറിലേക്ക്
താഴ്‌ത്തേണ്ട ചില സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും
നടന്നിട്ടുണ്ടെന്ന് അവരെ ബോധവത്കരിക്കുന്ന തരത്തിലുള്ള കരിക്കുലമാവണം
യുവറോണര്‍, നമുക്ക് വേണ്ടത്.

ഇങ്ങനെയൊക്കയാവുമ്പോള്‍ നമ്മുടെ രാഷ്ട്രീയകക്ഷി സംവിധാനം
അപ്രസക്തമാവുമെന്ന ആശങ്ക ബഹുമാനപ്പെട്ട കോടതിക്ക് വേണ്ട. എല്‍.ഡി.എഫിലും
യു.ഡി.എഫിലും ഇപ്പോള്‍ പല അന്താരാഷ്ട്ര നാമങ്ങളില്‍ കാണപ്പെടുന്ന
കക്ഷികളെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജാതി അടിസ്ഥാനത്തില്‍
തന്നെയെന്നതിന് ഇനിയും തെളിവ് ചോദിക്കരുത്. ബി.ജെ.പി ഇതിനായി മാത്രം
കച്ചകെട്ടി ഇറങ്ങിയവരാണെങ്കിലും ആവശ്യത്തിന് വോട്ടര്‍മാര്‍ എന്ന അടിസ്ഥാന
സൗകര്യം അവര്‍ക്കിനിയും കിട്ടിയിട്ടില്ല. അവര്‍കൂടി കളത്തിലിറങ്ങാതെ,
വെറും വ്യാജന്‍മാരെക്കൊണ്ട് മേല്‍പ്പറഞ്ഞ മഹത്തായ ഭാവി പരിപാടി
യാഥാര്‍ത്ഥ്യമാവില്ല, യുവറോണര്‍.

കോമരസഭയില്‍ ബി.ജെ.പിയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സന്ദര്‍ഭോചിത
നീക്കം നടത്തുന്ന എന്റെ കക്ഷി മിസ്റ്റര്‍ നടേശ്ജിയെ വിമര്‍ശിക്കാന്‍
ചിലര്‍ ശ്രമിച്ചത് കണ്ടപ്പോഴാണ് ഈ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഊളിയിട്ട്
പോയത് യുവറോണര്‍...യു.ഡി.എഫിനോട് മൃദുത്വം കാട്ടുകയും കേന്ദ്രത്തില്‍
അധികാരത്തിലിരിക്കുന്നവരോട് സൗഹൃദം വേണമെന്നും എന്റെ കക്ഷി പറയുമ്പോള്‍
പതിവുപോലെ ഏതോ അപ്പക്കഷണം അദ്ദേഹം തേടുന്നതായി ചിലര്‍ക്കെങ്കിലും
തോന്നും. അത് ശരിയല്ലെന്ന് ചരിത്രമറിയാവുന്നവര്‍ക്ക് മനസ്സിലാവും.

തൊണ്ണൂറുകള്‍ മുതല്‍ എന്റെ കക്ഷിയുടെ സമുദായത്തെ പാട്ടിലാക്കാന്‍
ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്റെ കക്ഷിയോ, നായര്‍ ഈഴവ ഐക്യത്തിനായി
എത്ര തവണ നായര്‍സമുദായ നേതാക്കള്‍ക്ക് കൈകൊടുത്തു? സ്വാതന്ത്ര്യം എന്റെ
ജന്‍മാവകാശമാണെന്ന് പണ്ട് മിസ്റ്റര്‍ തിലക് പറഞ്ഞപോലെ ഈ ഐക്യം തന്റെ
ജന്‍മാവകാശമെന്ന മട്ടിലാണ് യുവറോണര്‍ അദ്ദേഹം
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 1956 ല്‍ മനത്ത് പത്മനാഭനുമായി
ചേര്‍ന്ന് ആര്‍.ശങ്കര്‍ ഹിന്ദുമഹാ മണ്ഡലത്തിനായി നടത്തിയ ശ്രമത്തെ ഇന്നും
സജീവമാക്കി നിലനിര്‍ത്താന്‍ എന്റെ കക്ഷി ശ്രമിക്കുന്നത് തന്റെ
സമുദായത്തിന് വേണ്ടി മാത്രമല്ലെന്ന് ഓര്‍ക്കണം. മറ്റൊരു സമുദായത്തിന്റെ
അഭ്യുന്നതിക്കുവേണ്ടി ഇതുപോലെ യത്‌നിച്ചിട്ടുള്ള സമൂദായാചാര്യന്‍
കേരളത്തില്‍ വേറെയുണ്ടോ? പക്ഷെ, എല്ലാത്തവണയും ഈ വിപ്ലവശ്രമങ്ങള്‍
നമുക്കൊന്നും അറിയാത്ത ഏതോ പെറ്റിക്കാര്യങ്ങളാല്‍ അലസിപ്പോയി.

ഇവിടെയാണ് ഇപ്പോഴത്തെ ശ്രമത്തിന്റെ പ്രസക്തി. യുവറോണര്‍, കേരളത്തില്‍
എല്ലാരും ന്യൂനപക്ഷമല്ലേ. നായര്‍ 15 ശതമാനത്തില്‍ താഴെ. ഈഴവര്‍ 21. ഇത്
25 വരെയെത്തുമെന്ന് അവകാശപ്പെടുന്നവരുണ്ട്. ക്രിസ്ത്യാനികള്‍ കഷ്ടി 20.
മുസ്ലീങ്ങള്‍ 26. അങ്ങനെയങ്ങനെ. ശരിയാണ്. നായരെയും ഈഴവരെയും ചേര്‍ത്താല്‍
അവരാണ് ഭൂരിപക്ഷം. അംശത്തില്‍ പിന്നിലായിട്ടും തങ്ങളാണ് ഭൂരിപക്ഷമെന്നാണ്
നായര്‍ സമുദായം അഹങ്കരിച്ചിരുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും
പിന്നിലായിട്ടും കാതില്‍ രോമമുണ്ട് എന്നത് മാത്രമാണ് ഇതിനുള്ള യോഗ്യതയായി
പറഞ്ഞിരുന്നത്. എന്നാലോ, നായരീഴവ ഐക്യം കൊണ്ട് മാത്രം
യാഥാര്‍ത്ഥ്യമാവുന്ന ഹൈന്ദവ ഭൂരിപക്ഷത്തിന്റെ നേതൃത്വാവകാശം ഇതാ എന്റെ
കക്ഷി ഉന്നയിച്ചിരിക്കുന്നു. ആരും വെല്ലുവിളിച്ചിട്ടുമില്ല.

യുവറോണര്‍, അധികമൊന്നും പറയുന്നില്ല. ഏറിയാല്‍ 25 ശതമാനത്തിന്റെ
പ്രാതിനിധ്യം മാത്രം അവകാശപ്പെടാവുന്ന എന്റെ കക്ഷി പിണറായിയെക്കാള്‍
വലിയ മസ്സിലുള്ള അമിത് ഷാജിയുടെ മുന്നില്‍ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ
പ്രതിനിധിയായി ഞെളിഞ്ഞിരുന്നപ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്.
നായരീഴവ ഐക്യം അവകാശപ്പെടാന്‍ എന്തുകൊണ്ടോ, ഇനി പെരുന്ന ആസ്ഥാനമായ സമദൂര
നായന്‍മാരുടെ അനുമതി വേണ്ടെന്ന സ്ഥിതി വന്നിരിക്കുന്നു. പിന്നെയോ കാതിലെ
പൂട ഭൂരിപക്ഷ നേതൃത്വത്തിനുള്ള അടിസ്ഥാന യോഗ്യതയല്ലെന്നും
തെളിഞ്ഞിരിക്കുന്നു. ഉള്ളവര്‍ക്ക് മേല്‍ ഇല്ലാത്തവര്‍ അധീശത്വം
വഹിക്കുന്ന നല്ല നാളെയെ ആണല്ലോ നാമെല്ലാം സ്വപ്‌നം കാണുന്നത്. ഇവിടെയോ
പൂടയുള്ളവരെ പൂടയില്ലാത്തവര്‍ നയിക്കുന്ന മധുര മനോജ്ഞകാലം ഇതാ
സമാഗതമാവുന്നു. പ്രലോഭനങ്ങളിലൊന്നും വഴങ്ങാതെ വരുന്ന പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍ ഇതിന് തറക്കല്ലിടാന്‍ എന്റെ കക്ഷിക്ക് കഴിഞ്ഞാല്‍
കേരളത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല, യുവറോണര്‍!

നോട്ട് ദ പോയന്റ്:
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് സി.പി.എം
അപ്പോള്‍ കണ്ണൂരിലും ഇനി 'വധശിക്ഷ' ഉണ്ടാവില്ലേ?
 
Other News in this section
ഫലകത്താമരയും ഉറി അരിവാളും
ഭഗവാന്‍ കൃഷ്ണനുള്ള ഉറി ബാലഗോകുലങ്ങള്‍ അടിക്കട്ടെ. മാര്‍ക്‌സിനുള്ള ഉറി ബാലസംഘക്കാരും. അമ്പാടിയില്‍ കളിച്ചുനടന്നെന്ന് ഇടമറുക് ഒഴികെയുള്ളവര്‍ പറയുന്ന ഉണ്ണിക്കണ്ണനുള്ള ഉറി നാട്ടുകാര്‍ വേണമെങ്കില്‍ അടിക്കട്ടെ, അടിക്കാതിരിക്കട്ടെ. കുട്ടികളെ വെച്ചുള്ള ഈ ചൂതുകളിയില്‍ ബഹുമാനപ്പെട്ട കോടതിക്കും ഒരു കണ്ണുവേണം യുവറോണര്‍, ഏത് ഉറക്കത്തിലും ബി.ജെ.പി. എന്നു കേട്ടാല്‍ മലയാളികളുടെ ..

Latest news

- -