Mohaneeyam
SPECIAL NEWS
  Jul 21, 2015
കൊച്ചിയുടെ ആന
കെ എല്‍ മോഹനവര്‍മ്മ
ദേ, അപ്പൂപ്പാ, കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് വന്നു.

എന്റെ ലാസ്റ്റ് പേരമകന്‍ ഏഴു വയസ്സുകാരന്‍ അദൈ്വത്
ഒരു ആനയുടെ പടം വരച്ച് അതിന് കറുപ്പിനു പകരം അവനിഷ്ടപ്പെട്ട മഞ്ഞയും
ചുമപ്പും പച്ചയും നിറം കൊടുത്ത് താഴെ കൊച്ചിന്‍ ടസ്‌ക്കര്‍ എന്ന്
ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എഴുതി ഏറെ നേരത്തെ ശ്രമം കൊണ്ട്
തയാറാക്കിയ പടം എന്നെ എടുത്തുകാട്ടി പറഞ്ഞു.

എന്റെ പേരക്കുട്ടികള്‍ക്കും അതുപോലെ കേരളത്തിലെ മിക്ക
കുട്ടികള്‍ക്കും കഴിഞ്ഞയാഴ്ച്ച ആകെ പ്രശ്‌നമായിരുന്നു. സ്‌ക്കൂളും പുതിയ
ക്ലാസും പുതിയ പുസ്തകം കിട്ടിയതും കിട്ടാത്തതും കിട്ടിയത് കവറു
പൊതിയുകയും നെയിം സ്ലിപ്പ് ഒട്ടിക്കലും പുതിയ യൂണിഫോറവും ഷൂസും
സോക്ക്‌സും എല്ലാം അമ്മമാരും ടീച്ചര്‍മാരും കൂടി മാനേജ് ചെയ്യും.
അനുസരിച്ചാല്‍ മതി. പക്ഷെ ഇക്കാര്യം അങ്ങിനെയല്ല. സ്വയം ഒരു തീരുമാനം
എടുക്കേണ്ടതാണ്. അതും ഉടന്‍ വേണം. എനിക്കിനി ക്രിക്കറ്റു വേണോ ഫുട്‌ബോളു
വേണോ?

കുറച്ചു ദിവസം മുമ്പ് ഐ പി എല്‍ എന്ന ഓമനപ്പേരില്‍
അറിയപ്പെടുന്ന ക്രിക്കറ്റ് മത്സരപരമ്പരയെക്കുറിച്ച് വാര്‍ത്ത വന്നു.
2013 ലെ ഐ പി എല്‍ കളിയില്‍ നടന്ന വാതുവയ്പ്പ് അന്വേഷിക്കാന്‍ സുപ്രിം
കോടതി നിയമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ലോധായുടെ നേത്യത്വത്തിലുള്ള
പാനലിന്റെ റിപ്പോര്‍ട്ടു ആകെ കുഴപ്പമാക്കി. ഐ പി എല്ലിന്റെ
ഇമേജുകളായിരുന്ന ചെന്നൈയും രാജസ്ഥാനും സൂപ്പര്‍ താരടീമുകള്‍ക്ക് രണ്ടു
വര്‍ഷം വിലക്ക്. അവരെ കണ്ട്രോള്‍ ചെയ്തിരുന്ന ഗുരുനാഥ് മെയ്യപ്പനും രാജ്
കുന്ദ്രെയ്ക്കും ആജീവനാന്തക്രിക്കറ്റ് മൈതാന വിലക്ക്. ഇനി ആറു ടീമുകളേ
വരും കൊല്ലം കളിക്കാന്‍ കാണൂ. അത് നഷ്ടമാണ്. അതുകൊണ്ട് ഏതായാലും രണ്ടു
ടീം കൂടി വരും. വരണം. അതില്‍ ഒന്ന് കൊച്ചി ആയിരിക്കും. ആയിരിക്കണം.

ഞാന്‍ അദൈ്വതിനോട് ചോദിച്ചു.

നിനക്കു മെയ്യപ്പനെ അറിയാമോ ?

നമ്മടെ ഉടുപ്പു തേക്കുന്ന അണ്ണാച്ചിയല്ലിയോ? എനിക്കറിയാം.

ഞാന്‍ രാജ് കുന്ദ്രെയെക്കുറിച്ചു ചോദിച്ചില്ല. ഇക്കണക്കിന്
വരാനിടയുള്ള മറുപടി ഊഹിക്കാന്‍ പോലും പറ്റില്ല.

2007 ല്‍ സീ ടി വി യുടെ തലവന്‍ സുഭാഷ് ചന്ദ്രയാണ് എട്ടു
ടീമുകളെ വച്ച് പത്തു നാല്‍പ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ട്വെന്റി
20 ക്രിക്കറ്റ് കളി പരമ്പര ശരിക്കും മൂന്നുമണിക്കൂര്‍ സീരിയല്‍ ശൈലിയില്‍
ടെലിവിഷന്റെ ഏറ്റവും കൂടുതല്‍ കാണികളുള്ള ഏഴുമണി പത്തുമണി പ്രൈംടൈമില്‍
കാട്ടത്തക്കവിധം സംഘടിപ്പിക്കാന്‍ പ്ലാനിട്ടത്. പേര് ഇന്ത്യന്‍
ക്രിക്കറ്റ് ലീഗ്. കപില്‍ ദേവ് ലീഡര്‍. കളിക്കാര്‍ക്ക് ഉഗ്രന്‍ പ്രതിഫലം
ഓഫര്‍. തങ്ങളുടെ അധീനതയിലുള്ള താരമൂല്യമുള്ള കളിക്കാര്‍ തങ്ങള്‍
നല്‍കുന്നതിന്റെ അനവധി ഇരട്ടി പണവുമായി കാത്തു നില്‍ക്കുന്ന പുതിയ
ശക്തികേന്ദ്രത്തിലേക്കു പോയേക്കും എന്ന അപകടം മണത്ത ഇന്ത്യന്‍
ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ രംഗത്തെത്തി.

ഇന്ന് എല്ലാവരും കള്ളനെന്ന് പഴിക്കുന്ന ക്രിക്കറ്റ് പ്രേമിയായ ലളിത് മോദി എന്ന
ബിസിനസ്സുകാരനെയാണ് സീ ടി വിയെ ഒതുക്കാന്‍ അവര്‍ നിയോഗിച്ചത്. ലളിത് മോദിയുടെ
തന്ത്രങ്ങള്‍ വിജയിച്ചു. ഇന്ത്യന്‍ പ്ലേയേഴ്‌സ് ലീഗ് നിലവില്‍ വന്നു. ഐ
പി എല്‍ എല്ലാ ഭീമന്‍ വ്യവസായികളും പരസ്യക്കമ്പനികളും രാഷ്ട്രീയ
നേത്യത്വവും ക്രിക്കറ്റ് ഭ്രാന്തന്മാരായി. ഐ പി എല്ലിന്
സ്വപ്നാതീതമായ വളര്‍ച്ച ഉണ്ടായി. പണം ഒഴുകി. ലളിത് മോദി ശരിക്കും
ഛത്രപതിയായി. ഇന്ന് അദ്ദേഹത്തെ കാണുന്നവരെപ്പോലും ക്രൂശിക്കുന്ന ഒരു
മഹാനും അക്കാലത്ത് അദ്ദേഹത്തിന്റെ ആതിഥേയത്വം ആസ്വദിക്കാതിരുന്നിട്ടില്ല.
എല്ലാവരും അദ്ദേഹത്തിന്റെ സൗഹ്യദം തേടി. കളിയെക്കാള്‍ കളി കഴിഞ്ഞുള്ള
താരപ്പാര്‍ട്ടികളിലേക്കുള്ള ക്ഷണക്കത്തിന് ലക്ഷങ്ങള്‍ വിലയായി. വി ഐ പി
കള്‍ ക്യൂ നിന്നു.

പിന്നെ എല്ലാ ഏകാധിപതികളെയും പോലെ ഒരു ദിവസം ലളിത്
മോദിയും വീണു. അദ്ദേഹം ബ്രിട്ടനിലേക്കു ഒട്ടനവധി രാഷ്ട്രീയ വ്യവസായ
വാണിജ്യ സിനിമാ മേഖലകളിലെ സാമ്പത്തികവും വ്യക്തിപരവുമായ ഇടപാടുകളുടെ
രഹസ്യങ്ങളും പോക്കറ്റിലിട്ട് പോയി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍
വി ഐ പി കളിലുള്ള അദ്ദേഹത്തിന്റെ പിടിയുടെ മുറുക്ക് കുറഞ്ഞിട്ടില്ല.

നീ ലളിത് മോദിയെ കേട്ടിട്ടുണ്ടോ എന്നു അദൈ്വതിനോട്
ചോദിച്ചില്ല. അദ്ദേഹം അഴിമതി കാട്ടിയാലും കുട്ടികള്‍ക്കു പ്രശ്‌നമില്ല.
അഴിമതിയും കോഴയും കള്ളപ്പണവും കള്ളം പറയലും വലുതായാല്‍ എല്ലാവരും
ചെയ്യുന്ന പണിയാണെന്ന് കേരളത്തിലെ ഇന്നത്തെ കുട്ടികള്‍ക്കറിയാം.
ഇടയ്ക്കിടയ്ക്ക് കോടതീം പോലീസും മീശ പിരിക്കും. അതുകൊണ്ട് വലിയ
കാര്യമില്ല എന്നും അവര്‍ക്കറിയാം. അവര്‍ക്കു വേണ്ടത് കൊച്ചിന്‍
ടസ്‌ക്കേഴ്‌സ് ആണ്. ഇവിടെ ആദ്യമായുണ്ടായ പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം.
ഒരു കൊല്ലമേ കളിച്ചുള്ളു. അവരെ പുറത്താക്കി. പിന്നാലെ നമ്മുടെ ശ്രീശാന്ത്
ചേട്ടനെ മാത്രം പിടിച്ച് കേസിലാക്കി. അപ്പോഴാണ് ഭാഗ്യത്തിന് സച്ചിന്‍
അങ്കിള്‍ ക്രിക്കറ്റ് കളി നിര്‍ത്തി ഫുട്‌ബോളില്‍ വന്നതും കേരളാ
ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം തുടങ്ങിയതും. കുട്ടികള്‍ ക്രിക്കറ്റ്
വിട്ടു. ഫുട്‌ബോള്‍ മതിയെന്നു തീര്‍ച്ചപ്പെടുത്തി. ബ്രസീലിന്റെ മഞ്ഞയും
അര്‍ജന്റീനയുടെ ഇളംനീലയും കേരളത്തിലെ കുട്ടികളുടെ പ്രിയവര്‍ണ്ണങ്ങളായി.

പക്ഷെ ഇപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.

ക്രിക്കറ്റില്‍ ചൈന്നെയും രാജസ്ഥാനും ഔട്ടാകുന്നു.
ധോണിയങ്കിളും കൂട്ടരും വേറെ ഏതെങ്കിലും ടീമില്‍ വരും. തീര്‍ച്ച. പക്ഷെ
നമ്മുടെ ഭാഗ്യമാണ്. ചെന്നൈക്കു പകരം കൊച്ചിന്‍ ടസ്‌ക്കേഴ്‌സിനു വരാന്‍
പറ്റും. പിന്നെ, ദേ, നമ്മുടെ സഞ്ജുച്ചേട്ടന്‍ ഇന്ത്യന്‍ ടീമില്‍
കളിക്കുന്നു. ഫുട്‌ബോളില്‍ മെസ്സിയോ നെയ്മറോ ആകാന്‍ നല്ല പാടാ. ഇവിടെ
ബൂട്ടിയാ അങ്കിളായാലും വേള്‍ഡ് കപ്പില്‍ കളിക്കാന്‍ പറ്റുകില്ല. ഇന്ത്യ
അതില്‍ ക്വാളിഫൈയിംഗ് റൗണ്ട് ജയിക്കില്ല. ക്രിക്കറ്റില്‍ അങ്ങിനല്ല.
ശ്രീശാന്ത് ചേട്ടന്‍ വേള്‍ഡ് കപ്പില്‍ കളിച്ചു. സഞ്ജുച്ചേട്ടനും ഇനി
കളിക്കും. നമുക്കും കളിക്കാം. ഇഷ്ടം പോലെ റിച്ച് ആകാം. ഫേമസ്സുമാകാം.

കുട്ടികള്‍ക്കു കണ്‍ഫ്യൂഷന്‍ വന്നതില്‍ തെറ്റില്ല.

എനിക്കും കണ്‍ഫ്യൂഷനായി. എന്റെ കണ്‍ഫ്യൂഷന്‍ വേറൊരു
തരത്തിലായിരുന്നു എന്നു മാത്രം.

ഈ കഴിഞ്ഞ ജൂലായ് പന്ത്രണ്ടിന് എനിക്കൊരു അനുഭവമുണ്ടായി.
ഞായറാഴ്ച്ച. അന്ന് ആലപ്പുഴ എസ് ഡി കോളേജിലെ കോമേഴ്‌സ്
പൂര്‍വവിദ്യാര്‍ത്ഥികളുടെ കംബൈന്‍ഡ് ആദ്യസംഗമമായ മൈറ്റി കോമേഴ്‌സ് വന്‍
പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യപ്രാസംഗികനായി പോയി.

അറുപത്തിമൂന്നു കൊല്ലം മുമ്പ് 1953-55 കാലത്ത് ഞാന്‍ അവിടെ ബി കോം
വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തെക്കാള്‍ എനിക്കു പ്രധാനം ക്രിക്കറ്റും
ടെന്നീസും ടേബിള്‍ ടെന്നീസും ആയിരുന്നു. കോളേജില്‍ ഒരു കയറ്റുപായ
വിരിച്ച പിച്ചും, അതേ ലവലിലുള്ള ബാറ്റും പാഡും അനുസാരികളും
മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇരുപതു കൊല്ലം മുമ്പ് ക്രിക്കറ്റ് എന്ന
നോവല്‍ എഴുതുമ്പോഴും ഇടയ്ക്കിടയ്ക്ക് അതു വഴി പോകുമ്പോഴും അവിടെ കയറി പഴയ
ക്രിക്കറ്റ് പിച്ചും പരിസരവും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ
എന്നോട് പലരും പറഞ്ഞിരുന്നു. അവിടുത്തെ ടെന്നീസ് കോര്‍ട്ട് ചത്തു.
ക്രിക്കറ്റ് പിച്ചും അതുപോലെയാകുമെന്ന്. അതു കാരണം ഞാന്‍ കാണാന്‍
കയറിയില്ല. പക്ഷെ കുറെ നാള്‍ മുമ്പ് ഒരു പരിപാടിക്ക് ഈ
കോളേജില്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ എന്നെ സമാധാനിപ്പിച്ചു. ഒരു
സ്‌ക്കീം വരുന്നുണ്ട്. ശരിയാകും. ആലപ്പുഴയെ സ്‌നേഹിക്കുന്ന ആരും ഇത്തരം
പ്രതീക്ഷ വിശ്വസിക്കില്ല. നാല്പതു കൊല്ലമായി എല്ലാവര്‍ക്കും വേണ്ട ബൈപാസ്
റോഡ് ശരിയായിട്ടില്ല. പിന്നെയാ കുറച്ചു കുട്ടികള്‍ക്കായി ക്രിക്കറ്റ്
പിച്ച് !

പക്ഷെ ഇപ്പോള്‍ ഞാന്‍ സത്യമായിട്ടും വീണു. ഏറെ സന്തോഷത്തോടെ.
എസ് ഡി കോളേജിന്റെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കണ്ടു. കോളേജ്
കെട്ടിടങ്ങള്‍ക്കു പിന്നിലെ പഴയ അതേ വെളിമ്പുറത്ത്. എന്റെ കണ്ണു
മഞ്ഞളിച്ചു. അഞ്ചു ടര്‍ഫ് പിച്ചുകള്‍. നൂറ്റമ്പതു മീറ്റര്‍ പച്ചപ്പുല്ലു
ഉറച്ച ഫീല്‍ഡ്. പ്രാക്ടീസിന് മൂന്നു ടര്‍ഫ്, ഒരു ആസ്‌ട്രോ, അഞ്ചു
കോണ്‍ക്രീറ്റ് പിച്ചുകള്‍. രണ്ടു ബൗളിംഗ് മെഷിനുകള്‍. കളിക്കാര്‍ക്ക്
പവിലിയന്‍. വനിതാ കളിക്കാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം. മൂന്നര കോടി രൂപാ
ചിലവ്. ലോകത്തിലെ ഏതു മോഡേണ്‍ കളിക്കളത്തോടും താരതമ്യം ചെയ്യാവുന്ന
സെറ്റപ്പ്. ഇതിനു പണം ചിലവാക്കിയതും നിര്‍മ്മിച്ചതും സര്‍ക്കാരോ കോളേജോ
ആലപ്പുഴയിലെ ധനികരോ അല്ല എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് എന്ന
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഹസ്ര കോടീശ്വര വൈശ്രവണനെ വളച്ച് ഐ പി എല്‍
വഴി നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡിന്റെ അനുഗ്രഹമാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന് ചിലവാക്കാന്‍ പണവും അത് വേണ്ട വിധം
ഉപയോഗിക്കാനുള്ള തിരിച്ചറിവും ഉണ്ടായിരുന്നു. ഒരു സംശയവും വേണ്ട. ഇരുപതു
കൊല്ലം മുമ്പ് കേരളടീമിനെ രഞ്ജി ട്രോഫി കളിക്കാന്‍ വിടാനായി അവര്‍ക്ക്
സ്ലീപ്പര്‍ ടിക്കറ്റും ബാറ്റയും കൊടുക്കാന്‍ നാടു നീളെ ഓടി നടന്ന കേരള
ക്രിക്കറ്റ് അസോസിയേഷനു ഇത് സാധിച്ചു.

ഇന്ന് പ്രാര്‍ത്ഥനയും ചികിത്സയും വിദ്യാഭ്യാസവും എല്ലാം
ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള വ്യവസായമായതുപോലെ കളിക്കളത്തിന്റെയും
വ്യാകരണം മാറി. ആ മാറ്റത്തിന്റെ ശൈലിയില്‍ സ്വാര്‍ത്ഥവും ആര്‍ത്തിയും
അഴിമതിയും അതിനെതിരായ സമരവും പ്രായമായവര്‍ നടത്തട്ടെ. സാരമില്ല.
അദൈ്വതിനും കൂട്ടുകാര്‍ക്കും കളിക്കാന്‍ കളിക്കളം ഉണ്ടാകുമല്ലോ. അതു മതി.
klmv@rediffmail.com
 

Other News in this section
ആല്‍ബര്‍ട്ട് കാമുവും കുറ്റവാളികളും
എന്റെ സുഹ്യത്ത് അതി ബുദ്ധിജീവിയാണ്. പ്രഗത്ഭനാണ്. നല്ലവനും എല്ലാവര്‍ക്കും സഹായിയുമാണ്. പക്ഷെ ഒരു കുഴപ്പമേയുള്ളു. എന്തിലും ഉടക്കു കണ്ടുപിടിക്കും. വലിയ കാര്യമായാലും ചെറിയ കാര്യമായാലും. അദ്ദേഹത്തിന്റെ ഉടക്ക് ആദ്യനോട്ടത്തില്‍ ശരിയാണെന്നു തോന്നും. കൂടുതല്‍ ആലോചിക്കുമ്പോള്‍ അവയില്‍ ഒട്ടുമുക്കാലും ശരിയാണെന്നു നമുക്കു മനസ്സിലാകുകയും ചെയ്യും. പക്ഷെ ഈ സ്വഭാവം പൊതുവെ ..

Latest news

- -