Mohaneeyam
SPECIAL NEWS
  Jan 05, 2014
വംശനാശമില്ലാത്ത കേരള കമ്യൂണിസ്റ്റുകള്‍
കെ.എല്‍.മോഹനവര്‍മ്മ


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ അറുപത്തിയാറു വര്‍ഷം പിന്നിട്ടിട്ടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിലും ബംഗാളിലും കൊച്ചു ത്രിപുരയ്ക്കുമപ്പുറം നമ്മുടെ ഏറ്റവും ദരിദ്രരായ നാലു ദശകോടി ജനത വസിക്കുന്ന ബിമാരു പ്രദേശങ്ങളിലോ വ്യവസായികമായും കാര്‍ഷികമായും പുരോഗമിച്ചു കൊണ്ടിരിക്കുന്ന മഹാരാഷ്ട്രാ ഗുജറാത്ത് തമിഴ്‌നാട് ഏരിയകളിലും എന്തുകൊണ്ട് യാതൊരു സ്വാധീനവും കൈവരിക്കാന്‍ സാധിച്ചില്ല എന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ബൗദ്ധികമായി ഗൗരവമായി ഇതിന് ഉത്തരം തേടാന്‍ ശ്രമിച്ച പല സുഹ്യത്തുക്കളും പല കാരണങ്ങളും ചൂണ്ടിക്കാട്ടി. ഹിന്ദി മേഖലയില്‍ നിന്ന് ഇന്ത്യയെ നയിക്കാവുന്ന ഒരു കമ്യൂണിസ്റ്റ് നേതാവുണ്ടായില്ല എന്നതു മുതല്‍ ജാതിയെയും മതത്തെയും ഉള്‍ക്കൊള്ളാന്‍ കമ്യണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞില്ല എന്നതു വരെ പലതും.

പക്ഷെ കേരളത്തില്‍ കമ്യൂണിസം വേരു പിടിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫാബിയന്‍ സോഷ്യലിസത്തെയും സെക്യുലറിസത്തെയും നേരിട്ടു കൊണ്ടുതന്നെ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നു. അതിന്റെ കാരണമെന്താണ്? ഞാന്‍ ഉത്തരം തേടുന്നത് ഒരു കഥാക്യത്ത് എന്ന എന്റെ മാനസികഭാവം കാരണം കഥാപാത്രങ്ങളിലൂടെയാണ്. ഞാന്‍ കണ്ടു. എന്റെ അന്തരിച്ചുപോയ സുഹ്യത്ത്. അദ്ദേഹത്തിനെപ്പോലെയുള്ള ഒരു കൂട്ടം സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ കമ്യൂണിസ്റ്റുകളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നും ഇവിടെ ശക്തമായി നില നില്‍ക്കുന്നത്.

സാഹിത്യവുമായി ബന്ധപ്പെട്ട മലയാളികള്‍ക്ക് മിക്കവര്‍ക്കും എന്റെ ആ സുഹ്യത്ത് പൂച്ചാലി ഗോപാലനെ അറിയാം.

പൂച്ചാലി ഗോപാലനെ ഞാന്‍ ആദ്യം കണ്ടത് പണ്ടു പണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ എറണാകുളത്ത് ടൗണ്‍ഹാളില്‍ നടന്ന വിശാലമായ ഒരു പൊതുയോഗത്തില്‍ വച്ചാണ്. പൂച്ചാലി ഗോപാലന്‍ എന്ന കണ്ണൂരിലെ സഹകരണസംഘ പിടിച്ചെടുക്കല്‍ സ്‌പെഷ്യലിസ്റ്റിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രംഗത്തിറക്കിയിട്ടുെണ്ടന്നും ഈ മീറ്റിങ്ങോടുകൂടി ഭരണഘടനയില്‍ ഭേദഗതി വരുത്തി വളരെയേറെ പുതിയ അംഗങ്ങളെ തങ്ങള്‍ക്കിഷ്ടം പോലെ ചേര്‍ക്കാനുള്ള പരിപാടി വിജയിപ്പിക്കുമെന്നും നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. പലരും ടൗണ്‍ഹാള്‍ ഗേറ്റില്‍ ഈ നീക്കത്തിനെതിരെ സത്യാഗ്രഹം നടത്തുമെന്ന് അന്നു രാവിലെ ഇറങ്ങിയ പത്രങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ സഹകരണസ്റ്റൈല്‍ കര്‍ശന ദേഹപരിശോധന നടത്തിയേ മെമ്പറന്മാരെ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കൂ എന്നും പത്രങ്ങള്‍ എഴുതിയിരുന്നു.

എനിക്ക് സമ്മേളനസ്ഥലത്ത് പ്രവേശിക്കാന്‍ പറ്റുമോ എന്നു സംശയമായിരുന്നു.

കാരണം എനിക്കു തിരിച്ചറിയല്‍ കാര്‍ഡില്ലായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ കോട്ടയത്ത് വച്ചു നടന്ന കഴിഞ്ഞ വാര്‍ഷികതിരഞ്ഞടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കാതെയാണ് ഞാന്‍ ചെന്നത്. ഇത് ജനം അറിയപ്പെടുന്ന എഴുത്തുകാരുടെ സംഘടനയാണെന്നും എഴുത്തുകാരാണെന്ന് പറഞ്ഞ് കള്ളന്മാര്‍ക്ക് കയറി ആള്‍മാറാട്ടം നടത്താവുന്ന ഇടമല്ലെന്നും അതുകൊണ്ട് എഴുത്തുകാരെ തിരിച്ചറിയാന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത് തെറ്റാണെന്നും ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നു. അതിനാല്‍ അപരന്മാരെ രംഗത്തിറക്കുന്ന കേരളത്തിലെ സ്ഥിരം സഹകരണപരിപാടിയുടെ ഭാഗമായി വന്ന ഈ നിയമം സാഹിത്യത്തെ അപമാനിക്കുന്ന പ്രവര്‍ത്തിയാണെന്നും അതുകൊണ്ട് ഞാന്‍ കാര്‍ഡ് എടുക്കുകില്ല എന്നും വ്യക്തമാക്കി. എന്റെ സുഹ്യത്തുക്കളായ അന്നത്തെ ഭാരവാഹികള്‍ എല്ലാവരും ഉടന്‍ ഫോട്ടോ ശരിയാക്കി കാര്‍ഡ് തരാമെന്നു നിര്‍ബന്ധിച്ചിട്ടും ഞാന്‍ കാര്‍ഡെടുത്തില്ല. എനിക്ക് പ്രക്രിയയോടായിരുന്നില്ല എഴുത്തുകാരോടുള്ള സമീപനത്തോടായിരുന്നു എതിര്‍പ്പ്. അതുകൊണ്ട് ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി കാര്‍ഡ് എടുക്കാന്‍ വിസമ്മതിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ മീറ്റിങ്ങിനു ചെന്നപ്പോള്‍ അടച്ചിട്ടിരുന്ന ടൗണ്‍ ഹാള്‍ ഗേറ്റില്‍ പോലീസ് അകമ്പടിയോടെ നിന്ന ആഫീസ് ജീവനക്കാര്‍ എന്നെ ദൂരെ കണ്ടയുടന്‍ ആദരവോടെ വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നിറഞ്ഞ ഹാള്‍. സ്റ്റേജില്‍ ഭാരവാഹികള്‍. പൂച്ചാലി ഗോപാലന്‍ സജീവമായി കടലാസുകള്‍ മറിക്കുകയും സൂത്രധാരനായി രംഗത്തുണ്ടായിരുന്ന എം.എന്‍.വിജയനുമായി ഇടയ്ക്കിടയ്ക്ക് കുശുകുശുക്കുകയും. വേദിയില്‍ നിരന്തരമായി പ്രസംഗം നടക്കുകയാണ്. ഒരു മാതിരി പേരുകേട്ട എല്ലാ എഴുത്തുകാരെയും ഗോപാലന്‍ കക്ഷിഭേദമെന്യേ പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ച് ക്ഷണിച്ചു. അദ്ദേഹം ആരുടെയും പ്രസംഗം ശ്രദ്ധിച്ചില്ല. അടുത്ത പ്രസംഗക്കാരന്‍ ആരായിരിക്കണം എന്ന് നമ്മുടെ റിസര്‍വേഷന്‍ രാഷ്ട്രീയ ശൈലിയില്‍ ജാതി മത ലിംഗ വര്‍ഗ്ഗ വര്‍ണ്ണ സമവാക്യം നോക്കി അദ്ദേഹം ശ്രോതാക്കളില്‍നിന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഇടയ്ക്ക് വാച്ചും നോക്കും. ക്യത്യം പതിനൊന്നരയ്ക്ക്ചായ, കടി. പിന്നെ നിരന്തരം പ്രസംഗം. ഒരു മണിക്ക് ലഞ്ചിന് പിരിയുന്നു.

ആ ഇടവേളയില്‍ ടൗണ്‍ ഹാളിന്റെ സൈഡ് വരാന്തയിലെ ആള്‍ത്തിരക്കിനിടയിലൂടെ കടന്നു വന്ന ഗോപാലന്‍ എന്നെ സൂക്ഷിച്ചു നോക്കി. കഥാക്യത്തും ഹാസ്യസാഹിത്യരംഗത്തെ ജീനിയസ്സുമായ സി ആര്‍ ഓമനക്കുട്ടനുമായി ഞാന്‍ എന്തോ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഗോപാലന് എന്നെ മനസ്സിലായില്ല. തീര്‍ച്ച. പക്ഷെ അദ്ദേഹം ചിരിച്ചു. ഒരു സംശയം. രണ്ടു നിമിഷം. പെട്ടെന്ന് അദ്ദേഹത്തിന് എന്തോ പിടി കിട്ടിയതായി തോന്നി. എന്റെ പേര് ഓര്‍മ്മയില്‍ വന്നു കാണില്ല. പക്ഷെ നോവലിസ്റ്റാണെന്നു തീര്‍ച്ച. അദ്ദേഹം പറഞ്ഞു.

ഒരു നോവല്‍. ഉടനെ തരണം. മാറ്റര്‍ എന്റെ പേര്‍ക്ക് നേരിട്ട് അയച്ചാല്‍ മതി. നമുക്ക് സംഘത്തെ ഒന്നുയര്‍ത്തെഴുനേല്‍പ്പിക്കണം.

എന്നിട്ട് ഓമനക്കുട്ടനെ നോക്കി പറഞ്ഞു.

സഖാവ് ഇങ്ങിനെ നില്‍ക്കാതെ ഒന്നു അകത്തോട്ട് ചെന്ന് സദ്യയുടെ കാര്യം നോക്കൂ.

അന്ന് പാര്‍ട്ടി സഹയാത്രികനായിരുന്ന ഓമനക്കുട്ടന്‍ ഇടയ്ക്കിടയ്ക്ക് സ്വന്തം അഭിപ്രായം പറയാന്‍ തുടങ്ങിയിരുന്നു. പൂച്ചാലി ഗോപാലനെ എനിക്കിഷ്ടമായി. മാനസികമായി ഞാന്‍ അദ്ദേഹത്തെ എന്റെ സുഹ്യത്തായി കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ സേവ് ചെയ്തു.

ഗംഭീര സദ്യ. രണ്ടു മണി മുതല്‍ പിന്നെയും പ്രസംഗം. ശ്രോതാക്കള്‍ക്ക് മയക്കം. മൂന്നരയ്ക്ക് വീണ്ടും ചായയും കടിയും. പിന്നെയും പ്രസംഗം. വീറും വാശിയും നിറഞ്ഞ് സാഹിത്യത്തെ നന്നാക്കിയേ അടങ്ങൂ എന്ന് സംസ്‌ക്യതവാക്കുകളിലൂടെ വിപ്ലവം വിതറുന്ന ഭാഷണങ്ങള്‍. നാലരയ്ക്ക് വിജയന്‍ മാസ്റ്ററുടെ അവലോകനം. അപ്പോഴേക്ക് തെക്കോട്ടും വടക്കോട്ടുമുള്ള തീവണ്ടികളും കാത്ത് നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ മെമ്പറന്മാര്‍ എത്തിക്കഴിഞ്ഞിരുന്നു. നാലേ മുക്കാലിന് ഗേപാലന്‍ എഴുന്നേറ്റ് അവസാനത്തെ അജ ന്‍ഡ അവതരിപ്പിച്ചു. എസ് പി സി എസ്സിന്റെ ഭരണഘടനയിലെ വ്യാപകമായ മാറ്റം വരുത്തന്ന പ്രമേയങ്ങള്‍ ഒറ്റയടിക്ക് ആളില്ലാക്കസേരകളെ സാക്ഷിയാക്കി വായിച്ച് ഐക്യകണ്‌ഠേന പാസാക്കി. നിയമപരമായി ഏതു കോടതിയും അംഗീകരിക്കുന്ന പുതിയ ഭരണഘടന ജനറല്‍ ബോഡി അംഗീകരിച്ചു.

എനിക്ക് പൂച്ചാലി ഗോപാലനോടു ബഹുമാനം കൂടി.

പിന്നീടാണ് ഞാനറിഞ്ഞത് ഗോപാലന്‍ സ്‌പോര്‍ട്ട്‌സ് പ്രേമിയാണെന്ന്. പ്രേമി മാത്രമല്ല കളിക്കാരനുമാണെന്ന്. സാഹിത്യം കൈകാര്യം ചെയ്യുന്നവര്‍ കൂടി വന്നാല്‍ കളിക്കാരെക്കുറിച്ച് എഴുതും എന്നല്ലാതെ സ്വയം കളിക്കളത്തില്‍ ഇറങ്ങുക എന്നത് കേരളത്തില്‍ അപൂര്‍വമായിരുന്നു. ഞാന്‍ സാഹിത്യ അക്കാദമിയില്‍ സെക്രട്ടറിയായിരുന്ന കാലത്ത് അവിടെ സ്വന്തം ചിലവില്‍ ഒരു ബാറ്റ് മിന്റന്‍ കോര്‍ട്ട് സംഘടിപ്പിച്ചിരുന്നു. ഒരു എഴുത്തുകാരനും എത്ര നിര്‍ബന്ധിച്ചിട്ടും അയിത്തം വിട്ട് റാക്കറ്റെടുക്കാന്‍ തയാറായിരുന്നില്ല. അപ്പോള്‍ ഗോപാലന്‍, വോളിബോള്‍, അതും ഹെഡ് ചെയ്തു കളിക്കുന്ന ഒരു ഇനൊവേഷനോടുകൂടി കണ്ണൂരിലെ കളിക്കളങ്ങളില്‍ അന്ന് സജീവമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഒരു പ്രത്യേകതരമായ അടുപ്പം എനിക്കദ്ദേഹത്തോട് തോന്നി.

കോട്ടയത്ത് ഒരു കോളേജില്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം കഴിഞ്ഞ് ഞാന്‍ വരികയാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആഫീസില്‍ കയറി. ഗോപാലന്‍ ഇപ്പോഴെന്നെ നന്നായി അറിയും. നന്നായി വില്‍ക്കപ്പെടുന്ന പുസ്തകം എഴുതുന്ന ആളാണെന്നറിയാം. കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് കൂടുതല്‍ കോപ്പികള്‍ വിറ്റ സംഘത്തിന്റെ പുസ്തകം എന്റെ നോവല്‍ മഹാബലിയുടെ മക്കള്‍ ആയിരുന്നു എന്ന മനോരമ വാര്‍ത്തയുടെ കട്ടിങ്ങ് അദ്ദേഹം എന്നെ കാണിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കാലമാണ്. ആയിടെ വകുപ്പില്‍ മാറ്റം വന്ന് സഹകരണവകുപ്പില്‍ പുതിയ മന്ത്രി ചാര്‍ജെടുത്തിരുന്നു. ആഫീസില്‍ പിന്നില്‍ തൂക്കിയിരുന്ന പടം പുതിയ സഹകരണമന്ത്രിയുടേതാണ്. മന്ത്രിയുടെ കഴിവിനെ അദ്ദേഹം ആത്മാര്‍ത്ഥതയോടെ പുകഴ്ത്തി. ഇനി സംഘം കുറച്ചുകൂടി ശക്തിയില്‍ മുന്നോട്ടു പോകുമെന്ന് എന്നെ ആശ്വസിപ്പിച്ചു. ഞാന്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ പഴയ ആളും ഒട്ടും മോശക്കാരനായിരുന്നില്ല എന്ന് എന്നെ ഓര്‍മ്മിപ്പിച്ചു.

ഭരണം പിടിച്ചെടുക്കുന്ന കഴിവും ഭരിക്കാനുള്ള കഴിവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം അറിഞ്ഞു തുടങ്ങിയിരുന്നു. അതിന്റെ വിഹ്വലത ആ നല്ല മനുഷ്യനെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയതായി എനിക്കു തോന്നി.

അദ്ദേഹത്തിനും എറണാകുളത്തിനു വരണം. ഞാന്‍ വന്ന കാറില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. എനിക്കൊന്നും പറയേണ്ടി വന്നില്ല. രണ്ടു മണിക്കൂര്‍. സംഘത്തിന്റെ പ്രശ്‌നങ്ങള്‍ ഹ്യദയവേദനയോടെ അദ്ദേഹം വിവരിച്ചു.

എറണാകുളത്തെത്തി കടവന്ത്രയില്‍ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി ആഫീസില്‍ അല്പം പണിയുണ്ട്. അദ്ദേഹം അവിടെയിറങ്ങി. യാത്ര പറഞ്ഞ് പെട്ടെന്ന് ചോദിച്ചു.

വര്‍മ്മാജി, നമ്മുടെ ആ കായലിനടുത്ത് കെട്ടിടം പണിയുന്ന സ്ഥലത്തേക്ക് പോകാനുള്ള ബസ്സിന്റെ നമ്പരെത്രയാ ?
ഞാന്‍ പറഞ്ഞു

ദാ, അവിടെ ഓട്ടോ കിട്ടും. അഞ്ചു രൂപാ കൊടുത്താല്‍ മതി.

വേണ്ട. ഞാന്‍ ബസ്സിലേ പോകൂ. ഒഫിഷ്യല്‍ കാര്യത്തിനാ പോകുന്നത്.

ഞാന്‍ ഈ അത്ഭുതജീവിയെ മനസ്സില്‍ നമിച്ചു. ഇക്കാര്യത്തില്‍ ഇയാളുടെ ഗുരു ഗാന്ധിജിയാണ്.

ഇത്തരം റിയല്‍ ഇന്ത്യന്‍ കമ്യണിസ്റ്റിന് വംശനാശം വന്നിട്ടില്ല, കേരളത്തില്‍.

എന്റെ സുഹ്യത്ത് പൂച്ചാലി ഗോപാലന്റെ ജനുസ്സില്‍ പെട്ട അറിയപ്പെടാത്ത ഇക്കൂട്ടരാണ് കേരളത്തില്‍ കമ്യൂണിസം വേരുറച്ചു നില്‍ക്കുന്നതിന്റെ പ്രധാന കാരണം.

 
Other News in this section
കൊച്ചിയുടെ ആന
ദേ, അപ്പൂപ്പാ, കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് വന്നു. എന്റെ ലാസ്റ്റ് പേരമകന്‍ ഏഴു വയസ്സുകാരന്‍ അദൈ്വത് ഒരു ആനയുടെ പടം വരച്ച് അതിന് കറുപ്പിനു പകരം അവനിഷ്ടപ്പെട്ട മഞ്ഞയും ചുമപ്പും പച്ചയും നിറം കൊടുത്ത് താഴെ കൊച്ചിന്‍ ടസ്‌ക്കര്‍ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എഴുതി ഏറെ നേരത്തെ ശ്രമം കൊണ്ട് തയാറാക്കിയ പടം എന്നെ എടുത്തുകാട്ടി പറഞ്ഞു. എന്റെ പേരക്കുട്ടികള്‍ക്കും ..

Latest news

- -