Mohaneeyam
SPECIAL NEWS
  Jul 02, 2014
വായിക്കണോ, എന്തിന് ?
കെ എല്‍ മോഹനവര്‍മ്മ
മൂന്നു കഥകളാണ്. ആദ്യത്തേത് ഞാന്‍ വായിച്ചതാണ്. രണ്ടും മൂന്നും സ്വന്തം അനുഭവമാണ്. നാല്പതു കൊല്ലത്തെ ഇടവേളയില്‍ വായന എന്ന പ്രക്രിയക്ക് വന്ന മാറ്റം എന്നെ ചിന്താകുലനാക്കുന്നു.
വായന മരിക്കുകയാണോ എന്ന ക്ലിഷേ ചോദ്യമല്ല, വായനയുടെ ആവശ്യം തന്നെ ഇല്ലാതാകുകയാണ് എന്ന സത്യം കാണാന്‍ നമുക്കു കഴിയുമോ എന്നതാണ് പ്രധാനം.
കഥകള്‍.
ഒന്നാമത്തേത്.
1974 ല്‍ ഭീംജി പട്ടേല്‍ എന്ന ഒരു സാദാ ഗുജറാത്തി ബിസിനസ്സുകാരന്‍ മുംബായിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ആഫീസില്‍ വിസാ ഇഷ്യൂ കൗണ്ടറിലെ നീണ്ട ക്യവില്‍ നില്‍ക്കുകയാണ്. ഭീംജിക്ക് ഒരു കഴപ്പമേയുള്ളു. ജീവിതത്തില്‍ ആകെ പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ സ്‌ക്കൂളില്‍ പോയിട്ടില്ല. ഗുജറാത്തി ഒഴികെ മറ്റൊരു ഭാഷയും വശവുമില്ല.
ഏറെ നേരത്തെ ഇഴഞ്ഞ നീക്കത്തിനു ശേഷം ഭീമു മുന്നിലെത്തി. ഭീമുവിന്റെ പാസ്‌പോര്‍ട്ടു വാങ്ങി പരിശോധിച്ച് കൗണ്ടറിലിരുന്ന സായിപ്പു ചോദിച്ചു.
'വൈ ഡു യു വാണ്ട് ടു ഗോ ടു ഇംഗ്ലണ്ട് ?'
ഭീമു വിനയാന്വിതനായി പറഞ്ഞു.
'സാഹിബ്, ഗുജറാത്തി മേം ബോലോ.'
സായിപ്പിനു ദേഷ്യം വന്നു. അദ്ദേഹം പിന്നെയും അനവധി ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ ചോദിച്ചു. നിനക്ക് ഇംഗ്ലണ്ടില്‍ ആരുണ്ട് ? എവിടെ താമസിക്കും ?
ഭീമുവിന് എല്ലാറ്റിനും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു.
സാഹിബ്, ഗുജറാത്തിയില്‍ ചോദിക്കൂ.
അവസാനം സഹികെട്ട് സായിപ്പ് പാസ്‌പോര്‍ട്ടില്‍ എന്തോ മുദ്ര കുത്തി അത് ദേഷ്യത്തില്‍ തിരികെ കൊടുത്തു. ഭീമുവിന് ഒന്നും മനസ്സിലായില്ല. അയാള്‍ പാസ്‌പോര്‍ട്ടെടുത്ത് ഈ രംഗം വീക്ഷിച്ചു കൊണ്ട് അടുത്ത കൗണ്ടറിലിരുന്ന ഒരു ഗുജറാത്തി എന്നു തോന്നിച്ച ഇന്ത്യക്കാരിയായ ഉദ്യോഗസ്ഥയെ കാട്ടി ചോദിച്ചു.
'ബഹിന്‍ജി, എനിക്കു വിസ കിട്ടിയോ ?'
അവര്‍ മുദ്ര നോക്കി പറഞ്ഞു.
'ഇല്ല. വിസ നിഷേധിച്ചിരിക്കുകയാണ്.'
'എന്താ കാരണം ?'
അവര്‍ സഹപ്രവര്‍ത്തകനായ സായിപ്പിനോടു അന്വേഷിച്ചു.
സായിപ്പു പറഞ്ഞു.
'ഇയാള്‍ക്ക് ഒരക്ഷരം ഇംഗ്ലീഷറിഞ്ഞുകൂടാ. ഇയാള്‍ ഇംഗ്ലണ്ടില്‍ പോയി എന്തു ചെയ്യാനാണ് ?'
അവര്‍ വിവരം ഗുജറാത്തിയില്‍ ഭീമുവിനോട് പറഞ്ഞു. ഭീമു വിനയം വിടാതെ അവരോട് അഭ്യര്‍ത്ഥിച്ചു.
'ബഹന്‍ജി, ഈ സായിപ്പിനോട് ഒന്നു ചോദിക്കൂ. സായിപ്പിന് ഹിന്ദിയോ ഗുജറാത്തിയോ മറാത്തിയോ അറിയില്ലല്ലോ. എന്നിട്ടും ഇവിടെ ജീവിക്കുന്നതിന് ഒരു കുഴപ്പവുമില്ലല്ലോ. ഇംഗ്ലീഷറിയാതെ എനിക്ക് ഇംഗ്ലണ്ടില്‍ എന്തുകൊണ്ട് ജീവിക്കാന്‍ പറ്റുകില്ല ?'
അവര്‍ ഭീമുവിന്റെ വാക്കുകള്‍ മൊഴിമാറ്റം നടത്തി. സായിപ്പ് കുറെ നേരം ഗൗരവമായി ഭീമിനെ നോക്കി. അവസാനം പാസ്‌പോര്‍ട്ടു വാങ്ങി പുതിയ മുദ്ര കുത്തി.
രത്‌നവ്യവസായ വ്യാപാരമേഖലയില്‍ ഇന്ന് ലോകത്തിലെ മുന്‍നിരക്കാരനായ ഭീംജി ഭായി പട്ടേലിന്റെ ആദ്യത്തെ വിദേശയാത്രയുടെ കഥയാണിത്. സത്യകഥ എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകത്തില്‍ പറയുന്നത്.
രണ്ടാമത്തെ കഥ.
രണ്ടു മാസം മുമ്പാണ്.
ഗുരുവായൂര്‍. അമ്പലത്തിനടുത്തുള്ള അതിഥി മന്ദിരം. എന്റെ അനിയന്റെ ശ്രീമതിയുടെ ഷഷ്ടിപൂര്‍ത്തി. രാവിലെ അമ്മൂമ്മയെ കുട്ടികള്‍ നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങുന്ന ചടങ്ങ്. എന്റെ നമ്പര്‍ ടു ഗ്രാന്‍ഡ് സണ്‍ പന്ത്രണ്ടു വയസ്സുകാരന്‍ അശ്വിനാണ് ആദ്യം നമസ്‌ക്കരിക്കാന്‍ റഡിയായി നില്‍ക്കുന്നത്.
അമ്മൂമ്മ ആരോടെന്നില്ലാതെ ചോദിച്ചു.
'എതാ കിഴക്ക് ?'
കിഴക്കോട്ടു തിരിഞ്ഞു വേണം അനുഗ്രഹം നല്‍കാന്‍.
ഹോട്ടല്‍ മുറിയാണ്. ഒരു ഐഡിയായുമില്ല. എന്റെ അനിയന്‍ ഒരു ദിക്കിലേക്കു വിരല്‍ ചൂണ്ടി. ഞാന്‍ അതല്ല, എന്നു പറഞ്ഞു മറ്റൊരിടത്തേക്കു ചൂണ്ടി. ആകെ കണ്‍ഫ്യൂഷന്‍. മുറിക്കകത്തെ ഓരോരുത്തരും അവരവരുടേതായ കിഴക്കു കാട്ടി. അഷ്ട ദിക്കുകളും കിഴക്കായി.
ഒരു മിനിട്ട്. ബഹളത്തിനിടയില്‍ അശ്വിന്‍ ഒരിടത്തേക്കു ചൂണ്ടി പറഞ്ഞു.
'ദാ, അതാ കിഴക്ക്.'
'നിനക്കെങ്ങിനെ അറിയാം ?'
അവന്‍ ഇതിനിടെ കൈക്കലാക്കിയിരുന്ന എന്റെ ഫോണ്‍ കാട്ടി പറഞ്ഞു.
'മാജിക്ക്. ദാ, ഗൂഗിള്‍ ലൊക്കേഷന്‍. നോക്കിയേ, ദാ ഇതാ ഈസ്റ്റ്. അമ്മൂമ്മ ധൈര്യമായി ഇങ്ങോട്ട് തിരിഞ്ഞു നിന്നോളൂ. ഞാന്‍ നമസ്‌ക്കരിക്കട്ടെ.'
മൂന്നാമത്തെ കഥ.
പത്തു ദിവസം മുമ്പാണ്. ഞായറാഴ്ച്ച. എന്റെ ഏഴു വയസ്സുകാരന്‍ ഏറ്റവും ഇളയ പേരമകന്‍ അദൈ്വത് എന്റെ വീട്ടിലുണ്ട്. അവന്‍ രണ്ടാം ക്ലാസിലേക്ക് കയറുന്നു. വളരെ ടഫ് ആണ് ക്ലാസ് ടൂ എന്നാണ് അവന്‍ എന്നോട് പറഞ്ഞത്. മൂന്നു ഭാഷ പഠിക്കണം. ഇംഗ്ലീഷ്. ഹിന്ദി. മലയാളം. എല്ലാത്തിലും പഠിക്കുന്നത് ഒന്നാണ്. പിന്നെ എന്തിനാ മൂന്നു ഭാഷ? ഇത്തരം അവനു മനസ്സിലാകാത്ത സ്‌ക്കൂള്‍ പ്രശ്‌നങ്ങള്‍ നേരിടാനുള്ള പ്ലാനുകളുമായി അവന്‍ ആകെ ടെന്‍ഷനിലായിരുന്നു. ഉണര്‍ന്നപ്പോള്‍ സമയം ഏഴര. എനിക്ക് കാസര്‍കോട്ട് വൈകിട്ട് ഒരു മീറ്റിങ്ങുണ്ട്. ഏട്ടേ കാലിന്റെ ഏറനാട് എക്‌സ്പ്രസ്സിന് പോകണം. ഞാന്‍ ധിറുതിയില്‍ റഡിയാകുകയാണ്. അപ്പുറത്ത് അടുക്കളയില്‍ സംസാരം. അദൈ്വതും അമ്മൂമ്മയുമായിട്ടാണ്.
അതിരാവിലെ എന്റെ ഒരു സുഹ്യത്ത് അദ്ദേഹത്തിന്റെ തമിഴ്‌നാട്ടിലെ സ്വന്തം തോട്ടത്തിലുണ്ടായ മുന്തിരി രണ്ടു വലിയ പാക്കറ്റുകളിലാക്കി കൊടുത്തയച്ചിരുന്നു. പത്തു പത്തു പന്ത്രണ്ടു കിലോ കാണണം. അദൈ്വത് അടുക്കളയില്‍ വച്ചിരുന്ന പാക്കറ്റ് ഇപ്പോഴായിരിക്കണം കണ്ടത്. ഞാന്‍ സംഭാഷണം ശ്രദ്ധിച്ചു.
'അമ്മൂമ്മേ, നമുക്കിത് ജ്യൂസുണ്ടാക്കാം.'
മാങ്ങയും ആപ്പിളും വാഴപ്പഴവും ഓമക്കായും ഒന്നും ഇക്കാലത്ത് ജ്യൂസായിട്ടല്ലാതെ കഴിക്കാന്‍ പാടില്ല. അമ്മൂമ്മയുടെ ശബ്ദം.
'എടാ, അതിന് നമ്മുടെ മിക്‌സീലിട്ടടിച്ചാല്‍ ശരിയാകില്ല.'
അതിനെന്താ, ജ്യൂസാക്കുന്ന കമ്പനികള്‍ ഉണ്ട്. അവര്‍ക്ക് കൊടുത്താല്‍ മതി. ബെസ്റ്റ് ജ്യൂസു കിട്ടും.'
'ആരാ അത് ചെയ്തു തരുന്നതെന്ന് എനിക്കറിയാന്‍ പാടില്ല.'
അല്പനേരം നിശ്ശബ്ദത. പിന്നെ എഴുപത്തൊന്നുകാരി അമ്മൂമ്മയുടെ ശബ്ദം.
'നീ ഇന്റര്‍നെറ്റില്‍ കയറി നോക്ക്.'
അദൈ്വതിന്റെ ശബ്ദം.
'അപ്പൂപ്പാ, ഞാനൊന്ന് ലാപ് ടോപ് എടുക്കുകാ. നെറ്റിലും കയറും.'
ഞാന്‍ പറഞ്ഞു.
'ഓ കെ.'
എന്റെ ലാപ് ടോപ് ഉപയോഗിക്കാനും ഇന്റര്‍ നെറ്റില്‍ കയറാനും കുട്ടികള്‍ എന്റെ സമ്മതം മേടിക്കണമെന്ന് നിര്‍ബന്ധമാണ്. അവര്‍ ചോദിക്കുമ്പോഴൊക്കെ സമ്മതിക്കുന്നതിനാല്‍ അവര്‍ എന്നോടു ചോദിച്ചിട്ടേ ഇന്റര്‍നെറ്റില്‍ കയറുകയുള്ളു.
രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞു. ഞാന്‍ ഡ്രസ്സു ചെയ്തു വന്ന് ബ്രെക്ക്ഫാസ്റ്റിനിരുന്നു. അദൈ്വത് ലാപ് ടോപ്പില്‍ അതി സൂക്ഷ്മമായി വിരലുകള്‍ ചലിപ്പിക്കുകയാണ്. കുറച്ചു നേരം കൂടി കഴിഞ്ഞു. അവന് അസ്വസ്ഥത. അവന്‍ തലയുയര്‍ത്തി.
'അപ്പൂപ്പാ, ഈ ജ്യൂസിന്റെ സ്‌പെല്ലിങ്ങ് എന്തുവാ ? കൊച്ചീടെ സ്‌പെല്ലിങ്ങ് എനിക്കറിയാം. ഈ ജ്യൂസ് !'
എനിക്കു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'ആ വേല കൈയിലിരിക്കട്ടെ. സ്‌പെല്ലിങ്ങ് നീ തന്നെ കണ്ടു പിടിക്ക്.'
പത്തിരുപതു കൊല്ലം കഴിഞ്ഞ് അദൈ്വതിന്റെ അനന്തരതലമുറ സ്‌പെല്ലിങ്ങ്് അന്വേഷിക്കുകില്ല. തീര്‍ച്ച.


 




Other News in this section
കൊച്ചിയുടെ ആന
ദേ, അപ്പൂപ്പാ, കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് വന്നു. എന്റെ ലാസ്റ്റ് പേരമകന്‍ ഏഴു വയസ്സുകാരന്‍ അദൈ്വത് ഒരു ആനയുടെ പടം വരച്ച് അതിന് കറുപ്പിനു പകരം അവനിഷ്ടപ്പെട്ട മഞ്ഞയും ചുമപ്പും പച്ചയും നിറം കൊടുത്ത് താഴെ കൊച്ചിന്‍ ടസ്‌ക്കര്‍ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എഴുതി ഏറെ നേരത്തെ ശ്രമം കൊണ്ട് തയാറാക്കിയ പടം എന്നെ എടുത്തുകാട്ടി പറഞ്ഞു. എന്റെ പേരക്കുട്ടികള്‍ക്കും ..

Latest news

- -