എന്റെ സുഹ്യത്ത് അതി ബുദ്ധിജീവിയാണ്. പ്രഗത്ഭനാണ്. നല്ലവനും എല്ലാവര്‍ക്കും സഹായിയുമാണ്. പക്ഷെ ഒരു കുഴപ്പമേയുള്ളു. എന്തിലും ഉടക്കു കണ്ടുപിടിക്കും. വലിയ കാര്യമായാലും ചെറിയ കാര്യമായാലും. അദ്ദേഹത്തിന്റെ ഉടക്ക് ആദ്യനോട്ടത്തില്‍ ശരിയാണെന്നു തോന്നും. കൂടുതല്‍ ആലോചിക്കുമ്പോള്‍ അവയില്‍ ഒട്ടുമുക്കാലും ശരിയാണെന്നു നമുക്കു മനസ്സിലാകുകയും ചെയ്യും. പക്ഷെ ഈ സ്വഭാവം പൊതുവെ ആര്‍ക്കും, പ്രത്യേകിച്ച് ഔദ്യോഗികജീവിതത്തില്‍ മേലധികാരികള്‍ക്ക് ഇഷ്ടപ്പെടില്ലല്ലോ. അതു കാരണം അദ്ദേഹത്തിന് ആ രംഗത്ത് മിനിമം ഉയര്‍ച്ചയേ ഉണ്ടായുള്ളു. ആവറേജ് നിലയില്‍ വിരമിച്ചു. സമൂഹവും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാറില്ല.
ഞാനെപ്പോഴും അദ്ദേഹത്തെ സമാധാനിപ്പിക്കാറുണ്ട്. താങ്കളുടെ മഹത്വം, നോക്കിക്കോളൂ, താങ്കളുടെ മരണത്തിനു ശേഷമേ ശരിക്കും ജനം അംഗീകരിക്കൂ.
അദ്ദേഹം ഉടന്‍ ഉടക്കും.
അത് എല്ലാവരുടെയും കേസില്‍ അങ്ങിനല്ലേ? മരിച്ചുകഴിഞ്ഞാല്‍ ആരാ മഹാന്മാരാകാത്തത്? അത് മാത്രവുമല്ല, അത് ഞാനറിയുകയുമില്ലല്ലോ. പിന്നെ, അതുകൊണ്ടെന്താ എനിക്കൊരു മെച്ചം?
ആദാമിന്റെ കാലം മുതല്‍ മനുഷ്യന്റെ നിത്യദു:ഖമാണ് നാം മരിച്ചു കഴിഞ്ഞാല്‍ നമ്മെക്കുറിച്ച് നമ്മുടെ കുടുംബവും പരിചയക്കാരും സമൂഹവും എന്തു പറയുന്നു എന്നറിയാന്‍ പറ്റുകില്ലല്ലോ എന്നത്. നമുക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ദുര്യോഗം എന്ന് പറഞ്ഞ് സമാധാനിക്കാം. അതേ നിവര്‍ത്തിയുള്ളു.
സുഹൃത്ത് റിട്ടയറായതിനുശേഷം ഈ ഉടക്കുസ്വഭാവം കൂടി. ഇപ്പോള്‍ കൂടുതല്‍ ആവേശത്തോടെ ഉടക്കുകള്‍ കണ്ടുപിടിക്കാന്‍ സമയവും ഉണ്ട്.
ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. കഴിഞ്ഞയാഴ്ച്ച കണ്ടപ്പോള്‍ വളരെ ഗൗരവമായി പറഞ്ഞു. .
.
വര്‍മ്മാജി, ഇതെഴുതണം. നിങ്ങളെപ്പോലുള്ളവര്‍ നിഷ്‌ക്രിയരായി ഇരിക്കരുത്. ഇതെഴുതണം. കേള്‍ക്കൂ. മനുഷ്യര്‍ക്കെല്ലാം നിയമങ്ങള്‍ ഒന്നുപോലെയാണിന്ന്. അതു ശരിയല്ല. മനുഷ്യരെല്ലാം ഒന്നുപോലയാണോ? നോ. അല്ല. ആണും പെണ്ണും രണ്ടല്ലേ? അതുപോലെ കറുത്തവരും വെളുത്തവരും. പണക്കാരനും പാവപ്പെട്ടവനും. മിടുക്കനും മഠയനും. വെജിറ്റേറിയനും മാംസാഹാരിയും. നേത്യത്വപാടവമുള്ളവനും അനുസരിക്കാന്‍ മാത്രം കഴിവുള്ളവനും. എല്ലാവരും വ്യത്യസ്തരാണ്. അപ്പോള്‍ അവര്‍ക്കുള്ള നിയമവും വ്യത്യസ്തമാകണം. പക്ഷെ എല്ലാവര്‍ക്കും ഇന്ന് ഒരുപോലെയുള്ള നിയമമാണ്. അത് ശരിയല്ല.
അദ്ദേഹം പണ്ട് നമ്മുടെ ജസ്റ്റീസ് ക്യഷ്ണയ്യര്‍ സ്വാമി പറഞ്ഞ ഉദാഹരണവും ക്വോട്ടു ചെയ്തു.
ഫുട്പാത്തിലോ റെയില്‍പ്പാലത്തിനടിയിലോ കിടന്നുറങ്ങുന്നത് ശിക്ഷാര്‍ഹമാണ്. ശിക്ഷ കിടപ്പാടമില്ലാത്ത ആരും നോക്കാനില്ലാത്ത അശരണനായ പാവത്തിനും വീടുണ്ടായിട്ടും അവിടെ കിടക്കാതെ തെരുവു കറങ്ങി മദ്യം കഴിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന ധനവാനും ഒന്നുപോലെയാണ്. അത് ശരിയല്ല. അതുകൊണ്ട് ആരെങ്കിലും നിയമത്തെ വളച്ച് അവനവന് വേണ്ട വിധം ആക്കിയാല്‍ അത് ശരിയാണ്. ധാര്‍മ്മികമാണ്. നിയമത്തെ ഒടിക്കരുത് എന്നു മാത്രം. ഒടിച്ചാല്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ അപ്പോള്‍ പുതിയ നിയമം വരും. അങ്ങിനെ സംഭവിച്ചിടത്തൊക്കെ കൂടുതല്‍ കര്‍ശനമായാണ് പുതിയ നിയമം വന്നത്. അത് വളയ്ക്കാന്‍ കൂടുതല്‍ വിഷമമുണ്ടാക്കും.
ഞാന്‍ ശങ്കിച്ചു. സുഹൃത്ത് കടുത്ത ഭക്ഷണപ്രിയനാണ്. മദ്യവിരോധിയുമല്ല. പ്യുവര്‍ നോണ്‍ വെജ്. ഇപ്പോഴത്തെ ലേറ്റസ്റ്റ് ബീഫ് മദ്യനിരോധന രാഷ്ട്രീയമായിരിക്കണം അദ്ദേഹത്തെ ഈ ഗൗരവമായ ചിന്തയ്ക്ക് പ്രേരിപ്പിച്ചത് എന്നു സംശയിച്ചു. ഞാന്‍ സമാധാനിപ്പിച്ചു.
സാരമില്ല. പശു, കാള, എരുമ, പോത്ത്. ഡോണ്ട് വറി സര്‍. കേരളത്തില്‍ ഒരു പ്രശ്‌നവും വരില്ല. മദ്യനിരോധനം കാണുന്നില്ലേ? മദ്യനിരോധനമാണ് നയം. നിയമം നോക്കൂ. സാറിന് പൈസയുണ്ടെങ്കില്‍ ഗമയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലോ ക്ലബ്ബുകളിലോ പോയി ഇഷ്ടം പോലെ എന്തും കുടിക്കാം. പൈസ കുറവാണെങ്കില്‍ സര്‍ക്കാര്‍ കടയില്‍ നിന്ന് കുപ്പിയായി വാങ്ങിച്ച് വീട്ടില്‍ പോയി കുടിക്കാം. വീട്ടില്‍ വച്ച് കുടിക്കാന്‍ ധൈര്യമില്ലെങ്കില്‍ ബിയര്‍, വൈന്‍, കള്ള് തുടങ്ങിയ പേരുകളില്‍ മദ്യം കിട്ടുന്ന ബാറുകളിലെയും ഷാപ്പുകളിലെയും ക്ലീന്‍ അന്തരീക്ഷത്തിലിരുന്ന് കുടിക്കാം.
ഞാനതല്ല പറഞ്ഞത്. ഇറ്റീസ് ഓകെ. പക്ഷെ എന്റെ പോയന്റ് വേറെയാണ്. നോക്കൂ. അടുത്ത കാലത്തിറങ്ങിയ മലയാളസിനിമ മോഹന്‍ലാലിന്റെ 'ദ്യശ്യം'. കഥ അറിയാമല്ലോ. നമുക്കാര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം. ഒട്ടും മന:പൂര്‍വമല്ലാതെ നമ്മുടെ മുന്നിലെത്തിയ ഒരു മഹാദുരന്തം. അതിനെ മറ്റു നിവര്‍ത്തിയില്ലാതെ എതിര്‍ത്തു. ആരും ചെയ്തു പോകുന്നതാണ്. പക്ഷെ അപകടം സംഭവിച്ചു. ശത്രു കൊല്ലപ്പെട്ടു. അത് വലിയ ഒരു കുറ്റക്യത്യമായി മാറി. കുടുംബം മുഴുവന്‍ തകര്‍ക്കപ്പെട്ടു പോകുന്ന കുറ്റം. നായകനായ മോഹന്‍ലാല്‍ നിയമവിദഗ്ദ്ധനല്ല. വെറും നാലും ക്ലാസ്. താന്‍ നടത്തുന്ന വീഡിയോ ലൈബ്രറിയിലെ സിനിമകള്‍ കണ്ടതും പിന്നെ നാടന്‍ അനുഭവജ്ഞാനവും കോമണ്‍സെന്‍സും മാത്രമാണ് കൈമുതല്‍. അതിപ്രഗത്ഭരും വ്യക്തിപരമായി ഈ കുറ്റം കണ്ടുപിടിക്കേണ്ടതില്‍ വൈകാരികതയുമുള്ള പോലീസ് അന്വേഷകരെ നായകന്‍ തെളിവുകള്‍ ഇല്ലാതാക്കി തോല്‍പ്പിക്കുന്നു.
അദ്ദേഹം തുടര്‍ന്നു.
ഇത് ഞാന്‍ വെറും ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. പക്ഷെ ഒന്നു നോക്കൂ. ഞാന്‍ കുറെ നാളായി നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന രാഷ്ട്രീയനേതാക്കളുടെ കൈക്കൂലിക്കഥകളുടെ കാര്യമാണ് ഉദ്ദേശിച്ചത്. കൈക്കൂലി വാങ്ങുന്നത് സമൂഹത്തിനെ നന്നാക്കാനുള്ള ലക്ഷ്യത്തോടെയാണെങ്കില്‍ അതിനെ കുറ്റമായി കണക്കാക്കാമോ? ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് കൈക്കൂലി വാങ്ങുന്നു. സ്വന്തം ആവശ്യത്തിനല്ല. പാര്‍ട്ടി വളര്‍ത്താനാണ്. അതിനെ ഇന്ന് നാം കുറ്റമായി കാണുന്നു. കോടതി ശിക്ഷ നല്‍കും. അപ്പോള്‍ കൈക്കൂലി വാങ്ങിയ നേതാവ് നിയമത്തെ വളച്ച് ശിക്ഷയെ മറികടക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെങ്കില്‍ അതല്ലേ, ശരി?
അദ്ദേഹം ഗൗരവമായി പറഞ്ഞു.
നോക്കൂ. കുറ്റം കോടതിക്കു ബോധ്യമാകണമെങ്കില്‍ അതിന് തെളിവ് വേണം.
തെളിവ് പ്രധാനമായും ഒച്ചയും ദ്യശ്യവും അക്ഷരങ്ങളും സാക്ഷികളുമാണ്. ഈ തെളിവുകളില്‍ സംശയം ജനിപ്പിച്ചാല്‍ മതി, അവയുടെ വിശ്വാസ്യത നഷ്ടപ്പെടും. സാക്ഷികള്‍ കൂറു മാറുക എന്നത് ഇന്ന് എവിടെയും കാണാറുള്ള ഒരു വെറും സാധാരണ സംഭവമാണ്. ഇന്ന് നമ്മുടെ കോടതികളില്‍ ജഡ്ജിക്കും വക്കീലിനും വാദിക്കും പ്രതിക്കും കിട്ടുന്ന സംരക്ഷണം ഒരു സാക്ഷിക്ക് കിട്ടുന്നില്ല. കോടതിയിലെ സാക്ഷിക്കൂട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ സാക്ഷി നിസ്സഹായനാണ്. അതു കാരണം കോടതിയില്‍ വരാനും സത്യം പറയാനും നിര്‍ണ്ണായക തെളിവുകള്‍ നല്‍കാവുന്ന സാക്ഷി പോലും ഇന്ന് മടിക്കും. പ്രതിയുടെ പണം, ഭീഷണി ഇവയെ നേരിടാന്‍ സാധാരണക്കാരനായ സാക്ഷിക്ക് മിക്കപ്പോഴും വിഷമമാണ്. സത്യമായ തെളിവുകള്‍ കോടതിയുടെ പരിഗണനയിലെത്താന്‍ പ്രായോഗികമായ ഇത്തരം അനവധി കടമ്പകള്‍ ഇന്നുണ്ട്. സ്വാഭാവികമായും ക്യത്യമായ തെളിവുകള്‍ ഉണ്ടായാല്‍പ്പോലും അവ നീതിപീഠത്തിനു മുന്നില്‍ എത്തുന്നില്ല. കുറ്റം തെളിയാതെ കുറ്റവാളി രക്ഷപ്പെടുന്നു. ബുദ്ധിയും ശക്തിയും നേത്യത്വപാടവവും ഉള്ള വ്യക്തി ജനനന്മയെ ഉദ്ദേശിച്ചു മാത്രം നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ടി കൈക്കൂലി വാങ്ങി എന്ന ഇന്നത്തെ നിയമത്തിലെ കുറ്റം പുറത്തുവരാതിരിക്കാനായി തെളിവുകള്‍ നീതിപീഠത്തിനു മുമ്പില്‍ എത്തുന്നതിന് തടയിടുന്നതില്‍ എന്താണ് തെറ്റ്? അന്വേഷകരില്‍ നിന്ന് കേസു കോടതിയില്‍പ്പോലും എത്താത്ത വിധം സങ്കീര്‍ണ്ണമാക്കി നശിപ്പിക്കാന്‍ പറ്റിയാല്‍ അതിലെന്താണ് തെറ്റ്?
ഞാന്‍ മറുപടിക്ക് കുഴങ്ങുന്നതു കണ്ട് അദ്ദേഹം വാചാലനായി.
നമുക്കറിയാം. നാമെല്ലാവരും ദിവസവും കൈക്കൂലി കൊടുക്കുന്നവരാണ്. വാങ്ങുന്നവരുമാണ്. സ്‌ക്കൂളില്‍, സര്‍ക്കാര്‍ ആഫീസുകളില്‍, ആശുപത്രികളില്‍, ആരാധനാലയങ്ങളില്‍, എന്നു വേണ്ട, ഏതുതരം സേവനരംഗത്തും കൈക്കൂലി കൊടുക്കാനോ വാങ്ങാനോ നമുക്കു ഒരു മനസ്സാക്ഷിക്കുത്തുമില്ല.
ഞാന്‍ ഒന്നും മിണ്ടിയില്ല.
ആല്‍ബര്‍ട്ട് കാമുവിന്റെ റെബല്‍ എന്ന നോവലിന്റെ ആമുഖത്തിലെ വാക്കുകള്‍ എന്റെ ഓര്‍മ്മയില്‍ വന്നു.
ആസൂത്രിതവും വിദഗ്ദ്ധവുമായ കൊലപാതകങ്ങളുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹം കൊണ്ടാണെന്നും അതുകൊണ്ട് അതിനെ മാപ്പാക്കണമെന്നും യാചിക്കുന്ന നിസ്സഹായരായ കുട്ടികളല്ല ഇന്നത്തെ കുറ്റവാളികള്‍. അവര്‍ വളര്‍ച്ചയെത്തിയവരാണ്. അവര്‍ക്ക് എന്തിനും പഴുതുകളുണ്ട്, സിദ്ധാന്തങ്ങളുണ്ട്. ഇതെന്തിനും ഉപയോഗിക്കപ്പെടുന്നു. കൊലയാളികളെ ന്യായാധിപന്മാരായി മാറ്റുന്നതിനുപോലും.