മുപ്പത്തഞ്ചു കൊല്ലം മുമ്പാണ്.
കുഞ്ഞമ്മായി എന്റെ ക്വാര്‍ട്ടേഴ്‌സില്‍ വന്നു. എറണാകുളത്ത് അന്ന് ഞാന്‍ കേന്ദ്രഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയാണ്. കുഞ്ഞമ്മായി തനിച്ചാണ് വന്നത്. നാലു മണി സമയം. ബെല്ലടിച്ചു. എന്റെ ശ്രീമതി, രാധ, കതകു തുറന്നു.
കുഞ്ഞമ്മായി പിന്നീട് രാത്രിയില്‍ ഞങ്ങളെല്ലാവരും കൂടി അത്താഴമേശയില്‍ സൗഹ്യദം പങ്കിട്ടപ്പോള്‍ കുഞ്ഞമ്മായി പറഞ്ഞു.
'ഞാന്‍ വന്നു ബെല്ലടിച്ച് കുറച്ചു നേരം കഴിഞ്ഞാണ് രാധ കതകു തുറന്നത്. ഇടയ്ക്ക് കതകിലെ ഓട്ടയിലൂടെ ആരാ വന്നതെന്ന് നോക്കി എന്നെനിക്കു തോന്നി. എന്നെക്കണ്ടപ്പോള്‍ ശകലം അത്ഭുതമുണ്ടായതായും എനിക്കു തോന്നി. എന്നിട്ട് അല്ലാ., കുഞ്ഞമ്മായിയാണോ എന്നു മാത്രം ചോദിച്ച് എന്നെ അകത്തേക്ക് ക്ഷണിക്കാതെ രാധ അടുക്കളഭാഗത്തേക്കു പോയി. എനിക്ക് മോഹനാ, രാധയുടെ ഈ പെരുമാറ്റത്തെ രണ്ടു രീതിയിലെടുക്കാം. ഒന്ന്, ഞാന്‍ വന്നത് രാധയ്ക്ക് ഇഷ്ടമായില്ല. രണ്ട് അടുക്കളയില്‍ അടുപ്പില്‍ പാല് തിളക്കാറായിരിക്കുകയാണ്. ഞാന്‍ രണ്ടാമത്തേതേ എടുക്കാറുള്ളു. എനിക്ക് മനസ്സിന് എന്തു സുഖമാണെന്നോ.'
കുഞ്ഞമ്മായിയുടെ ഈ തിങ്കിങ്ങ് പഠിത്തത്തിലൂടെയോ ഹൗ ടു ബി ഹാപ്പി എന്ന റിസര്‍ച്ച് നടത്തുന്ന മാനേജ്‌മെന്റ് പാണ്ഡിത്യത്തിലൂടെയോ ഉണ്ടായതല്ല. പഴയ നാലാം ക്ലാസ്. പിന്നെ നാട്ടറിവും.
നമ്മുടെ ദു:ഖത്തിന്റെ സിംഹഭാഗവും നാം ഈ വിധം സത്യത്തെ നമുക്കനുകൂലമായി കാണാത്തതുകൊണ്ടാണ്.
ഗാന്ധിജിയുടെ പ്രസിദ്ധമായ വാക്കുകളുണ്ട്. പരമമായ സത്യം ഒന്നേയുള്ളു. പക്ഷെ നാം അതിനെ നമ്മുടേതായ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ കാണുമ്പോള്‍ അത് വ്യത്യസ്തമായി കാണപ്പെടുന്നു.
ഒരു ഉദാഹരണം അദ്ദേഹം പറഞ്ഞു. .
ഒരു പാത്രത്തില്‍ അറുപതു ഡിഗ്രി ചൂടുള്ള വെള്ളം വയ്ക്കുക. വെള്ളത്തിന്റെ ചൂട് അറുപതു ഡിഗ്രി ആണെന്നതാണ് സത്യം. നമ്മള്‍ ഇടതു കൈ തണുത്ത വെള്ളത്തില്‍ മുക്കിയിട്ട് ഈ പാത്രത്തിലെ ചൂടുവെള്ളത്തില്‍ മുക്കുക. എണ്‍പതു ഡിഗ്രി ചൂട് തോന്നിക്കും. എന്നിട്ട് വലതു കൈ തിളച്ച വെള്ളത്തില്‍ മുക്കിയിട്ട് ഇതേ ചൂടുവെള്ളത്തില്‍ മുക്കുക. തണുപ്പു തോന്നും. നാല്പതു ഡിഗ്രി മാക്‌സിമം.
ഇത് സത്യത്തിന്റെ ഭൗതികതയെപ്പോലും വ്യത്യസ്തമാക്കുന്ന അനുഭവം. അപ്പോള്‍ ക്യത്യമായ അളവുകോലില്ലാത്ത നമ്മുടെ മാനസികവ്യാപാരമോ?
കുഞ്ഞമ്മായി എന്ന എന്റെ ഗുരുവിലേക്കു തന്നെ തിരിച്ചു വരാം.
1937. എനിക്ക് ഒരു വയസ്സ്. ചേര്‍ത്തലയില്‍ എന്റെ കുടുംബ വീട്ടിലായിരുന്നു എന്നെ പ്രസവിച്ചത്. ആറു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹരിപ്പാട്ടെത്തി. അഛന്‍ അന്ന് ഹരിപ്പാട്ട് മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസു ചെയ്യുകയാണ്. ഇന്നത്തെ നാഷണല്‍ ഹൈവേയുടെ വളവ് എന്നെന്നേക്കുമായി ഭൂമുഖത്തുനിന്ന് തുടച്ചു നീക്കിയ വിശാലമായ പറമ്പില്‍ അന്ന് കുറ്റിക്കാടുകളും മരോട്ടിയും ആഞ്ഞിലിയും പ്ലാവും മാവും തെങ്ങും കാഞ്ഞിരവും ഒരു ബോധവുമില്ലാത്ത മട്ടില്‍ തഴച്ചു വളരുകയാണ്. അതിനു നടുവില്‍ വേലിപ്പരത്തിയും ചെത്തിയും മുല്ലയും പിച്ചിയും ചെമ്പരത്തിയും. ഒരു കുളം ഉറങ്ങിയ മട്ടില്‍ വടക്കു പുറത്ത്. അതിനു ചുറ്റും വാഴയും ചേനയും ചേമ്പും കാച്ചിലും വെള്ളരിയും കുമ്പളവും വെണ്ടയും വാളന്‍പയറും. പറമ്പിന്റെ നടുവില്‍ ഒരു പഴയ നാലുകെട്ട്. അതാണ് ഞങ്ങളുടെ വാസസ്ഥലം.
കണ്ണിനു തിമിരം ബാധിക്കാന്‍ തുടങ്ങിയ മുത്തശ്ശി. അക്കാലത്ത് ചിന്തിക്കാന്‍ പോലും ഭയപ്പെടുന്ന ടൈപ്പ് പ്രേമവിവാഹം നടത്തി ഞങ്ങളുടെ യൊപ്പം മുത്തശ്ശിയുടെ ധീരമായ ആശിസ്സുകളുടെ ബലത്തില്‍ വിവാഹജീവിതം തുടങ്ങിയ കുഞ്ഞമ്മാവനും കുഞ്ഞമ്മായിയും ഒപ്പമുണ്ട്.
അതിസുന്ദരിയായിരുന്ന കുഞ്ഞമ്മായിക്ക് അന്നു വയസ്സ് പതിനേഴ്. പണ്ട് ഇന്നത്തെ ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന തെക്കംകൂര്‍ രാജ്യം ഭരിച്ചിരുന്ന കുടുംബത്തിലെ രാജകുമാരിയാണ് കുഞ്ഞമ്മായി.
അക്കാലത്ത് ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുന്ന ആഗസ്ത് 15 നെക്കാള്‍ വിപുലമായ പരിപാടികളോടെയാണ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ പിറന്നാള്‍ നാടാകെ കൊണ്ടാടുന്നത്. ഇരുനൂറു വര്‍ഷം മുമ്പ് വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെറിയ ചെറിയ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചാണ് തിരുവിതാംകൂര്‍ രാജ്യത്തിന് രൂപം കൊടുത്തത്. അന്നുമുതല്‍ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്ന ഒരു ചടങ്ങുണ്ട്.
രാജ്യവും പദവിയും നഷ്ടപ്പെട്ട ആ രാജകുടുംബാംഗങ്ങള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആട്ടപ്പിറന്നാളിന് തിരുവനന്തപുരത്തു ചെന്ന് മുഖം കാണിച്ച് അദ്ദേഹത്തെ വണങ്ങാം. മഹാരാജാവ് അവര്‍ക്ക് അര മുഴം വീതിയില്‍ കസവുള്ള പട്ടു മുണ്ടും നേരിയതും സമ്മാനിക്കും.
കുഞ്ഞമ്മായി കല്യാണം കഴിഞ്ഞ് ഒപ്പം കൊണ്ടുവന്ന പെട്ടിയില്‍ ഇത്തരം കുറെയേറെ കസവുനേരിയതുകളും കൈതപ്പൂക്കളുടെ മണവും നിറഞ്ഞിരുന്നു.
അതിലൊരു ജോടി കസവുമുണ്ടും നേരിയതും ധരിച്ച് പകലുകള്‍ മുഴുവന്‍ എന്നെയുമെടുത്ത് തെക്കെ സര്‍പ്പക്കാവിന്റെ പരിസരത്തില്‍ ഈണം തെറ്റാത്ത നാടന്‍ ശീലുകളും ചൊല്ലി മരങ്ങളില്‍ ചേക്കേറാന്‍ വരുന്ന എല്ലാ പക്ഷികളെയും ചിലപ്പിച്ച് വെയില്‍പ്പാളികള്‍ മിന്നിക്കുന്ന സ്വര്‍ണ്ണക്കസവിന്റെ തിളക്കത്തില്‍ ഭ്രമിപ്പിച്ച് കുഞ്ഞമ്മായി കറങ്ങി എന്നെ ചുറ്റുമുള്ള നിറവും മണവും ആസ്വദിക്കാനും കാറ്റിന്റെയും മഴയുടെയും ഇലകളുടെയും കിളികളുടെയും സന്തോഷം പങ്കിടാനുള്ള മനസ്സുണ്ടാകാനുമുള്ള ബാലപാഠം നല്‍കിയിരുന്നു.
പത്തു മുപ്പതു കൊല്ലം മുമ്പാണ്. കുഞ്ഞമ്മായി ആലുവായില്‍ നിന്ന് കോട്ടയത്തേക്ക് എറണാകുളം ചുറ്റാതെ പോകുന്ന കെ എസ് ആര്‍ ടി സിയുടെ ഏക ബസ്സില്‍ മകന്‍ ജോലി ചെയ്തിരുന്ന കളമശ്ശേരിയില്‍ നിന്നു കുഞ്ഞമ്മായി അന്ന് താമസിച്ചിരുന്ന ഏറ്റുമാനൂരേക്ക് കയറി. തനിച്ചാണ്. മുന്നില്‍ സ്ത്രീകളുടെ സീറ്റില്‍ സൈഡില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ ചേട്ടന്‍ പിന്നിലുണ്ട്. ബസ് ത്യപ്പൂണിത്തുറ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി ഒരു ഓക്കാനവും ഛര്‍ദ്ദിയും. പുറത്തേക്കു തലയിടുന്നതിനുപകരം അവള്‍ അകത്തേക്കു തിരിഞ്ഞു. മൂന്നു പ്രാവശ്യം. ഉച്ചയൂണിന്റെ ശേഷിപ്പ് ദ്രവവും ഇറച്ചിക്കഷണവും. മുട്ടയുടെ മണം പോലും സഹിക്കാന്‍ അശക്തയായ ശുദ്ധ വെജിറ്റേറിയന്‍ കുഞ്ഞമ്മായിയുടെ മുണ്ടും നേരിയതും കൈയും ഈ ഛര്‍ദ്ദി അഭിഷേകത്തില്‍ പെട്ടു. മറ്റു യാത്രക്കാരും കണ്ട്കടറും കുട്ടിയുടെ ചേട്ടന്‍ പോലും അവളെ ദേഷ്യപ്പെട്ടു. കുഞ്ഞമ്മായിയോട് സഹതാപം കാട്ടി.
കുഞ്ഞമ്മായി ഒന്നും പറഞ്ഞില്ല. ഛര്‍ദ്ദി വീണത് കസവു നേരിയതുകൊണ്ട് മൂടിപ്പൊതിഞ്ഞു. കുട്ടിയെ മടിയിലേക്ക് കിടത്തി തലോടി.
അത്ഭുതത്തോടെ ഈ രംഗം വീക്ഷിച്ച കണ്ടക്ടറോട് കുഞ്ഞമ്മായി പറഞ്ഞു.
'ഇവള്‍ എന്റെ കൊച്ചമോളായിരുന്നെങ്കില്‍ ഞാനിതല്ലേ ചെയ്യൂ. തല്‍ക്കാലത്തേക്ക് ഇവളെന്റെ മോളാ.' ഇക്കഥ വിസ്തരിച്ച് കുഞ്ഞമ്മായി പറഞ്ഞു.
'എന്റെ മോഹനാ, ആ പെണ്‍കൊച്ചിനെ ദേഷ്യപ്പെട്ട കണ്ടക്ടറുണ്ടല്ലോ, വൈക്കത്ത് ഡിപ്പോയില്‍ ബസ് നിന്നപ്പോള്‍ പോയി എന്നോട് പറയാതെ ഒരു ബക്കറ്റ് വെള്ളവും ഒരു തോര്‍ത്തുമെടുത്ത് വന്നു. ഒരു യാത്രക്കാരന്‍ അയാളുടെ ബാഗ് തുറന്ന് എനിക്ക് മേത്തിടാന്‍ ഒരു രണ്ടാമുണ്ട് തന്നു. വേണ്ടാന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. എന്നിട്ടോ! തീര്‍ന്നില്ല. മൂന്നു ദിവസം കഴിഞ്ഞ് ഒരു കാറ്. അന്വേഷിച്ചന്വേഷിച്ച് ഏറ്റുമാനൂര് നമ്മുടെ വീട്ടില്‍ വന്നു. ആ കൊച്ചിന്റെ അഛനും അമ്മയും അന്നു കൂടെ ഉണ്ടായിരുന്ന ചേട്ടന്‍ പയ്യനും. രണ്ടു കൂട നിറയെ പഴവും ഓറഞ്ചും ആപ്പിളും ഒക്കെ. പിന്നെ എനിക്ക് ഒരു നേരിയതും ഒരു നിലവിളക്കും.
'മനുഷ്യരൊക്കെ നല്ലവരാ, മോഹനാ. നമ്മള്‍ നന്നായാല്‍ മതി. മറ്റുള്ളവര്‍ നമുക്കു നല്ലവരായിരിക്കും.'
ഗാന്ധിജിയുടെ സത്യാഗ്രഹത്തിലെ സത്യവും ഇതു തന്നെയല്ലേ?