ദൈവത്തെ നാം പ്രകീര്‍ത്തിക്കും. ദൈവമുണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്തവര്‍പോലും ദൈവത്തെ പുകഴ്ത്തിയല്ലാതെ ഒന്നും പറയുകില്ല. പക്ഷെ മനുഷ്യരുടെ കാര്യത്തില്‍ അങ്ങിനെയല്ല. ജീവിച്ചിരിക്കുമ്പോള്‍ അവരെ ദൈവമാക്കുന്നത് ഇതു വരെ സംഭവിച്ചിട്ടില്ല. അപൂര്‍വം ചില ആള്‍ദൈവങ്ങളും വിവിധ മേഖലകളിലെ ചില മഹാന്മാരും ദൈവമാകുന്നതിന് അടുത്തു വരെ എത്തിയിട്ടുണ്ട്. പക്ഷെ അവരുടെ കടുത്ത അനുയായികള്‍ പോലും ജീവിച്ചിരുന്നപ്പോള്‍ അവരെ ദൈവമായി സങ്കല്‍പ്പിക്കാന്‍ മുതിര്‍ന്നിട്ടില്ല. ദൈവത്തിന്റെ അവതാരമായിട്ട്, ഏറിയാല്‍ പ്രതിപുരുഷനായിട്ട് സങ്കല്‍പ്പിച്ചേക്കാം. പക്ഷെ ദൈവമായിട്ട് ഇതു വരെ ഉണ്ടായിട്ടില്ല. എന്നാല്‍ ആ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ഓ കെ യാണ്. പല കേസുകളിലും നാം ധൈര്യപൂര്‍വം അപദാനങ്ങള്‍ ചൊരിയും. ആരാധന നമ്മുടെ കര്‍മ്മമാക്കും. ജീവിച്ചിരുന്നപ്പോഴത്തെ അവരുടെ ദൈവീകതയുടെ ഉദാഹരണങ്ങള്‍ കണ്ടുപിടിക്കും. അമ്പലങ്ങളും വിഗ്രഹങ്ങളും പ്രതിമകളും സ്ഥാപിച്ച് പൂജിക്കും. പക്ഷെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തി ഈ പൊതുതത്വത്തിന് അതീതമായി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഒരു രാഷ്ട്രത്തിലെ എല്ലാവരുടെയും ജാതിമതവര്‍ഗ്ഗപ്രായ വ്യത്യാസമില്ലാതെ ദൈവത്തിനും മരിച്ചവര്‍ക്കും മാത്രം നാം കൊടുത്തിരുന്ന ആരാധനയ്ക്ക് പാത്രമാകുന്നത്. കാരണം ലളിതമാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തന്റെ സ്വത്വത്തിന് മരണം നല്‍കി. സച്ചിന്‍ തെന്ദൂല്‍ക്കര്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു. അതില്‍ ഒന്നാമന്‍. അദ്ദേഹം തന്റെ കളിക്കളത്തിലെ കളി എന്ന ജീവിതത്തിന് മരണം നല്‍കി. സച്ചിന്‍ തെന്ദൂല്‍ക്കര്‍ കളിയില്‍ നിന്നും വിരമിച്ചു.

എല്ലാ മേഖലകളിലും കളിച്ച് വിജയിച്ച മഹാന്മാരുണ്ടായിട്ടുണ്ട്. പക്ഷെ അവരാരും ജീവിച്ചിരിക്കുമ്പോള്‍ സ്വമേധയാ കളിക്കളം വിട്ടിട്ടില്ല. അഥവാ നെല്‍സന്‍ മണ്‌ഡേലയെപ്പോലെ വിരമിച്ച കേസുകളുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ ആള് ശരിക്കും കളിക്കളം വിട്ടോ ഇല്ലയോ എന്ന് ജനത്തിന് പൂര്‍ണ്ണ വിശ്വാസം വരാന്‍ വിഷമമാണ്. പിന്നെ, അദ്ദേഹം കളി നിര്‍ത്തിയത് അനാരോഗ്യവും വാര്‍ദ്ധക്യവും കാരണമായിരിക്കാം എന്ന സംശയവും നിലനില്‍ക്കുന്നു.
സച്ചിന്‍ അവസാനം കളിച്ച ഫസ്റ്റ് ക്ലാസ് മാച്ച് മുംബായി-ഹരിയാനാ രഞ്ജി ട്രോഫി മത്സരമായിരുന്നു. അതിലെ തന്റെ അവസാന ഇന്നിംഗ്‌സില്‍ പുറത്താകാതെ അടിച്ചത് 79 റണ്‍സായിരുന്നു. അദ്ദേഹമായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
സച്ചിന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ദൈവമായി വാഴ്ത്തപ്പെട്ടു. എന്താണിതിനു കാരണം ?
ദൈവാരാധന സമൂഹത്തിലെ ഉന്നത ശാസ്ത്രജ്ഞന്‍ മുതല്‍ ദരിദ്രനില്‍ ദരിദ്രനായ ഭിക്ഷക്കാരന്‍ വരെ എല്ലാ സെക്ടറുകളുടെയും ഹ്യദയസ്പന്ദനത്തില്‍ നിലനില്‍ക്കുന്നത് കൊളോണിയല്‍ സംസ്‌ക്കാരത്തിലെ അദ്യശ്യനായ ചക്രവര്‍ത്തിയെ ഇന്നും നിലനിര്‍ത്തുന്ന കോമണ്‍വെല്‍ത്ത് പ്രജകളിലാണ്. അവരുടെ കളിയാണ് ക്രിക്കറ്റ്. അമ്പലവും ക്രിക്കറ്റും അവരുടെ ജീവിതമാണ്. അമ്പലത്തിലെ വിഗ്രഹം അനങ്ങുകില്ല. ക്രിക്കറ്റിലെ വിഗ്രഹം അനങ്ങും. സച്ചിന് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ദൈവമാകാന്‍ ക്രിക്കറ്റിലെ ഈ വിശ്വാസത്തിനപ്പുറം ക്രിക്കറ്റ് എന്ന കളിക്കു മാത്രമുള്ള പ്രത്യേകതയും കാരണമായി.
ഒരു കളിക്കാരന്റെ പാടവം തികച്ചും ടീം ഗെയിമായിട്ടു പോലും ഇത്ര ക്യത്യമായി അക്കങ്ങളിലൂടെ അളക്കാവുന്ന ഒരു കളി ഇന്ന് വേറെയില്ല. ഇന്നിംഗ്‌സ്. കളി. എതിരാളികള്‍. റണ്‍സ്. സെഞ്ച്വറികള്‍. ശരാശരി. കണക്കുകള്‍. മറ്റു ടീം ഗെയിമുകളില്‍ ഒപ്പം കളിക്കുന്ന കൂട്ടുകാരുടെ സഹായം പ്രതിഭാശാലിയായ കളിക്കാരന് കിട്ടിയില്ലെങ്കില്‍ അവന് ഒന്നാമനാകാന്‍ പറ്റില്ല. മറഡോണയ്ക്കും മെസ്സിക്കും മിഡ് ഫീല്‍ഡിലെ പ്ലേ മേക്കറുടെയും സൈഡില്‍ നിന്ന് സൂക്ഷ്മമായി ഓപ്പണിംഗ് നല്‍കുന്ന വിന്‍ഗറുടെയും എതിരാളിയെ കവര്‍ ചെയ്യുന്ന ഡിഫന്‍ഡറുടെയും തത്സമയ സഹായം കിട്ടിയില്ലെങ്കില്‍ തന്റെ മിടുക്ക് കാട്ടാന്‍ പറ്റില്ല. ഹോക്കിയിലും ബേസ് ബോളിലും റഗ്ബിയിലും ബാസ്‌ക്കറ്റ് ബോളിലും വോളീബോളിലും എല്ലാം ഈ പ്രശ്‌നമുണ്ട്. ക്രിക്കറ്റില്‍ മാത്രമാണ് അതില്ലാത്തത്. അവിടെ പിച്ചില്‍ ഓരോ പന്ത് നേരിടുമ്പോഴും ബാറ്റ്‌സ്മാന്‍ ഏകനാണ്. അയാള്‍ക്ക് ആരും സഹായത്തിനില്ല. ഓരോ പന്തും അയാള്‍ക്ക് നിര്‍ണ്ണായകമാണ്. അയാള്‍ക്ക് ആ പന്തിനെ തൊടാതെ വിടാം. ഡിഫന്റു ചെയ്യാം. ഒന്നു മുട്ടി ആളില്ലാത്തിടം നോക്കി പ്ലേസു ചെയ്ത് ഒരു റണ്ണെടുക്കാം. ആഞ്ഞടിച്ച് രണ്ടെടുക്കാം. ബൗണ്ടറിയടിക്കാം. പൊക്കിയടിച്ച് സിക്‌സറടിക്കാം. പക്ഷെ ഈ ഓരോ പന്തിലും അയാളുടെ മരണവും ഒളിച്ചിരിപ്പുണ്ട്. ക്ലീന്‍ ബൗള്‍ഡ്. എല്‍ ബി ഡബ്‌ളിയു. കാച്ച്. റണ്ണൗട്ട്. ഏതു നിമിഷവും ഇല്ലാതാകാവുന്ന നമ്മുടെ ജീവിതം പോലെ. അനിശ്ച്ചിതത്വം. അവിടെ തനതായി നേടുന്ന വിജയം. ആ വിജയത്തിന് ക്യത്യമായ അളവുകോല്‍.
ക്രിക്കറ്റില്‍ നമ്പര്‍ വണ്ണിനെ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. സച്ചിനാണ് നമ്പര്‍ വണ്‍.
ക്രിക്കറ്റ് ഇതിഹാസമാണ് ബ്രാഡ്മാന്‍. അദ്ദേഹം പോലും സമ്മതിച്ച നമ്പര്‍ വണ്‍ ആണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബ്രയന്‍ ലാറയും പറയും സച്ചിനാണ് ഒന്നാമന്‍ എന്ന്.
സച്ചിന്‍ പറഞ്ഞു.
എനിക്കാകെ അറിയാവുന്നത് ക്രിക്കറ്റാണ്. എന്റെ ജീവിതം അതില്‍ മാത്രം ഫോക്കസ് ചെയ്യുന്നു. ബാക്കിയെല്ലാം അനുബന്ധങ്ങളാണ്. അവ താനെ രൂപപ്പെട്ടുകൊള്ളും. എനിക്ക് എന്റെ നേരെ ബൗള്‍ ചെയ്തു വരുന്ന പന്ത് നേരിടാന്‍ പത്തിലൊന്ന് സെക്കന്റു പോലും സമയം കിട്ടുകില്ല. അപ്പോള്‍ എനിക്കു മറ്റെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാന്‍ പറ്റുമോ ? ഇല്ല. എന്റെ ഉപബോധമനസ്സ് താനെ എന്നെ നയിക്കും. പക്ഷെ ഞാന്‍ ഉപബോധമനസ്സിനെ നിരന്തരമായ പരിശീലനത്തിലൂടെ ഞൊടിയിടയില്‍ തീരുമാനമെടുക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കണം. അത് ഞാന്‍ വാശിയോടെ ട്രെയിനിംഗിലൂടെ കൈവരിക്കണം. എന്റെ അസ്വസ്ഥത എനിക്ക് എന്റെ മനസ്സിനൊപ്പം ശരീരത്തെ റഡിയാക്കി നിര്‍ത്താനൊക്കുമോ എന്നതിലാണ്.
പക്ഷെ സച്ചിന്‍ ഇതു മാത്രമായിരുന്നോ ?
ഇതു മാത്രമാണെങ്കില്‍ ദൈവമായി നാം അംഗീകരിക്കില്ല. ക്രിക്കറ്റ് ഇന്ന് ടെലിവിഷന്‍ കാണികളുടെ കളിയാണ്. അവരാണ് ക്രിക്കറ്റ് മൈതാനത്തിന് അമ്പലപരിവേഷവും പിച്ചിന് ശ്രീകോവില്‍ പാവനതയും നല്‍കി ദൈവത്തെ സ്യഷ്ടിച്ചത്. അവിടെ വെറും കണക്കു മാത്രം പോരാ. പണ്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഒരു നഡ്കര്‍ണി ഉണ്ടായിരുന്നു. തോല്‍ക്കുമെന്ന് ഒരു മാതിരി തീര്‍ച്ചയായ കളിയെയും അദ്ദേഹം സമനിലയിലാക്കും. ദിവസം മുഴുവന്‍ തൊണ്ണൂറ് ഓവര്‍ കളിച്ചാലും ആശാന്‍ പത്തോ ഇരുപതോ റണ്ണേ എടുക്കൂ. ഡിഫന്‍ഡ്. ഡിഫന്‍ഡ്. കാണികള്‍ മടുത്ത് ഉറങ്ങും റേഡിയോ കമന്റേറ്റര്‍ പറഞ്ഞു പറഞ്ഞു മടുത്ത പഴംകാല കഥകള്‍ വിവരിച്ച് കോട്ടുവായിടും. ക്രിക്കറ്റ് കളി മരണ പ്രായത്തിലെത്തി. അപ്പോഴാണ് ക്രിക്കറ്റ് ടി വി സംപ്രേഷണം തുടങ്ങിയത്. ഓരോ ഓവറിനും ഇടയ്ക്കുള്ള ഒരു മിനിട്ടു സമയം പരസ്യത്തിന് നല്‍കുന്ന അനന്തസാദ്ധ്യത ക്രിക്കറ്റിലേക്ക് ബിസിനസ് തലച്ചോറുകളെ ആകര്‍ഷിച്ചു. മറ്റൊരു കളിയിലും ഇത്രയേറെ നിമിഷം കളിക്കിടയില്‍ പരസ്യത്തിന് കിട്ടില്ല. സ്വാഭാവികമായും കളിയുടെ രൂപഭേദം വന്നു. ഏകദിനം. ട്വെന്റി-20. പ്രൈം ടൈം തത്സമയം. കാണികളെ ടെന്‍ഷനില്‍ നിര്‍ത്താവുന്ന അവസാന പന്തുകള്‍. വാതു വയ്പിനും ഒരു കളിക്കാരന്‍ മാത്രം വിചാരിച്ചാല്‍പ്പോലും മാച്ച് ഫിക്‌സിംഗിനുള്ള സാദ്ധ്യതയും കളിയിലേക്കു ഒഴുകുന്ന പണത്തിന്റെ സ്രോതസ്സിന് ഒരിക്കലും വറ്റാത്ത ആഴം നല്‍കി. ക്രിക്കറ്റ് അമ്പലാരാധനയുടെ വളര്‍ച്ചയെ കടത്തി വെട്ടി. പക്ഷെ ദൈവമാകാന്‍ ഇതു മാത്രം പോരാ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം. ക്രിക്കറ്റ് കളി ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ പല കളികളിലൊന്നായി ഒതുങ്ങിയിരുന്ന സമയം. ഡബ്‌ളിയു ജി ഗ്രേസ് എന്ന അതികായനായ ഡോക്ടറാണ് അന്ന് ക്രിക്കറ്റില്‍ പ്രശസ്തന്‍. അദ്ദേഹം കളിക്കുന്ന ശൈലി കാണാന്‍ രസമായിരുന്നു. അന്ന് അവിടുത്തെ ലീഗ് മാച്ചുകളില്‍ സ്റ്റേഡിയത്തിന് പുറത്തെ ടിക്കറ്റ് കൗണ്ടറില്‍ ഒരു ബോര്‍ഡ് വയ്ക്കും. ഡോക്ടര്‍ ഗ്രേസ് ഇന്ന് കളിക്കുന്നുണ്ട്. ടിക്കറ്റ് റേറ്റ് ഇന്ന് നാലു ഫാര്‍തിംഗാണ്. സാധാരണയായി രണ്ടു ഫാര്‍തിംഗാണ് റേറ്റ്.
ഒരിക്കല്‍ ഗ്രേസ് ആദ്യത്തെ പന്തില്‍ ഔട്ടായി. അദ്ദേഹം ക്രീസ് വിട്ടില്ല ബൗളറെ വിളിച്ചു പറഞ്ഞു.
നീ പന്തെടുത്ത് ഇനിയും എറിയ്. നിന്റെ ഏറു കാണാനല്ല ഈ ആള്‍ക്കാര്‍ കാശു മുടക്കി സമയവും കളഞ്ഞ് ഇവിടെ വന്നിരിക്കുന്നത്. എന്റെ ബാറ്റിംഗ് കാണാനാണ്. ഉം. ക്വിക്ക്, സ്റ്റാര്‍ട്ട് എഗേന്‍.
ഇന്ന് സച്ചിനാണ് ഗ്രേസിന്റെ സ്ഥാനത്ത്.
സച്ചിന്റെ ബാറ്റിംഗിലെ മനോഹാരിത, സ്‌ടെയിറ്റ് ഡ്രൈവും, ലേറ്റ് കട്ടും, ഓണ്‍ സൈഡിലെ ഫ്ലിക്കും മറ്റും നല്‍കിയ താളവും ഭംഗിയും ടെലിവിഷനില്‍ ക്രിക്കറ്റിന് ലഭിച്ച ജനസമ്മതിയുടെ പ്രധാന കാരണമായിരുന്നു. സച്ചിന്‍ ഔട്ടായാല്‍ ഉടന്‍ ചാനല്‍ മാറ്റുന്ന പതിവ് നമ്മുടെയിടയില്‍ സാധാരണമാണ്.
ക്രിക്കറ്റിലെ അപൂര്‍വം ചിലതൊഴികെ ഒരു മാതിരി എല്ലാ ബാറ്റിംഗ് റെക്കാര്‍ഡുകളും. സച്ചിന്റേതാണ്. പക്ഷെ റെക്കാര്‍ഡില്‍ മാത്രം ഒതുങ്ങുന്നവനല്ല സച്ചിന്‍. ക്രിക്കറ്റ് ഒരു ജെന്റില്‍മാന്‍സ് ഗെയിമാണ്. മാന്യന്മാരുടെ കളി. കളിയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ജെന്റില്‍മാനായിരുന്നു. ക്രിക്കറ്റ് കളി കാരണം ഏറ്റവുമധികം ധനം സമ്പാദിച്ച കളിക്കാരനാണ് സച്ചിന്‍. അതേ സമയം യാതൊരു വിധ ആരോപണങ്ങളും ഒരിടത്തുനിന്നും കേള്‍ക്കാത്തവനും.
അതിപ്രശസ്തരായ നേതാക്കള്‍ തങ്ങളുടെ രക്ഷിക്കാന്‍ വേണ്ടി പറയുന്ന ഒരു വാചകമുണ്ട്. ഞങ്ങളുടെ സ്വകാര്യജീവിതം രഹസ്യമായിരിക്കണം. പക്ഷെ അക്കൂട്ടരെ കണ്ടാണ് വരും തലമുറ വളരുന്നത്. നേതാക്കളുടെ സ്വകാര്യ ജീവിതവും പൊതുജീവിതം പോലെ സംശുദ്ധമായിരിക്കണം. അതവര്‍ മറക്കാറാണ് പതിവ്. സച്ചിന്റെ സ്വകാര്യജീവിതം ഒരിക്കലും രഹസ്യമായിരുന്നില്ല. വാസ്തവത്തില്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ദൈവമെന്നല്ലാതെ മറ്റെന്തു വിശേഷണമാണ് അനുയോജ്യം ?