
വളരെ പഴയ ഒരു കഥയാണ് .
ഇന്ത്യ കണ്ട സേനാനായകരില്‍ ഏറ്റവും മുന്‍പന്തിയില്‍ ഗണിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജനറല്‍ തിമ്മയ്യ. രണ്ടാം ലോകമഹായുദ്ധത്തില്‍ ഒരു ഇന്‍ഫന്‍ട്രി ബ്രിഗേഡ് കമാന്‍ഡു ചെയ്ത ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. കൊറിയന്‍ യുദ്ധത്തിനുശേഷം തടവുകാരെ കൈമാറ്റം ചെയ്യുന്ന യു എന്‍ യൂണിറ്റിന്റെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
തെക്കനേഷ്യയിലെ വിവിധ രാഷ്ട്രങ്ങളുടെ ബാഹ്യവും ആന്തരികവും കാര്യങ്ങളില്‍ വ്യക്തവും അഗാധവുമായ വിജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം ഈ രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെയും ഭാവിയെയും തീര്‍ച്ചപ്പെടുത്തുന്ന ഒരു നിര്‍ണ്ണായക മീറ്റിംഗില്‍ പങ്കെടുത്ത കഥ കേട്ടിട്ടുണ്ട്. അമേരിക്കന്‍ പട്ടാളത്തലവന്‍ ജനറല്‍ ഡഗ്ലസ് മാക് ആര്‍തറാണ് അദ്ധ്യക്ഷന്‍. അംഗങ്ങള്‍ ഓരോ രാഷ്ട്രത്തിലെയും സൈനികസിവിള്‍ തലവന്മാര്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും പല തവണ അവിടെ കേട്ടിരുന്ന പല വിവരക്കേടുകളും അറിവില്ലായ്മകളും തിരുത്താന്‍ തനിക്ക് അവസരം തരാനായി ജനറല്‍ തിമ്മയ്യ ഇടയ്ക്കിടയ്ക്ക് ചെയര്‍മാന്റെ ശ്രദ്ധയ്ക്കായി കോണ്‍ഫറന്‍സ് രീതിയില്‍ മെല്ലെ അദ്ദേഹത്തിന്റെ നേരെ വിരലുയര്‍ത്തി. മാക് ആര്‍തര്‍ അത് കണ്ട മട്ടു കാട്ടിയില്ല. മീറ്റിംഗു കഴിഞ്ഞ് ഒരക്ഷരം പോലും സംസാരിക്കാന്‍ പറ്റാതെ നിരാശനായി നിന്ന തിമ്മയ്യയെ മാക് ആര്‍തര്‍ കൈ കൊടുത്ത് വിട പറയുന്നേരം പറഞ്ഞു.
വെല്‍ സ്‌പോക്കണ്‍, ജനറല്‍.
ജനറല്‍ തിമ്മയ്യക്ക് പെട്ടെന്ന് മനസ്സിലായി. തന്റെ മൗനമായിരുന്നു വാചാലം.
അദ്ദേഹം പറയാന്‍ പോകുന്ന സത്യം സമ്മേളനത്തില്‍ ഒരു തീരുമാനമെടുക്കുന്നതിന് സഹായകമാകില്ലായിരുന്നു എന്ന് മാക് ആര്‍തര്‍ക്ക് അറിയാമായിരുന്നു. അപ്പോള്‍ ഈ മൗനമായിരുന്നു ശരിക്കും ജനറല്‍ തിമ്മയ്യയുടെ വാക്കുകള്‍.
സത്യം, അഹിംസ, സ്‌നേഹം, ദയ, ആത്മാര്‍ത്ഥത തുടങ്ങി ഒരു നല്ല മനുഷ്യനാകാനുള്ള എല്ലാ കൂട്ടുകളും നമുക്കറിയാം. അക്കൂട്ടത്തില്‍ സത്യം പറയണം എന്നത് പണ്ടു മുതലേ മാനവസമൂഹം അംഗീകരിച്ച നല്ല ഗുണങ്ങളില്‍ മുന്‍ പന്തിയില്‍ ഗണിക്കപ്പെട്ടതാണ്. പക്ഷെ ഇവിടെ ഒരു കുഴപ്പമുണ്ട്. സത്യം പറയുന്നതിനെക്കാള്‍ പ്രാക്ടിക്കലായി നല്ലത് മിക്കപ്പോഴും സത്യം അറിയാമെങ്കിലും നിശ്ശബ്ദനായി ഇരിക്കുന്നതാണ് എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. കള്ളം പറയാന്‍ പാടില്ല. സമ്മതിക്കാം. പക്ഷെ സത്യം പറയണമെന്നു നിര്‍ബന്ധമായാല്‍ അത് പറയുന്നവനു മാത്രമല്ല, കേള്‍ക്കുന്നവനും സമൂഹത്തിനും ഗുണകരമല്ല എന്നു തോന്നിയാല്‍ അവിടെ മൗനമല്ലേ നല്ലത്. അനീതിയോടും അധര്‍മ്മത്തോടും അവഗണനയോടും ദേഷ്യം വരുമ്പോള്‍ മൗനം വിദ്വാനു ഭൂഷണമെന്ന സദുപദേശം കൈവെടിഞ്ഞ് അപ്രിയസത്യം പറയാന്‍ ബുദ്ധിമാന്മാര്‍ക്കുപോലും തോന്നിപ്പോകും. പക്ഷെ ഏണിപ്പടികളില്‍ ഇത്രയും വഴുക്കുള്ള ഒരു പ്രതലം വേറെയില്ല.
ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് കഴിഞ്ഞ സമീപകാലത്ത് ഏറ്റവും കുശാഗ്രബുദ്ധിയും പാരമ്പര്യവും ഉള്ള രണ്ടു നേതാക്കളായിരുന്നു നമ്മുടെ ലീഡര്‍ കരുണാകര്‍ജിയും മഹാരാഷ്ട്രയിലെ ശരദ് പവാറും. രണ്ടു പേരും ഒരു സമയത്ത്
ദേഷ്യം അടക്കാന്‍ നിവര്‍ത്തിയില്ലാത്ത ഒരു മുഹൂര്‍ത്തത്തില്‍ സോണിയാ ഗാന്ധിജിയെ നോക്കി അവര്‍ മദാമ്മയാണെന്ന വെറും സാധാരണമായ ഒരു സത്യം വിളിച്ചു പറഞ്ഞു. കരുണാകര്‍ജിക്കു മറ്റുള്ളവരെപ്പോലെ ഇത്തരം നിമിഷങ്ങളില്‍ മൗനം പാലിക്കേണ്ടതിനു പകരം അതു വെടിഞ്ഞ് നമുക്കെല്ലാമറിവുന്ന ഈ സത്യം പറഞ്ഞതിന്റെ ഫലം നാം കണ്ടതാണ്. പക്ഷെ ശരദ് പവാറിനെ സത്യം പറയുന്ന ധീരന്‍ എന്ന് നാം മാത്രമല്ല, സോണിയാജിയുടെ ആരാധകര്‍ പോലും പുകഴ്ത്തി. ഇതില്‍ നിന്ന് ഒരു ഗുണപാഠം നമുക്ക് ഉള്‍ക്കൊള്ളാം. നമ്മളെക്കാള്‍ ശക്തി കുറഞ്ഞവരോടു മാത്രമേ അവരെക്കുറിച്ചുള്ള സത്യം പറയാവൂ. ശക്തി കൂടുതലുള്ളവരോട് മൗനമാണ് വേണ്ടത്.
കാമുകീകാമുകന്മാര്‍ അവരവരുടെ ഉള്ളിലിരുപ്പ് മുഴുവന്‍ സത്യമായി വെളിപ്പെടുത്തിയാല്‍ ആ നിമിഷം അവരുടെ പ്രേമം അവസാനിക്കുമെന്ന് തീര്‍ച്ചയാണ്. പ്രേമം എന്നൊരു വികാരം പോലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ശാരീരികവും പ്രക്യതിനിയമത്തിന്റെ ഭാഗവുമായ കാമത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടില്‍ നമുക്കു അനുഭവപ്പെടുന്നത് ഇതിലെ രണ്ടു പാര്‍ട്ടികളും തങ്ങളെക്കുറിച്ചുള്ള കാതലായ പല അപ്രിയസത്യങ്ങളും പുറത്തുവിടാത്തതു കൊണ്ടാണെന്ന് നമുക്കറിയാം. മൗനമാണ് ഇവിടെ പ്രേമത്തിന്റെ മേക്കപ്പ് മെറ്റീരിയല്‍.
ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും വരനെയും വധുവിനെയും അവരുടെ കുടുംബത്തെയും പശ്ചാത്തലത്തേയും കുറിച്ചുള്ള സത്യങ്ങളില്‍ കുറച്ചെങ്കിലും ഒളിച്ചു വച്ചില്ലെങ്കില്‍ ഈ ലോകത്ത് ഒരു അറേംജ്ഡ് മാര്യേജും നടക്കുകില്ല എന്ന് എന്റെ സുഹ്യത്ത് കല്യാണബ്രോക്കര്‍ ആണയിടുന്നത് ശരിയാണെന്ന് എനിക്കു ഒരു സംശയവുമില്ല.
മൗനം രണ്ടു തരമുണ്ട്. അറിവില്ലാത്തതു കൊണ്ടുള്ള മൗനവും അറിവുണ്ടായിട്ടും അതു പുറത്തു കാട്ടാത്ത മൗനവും. മിക്ക കേസുകളിലും ഇവയില്‍ ഏതു കാരണത്താലാണ് മൗനം എന്ന് അറിയാന്‍ വിഷമമാണ്. അതു കാരണം
മൗനത്തിന് പലപ്പോഴും ആരാണ് മൗനിയായിരിക്കുന്നതെന്നനുസരിച്ചായിരിക്കും ഔന്നത്യം.
പ്രസിദ്ധ സിനിമാസംവിധായകനും കാര്‍ട്ടൂണിസ്റ്റും സംഗീതജ്ഞനും ബുദ്ധിജീവിയുമൊക്കെയായ അരവിന്ദന്‍ തിരുവനന്തപുരത്ത് കോളേജ് പഠനകാലത്ത് എന്റെ ഹോസ്റ്റല്‍മേറ്റും സുഹ്യത്തും ആയിരുന്നു. അദ്ദേഹത്തിന്റെ കാഞ്ചനസീത ഇറങ്ങിയ കാലം. സിനിമയില്‍ രാമലക്ഷ്മണന്മാര്‍ വസൂരിക്കുത്തുള്ള ആദിവാസികളാണ്. ഓകെ. സീതയെ പ്രക്യതിയുമായി ബന്ധിപ്പിച്ച് നായിക ഇല്ലാതെ പടം എടുക്കുകയും ചെയ്യാം. അതും സഹിക്കാം. പക്ഷെ രാമലക്ഷ്മണന്മാര്‍ ഈ സിനിമയില്‍ വളരെ അപൂര്‍വമായേ വായ തുറന്ന് ശബ്ദം പുറപ്പെടുവിക്കൂ. ഞാന്‍ തമാശ പറയുന്ന കൂട്ടത്തില്‍ അരവിന്ദനോട് ചോദിച്ചു. എന്താ, ഇവര്‍ മിണ്ടാത്തത് ? അദ്ദേഹം മന്ദഹസിക്കുകയല്ലാതെ ഒരു വാക്കും മറുപടിയായി തന്നില്ല. ആ മൗനത്തിനെ ഇതില്‍ ഏതില്‍ പെടുത്തണമെന്ന് എനിക്ക് ഇന്നും തീര്‍ച്ചയായിട്ടില്ല.
ഡോണ്ട് ടോക്ക്. ഡു വര്‍ക്ക് എന്നത് തലമുറകളായി എല്ലാവരും യുവാക്കള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശമാനമാണ്.
ദൈവസാമീപ്യം ശബ്ദകോലാഹലത്തിലും അസ്വസ്ഥതയിലും വിഹ്വലതയിലും വിശ്രമമില്ലാത്ത തിരക്കിലും ലഭ്യമാകില്ല എന്നാണ് മഹദ്വചനം.
ദൈവം മൗനത്തിന്റെ നിശ്ശബ്ദതയുടെ കൂട്ടുകാരനാണ്. ചുറ്റും നോക്കൂ, ചെടികളും പൂക്കളും കായ്കനികളും എല്ലാം വളരുന്നു. നിശ്ശബ്ദമായി. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലായ്‌പ്പോഴും ചലിച്ചു കൊണ്ടിരിക്കുകയാണ്, നിശ്ശബ്ദമായി. നമുക്ക് അവയുടെ ആത്മാവുമായി താദാത്മ്യം പ്രാപിക്കാന്‍ നിശ്ശബ്ദതയിലൂടെയേ കഴിയൂ.
പക്ഷെ ഇതിനു വിപരീതമായി ഓറല്‍ കമ്യൂണിക്കേഷന്‍ വൈദഗ്ദ്ധ്യമാണ്
ജീവിതത്തില്‍ ഉന്നതശ്രേണികളില്‍ എത്തിച്ചേരാന്‍ ആവശ്യമെന്ന ധാരണ വളരെക്കാലമായി നിലനിന്നു വരുന്ന ആശയമാണ്. മഹാന്മാരായ ചിന്തകരെക്കാള്‍ പ്രഗത്ഭരായ പ്രസംഗകരാണ് ജനനേത്യത്വം കൈക്കലാക്കിയിരുന്നതെന്ന് ചരിത്രവും പറയും. മാര്‍ക്ക് ആന്റണി മുതല്‍ ഇന്നത്തെ ആള്‍ദൈവങ്ങള്‍ വരെ നോക്കിയാല്‍ ഇത്തരം നൂറായിരം ഉദാഹരണങ്ങള്‍ ലഭിക്കും. പക്ഷെ ഇവിടെയും സൂക്ഷ്മമായി നോക്കിയാല്‍ ഈ വാഗ്‌ധോരണിയില്‍ മന:പൂര്‍വം അമര്‍ത്തപ്പെടുന്ന ചില സത്യങ്ങളുണ്ട്. അവ മൗനമായി വയ്‌ക്കേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണ് എന്ന ബോധം ഇവര്‍ക്കുണ്ടായിരിക്കണം.
പക്ഷെ ഒരു സത്യം പറയാതെ വയ്യ. ചരിത്രം കാട്ടുന്നത് സമൂഹത്തിലെ അന്തിമമായ ദുര്യോഗം സ്വാര്‍ത്ഥികളുടെ വിജയമായിരുന്നു. അശരണനും ദരിദ്രനും
ഇത്തരം സ്വാര്‍ത്ഥികളുടെ അടിമകളായി അവരുടെ എല്ലാ ദ്രോഹപ്രവര്‍ത്തികള്‍ക്കും ക്രൂരതയ്ക്കും പീഡനത്തിനും ഇരകളാകേണ്ടി വന്നു. ഇവിടെ ഇത്തരക്കാരുടെ വാചാലതയെക്കാള്‍ മതവും തത്വശാസ്ത്രവും കൈകാര്യം ചെയ്ത ശക്തരായ മഹാന്മാരുടെ നിശ്ശബ്ദതയെയാണ് നാം ഗൗരവമായി കാണേണ്ടത്. തിന്മയെ എതിര്‍ക്കാതെ മൗനം വിദ്വാനു ഭൂഷണം എന്ന തികച്ചും എസ്‌ക്കേപ്പിസ്റ്റ് മനോഭാവവുമായി കഴിഞ്ഞവര്‍. ഇത്തരം വിവരവും കാര്യശേഷിയുമുള്ള വ്യക്തികളുടെ നമ്മെ നിരാശരാക്കുന്ന അത്ഭുതകരമായ മൗനം എന്തായാലും ജനറല്‍ തിമ്മയ്യയുടെ വാചാലമായ മൗനമായിരുന്നില്ല, തീര്‍ച്ച.