ചില ദ്യശ്യങ്ങള്‍.
മലയാളം കഴിഞ്ഞ അര നൂറ്റാണ്ടില്‍ കണ്ട ഏറ്റവും സിദ്ധിയുള്ള കവികളില്‍ മുന്‍നിരക്കാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വര്‍ത്തമാന ടി വി സിനിമാ പ്രേമം.
ഒ എന്‍ വി യെ സിനിമാ ഗാനരചയിതാവായും എം ടി യെ പ്രശസ്ത തിരക്കഥാക്യത്തായും മാത്രം കാണുന്ന ടെക്‌നോ ഫ്രണ്ട്‌ലി പുതുതലമുറ.
സാഹിത്യം കൈകാര്യം ചെയ്യുന്നവര്‍ തങ്ങളുടെ തട്ടകത്തിന്റെ ഏറ്റവും ആകര്‍ഷകമായിരുന്ന പ്രശസ്തി ദ്യശ്യശ്രാവ്യരംഗത്തെ കലാകാരന്മാര്‍ കൈയടക്കുന്നത് ലേശം വേദനയോടും അസൂയയോടും കാണുന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്.
എഴുത്തിലൂടെ രൂപം കൊള്ളുന്ന സാഹിത്യത്തിന്റെ രൂപാക്കണക്കിലുള്ള വിലയാണെങ്കില്‍ ഈ സിനിമാ-ടി വി കോംപറ്റിറ്ററുമായി താരതമ്യപ്പെടുത്തിയാല്‍ ദാവൂദും ഗോലിയാത്തും പോലെയാണ്. യുദ്ധത്തില്‍ ദാവൂദ് ചരിത്രം ആവര്‍ത്തിക്കുമെന്ന് ചില സാഹിത്യകാരന്മാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഈ ശുഭാപ്തി വിശ്വാസികള്‍ ഒട്ടു മുക്കാലും എന്നെപ്പോലെ സീനിയര്‍ പൗരന്മാരാണ് എന്നതാണ് ഇതിലെ ഒരു മൈനസ് പോയന്റ്.
പക്ഷെ സാഹിത്യം എഴുത്തുകാരന്റെ മാത്രമാണോ?
നമുക്കു ഒന്നു ചരിത്രം പുനര്‍വായിക്കാം.
സാഹിത്യത്തിന്റെ മീഡിയം വാക്കുകളാണല്ലോ.
തുടക്കം ഒച്ചയില്‍ ആയിരുന്നു. നാവിന്റെ വഴക്കത്തില്‍. അമ്മയ്ക്കും നായ്ക്കുട്ടിക്കും മിന്നലിനും ചിരിക്കും കരച്ചിലിനും വികാരത്തിനും ഒച്ചയുടെ രൂപം കൊടുത്തു. ആംഗ്യങ്ങള്‍ക്കും വികാരവിക്ഷോഭങ്ങള്‍ക്കും രചനാത്മകമായി പുതിയ എളുപ്പമുള്ള ഒരു കമ്യൂണിക്കേഷന്‍ മീഡിയം.
ആ ഒച്ചയ്ക്ക് സഹസ്രാബ്ദങ്ങളുടെ പ്രയാണത്തിനിടയില്‍ വാക്കുകളുടെ വ്യക്തമായ രൂപം കിട്ടി. കുരങ്ങനും ആനയും പരുന്തും മറ്റും ജീവികളുടെ ഈ സ്വാഭാവികമായ വളര്‍ച്ചയില്‍ ഇപ്പോഴും ഈ ട്രാന്‍സിഷന്‍ സ്റ്റേജിലാണ്. ഒച്ചയില്‍ നിന്ന് വാക്കുകള്‍ രൂപപ്പെടുന്നതേയുള്ളു. മനുഷ്യനാണെങ്കില്‍ നൂറായിരം വായ് മൊഴി ഭാഷകള്‍ ഈ വാക്കുകളില്‍ നിന്നു അറിവ് കൈമാറിക്കൈമാറി സ്യഷ്ടിച്ചു.

കഥയും കവിതയും രൂപപ്പെട്ടു. അവ ഒരു വ്യക്തിയുടെ രചനയില്‍ ഒതുങ്ങാതെ ഓരോ തലമുറയും അഗ്നിശുദ്ധി വരുത്തി തങ്ങള്‍ക്ക് അനുരൂപമായ രീതിയില്‍ വളര്‍ത്തി.
അന്ന് സാഹിത്യകാരന്മാര്‍ ഇല്ലായിരുന്നു. സാഹിത്യം പിറവിയെടുത്ത് വളരെക്കാലം കഴിഞ്ഞാണ് രംഗത്ത് സാഹിത്യകാരന്മാര്‍ വ്യക്തികളായി പ്രത്യക്ഷപ്പെട്ടത്.
വാക്കുകളിലെ അക്ഷരങ്ങള്‍ക്ക് ലിപിയുടെയും പിന്നീട് അത് എഴുതുന്ന പ്രതലത്തിന്റെയും നിയന്ത്രണം വന്നപ്പോള്‍ സാഹിത്യം രണ്ടു വഴിയായി പിരിഞ്ഞു. ആദ്യത്തേത് സാക്ഷരതയും എഴുതാനുള്ള പ്രതലം കൈവശമുള്ളവരുമായ വരേണ്യ വര്‍ഗ്ഗം കൈയടക്കി. രണ്ടാമത്തേത് അവ രണ്ടുമില്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാരന്റേതായി. ഇതില്‍ ആദ്യത്തേതിനായിരുന്നു മാന്യതയും അംഗീകാരവും. വരേണ്യവര്‍ഗ്ഗത്തിന്റെ ശക്തി അദ്യശ്യനായ ദൈവത്തിനെ നിലനിര്‍ത്തുന്ന മതവും ദ്യശ്യനായ മരണദേവതയെ കാട്ടിക്കൊടുക്കുന്ന ആയുധവും ആയിരുന്നു. ലോകമെമ്പാടും ഈ മതവും ആയുധവും ഒരു ശക്തമായ സാമൂഹ്യചാലകശക്തിയായി മാറിയതിനാല്‍ എഴുതുന്ന സാഹിത്യത്തിന് മതത്തിന്റെയും ആയുധത്തിന്റെയും സ്വാധീനത്തിനു പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.
കടലാസിന്റെയും അച്ചടിയുടെയും ടെക്‌നോളജി സാര്‍വത്രികമായി. സാധാരണക്കാരന് വലിയ ചിലവില്ലാതെ പുസ്തകം ലഭിക്കാനൂള്ള സൗകര്യം കിട്ടി. എഴുത്തുകാരുടെയും വായനക്കാരുടെയും എണ്ണത്തിലും വൈവിദ്ധ്യത്തിലും വമ്പിച്ച മാറ്റം വന്നു. ഭാഷകള്‍ വളര്‍ന്നു. സാഹിത്യവും വളര്‍ന്നു. പക്ഷെ വളര്‍ച്ച വളരെ അച്ചടക്കത്തോടെ അച്ചടിയുടെ ചങ്ങലകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ പ്രക്രിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും എല്ലാ ഭാഷകളിലെയും സാഹിത്യത്തിന്റെ വ്യാകരണമായി മാറി.
സമാന്തരമായി കൊളോണിയല്‍ അധിനിവേശം സാഹിത്യത്തിലെ യൂറോപ്യന്‍ ശൈലി ലോകമാകെ മാത്യകയാക്കാന്‍ നിര്‍ബന്ധിതമാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഏഷ്യന്‍ ഭാഷകളില്‍ ഇന്ദുലേഖകള്‍ മാര്‍ഗ്ഗദര്‍ശികളായി അവരോധിക്കപ്പെട്ടു. ചൊല്ലിക്കേള്‍ക്കുന്ന കവിതകളേക്കാള്‍ ഗമ വരേണ്യസമൂഹം ഏകാന്തതയില്‍ പുസ്തകത്തിലെ അച്ചടിച്ച അക്ഷരങ്ങള്‍ മെനഞ്ഞ കവിത മനനം ചെയ്യുന്നതിലാക്കി.
കിളിപ്പാട്ടുകള്‍ കേള്‍ക്കാതായി. സ്‌ക്കോട്ടിന്റെ വാക്യഗാംഭീര്യം വഴിവിളക്കായി. .
അപ്പോഴാണ് അടുത്ത ആക്രമണം. ഇപ്പോഴും വില്ലന്‍ ടെക്‌നോളജി തന്നെ ആയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടെക്‌നോളജി പുതിയ ആയുധങ്ങളുമായി സാഹിത്യകലാരംഗത്തെ പിടിച്ചുലച്ചു. കളര്‍ പ്രിന്റിംഗ്, ശബ്ദത്തിന്റെ റെക്കാര്‍ഡിംഗ്, ഫോട്ടോഗ്രഫി. ചലിക്കുന്ന ചിത്രങ്ങള്‍.
സര്‍ഗ്ഗപ്രതിഭ ഇനിയുള്ള കാലത്ത് രചയിതാവിന്റെതല്ല, ആസ്വാദകന്റെ ആയിരിക്കും എന്ന് ഈ ടെക്‌നോളജിയുടെ സ്‌ഫോടനം മുന്നറിയിപ്പു നല്‍കി. അതിബുദ്ധിമാന്മാരായ കലാരംഗത്തെ പ്രതിഭകള്‍ ഇത് കണ്ടു. പക്ഷെ ഈ വരവിനെ ചെറുക്കാനുള്ള ശേഷി കലാരംഗത്തിന് പൊതുവെ ഉണ്ടായില്ല. അക്കാലത്ത് പിക്കാസോ ചിത്രകലയിലും ജെയിംസ് ജോയ്‌സ് സാഹിത്യത്തിലും ബെഴ്സ്റ്റിന്‍ സംഗീതത്തിലും തങ്ങളുടേതായ ഇരുമ്പുമറകള്‍ സ്യഷ്ടിച്ച് കലയെ സാധാരണക്കാരില്‍ നിന്നകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. പക്ഷെ റേഡിയോയുടെയും സിനിമയുടെയും വരവും രണ്ടാം ലോകമഹായുദ്ധവും കൊളോണിയലിസത്തിന്റെ അന്ത്യവും വിമാനയാത്ര സര്‍വസാധാരണമായതും പുതിയ സാമൂഹ്യ സാമ്പത്തിക സമവായങ്ങളും കമ്പ്യൂട്ടര്‍ സര്‍വസാധാരണമായതും ഇവരുടെ ശ്രമങ്ങള്‍ വിജയിക്കുന്നതിന് വിഘാതങ്ങള്‍ സ്യഷ്ടിച്ചു.
സാഹിത്യരംഗം ലോകത്ത് ഇന്ന് എല്ലാ ഭാഷകളും ഈ ടെക്‌നോളജിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ആയുധമില്ലാതെ നില്‍ക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.
മലയാളസാഹിത്യത്തില്‍ യൂറോപ്യന്‍ ഭാഷകളിലെ മാറ്റങ്ങള്‍ രണ്ടു മൂന്നു തലമുറകളുടെ വിടവിലാണ് കഴിഞ്ഞ ഇരുനൂറു വര്‍ഷമായി എത്തിക്കൊണ്ടിരുന്നത്. കേരളത്തില്‍ സാമൂഹ്യമായി ഗുരുസ്ഥാനം വഹിച്ചിരുന്ന നമ്പൂതിരി സമൂഹം സംസ്‌ക്യതം വിടാതെ ഇംഗ്ലീഷ് പഠനത്തോട് കാണിച്ച എതിര്‍പ്പ് ഈ വിടവിനെ നിലനിര്‍ത്തി. മലയാളിക്ക് സാക്ഷരത വര്‍ദ്ധിച്ചു. നമ്പൂതിരിമാരുടെ അപ്രമേയത്വം സാഹിത്യരംഗത്ത് അസ്തമിച്ചു. അതു കാരണമായിരിക്കണം മെല്ലെ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ഈ വിടവ് ഏകദേശം ഒരു തലമുറയുടെതായി ചുരുങ്ങിയത്. അക്കാലത്ത് ആണ്ടുതോറും നടന്നിരുന്ന മലയാള സാഹിത്യത്തിന്റെ അളവുകോലായിരുന്ന സാഹിത്യപരിഷത്ത് സമ്മേളനങ്ങളില്‍ ഗദ്യം പദ്യത്തെ കവച്ചു വയ്ക്കാന്‍ തുടങ്ങി. കഥാക്യത്തുക്കളുടെ ഒച്ച കവികളുടേതിനേക്കാള്‍ ഉയര്‍ന്നു.
ഈ സമയത്താണ് ചരിത്രപരമായ രണ്ട് തമ്മില്‍ ബന്ധമില്ലാത്ത സംഭവങ്ങള്‍, മലയാള സാഹിത്യരംഗത്തെ ഒരേ നിമിഷം പിടിച്ചു കുലുക്കിയത്.
എക്‌സിസ്റ്റന്‍ഷ്യലിസവും കാമുവിന്റെ ഔട്ടസൈഡറും ഒരു വശത്ത്.
മറു വശത്ത് ആള്‍ ഇന്ത്യാ റേഡിയോയും സിനിമയും. സാഹിത്യത്തില്‍ സ്‌ക്കോട്ടില്‍ നിന്ന് ഡോസ്റ്റോവിസ്‌ക്കി വരെയെ നമ്മള്‍ എത്തിയിരുന്നുള്ളു. കവിതയില്‍ തോമസ് ഗ്രേയില്‍ നിന്ന് എലിയട്ടില്‍ വരെ വന്ന് നാം നില്‍ക്കുകയായിരുന്നു.
സിനിമ മലയാളത്തില്‍ നാല്പതുകളില്‍ രംഗപ്രവേശം ചെയ്‌തെങ്കിലും അവ വെറും തമിഴ്‌നാട്ടില്‍ പടച്ച മലയാളം തമിഴ് ശൈലിയില്‍ പേശും സംഭവങ്ങള്‍ ആയിരുന്നു. അമ്പതുകളില്‍ അവ അല്പം സ്വതന്ത്രമായി. വെള്ളിനക്ഷത്രവും സ്ത്രീയും ജീവിതനൗകയും ഉദയായും മെരി ലാന്‍ഡും പ്രത്യക്ഷപ്പെട്ടു. .
സമാന്തരമായി ആള്‍ ഇന്ത്യാ റേഡിയോയും മലയാളിക്ക് സ്വകാര്യമായി വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന പുതിയ ഒരു മീഡിയം കൊണ്ടുവന്നു.
കേരളത്തില്‍ റേഡിയോയുടെ സോഫ്റ്റ് വെയര്‍ നിര്‍മ്മാണം പൂര്‍ണ്ണമായും അതു വരെ വാക്കുകള്‍ കടലാസില്‍ പകര്‍ത്തിയിരുന്ന നാടകരചയിതാക്കളും അമച്ച്വര്‍ നടന്മാരും കവികളും കഥാക്യത്തുക്കളും ഏറ്റെടുക്കുകയായിരുന്നു.
സിനിമാരംഗം കൂടുതല്‍ ആകര്‍ഷകമായിരുന്നു.
സാഹിത്യരംഗത്തും നാടകവേദിയിലും സജീവമായിരുന്ന മിക്കവാറും എല്ലാ പ്രതിഭാശാലികളും സിനിമയിലെത്തി. കുറിയ്ക്കു കൊള്ളുന്ന സംഭാഷണവും ഉടന്‍ കൈമാറാവുന്ന വികാരവിക്ഷോഭങ്ങള്‍ കൈവശമുള്ള കലാകാരന്മാരും സത്യത്തില്‍ മലയാളസിനിമയെ സിനിമ എന്ന മീഡിയത്തിന്റെ ടെക്‌നിക്കല്‍ സാദ്ധ്യതകളില്‍ നിന്ന് പിന്നിലേക്കു പിടിച്ചു നിര്‍ത്തിയെങ്കിലും ഒരു പുതിയ ആകര്‍ഷകമായ ജനപ്രിയമീഡിയത്തിന്റെ വരവ് ആഘോഷിച്ച് ഉള്‍ക്കൊള്ളാന്‍ മലയാളിയെ പ്രാപ്തരാക്കി. മലയാളി ഈ മാദ്ധ്യമങ്ങളെ സഹര്‍ഷം ഉള്‍ക്കൊണ്ടു.
അറുപതുകളുടെ അവസാനം വരെയെ കഷ്ടിച്ച് മലയാള സാഹിത്യത്തിന് ഈ മലവെള്ളപ്പാച്ചിലിനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞുള്ളു. സിനിമാരംഗത്ത് ആവറേജായെങ്കിലും വിജയിക്കാന്‍ കഴിഞ്ഞ പ്രതിഭാധനരായ സാഹിത്യകാരന്മാര്‍ അവിടെത്തന്നെ ഉറച്ചു നിന്നു. പരാജയപ്പെട്ടവര്‍ ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചീപ്പ് പോപ്പുലാരിറ്റിയെക്കുറിച്ചും മലയാളിയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചും പറഞ്ഞ് സമാധാനിച്ചു.
മാദ്ധ്യമങ്ങള്‍ സാഹിത്യരചനകള്‍ കുറഞ്ഞപ്പോള്‍ വായനക്കാരന്‍ ഇഷ്ടപ്പെടുന്ന സാഹിത്യകാരന്റെയും കലാകാരന്റെയും സ്വകാര്യരഹസ്യകഥകളിലെ പൈങ്കിളിത്വത്തിന് പ്രാധാന്യം നല്‍കി. വായനക്കാരന് കുഴപ്പമില്ലായിരുന്നു.
എമ്പതു തൊണ്ണൂറുകളായപ്പോഴേക്കും സിനിമയോടൊപ്പം ടെലിവിഷനും സാഹിത്യകലാരംഗത്ത് വരാനിഷ്ടപ്പെട്ടിരുന്ന ടാലന്റുകളെ സസന്തോഷം സ്വാഗതം ചെയ്തു. യുവപ്രതിഭകള്‍ വന്നു കൊണ്ടേയിരുന്നു. പക്ഷെ പണ്ടായിരുന്നെങ്കില്‍ സാഹിത്യരംഗത്തു മാത്രം പയറ്റുമായിരുന്ന ഈ പ്രതിഭകള്‍ സാഹിത്യത്തെക്കാള്‍ ആകര്‍ഷകവും ചലഞ്ജ് ഉള്ളതുമായ ദ്യശ്യശ്രാവ്യരംഗത്തേക്ക് സാഹിത്യക്കളരിയില്‍ പയറ്റാതെ തന്നെ നേരിട്ടിറങ്ങി.
ദ്യശ്യ ശ്രാവ്യ രംഗത്ത് പയറ്റാന്‍ ശ്രമിച്ച് വലിയ രക്ഷയില്ലാതെ പിന്‍ വാങ്ങിയവരാണ് ഇന്ന് നമ്മുടെ സാഹിത്യരംഗത്ത് സജീവമായി നില്‍ക്കുന്നവരില്‍ ഏറെയും. ഇത് നമ്മുടെ ഭാഷയുടെ മാത്രം ഗതികേടല്ല എന്നതേയുള്ളു ഒരു സമാധാനം.
ടെക്‌നോളജി ഇന്ന് അനന്ത സാദ്ധ്യതകള്‍ തുറന്നുതരികയാണ്. സാഹിത്യത്തിന്.
അതുകൊണ്ട് സിനിമയും ടെലിവിഷനും സാഹിത്യത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവികപ്രക്രിയയായി മാത്രം കണക്കാക്കിയാല്‍ മതി എന്നാണ് എനിക്കു തോന്നുന്നത്. പ്രതിരോധിക്കേണ്ട ആവശ്യമില്ലാത്ത ഒരു മാറ്റം.
പുസ്തകവും സിനിമയും മാറി പുതിയ മീഡിയങ്ങള്‍ വരും. തീര്‍ച്ച.
അതുകൊണ്ട് ഭയപ്പെടാനില്ല.
അച്ചടി യന്ത്രം കാഴ്ച്ച വയ്ക്കാനായി ദില്ലി ദര്‍ബാറില്‍ എത്തിയ ജര്‍മ്മന്‍ അംബാസിഡറെ ജഹാംഗീര്‍ചക്രവര്‍ത്തി ഓടിച്ചു. പാവനമായ അക്ഷരങ്ങള്‍ എഴുതാനുള്ളതാണ്. പകര്‍ത്തി ഒപ്പിയെടുക്കാനുള്ളതല്ല എന്നായിരുന്ന ചക്രവര്‍ത്തി പറഞ്ഞത്. ഈ യന്ത്രം എന്റെ രാജ്യത്ത് കണ്ടുപോകരുത്. അദ്ദേഹം ആജ്ഞാപിച്ചു. നമുക്ക് ജഹാംഗീറുകളാകാതിരിക്കാം.
കഥയും കവിതയും നവരസപ്രകടനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട വിധം നമ്മുടെ കുട്ടികള്‍ അവതരിപ്പിച്ചു കൊണ്ടേയിരിക്കും.
ചെക്കോവിന്റെ ദി ബെറ്റ് എന്ന പ്രസിദ്ധമായ ചെറുകഥയില്‍ പതിനഞ്ചു വര്‍ഷം ഏകാന്തവാസത്തിന് പന്തയം വച്ച് പോകുന്ന നായകന്‍ തനിക്കു കൂട്ടായി ആവശ്യപ്പെട്ടത് പുസ്തകങ്ങളെയാണ്. ഇന്നാണെങ്കില്‍ അദ്ദേഹം ഐ ഫോണും ആട്ടൊമാറ്റിക് ചാര്‍ജര്‍ സംവിധാനവും ആവശ്യപ്പെടും. അത്രയേ വ്യത്യാസമുണ്ടാകുകയുള്ളു. ഗാന്ധിജിയുടെ വലിയ പടം കാട്ടി താഴെ വ്യത്യസ്തമായ ചിന്തിക്കുക എന്ന പരസ്യവാചകം എഴുതി മാര്‍ക്കറ്റിംഗ് നടത്തുന്ന ജനറല്‍ ഇല്കട്രിക്ക് എന്ന ലോകത്തിലെ നമ്പര്‍ വണ്‍ ഭീമന്‍ കമ്പനിയാണ് ഏറ്റവും പുതിയ ഐ ഫോണ്‍ ഉണ്ടാക്കുന്നത്.
പുസ്തകം മാത്രമല്ല, സിനിമയും ടി വിയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം അതിലുണ്ട്.
കാലം മാറുമ്പോള്‍ കഥ മാറണം. മാറും.