Mohaneeyam
SPECIAL NEWS
  Dec 17, 2013
ബിസിനസ്സും മഴവില്ലും
കെ എല്‍ മോഹനവര്‍മ്മ
സംവിധായകന്‍ മണിരത്‌നത്തിന്റെ 2007 -ലെ ലോകപ്രസിദ്ധമായ ബോളിവുഡ് സിനിമാ ഗുരുവിലെ ഒരു ക്ലാസിക്ക് സീന്‍.

റിലയന്‍സിന്റെ ധീരുഭായി അംബാനിയുടെ കഥയാണ് ഗുരു. ധീരുഭായി സിനിമയില്‍ ഗുരുഭായി ആണ്. ഗുരുഭായിയുടെ വാണിജ്യവ്യവസായ ശൈലി നിയമത്തെ വളഞ്ഞ വഴികളിലൂടെ മറി കടക്കുക എന്നതാണ്. ഈ രീതിയിലൂടെ മാത്രമേ ഇന്ത്യന്‍ വ്യവസായമേഖല വളരുകയുള്ളുവെന്നും തന്നോടൊപ്പം കോടിക്കണക്കിന് സാധാരണക്കാര്‍ക്കും അതു ഗുണകരമാകൂ എന്നും അതിനാല്‍ ഇത് അഴിമതിയോ അധാര്‍മ്മികമോ അല്ലെന്നും ഗുരുഭായി ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
പ്രധാനമന്ത്രിയായിരുന്ന തന്റെ ചിറ്റപ്പന്റെ അകാല മരണത്തിനു ശേഷം ആ സ്ഥാനം യുവനേതാവ് ഏറ്റെടുത്തു. അദ്ദേഹം ആദ്യം ചെയ്തത് ബിസിനസ് രംഗത്തെ അഴിമതിക്കും കൈക്കൂലിക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഗുരുഭായി തന്റെ ഒരു പുതിയ വന്‍ പ്രോജക്ടിന്റെ ക്ലിയറന്‍സിനുവേണ്ടി എത്ര ശ്രമിച്ചിട്ടും ലഭിക്കുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ടു കാണാന്‍ നടത്തിയ നീക്കങ്ങളെല്ലാം ആ ആദര്‍ശധീരനായ യുവനേതാവിന്റെയടുത്ത് പരാജയപ്പെട്ടു. അവസാനം രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനവും പിടിപാടുകളും എല്ലാം ഉപയോഗിച്ച് പ്രധാനമന്ത്രിയുമായി അഞ്ചു മിനിട്ട് നേരത്തെ വണ്‍ ടു വണ്‍ സംഭാഷണത്തിന് സമയം ഗുരുഭായി സമ്പാദിക്കുന്നു.

സീന്‍.
ഗുരുഭായിയെ കണ്ടയുടന്‍ പ്രധാനമന്ത്രി ഒരു സംശയത്തിനും ഇടനല്‍കാത്തവിധം വെട്ടിത്തുറന്ന് പറയുന്നു.
'താങ്കളെപ്പോലെ അഴിമതിയും കൈക്കൂലിയും വഴി നിയമവാഴ്ച്ചയെ പരിഹാസ്യമാക്കുന്ന ബിസിനസ്‌കാരന് യാതൊരു സഹായവും എന്നില്‍ നിന്ന് ലഭിക്കുകില്ല എന്നു മാത്രമല്ല താങ്കളെപ്പോലെയുള്ളവരെ മാത്യകാപരമായി ശിക്ഷിക്കുകയും ചെയ്യും. താങ്കളുടെ പുതിയ പ്രോജക്ടിന് അനുമതി നല്‍കുന്ന പ്രശ്‌നമേയില്ല.'
ഗുരുഭായി വിനീതനായി കൈകൂപ്പി പറയുന്നു.
'സാഹിബ്, ഞാന്‍ അങ്ങയെ കാണാന്‍ വന്നത് പ്രോജക്ടിന്റെ അനുമതിക്കോ മറ്റൊരു സഹായത്തിനോ വേണ്ടിയുമല്ല. ഒരു വ്യക്തിപരമായ കാര്യത്തില്‍ ഉപദേശത്തിനു വേണ്ടിയാണ്.'
'എന്താണ് ? ക്വിക്ക്. പറയൂ. താങ്കള്‍ക്കു നല്‍കിയ സമയം തീരാറായി.'
'സാഹിബ്, ഞാനൊരു സാധാരണക്കാരനായ ഗുജറാത്തി വ്യാപാരിയാണ്. അങ്ങയുടെ ചിറ്റപ്പന്‍, മുന്‍പ്രധാനമന്ത്രി എന്റെ കൈവശം മുന്നൂറു കോടി രൂപായുടെ ഒരു കനമുള്ള നോട്ടുകെട്ട് ഏല്‍പ്പിച്ചിരുന്നു. അതിന്റെ ഭാരം കാരണം എന്റെ നടുവു തളര്‍ന്നു കഴിഞ്ഞു. അത് എന്നെ ഏല്‍പ്പിച്ച ആ മഹാന്‍ സ്വര്‍ഗസ്ഥനായതിനുശേഷം ഞാന്‍ എന്താണു ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയാണ്. അത് എന്റെ സ്വത്തല്ല. അദ്ദേഹത്തിന്റേതാണ്. എന്റെ തലയില്‍ നിന്ന് ആ ഭാരം എവിടെയാണ് ഇറക്കി വയ്‌ക്കേണ്ടത് എന്നു ചോദിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്.'
ഗുരുഭായിയുടെ വന്‍സംരംഭത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതായാണ് കഥ.

ഇന്ത്യന്‍ സാമ്പത്തികമേഖല കഴിഞ്ഞ ഇരുപതു കൊല്ലമായി കുതിപ്പിലാണ്.
ലൈസന്‍സ് രാജ് മാറി ലിബറലൈസേഷനാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറയും. പക്ഷെ അനുഭവസ്ഥര്‍ പറയും. അഴിമതിയും കൈക്കൂലിയും നാം അംഗീകരിച്ചു നമ്മുടെ ഭാഗമാക്കിക്കഴിഞ്ഞതാണ് പ്രധാന കാരണമെന്ന്.
ലോകത്ത് ഏറ്റവുമധികം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രം നമ്മുടേതാണ്. അവയെല്ലാം ക്യത്യമായി നടപ്പാക്കിയാല്‍ നമുക്കു ജീവിക്കാന്‍ പറ്റുകില്ല എന്നു നേരായി ജീവിക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അറിയാം. അപ്പോള്‍ വളഞ്ഞ വഴി നാം നോക്കും. അതിന് നിയമം ഉണ്ടാക്കുന്നവരും നടപ്പാക്കുന്നവരും നമ്മെ സഹായിക്കും. കേന്ദ്രത്തിന്റെ ടു ജിയും, കല്‍ക്കരിയും, കേരളത്തിന്റെ കരിമണലും, കാടും എല്ലാം ഇതിന്റെ രൂപങ്ങളാണ്.

അഴിമതിക്കെതിരായ സമരങ്ങളും ഗീര്‍വാണപ്രസംഗങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴൊക്കെ മേല്‍പ്പറഞ്ഞ സിനിമാരംഗമാണ് എനിക്ക്
ഓര്‍മ്മവരിക.
ഗോഡ് ഫാദര്‍ എന്ന അതിപ്രശസ്ത ഹോളിവുഡ് സിനിമയില്‍ അമേരിക്കയില്‍ സര്‍ക്കാരിന് സമാന്തരമായി കള്ളക്കടത്ത്, വ്യഭിചാരം, ചെറുകിട സ്ഥാപനങ്ങളുടെ പ്രൊട്ടക്ഷന്‍, ചൂതുകളി തുടങ്ങിയ മേഖലകള്‍ നിയന്ത്രിക്കുന്ന മാഫിയായുടെ തലവന്‍, മാര്‍ലന്‍ ബ്രാന്‍ഡോ വേഷമിടുന്ന വിറ്റോ കോറിലോണ്‍, എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്.

'Give them an offer they cannot refuse.'

അതായത്, എല്ലാവര്‍ക്കും ഒരു വിലയുണ്ട്. അതു കണ്ടു പിടിച്ച് ആ വില നല്‍കുന്നതിലാണ് വിജയം. അത് പണം തന്നെയാകണമെന്നില്ല. അധികാരമോഹമോ പ്രശസ്തിയോ എന്തുമാകാം.
നാല്പതു കൊല്ലം മുമ്പുള്ള കഥയാണ്. യാദ്യഛികമായി ഇന്ത്യയില്‍ ഒട്ടാകെ വിവിധ സംസ്ഥാനസര്‍ക്കാരുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന ഒരു വിദേശ സര്‍വീസ് സ്ഥാപനത്തിന്റെ ചീഫുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തോട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കംപാരരറ്റിവ് കൈക്കൂലി റേറ്റുകള്‍ അന്വേഷിച്ചു.
അദ്ദേഹം പറഞ്ഞു.

പഞ്ചാബ് ആണ് നമ്പര്‍ വണ്‍. അവിടെ ടെന്‍ഡര്‍ ഫോറം നല്‍കുന്ന പോയന്റു മുതല്‍ പണിയെല്ലാം തീര്‍ന്ന് അവസാനം ബാങ്കിലെ ഡ്രാഫ്ട് കൈമാറുന്ന അറ്റന്‍ഡന്റിനു വരെ കൈക്കൂലി നല്‍കണം. ആകെക്കൂടിയെടുത്താല്‍ കോണ്ട്രാക്ടിന്റെ അമ്പതു ശതമാനം വരാറുണ്ട്.
ഏറ്റവും കുറവ് ?
തമിഴ്‌നാട്. സിംഗിള്‍ പേമന്റ്. ടോപ്പ് ലവലില്‍. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും. ക്യത്യം റേറ്റ്. ഭരണം മാറിയാലും വര്‍ക്കിനെ അത് ബാധിക്കുകയില്ല. താഴേക്കിടയില്‍ വളരെ തുഛമായ തുക മതി. ആകെക്കൂടി ഇരുപതു ശതമാനം.
കേരളം ?
ഒരു വല്ലാത്ത സിസ്റ്റമാണ്. ഒരു ഫിക്‌സഡ് നോം ഇല്ല. കൈക്കൂലി വാങ്ങും. പലപ്പോഴും ചോദിക്കില്ല. പക്ഷെ അതിന് കാത്തിരിക്കുകയും ചെയ്യും. കൈക്കൂലി വാങ്ങിയാലും വര്‍ക്കില്‍ കാര്യമായ ഒരു പ്രത്യേകതയും കാട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.
കൈക്കൂലിയും അഴിമതിയും നമ്മുടെ സൈക്കേയുടെ ഭാഗമാണ്. അമ്പലത്തില്‍ തന്റെ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിന് കാണിക്കയിടുന്നതുപോലെയേ നാം കൈക്കൂലിയെ കാണുന്നുള്ളു. നല്ല മുഹൂര്‍ത്തം നോക്കി സിസേറിയന്‍ നടത്താന്‍ ഗൈനക്കോളജിസ്റ്റിന് സ്‌നേഹോപഹാരം നല്‍കുന്ന ഐ ടി യുവദമ്പതികള്‍ക്ക് അതിനെ കൈക്കൂലിയായോ ഡോക്ടറുടെ അഴിമതിയായോ കാണാന്‍ പറ്റുമോ ?

എനിക്ക് കേരളത്തില്‍ ഒരുപാട് എന്റര്‍പ്രനര്‍ സുഹ്യത്തുക്കളുണ്ട്.
കേരളത്തിന് പുറത്ത് പോയി ബിസിനസ് നടത്താതെ തന്നെ തങ്ങള്‍ തെരഞ്ഞെടുത്ത മേഖലയില്‍ ഈ മണ്ണില്‍ത്തന്നെ വിജയക്കൊടി പറത്തിയവരാണ് അവരില്‍ ഏറെയും. ഇവരില്‍ മിക്കവരും ബിസിനസ് പാരമ്പര്യമോ വലിയ ധനസ്ഥിതിയോ ഉള്ള കുടുംബത്തില്‍ നിന്നു വന്നവരുമല്ല. ഫസ്റ്റ് ജനറേഷന്‍ എന്റര്‍പ്രനേഴ്‌സ്.
ബിസിനസ് രംഗത്തെ പശ്ചാത്തലമാക്കി രചിച്ച ഓഹരി എന്ന എന്റെ വളരെ പ്രസിദ്ധമായ നോവലും പത്രങ്ങളിലെ എന്റെ ബിസിനസ് കോളങ്ങളും കൊച്ചി നഗരവുമാണ് എനിക്ക് ഈ സുഹ്യത്തുക്കളെ ലഭിക്കാന്‍ പ്രധാന കാരണം.
കേരളം ബിസിനസ്സിനും വ്യവസായത്തിനും പറ്റിയ മണ്ണല്ലെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. പത്തു കൊല്ലം മുമ്പു വരെ തീവ്രമായിരുന്ന ആ വിശ്വാസം ഇന്നും മുഴുവനായി മാറിയിട്ടില്ല. സ്വന്തമായി എന്തു ബിസിനസ് തുടങ്ങുന്നവനെയും ഒരു തൊഴിലാളിയെ മാത്രം വച്ച് പെട്ടിക്കട നടത്തുന്നവനെപ്പോലും വര്‍ഗ്ഗശത്രുവായ ഭീകരമുതലാളിയായി കണ്ടിരുന്ന കാലമായിരുന്നു പണ്ട്. സ്വതന്ത്രസംരംഭം തുടങ്ങി ആകെ നശിച്ച് നാറാണക്കല്ലുമായി കടക്കാരെയും പോലീസിനെയും ബന്ധുക്കളെയും കാണാതെ മുങ്ങിക്കഴിയുന്ന ഡസന്‍ കണക്കിന് സുഹ്യത്തുക്കള്‍ അവരുടെ കഥകള്‍ ഞാനുമായി പങ്കു വയ്ക്കുക അക്കാലത്ത് പതിവായിരുന്നു.

ഇന്നത് മാറി.
ബിസിനസ് സംരംഭങ്ങളില്‍ വിജയിക്കുന്നവരുടെ ശതമാനം അനുദിനം വര്‍ദ്ധിക്കുന്നുണ്ട്.
ഞാന്‍ അവരോട് ചോദിക്കാറുണ്ട്.
നിങ്ങളുടെ ഈ വിജയത്തിന്റെ രഹസ്യമെന്താണ് ?
വികാരമായിരുന്നോ വിചാരമായിരുന്നോ നിങ്ങളെ ബിസിനസ്സിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നയിച്ചിരുന്നത് ?
നിങ്ങളുടെ കുടുംബവും, മറ്റു അടുപ്പമുള്ള വ്യക്തികളും ഈ ബിസിനസ് വിജയത്തിന് എത്രത്തോളം സഹായകമായിരുന്നു?
മിക്കവരുടെയും മറുപടികളിലെ അന്തസ്സത്ത ഒന്നു തന്നെ ആയിരുന്നു.
ഞാന്‍ പല പരിപാടികളും നോക്കി. എല്ലാറ്റിലും പരാജയമായിരുന്നു.
പിന്നെ ?
പരാജയത്തിന്റെ കാരണം അന്വേഷിച്ചു. മറ്റു പലരെയും സമൂഹത്തെയും
ദൈവത്തെയും എന്റെ ജാതകത്തെയും തലയിലെഴുത്തിനെയും ഒക്കെ കുറ്റപ്പെടുത്തി നോക്കി. പക്ഷെ ഒരു അന്യനായി നിന്ന് അനലൈസ് ചെയ്തപ്പോള്‍ ഞാന്‍ തന്നെ ചെയ്ത തെറ്റുകള്‍ തന്നെയാണ് പരാജയത്തിന് കാരണമെന്ന് മനസ്സിലായി. കുറ്റം എന്റെ മഠയത്തരം തന്നെ ആയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ എനിക്കു വിഷമമായിരുന്നു. അംഗീകരിച്ചു കഴിഞ്ഞപ്പോള്‍ സമാധാനമായി. പിന്നെ എളുപ്പമായിരുന്നു.

എന്ത് ?
ആ തെറ്റ് ആവര്‍ത്തിച്ചില്ല. മൂന്നു നാലു സംരംഭം പൊളിഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു മാതിരി തെറ്റുകളെല്ലാം ഞാന്‍ കവര്‍ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഇവിടെ വിജയിക്കാനുള്ള ശരികള്‍ കണ്ടുപിടിക്കാന്‍ എളുപ്പമായി. സ്വാഭാവികമായും ഞാന്‍ തെരഞ്ഞെടുത്ത ബിസിനസ്സില്‍ വിജയിച്ചു.
എനിക്ക് പക്ഷെ എപ്പോഴും ഓര്‍മ്മ വരുന്നത് ഇക്കൂട്ടരിലെ ഒരു തമാശക്കാരന്‍ സുഹ്യത്ത് എനിക്ക് ഇ-മെയിലില്‍ അയച്ചു തന്ന കഥയാണ്.
നോഹയുടെ പെട്ടകമാണ് എന്റെ ബിസിനസ് ഗുരു.
എന്റെ എല്ലാ വിജയത്തിനും കാരണം നോഹയുടെ പെട്ടകത്തിന്റെ അന്തസ്സത്ത ഞാന്‍ ഉള്‍ക്കൊണ്ടതാണ്. കാരണം അതില്‍ എല്ലാം ഉണ്ടായിരുന്നു.
നോഹയുടെ പെട്ടകം നല്‍കിയ പാഠം ഇവയാണ്.
ഒന്ന്, ബോട്ട് മിസ് ചെയ്യരുത്. അത് വിടുന്നതിനു മുമ്പ് കയറണം. സിംപിളായി പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുത്തരുത്.
രണ്ട്, നമ്മളെല്ലാവരും ഉത്പാദകരും ഉപഭോക്താക്കളും എല്ലാം ഒരു വള്ളത്തിലാണ് കൂടിയിരിക്കുന്നത്. അത് നമുക്കു മാറ്റാന്‍ പറ്റില്ല. അതുകൊണ്ട് വള്ളത്തിനു പകരം വേറെ മറ്റൊന്നാണ് നല്ലതെന്ന് കരുതി വള്ളം മാറാന്‍ ശ്രമിക്കരുത്.
മൂന്ന്, നേരത്തെ പ്ലാന്‍ ചെയ്യണം. മഴ വന്നേക്കാം. വരും. നോഹ പെട്ടകമുണ്ടാക്കാന്‍ തീരുമാനിച്ച സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നില്ല.

നാല്, ശരീരത്തിന്റെ ആരോഗ്യം സൂക്ഷിക്കണം. എപ്പോഴാണ് ശരീരാദ്ധ്വാനം നിര്‍ണ്ണായകമാകുന്ന, ഇരുപത്തിനാലു മണിക്കൂറും ജാഗ്രത വേണ്ട പണിത്തിരക്ക് വരുന്നതെന്ന് നേരത്തെ അറിയാന്‍ പറ്റില്ല. അപ്പോള്‍ നാം ആശുപത്രിയിലായിരിക്കരുത്.
അഞ്ച്, കുറ്റം പറയുന്നവരെ സഹിച്ചാല്‍ മതി. അനുസരിക്കരുത്. നമുക്കു ശരിയെന്നു തോന്നി ചെയ്തുകൊണ്ടിരിക്കുന്ന പണി ധൈര്യമായി തുടരുക.
ആറ്, ഭാവി രൂപപ്പെടുത്തുന്നത് ഉയര്‍ന്ന ഭൂമിയിലായിരിക്കണം. തിങ്ക്് ബിഗ്. തിങ്ക്് ഡിഫറന്റ്.
ഏഴ്, ബിസിനസ്സിലും ജീവിതത്തിലും ഉണ്ടാകാവുന്ന അവിചാരിതമായ അപകടങ്ങള്‍ തരണം ചെയ്യാന്‍ ഒരു കൂട്ടിനെ ഒപ്പം കൂട്ടുക. ഒരു ഇണ. ഭാര്യയാണ് ഏറ്റവും നല്ലത്.
എട്ട്, വേഗത എല്ലായ്‌പ്പോഴും വിജയത്തിന് ഒരു കാരണമാകണമെന്നില്ല. നോഹയുടെ പെട്ടകത്തില്‍ ഒച്ചും പുള്ളിപ്പുലിയും ഉണ്ടായിരുന്നു. രണ്ടു കൂട്ടരും വിജയിച്ചു.

ഒമ്പത്, ടെന്‍ഷന്‍ കൂടുമ്പോള്‍ ധൈര്യമായി ഒന്ന് വെള്ളത്തില്‍ ചാടി ഫ്ലോട്ട് ചെയ്ത് റിലാക്‌സ് ചെയ്യുക. ഒരു കുഴപ്പവും വരില്ല.
പത്ത്, ഒന്ന് ഓര്‍ക്കുക, നോഹയുടെ പെട്ടകം കപ്പല്‍ നിര്‍മ്മാണപരിചയമുള്ള വിദഗ്ദ്ധരല്ല നിര്‍മ്മിച്ചത്. വെറും അമച്വേഴ്‌സ്. പണി ചെയ്യുന്നതൊടൊപ്പം പണി പഠിച്ചവര്‍. ടൈറ്റാനിക്ക് കപ്പലാണെങ്കില്‍ അക്കാലത്തെ ഏറ്റവും ഉന്നത പ്രൊഫഷണലുകളാണ് പണിതത്. അതും മനസ്സിലിരിക്കണം.
അവസാനമായി ഒരു പ്രധാനമായ സത്യം.
എത്ര വലിയ കൊടുങ്കാറ്റുണ്ടായാലും വഴി കാട്ടാനായി ദൈവം ഒരു മഴവില്ല് എവിടെയോ നിങ്ങള്‍ക്കു വേണ്ടി തയാറാക്കിയിട്ടുണ്ട്. അതു കാണാനുള്ള ദൈവവിശ്വാസം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരിക്കണം.


Other News in this section
കൊച്ചിയുടെ ആന
ദേ, അപ്പൂപ്പാ, കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് വന്നു. എന്റെ ലാസ്റ്റ് പേരമകന്‍ ഏഴു വയസ്സുകാരന്‍ അദൈ്വത് ഒരു ആനയുടെ പടം വരച്ച് അതിന് കറുപ്പിനു പകരം അവനിഷ്ടപ്പെട്ട മഞ്ഞയും ചുമപ്പും പച്ചയും നിറം കൊടുത്ത് താഴെ കൊച്ചിന്‍ ടസ്‌ക്കര്‍ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും എഴുതി ഏറെ നേരത്തെ ശ്രമം കൊണ്ട് തയാറാക്കിയ പടം എന്നെ എടുത്തുകാട്ടി പറഞ്ഞു. എന്റെ പേരക്കുട്ടികള്‍ക്കും ..

Latest news

- -