കുറച്ചു ദിവസം മുമ്പാണ്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് കേരളാ എക്‌സ്പ്രസ്സില്‍ കയറി. തേഡ് എ സി സ്ലീപ്പര്‍ കോച്ചാണ്. പകല്‍സമയത്ത് സീനിയര്‍ സിറ്റിസന് ഇത്തരം കോച്ചില്‍ തത്സമയ റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നു തന്നെ കിട്ടും. ബോഗിയില്‍ കയറിയപ്പോഴാണ് അത്ഭുതം. കോച്ച് ഫുള്‍. എറണാകുളത്ത് ആരും ഇറങ്ങുന്നില്ല. കഷ്ടിച്ച് ഇരിക്കാനിടം കിട്ടി. നിറയെ ടൂറിസ്റ്റുകളാണ്. ദില്ലി, രാജസ്ഥാന്‍, ഹരിയാനാ പക്കാ ടെമ്പിള്‍ ടൂറിസം ഗ്രൂപ്പുകള്‍. നിറയെ സ്ത്രീകളും കുട്ടികളും പെട്ടികളും സെല്‍ഫോണുകളും ടാബും കലപില സംസാരവും ആകെ ബഹളം.
ഞാന്‍ ഹിന്ദി പറയുന്നതു കാരണം തിരുവനന്തപുരം വരെ രസമായി കൂടി.
മദ്യനിരോധനവും ഞായറാഴ്ച്ച ഡ്രൈ ഡേ ആക്കിയതും കാരണം കൊച്ചിയിലെ സെമിനാര്‍ ടൂറിസം ഒരു മാതിരി നിലച്ചു. പണ്ടൊക്കെ കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ ഫസ്റ്റ് സ്റ്റോപ്പ് കൊച്ചിയായിരുന്നു. ഇവര്‍ സെമിനാര്‍ ടൂറിസ്റ്റുകളല്ല. മദ്യപാനക്കാരുമല്ല. അവരോട് കൊച്ചി കാണാന്‍ ഇറങ്ങാത്തിന് കാരണം തേടി. അവരുടെ പ്രോഗ്രാം ക്ലിയറായിരുന്നു. കേരളത്തില്‍ പ്രധാനമായി കാണേണ്ട ഒരു ടൂറിസ്റ്റ് അട്രാക് ഷനേയുള്ളു.
ട്രിവാന്‍ഡ്രം കാ ശ്രീ പദ്മനാഭസ്വാമി മന്ദിര്‍.
കോവളം, മൂന്നാര്‍, ആലപ്പുഴ, കൊച്ചി. സബ് ഠീക് ഹൈ. പക്ഷെ അതൊക്കെ ഇന്ത്യയില്‍ എവിടെയും കിട്ടും. പക്ഷെ പദ്മനാഭസ്വാമി ടെമ്പിള്‍.
വര്‍മ്മാ സാഹിബ്, ആ രത്‌നങ്ങളും സ്വര്‍ണ്ണക്കട്ടികളും കാണാനല്ലാതെ ഭക്തര്‍ക്കു തൊടാന്‍ പറ്റുമോ? പൈസ കൊടുക്കാം. നോ പ്ലോബ്ലൂ.
രണ്ടു വര്‍ഷം മുമ്പു വരെ തിരുവനന്തപുരത്തുവരുന്ന ഇതേ കൂട്ടര്‍ മ്യൂസിയവും കോവളവും പത്മനാഭപുരം കൊട്ടാരവും കണ്ട് നേരെ കന്യാകുമാരിക്ക് പോകുമായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. വേഷമഴിച്ച് ഷര്‍ട്ടിടാതെ മുണ്ടും ചുറ്റി ആണുങ്ങളും ജീന്‍സും ചൂരിദാറും മാറ്റി സാരിയുടുത്ത് പെണ്ണുങ്ങളും തിരക്കിട്ട് ദര്‍ശനത്തിന് ക്യൂ നില്‍ക്കുകയാണ്. മൂന്നു നടകളിലൂടെ കാണാവുന്ന മഹാവിഷ്ണുവിന്റെ ശയനവിഗ്രഹമല്ല, തുറന്നിരിക്കുന്ന അറകളിലെ കനകക്കട്ടികളാണ് കാണേണ്ടത്.
ദൈവത്തിന്റെ വില ഇപ്പോഴാണ് മനസ്സിലായത്.
അതും കറന്‍സി പോലെ ഗോള്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ചിന്തകരില്‍ പ്രമുഖനായ ബര്‍ട്രന്‍ഡ് റസ്സല്‍ പറയുന്നത് മനുഷ്യന്‍ നന്നാകണമെങ്കില്‍ ദൈവം, പോലീസ്, അയല്‍ക്കാര്‍, ഈ മൂന്നു കൂട്ടരില്‍ ഒരുത്തരെയെങ്കിലും അവന് ഭയം വേണമെന്നാണ്. പോലീസ് എന്നാല്‍ സര്‍ക്കാരും നിയമവും ഉള്‍പ്പെട്ട ഭരണസംവിധാനം. അതിനെ ഒതുക്കാന്‍ പണവും സ്വാധീനവും മതിയെന്ന് കുട്ടികള്‍ പോലും മനസ്സിലാക്കുന്നു. ഇന്ന് തൊഴില്‍തേടിയുള്ള മരണപ്പാച്ചിലില്‍ കുടുംബാംഗങ്ങള്‍ അന്യരാകുന്ന സാഹചര്യത്തില്‍ അയല്‍ക്കാര്‍ കൂടുതല്‍ അന്യരായി. അതിനാല്‍ അവരെ ഭയപ്പെടുന്ന സ്ഥിതിയും ഇല്ലാതായിക്കഴിഞ്ഞു.
ശേഷിക്കുന്നത് ദൈവമാണ്.
ദൈവം അദ്യശ്യനാണ്. ശക്തമായ സങ്കല്പമാണ്. പക്ഷെ മതം ദൈവങ്ങളെ സ്വന്തമാക്കി ആചാരങ്ങളുടെയും ഇടനിലക്കാരുടെയും കൂട്ടായ്മയ്ക്ക് അടിമയാക്കിക്കഴിഞ്ഞപ്പോള്‍ ദൈവസങ്കല്‍പ്പം വികലമായി. മതം ഏതായാലും ഭൗതികതയുടെ വളര്‍ച്ചയില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥയ്‌നക്കെത്തുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തികക്കണക്കുകളിലെ അക്കങ്ങളും ശരാശരികളും മാത്രമാണ് ഒരു സമൂഹത്തിന്റെ മേന്മയുടെ അളവുകോല്‍ എന്ന വികലമായ വിജ്ഞാനത്തില്‍ നിന്ന് ദൈവത്തെപ്പോലും വേറിട്ടു കാണാന്‍ നമുക്ക് കഴിയുന്നില്ല. കലവറകള്‍ തുറന്നപ്പോള്‍ കണ്ട നിധിയുടെ ശക്തിയില്‍ പെട്ടെന്നു തന്നെ തിരുവനന്തപുരത്തെ പദ്മനാഭസ്വാമിയുടെ സമക്ഷത്തിലേക്കുള്ള ഭക്തജനപ്രവാഹം പത്തിരട്ടിയായി.
ദൈവത്തിന് സത്യത്തില്‍ എന്താണ് രൂപം നല്‍കേണ്ടത്?
സൈബര്‍ലോകത്ത് തങ്ങളുടെ വിരല്‍ത്തുമ്പിലൂടെ എന്തും അറിയാനും രഹസ്യം പരസ്യമാക്കാനും അഴിമതി നടത്താനും ഇല്ലാതാക്കാനും കഴിവുള്ള കുമാരികുമാരന്മാര്‍ക്ക് ദൈവത്തെ പരിചയപ്പെടുത്താന്‍ പുതിയ ചിന്തകള്‍ വേണം. എന്താണവ? നമ്മുടെ മിടുക്കരായ കുട്ടികളിലെ ഒരു വിഭാഗം ടെക്‌നോളജി വിദഗ്ദ്ധരായി മാറി ഉയര്‍ന്ന ഭൗതികതയില്‍ മുഴുകി സുഖലോലുപരാകുന്നു. മറ്റൊരു വിഭാഗം ടെക്‌നോളജിയുടെ അനന്തസാദ്ധ്യതകളില്‍ തങ്ങള്‍ക്കുള്‍ക്കൊള്ളാവുന്നത് കൈക്കൊണ്ട് സ്വതന്ത്രരാകുന്നു. ഇതൊന്നുമറിയാത്ത വലിയൊരു സമൂഹം സമാന്തരപാതയിലൂടെ ഇക്കൂട്ടരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്നു. ക്രിമിനല്‍ രീതികളില്‍ ഇവരാരും ഒരു തെറ്റും കാണുന്നില്ല.
പണ്ട് കുംഭമേളയില്‍ പങ്കെടുത്തപ്പോള്‍ കണ്ട ദ്യശ്യം ഓര്‍മ്മ വരുന്നു.
പ്രയാഗിലെ അര്‍ദ്ധകുംഭം. ആറു കൊല്ലത്തിലൊരിക്കലാണ് അര്‍ദ്ധകുംഭം. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ പൂര്‍ണ്ണകുംഭവും. ഉത്തരാഞ്ചലിലെ ഹരിദ്വാരിലും, മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലും മഹാരാഷ്ട്രയിലെ നാസിക്കിലും ഉത്തര്‍പ്രദേശിലെ
പ്രയാഗിലുമാണ് കുംഭമേളകള്‍. മുമ്മൂന്നു വര്‍ഷം ഇടവിട്ട് അര്‍ദ്ധവും പൂര്‍ണ്ണവും കുംഭമേളകള്‍ ഓരോത്തിടത്തും നടക്കും.
കുംഭമേളയില്‍ ഒരു പ്രത്യേകതയുണ്ട്. ഇവിടെ നദിയാണ് ദേവത. പൂജാരിയോ ഇഷ്ടദേവതകളോ ഒന്നും ഇവിടെയില്ല. മന്ത്രമില്ല. ജപമില്ല. ഭക്തജനം ഈ കാലത്ത് നദിയെ സ്‌നേഹിക്കണം. സ്‌നാനം ചെയ്യുക. പ്രഭാതസൂര്യനും പൂര്‍ണ്ണചന്ദ്രനും നക്ഷത്രലക്ഷങ്ങളും കാറ്റും വെയിലും സാക്ഷിയായി. വേദേതിഹാസങ്ങള്‍ നദിയുടെ ഓളങ്ങളില്‍ ചുരുങ്ങിക്കൂടി ഇവിടെ കാത്തിരിക്കുകയാണ് എന്നാണ് ഐതിഹ്യം. മോക്ഷപ്രാപ്തിക്ക് ഇവിടെ ഈ മുഹൂര്‍ത്തത്തില്‍ മുങ്ങിയാല്‍ മതി. സമുദ്രഗുപ്തനാണത്രെ, കുംഭമേള തുടങ്ങിയത്. 1400 കൊല്ലം മുമ്പ് പ്രയാഗിലെ
കുംഭമേളയില്‍ പങ്കെടുത്ത കഥ ചീന സഞ്ചാരിയായ ഹ്യൂവന്‍സംഗ് വര്‍ണ്ണിച്ചിട്ടുണ്ട്.
ഗംഗയുടെ വെളുത്ത ജലവും യമുനയുടെ നീലജലവും ഒന്നിക്കുന്ന സംഗമത്തില്‍ രാജസ്ഥാന്‍ മരുഭൂമിയില്‍ വച്ച് പണ്ടെങ്ങോ വരണ്ടു അപ്രത്യക്ഷയായ സരസ്വതിയുടെ പുണ്യജലവും ഭൂമിക്കടിയിലൂടെ സമ്മേളിക്കുന്നു എന്ന് പുരാണം.
പ്രയാഗ് അലഹാബാദ് നഗരത്തിന്റെ ഭാഗമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാജിയും ജനിച്ചു വളര്‍ന്ന ആനന്ദഭവനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണ്ണായകമായ പല സംഭവങ്ങളുടെയും ഉത്ഭവസ്ഥാനവും ഇവിടെയാണ്. അക്ബര്‍ചക്രവര്‍ത്തി ഇലഹാബാദ്, ദൈവത്തിന്റെ ഇരിപ്പടം, എന്നീ നഗരത്തിന് പേരിട്ടു. മുസ്ലിം മത വിശ്വാസികള്‍ക്കും ഹിന്ദു മത വിശ്വാസികള്‍ക്കും ഇത് പുണ്യനഗരമാണ്.
കുംഭമേളയ്ക്ക് ഇവിടെ പത്തു കോടിയിലേറെ ജനം എത്തുന്നു എന്നാണ് കണക്ക്. പോകുന്നവര്‍ പക്ഷെ ഒരു കാര്യം കാണാന്‍ തിരക്കു കൂട്ടാറുണ്ട്, സൂക്ഷിക്കണം. ഹിമാലയസാനുക്കളിലും സരയൂതീരത്തെ പഞ്ചവടീമേടുകളിലും വര്‍ഷങ്ങളായി ഗുഹകളുടെ ഏകാന്തതയില്‍ ധ്യാനം ചെയ്യുന്ന നഗ്‌നസന്യസിമാര്‍ കൂട്ടം കൂട്ടമായി ആവേശത്തോടെ ത്രിവേണീ സംഗമത്തിലെത്തും. വി ഐ പി കള്‍ക്ക് ആരാധനാലയങ്ങളില്‍ കിട്ടുന്ന സ്വീകരണം ഇവര്‍ക്കും ലഭിക്കും. ഇന്ത്യ ഇന്നും പഴയപാമ്പുകളിക്കാരുടെയും മാജിക്കുകാരുടെയും നഗ്‌നസന്യാസിമാരുടെയും നാടാണെന്ന് ഇവിടുത്തെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വിദേശികള്‍ സന്തോഷിക്കും.
ദൈവത്തിന് ഇവിടെ നദിയെക്കാളും ആകര്‍ഷണീയത നഗ്‌നസന്യസിമാര്‍ നല്‍കുന്നു. അതിലെത്രയോ നല്ലതാണ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്