SPECIAL NEWS
  Jul 08, 2015
കുട്ടിക്കളിയല്ല, ഈ കുട്ടിക്കുറ്റങ്ങള്‍
രമ്യ ഹരികുമാര്‍

കൗമാരത്തിന് ഇതൊക്ക ഒരു ത്രില്ലാണ്. റിലീസ് ചെയ്ത ഉടന്‍ സിനിമകള്‍ വ്യാജ ഐപി നിര്‍മിച്ച് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നതും അന്യന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതും ഒരുപകാരമില്ലെങ്കിലും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും ഒരു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന ലാഘവത്തോടെ അവര്‍ ചെയ്യുന്നത് അതുകൊണ്ടാണ്. ഒപ്പം ഇതൊക്കെയാണ് ഹീറോയിസം എന്ന തെറ്റിദ്ധാരണയും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ പ്ലസ്, വാട്‌സ്ആപ്പ് തുടങ്ങി ഒരു വിധപ്പെട്ട സാമൂഹ്യമാധ്യമങ്ങളെല്ലാം ഉണ്ടായിരിക്കണം. എഫ് ബിയില്‍ ആയിരക്കണക്കിന് ഫ്രണ്ട്‌സ്, പോസ്റ്റിട്ടാല്‍ ചുരുങ്ങിയത് ഒരു ആയിരം ലൈക്ക്, ഒരു പത്തഞ്ഞൂറു കമന്റ്, നന്ദിപ്രകടനമായി കൂട്ടുകാരുടെ പോസ്റ്റിന് 'പൊരിച്ചു ബ്രോ'എന്ന് തിരിച്ചും കമന്റ്, വീട്ടിലുള്ളവരോട് സംസാരിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും അങ്ങ് വിദേശത്തുള്ള എഫ്ബി ഫ്രണ്ടുമായി നാലുനേരം ചാറ്റിംഗ് അങ്ങനെ തിരക്കിലാണ് പയ്യന്‍സ്. ഇന്റര്‍നെറ്റ് എന്ന 'ഫാന്റസി' ലോകമാണ് അവര്‍ക്കിന്നെല്ലാം.

വിവര സാങ്കേതിക വിദ്യയായി ഇന്റര്‍നെറ്റിനെ സമീപിക്കുന്നവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്‍ര്‍നെറ്റ് ലോകത്ത് യുവത്വം മൂന്നുതട്ടിലാണ്. ഇന്റര്‍നെറ്റ്=സോഷ്യല്‍ മീഡിയ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം. അശ്ലീലത്തിലേക്കുള്ള വാതിലായി ഇന്‍ര്‍നെറ്റിനെ കാണുന്ന മറ്റൊരു വിഭാഗം. നുഴഞ്ഞുകയറ്റക്കാരായ ബുദ്ധിരാക്ഷസന്മാര്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ വിഭാഗം. ആദ്യവിഭാഗക്കാരുടെ സെല്‍ഫികളും കമന്റുകളും നിറഞ്ഞ വാളുകള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളെ വെറുത്തുപോകാന്‍ ഇടയാക്കുമെന്നല്ലാതെ ഭീകര സാമൂഹികപ്രശ്‌നങ്ങളൊന്നും സമൂഹത്തിന് നേര്‍ക്ക് ഇവര്‍ തൊടുത്തുവിടുന്നില്ല. രണ്ടാമത്തേത് ഉപദ്രവകാരികളായ ശുദ്ധ ഞരമ്പന്മാരാണ്. അല്‍പം സൂക്ഷിക്കുക തന്നെ വേണം. ടെക്‌നോളജിയെ അറിയാനും പഠിക്കാനും മെനക്കെടുന്ന മൂന്നാമത്തെ കൂട്ടരാണ് കുറച്ചുകൂടി അപകടകാരികള്‍.



സ്‌കൂളില്‍ നിന്നും ലഭിക്കുന്ന കമ്പ്യൂട്ടര്‍ പഠനത്തില്‍ ഇവര്‍ തൃപ്തരായിരിക്കില്ല. മണിക്കൂറുകള്‍ കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിച്ച് ഇന്റര്‍നെറ്റിലൂടെ തന്നെ സാങ്കേതിക അറിവുകള്‍ ഇവര്‍ നേടിയെടുക്കും. തിയറി പഠിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രാക്ടിക്കലാണ്. അന്യന്റെ അക്കൗണ്ട് ഹാക്ക് ചെയ്തും ഡാറ്റകള്‍ മോഷ്ടിച്ചും പഠിച്ചത് പ്രാവര്‍ത്തികമാക്കും, സ്വന്തം മിടുക്ക് സ്വയം വിലയിരുത്തും. അത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഇവര്‍ക്കൊരു പ്രശ്‌നമല്ല. സ്വന്തം പ്രവൃത്തികള്‍ ക്രമിനല്‍ കുറ്റമാണെന്ന് അറിയുന്നുമില്ല. തങ്ങള്‍ ചെയ്യുന്നതൊന്നും മറ്റാര്‍ക്കും കണ്ടെത്താനാവില്ലെന്ന അമിത ആത്മവിശ്വാസവും ഇവരുടെ ചെയ്തികള്‍ക്ക് പിറകിലുണ്ട്. സൈബര്‍ സെല്ലിന് പോലും തങ്ങളെ കുടുക്കാനാവില്ലെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.

ഇത്തരക്കാരെയാണ് പൈറസി ലോബികള്‍ ലക്ഷ്യമിടുന്നത്. ആസൂത്രിത താല്പര്യങ്ങള്‍ക്ക് വേണ്ടി കുട്ടിക്കുറ്റവാളികളെ ഇവര്‍ സൃഷ്ടിക്കുന്നു. കുട്ടികളുടെ നിയമവശങ്ങളിലുള്ള അജ്ഞത മുതലെടുത്ത് പിടിക്കപ്പെടില്ലെന്ന ഉറപ്പും എന്തിനും പിറകില്‍ തങ്ങളുണ്ടെന്ന ആത്മവിശ്വാസവും പണവും വാഗ്ദാനം ചെയ്ത് ലക്ഷ്യനിര്‍വഹണത്തിനായി കൗമാരക്കാരെ കരുക്കളാക്കുന്നു. കൂട്ടുകാരന്റേതുപോലുള്ള സ്മാര്‍ട്ട് ഫോണ്‍, ബൈക്ക്, അടിച്ചുപൊളിക്കാനുള്ള പോക്കറ്റ് മണി എന്നീ കൊച്ചുകൊച്ചു മോഹങ്ങളില്‍ ഇവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. 'കോടികള്‍ മറിയുന്ന ബിസിനസ്സാണ് തങ്ങളുടെ പ്രവര്‍ത്തിയിലൂടെ കൂപ്പുകുത്തുന്നതെന്ന ചിന്തയോ കുറ്റബോധമോ ഇവരെ വേട്ടയാടുന്നില്ല. മറിച്ച് താനെന്തോ വലിയ കാര്യമാണ് ചെയ്തതെന്ന ത്രില്ലിലായിരിക്കും അവര്‍. സൈബര്‍ സെല്ലിന് തങ്ങളെ കുരുക്കാനുള്ള കഴിവില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.' തിരുവനന്തപുരത്തെ ഹൈടെക് സെല്ലില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ എന്‍.വിനയകുമാരന്‍ നായര്‍ പറയുന്നു.



കമ്പ്യൂട്ടര്‍/ ഇന്റര്‍നെറ്റ് എന്നിവയില്‍ വലിയ അറിവില്ലാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളുടെ അപകടകരമായ യാത്രകളെ തിരിച്ചറിയാന്‍ സാധിക്കില്ല. പല കുട്ടികളും വളരെ അഭിമാനത്തോടെയാണ് ഇന്റര്‍നെറ്റില്‍ ചെയ്ത പ്രവര്‍ത്തികളെ കുറിച്ച് വിവരിക്കാറുള്ളത്. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ കുട്ടികളെ തെറ്റുകളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുകയാണ് വിനയകുമാരന്‍ നായര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍.

ഐ.ടി ആക്ട് സെക്ഷന്‍ 66 പ്രകാരം മറ്റൊരാളുടെ അക്കൗണ്ടില്‍ അതിക്രമിച്ച് കയറുന്നതും മാറ്റങ്ങള്‍ വരുത്തുന്നതും ഡാറ്റകള്‍ മോഷ്ടിക്കുന്നതും മൂന്നുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പകര്‍പ്പാവകാശ നിയമത്തിലെ സെക്ഷന്‍ 13(1) (b) യിലാണ് ചലച്ചിത്ര പകര്‍പ്പാവകാശത്തെ സംബന്ധിച്ചുളള നിയമങ്ങള്‍ പ്രതിപാദിക്കുന്നത്. പകര്‍പ്പാവകാശനിയമം സെക്ഷന്‍ 17 പ്രകാരം പകര്‍പ്പാവകാശം അതിന്റെ ഉടമയ്ക്കാണ്. സെക്ഷന്‍ 2 (d) പ്രകാരം ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് അതിന്റെ ഉടമ. അത് പ്രകാരം പകര്‍പ്പാവകാശം നിര്‍മാതാവില്‍ നിക്ഷിപ്തമായിരിക്കും.

പകര്‍പ്പാവകാശ ലംഘനം നടത്തുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ സെക്ഷന്‍ 63 പ്രകാരം ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. സെക്ഷന്‍ 64 പ്രകാരം ഇത്തരത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ എസ്.ഐ റാങ്കിന് മുകളിലുള്ള ഏത് ഉദ്യോഗസ്ഥനും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. പകര്‍പ്പാവകാശ നിയമലംഘനത്തിലൂടെ വ്യാജ സിഡികള്‍ നിര്‍മിക്കുന്നതും വില്‍പന നടത്തുന്നതും വ്യാജസിഡികള്‍ നിര്‍മിക്കുന്നവരെയാണ് കുറ്റക്കാരായി കണക്കാക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ പശ്ചാത്തലത്തില്‍, ചിത്രത്തിന്റെ വ്യജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റമാണ്. അതായത് ചിത്രം ഷെയര്‍ ചെയ്യുന്നവരും നിയമത്തിന് മുമ്പില്‍ കുറ്റക്കാരാകുന്നു. ഇതൊന്നുമറിയാതെയാണ് കുട്ടികള്‍ നൈമിഷികമായ ആനന്ദങ്ങള്‍ക്ക് വേണ്ടി തെറ്റുകളിലേക്ക് തിരിയുന്നതും സ്ഥാപിത താല്പര്യങ്ങളുള്ള വമ്പന്‍ സ്രാവുകളുടെ കൈയിലെ കളിപ്പാവകളാകുന്നതും.

സിനിമയിലെത്തിയ പുതുമുഖതാരമൊന്നുമല്ല വ്യാജന്‍. സിനിമയില്‍ വ്യാജനിറങ്ങുന്നതും പ്രേമം സിനിമയോടെയല്ല. പക്ഷേ നല്ല ക്വാളിറ്റിയുളള ഒരു സെന്‍സര്‍ പകര്‍പ്പ് ഇറങ്ങുന്നത് തീര്‍ച്ചയായും പ്രേമത്തോടെയാവണം. ഏതായാലും വ്യാജനെതിരെ ഒരു കോളിളക്കം സൃഷ്ടിക്കാന്‍ പ്രേമത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഉയരുന്ന ഒച്ചപ്പാടിനിടയിലും ശ്രദ്ധിക്കപ്പെട്ട ചില നിശബ്ദതകള്‍ മറ്റു പലതിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. പിള്ളേരുണ്ടാക്കിയ സിനിമക്ക് പിളേളരുതന്നെ കൊടുത്ത പണി എന്ന് പറഞ്ഞിരിക്കാതെ വ്യാജന്റെ അണിയറക്കാരെ കണ്ടെത്തിയില്ലെങ്കില്‍ ഉലകനായകന്റെ പാപനാസം മാത്രമല്ല ഇനി വരുന്ന ചിത്രങ്ങളുടെ വ്യാജന്മാരും ഒരുപക്ഷേ റിലീസിന് മുമ്പേ തന്നെ ടൊറന്റ് കൊട്ടകകളില്‍ പ്രദര്‍ശനത്തിനെത്തും.

കടപ്പാട്: അഡ്വക്കേറ്റ് വിസ്സി ജോര്‍ജ്

 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -