SPECIAL NEWS
  Jul 06, 2015
ആംബുലന്‍സുകളുടെ വേഗപരിധി ഒഴിവാക്കുമ്പോള്‍
മുരളി തുമ്മാരുകുടി
വാഹനം ആംബുലന്‍സ് ആയതുകൊണ്ടോ യാത്രക്കാരന്‍ അത്യാസന്നനിലയില്‍ ആയതുകൊണ്ടോ റോഡിന്റെ സ്ഥിതിയിലോ കാലാവസ്ഥയിലോ ഒരു മാറ്റവും വരുന്നില്ല. അതിനാല്‍ അപകടസാധ്യതയില്‍ കുറവ് വരില്ല. ആംബുലന്‍സിലിരിക്കുന്ന രോഗിയുടെ ജീവന്റെ അത്രയും തന്നെ വിലപ്പെട്ടതാണ് വഴിയാത്രക്കാരുടേയും ജീവന്റെ വില. ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റൊരു ജിവന്‍ അപകടത്തിലാക്കരുത്



അടുത്തയിടെയുണ്ടായ ഒന്നുരണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സുകള്‍ക്ക് വേഗപരിധി വേണോ എന്ന ചോദ്യം ചര്‍ച്ചയാവുകയാണ്. ഒരാളുടെ ജിവന്‍ രക്ഷിക്കാനായിട്ടണ് നിയമലംഘനം നടത്തുന്നതെന്നതിനാല്‍ വേഗപരിധി ലംഘിക്കുന്നതു സംബന്ധിച്ച നടപടികളില്‍നിന്നും ആംബുലന്‍സുകളെ ഒഴിവാക്കണം എന്നതാണ് പൊതുസമൂഹത്തിന് തോന്നുക. എന്നാല്‍ സുരക്ഷയുടെ കാഴ്ചപ്പാടില്‍നിന്നും നോക്കിയാല്‍ ഇതു തെറ്റായ നടപടി ആണ്.

റോഡിന്റെ സ്ഥിതി, റോഡിന്റെ പരിസരത്തുള്ള മറ്റു ഘടകങ്ങള്‍ (സ്‌കൂള്‍, ആശുപത്രി തുടങ്ങിയവ), വാഹനങ്ങളുടെ നിലവാരം എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് ശാസ്ത്രീയമായി വേഗപരിധി നിജപ്പെടുത്തുന്നത്. കാലാവസ്ഥ അനുസരിച്ചു വേഗപരിധി തത്സമയം കുറച്ചുകൊണ്ട് വരുന്നത് യൂറോപ്പില്‍ സാധാരണം ആണ്. കൂടുതല്‍ സുരക്ഷാബോധമുള്ള രാജ്യങ്ങളില്‍ ഡ്രൈവറുടെ പരിചയം അനുസരിച്ചും നിര്‍ദ്ദേശിക്കപ്പെട്ട വേഗപരിധിയില്‍നിന്നും 20 മുതല്‍ 30 ശതമാനംവരെ കുറവു വരുത്താനും നിഷ്‌കര്‍ഷ ഉണ്ട്. എന്നാല്‍ വാഹനത്തിന്റെ ഉപയോഗം അനുസരിച്ചോ ഓടിക്കുന്ന ആളുടെ അത്യാവശ്യം അനുസരിച്ചോ വേഗപരിധി ക്ലിപ്തമായോ നിയന്ത്രണം ഇല്ലാതെയോ കൂട്ടിക്കൊടുക്കാന്‍ യാതൊരു ശാസ്ത്രീയ കാരണവും ഇല്ല.

ആംബുലന്‍സുകളുടെയോ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവരുടേയോ വാഹനങ്ങള്‍ക്ക് വേഗപരിധിയില്‍ പ്രത്യേക പരിഗണന കൊടുക്കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വാഹനം ആംബുലന്‍സ് ആയതുകൊണ്ടോ യാത്രക്കാരന്‍ അത്യാസന്നനിലയില്‍ ആയതുകൊണ്ടോ റോഡിന്റെ സ്ഥിതിയിലോ കാലാവസ്ഥയിലോ ഒന്നും ഒരു മാറ്റവും വരുന്നില്ല. അപ്പോള്‍ വേഗപരിധിക്കപ്പുറത്തു കടന്നാലുള്ള അപകടസാധ്യത ഒരുപോലെയാണ്.

രണ്ടാമത്തെ കാര്യം ആംബുലന്‍സിലിരിക്കുന്ന രോഗിയുടെ ജീവന്റെ അത്രയും തന്നെ വിലപ്പെട്ടതാണ് മറ്റു വഴിയാത്രക്കാരുടേയും, മറ്റു വാഹനങ്ങളില്‍ ഉള്ളവരുടേയും ആംമ്പുലന്‍സ് ഡ്രൈവറുടേയും ജിവന്‍. ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റൊരു ജിവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തികള്‍ നാം ചെയ്യരുത്.

വികസിത രാജ്യങ്ങളിലെ സുരക്ഷാപ്രവര്‍ത്തകര്‍ക്ക് 'ഹീറോ' ആകാതിരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായാല്‍പോലും സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കുന്നവര്‍ ഉത്തമ സുരക്ഷാപ്രവര്‍ത്തകര്‍ അല്ല. പലപ്പോഴും അവരെ പിന്നീട് ജോലിക്കു നിയമിക്കാറും ഇല്ല. ചില രാജ്യങ്ങളില്‍ വേഗപരിധി ലംഘിക്കുന്ന ഡ്രൈവര്‍മാരെ പോലീസ് വെറുതെ വിട്ടാലും ജോലിക്ക് വെയ്ക്കുന്നവര്‍ അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാറുണ്ട്.

ആംബുലന്‍സുകള്‍ക്ക് സുരക്ഷാപരിധി ഒഴിവാക്കുന്നതില്‍ കേരളത്തില്‍ ചില പ്രത്യേക അപകടങ്ങളും ഉണ്ട്. ഒന്നാമതായി ഇവിടെ ആംബുലന്‍സുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നും ഇല്ല. കുറച്ചു കാശുണ്ടെങ്കില്‍ നാളെ എനിക്കും ഒരു വണ്ടി വാങ്ങി വെള്ള പെയിന്റടിച്ച് ആംബുലന്‍സ് പോലെ ഓടിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ആംബുലന്‍സ് ഓടിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിക്കുന്നില്ല. ആശുപത്രി അധികൃതരുടേയും രോഗികളുടെ ബന്ധുക്കളുടേയും പിന്നെ 'ട്രാഫിക്' പോലത്തെ സിനിമകളുടേയും പ്രേരണയാല്‍ അവര്‍ നിയമംലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.

മൂന്നാമത്, ആംബുലന്‍സുകള്‍ക്ക് ചെക്കിങ്ങ് കുറവായതിനാല്‍ ഇപ്പോള്‍തന്നെ പല തട്ടിപ്പുകള്‍ക്കും ഇത് മറയാക്കുന്നവര്‍ ഉണ്ട്. വേഗപരിധികൂടി എടുത്തുകളഞ്ഞാല്‍ പിന്നെ തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ എളുപ്പമായി.

ആംബുലന്‍സിന്റെ വേഗം സംബന്ധിച്ച ഈ സംവാദം പക്ഷെ ഗുണകരമായി ഉപയോഗിക്കാവുന്നതാണ്. ഒന്നാമതായി ആംബുലന്‍സുകള്‍ക്ക് ചുരുങ്ങിയതും ഇനം തിരിച്ചുള്ളതുമായ വിവരണം (minimum specification) ഉണ്ടാവണം. ഇത് വാഹനത്തിന്റെ സുരക്ഷ, പ്രായം, വാഹനത്തിലുള്ള സംവിധാനങ്ങള്‍, വാഹനത്തിലുണ്ടാവേണ്ട സമാന്തര ആരോഗ്യപ്രവര്‍ത്തകരുടെ (paramedical staff) പരിശീലനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം.

രണ്ടാമത് ആംബുലന്‍സുകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നടപ്പിലാക്കണം. അവരുടെ ഫീ എടുത്തു കളയുന്നതും നല്ലതാണ്. മൂന്നാമത്, കൃത്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും രജിസ്‌ട്രേഷന്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ ആംബുലന്‍സുപോലെ പെയിന്റും അടിച്ച് 'സര്‍വ്വീസ്' ചെയ്യുന്നത് നിറുത്തണം.

നാലാമത് ആംബുലന്‍സിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഡ്രൈവിംഗ് പരിശീലനവും കൗണ്‍സിലിംഗും നിര്‍ബന്ധമാക്കണം. റോഡിലെ സമ്മര്‍ദ്ദവും ദൈനംദിനം കാണുന്ന ദുരിതങ്ങളും നേരിടാന്‍ 'രണ്ടു സ്‌മോള്‍' അടിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ എനിക്കറിയാം. ആംബുലന്‍സുകള്‍ക്ക് 'ആല്‍കോ ലോക്' (കള്ളു കുടിച്ച ആള്‍ സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിച്ചാല്‍ വണ്ടി സ്വയം ഓഫ് ആയിപ്പോകുന്ന സംവിധാനം) ഏര്‍പ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

രോഗികളുടേയും അപകടത്തില്‍ പെടുന്നവരുടേയും ജീവന്‍ രക്ഷിക്കുന്നതില്‍ ആംബുലന്‍സുകള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ അവയുടെ യാത്ര സുഗമമാക്കാന്‍ പൊതുസമൂഹത്തിന് ചിലതെല്ലാം ചെയ്യാന്‍ കഴിയും. വികസിത രാജ്യങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ ഹൈവേയില്‍ പ്രത്യേക ലൈന്‍ ഉണ്ട്. അതില്ലെങ്കിലും തിരക്കുള്ളപ്പോള്‍ അവര്‍ക്ക് പരമാവധി വഴി ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.

പക്ഷെ, ഇതിലും പ്രധാനം നമുക്ക് എല്ലാവര്‍ക്കും വിശ്വസിക്കാവുന്നതും സുരക്ഷിതവുമായ റോഡ് സംവിധാനങ്ങള്‍ ഉണ്ടാവുകയെന്നതാണ്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കടല്‍തീരം വഴിയുള്ള റോഡിന് വെറും 200 കിലോമീറ്ററേ ഉള്ളൂ. പക്ഷെ ആ ദൂരം യാത്ര ചെയ്യാന്‍ നാലുമണിക്കൂര്‍ മുതല്‍ ഏഴുമണിക്കൂര്‍വരെ ശരാശരി സമയം എടുക്കും. അതായത് നമുക്ക് കിട്ടുന്ന ശരാശരി വേഗത അന്‍പതു മുതല്‍ മുപ്പതു കിലോമീറ്റര്‍ വരെ എന്നര്‍ത്ഥം. അപ്പോള്‍ കേരളത്തിലെ സുരക്ഷയിലെ യഥാര്‍ത്ഥ വില്ലന്‍ വേഗപരിധി അല്ല മറിച്ച് വേഗപരിധിക്കകം പോലും ഓടിക്കാന്‍ പറ്റാത്ത റോഡുകളാണ്. അല്‍പ്പം ശ്രദ്ധ അവിടെയും വരട്ടെ.
(അഭിപ്രായങ്ങള്‍ വ്യക്തിപരം)
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -